ADVERTISEMENT

ഇന്ന് ഭൗമദിനം. പ്ലാസ്റ്റിക് തന്നെയാണ് ഈ വർഷത്തെ ഭൗമദിനത്തിന്റെ തീം. പ്ലാനറ്റ് വേഴ്സസ് പ്ലാസ്റ്റിക്സ് എന്ന അർഥവത്തായ സന്ദേശം. കരയിലും കടലിലും പ്ലാസ്റ്റിക്കിന്റെ ആധിക്യം നാം നേരിടുന്നു.

∙ മൈക്രോപ്ലാസ്റ്റിക് ഭീഷണി

നിത്യോപയോഗത്തിനായി ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളിൽ നിന്നു സൃഷ്ടിക്കപ്പെടുന്ന ചെറുപ്ലാസ്റ്റിക് തരികളാണു മൈക്രോപ്ലാസ്റ്റിക്. ലോകത്തെമ്പാടും ശതകോടിക്കണക്കിന് മൈക്രോപ്ലാസ്റ്റിക്കുകളുണ്ട്. ഇവയെ ഒഴിവാക്കാൻ പാടായതിനാൽ ഇവ പരിസ്ഥിതിയിലേക്കും ചിലപ്പോൾ ഭക്ഷണത്തിൽ പോലും കലരുകയും ഗുരുതരമായ നാശനഷ്ടമുണ്ടാക്കുകയും ചെയ്യും.

തടാകങ്ങളിലും പുഴകളിലും മറ്റു ജലാശയങ്ങളിലുമൊക്കെ അടിഞ്ഞുകൂടിയിരിക്കുന്ന മൈക്രോപ്ലാസ്റ്റിക് ശേഖരത്തിന് മനുഷ്യർക്ക് ഹാനികരമായ വൈറസുകളെ വഹിക്കാനുള്ള ശേഷിയുണ്ടെന്ന് ഇടക്കാലത്ത് പഠനം പുറത്തിറങ്ങിയിരുന്നു. ഛർദ്ദി, വയറിളക്കം എന്നീ രോഗങ്ങൾക്കു കാരണമാകുന്ന വൈറസുകളാണ് മൈക്രോപ്ലാസ്റ്റിക് തരികളിൽ പറ്റിപ്പിടിച്ച് നിലനിൽക്കുക. ശുദ്ധജലത്തിൽ 3 ദിവസം വരെ ഈ വൈറസുകൾക്ക് നിൽക്കാനുള്ള ശേഷിയുണ്ട്. ചെറിയ മൈക്രോപ്ലാസ്റ്റിക് തരികളിൽ പറ്റിപ്പിടിച്ചിരിക്കുന്ന വൈറസുകൾക്ക് സ്വാഭാവിക സാഹചര്യത്തേക്കാളും കൂടുതൽ സമയം നിലനിൽക്കാം.

(Representative image by Svetlozar Hristov/istockphoto)
(Representative image by Svetlozar Hristov/istockphoto)

രണ്ട് പതിറ്റാണ്ടുകൾക്ക് മുൻപാണു മൈക്രോപ്ലാസ്റ്റിക്കുകളെക്കുറിച്ചു കണ്ടെത്തൽ നടന്നത്. ഇന്ന് ലോകത്തെ എല്ലാ മുക്കിലും മൂലയിലും സമുദ്രത്തിൽ പോലും ഇവയുണ്ട്. ധാന്യമണികളേക്കാൾ ചെറുതായ ഇവയെ മനുഷ്യരും മൃഗങ്ങളും വെള്ളം കുടിക്കുമ്പോഴും ശ്വസിക്കുമ്പോഴുമൊക്കെ ചെറിയ അളവുകളിൽ അകത്താക്കുന്നുണ്ട്. ഔദ്യോഗികമായി പറഞ്ഞാൽ 5 മില്ലിമീറ്ററിൽ കുറവ് വലുപ്പമുള്ള പ്ലാസ്റ്റിക് തരികളെ മൈക്രോപ്ലാസ്റ്റിക് എന്ന ഗണത്തിൽ ഉൾപ്പെടുത്താം. ഒട്ടേറെ സ്രോതസ്സുകളിൽ നിന്നു മൈക്രോപ്ലാസ്റ്റിക് പ്രകൃതിയിലെത്തുന്നുണ്ട്. കോസ്മെറ്റിക് ഉൽപന്നങ്ങൾ, ചിലയിനം വസ്ത്രങ്ങൾ, കുപ്പികൾ ബാഗുകൾ എന്നിവയെല്ലാം ഇതിനു വഴിവയ്ക്കും. ജലാശയങ്ങളിലെ ജലജീവികൾ മൈക്രോപ്ലാസ്റ്റിക് അകത്താക്കുന്നത് ഗുരുതര പ്രശ്നങ്ങൾക്കിടയാക്കുന്നുണ്ട്.

∙ കേഴുന്ന കടൽ

ലോകത്തിലെ സമുദ്രങ്ങളി‍ൽ ഏറ്റവും കൂടുതൽ പ്ലാസ്റ്റിക് അടിഞ്ഞു കിടക്കുന്ന 5 മേഖലകളുണ്ട്. അതിൽ ഏറ്റവും വലുതാണ് ഗ്രേറ്റ് പസിഫിക് ഗാർബേജ് പാച്ച്. 16 ലക്ഷം ചതുരശ്ര കിലോമീറ്ററോളം വിസ്തീർണമുള്ളതാണ് ഗ്രേറ്റ് പസിഫിക് ഗാർബേജ് പാച്ച്. ഫ്രാൻസ് എന്ന രാജ്യചൈന, ഇന്തൊനീഷ്യ, ഫിലിപ്പീൻസ്, വിയറ്റ്നാം, തായ്‌ലൻഡ് എന്നീ രാജ്യങ്ങളിൽ നിന്നാണ് ഈ പാച്ചിലേക്ക് ഏറ്റവും കൂടുതൽ പ്ലാസ്റ്റിക് മാലിന്യം വരുന്നതെന്ന് ഗവേഷകർ പറയുന്നു.

പ്രതിവർ‌ഷം 11.5 ലക്ഷം മുതൽ 24.1 ലക്ഷം ടൺ പ്ലാസ്റ്റിക് എത്തുന്നുണ്ടെന്നാണു കണക്ക്. ഇതിൽ പകുതിയിലേറെ പ്ലാസ്റ്റിക് പൊങ്ങിക്കിടക്കാറുണ്ട്.

കരയിലെ മൃഗങ്ങളെക്കാൾ പ്ലാസ്റ്റിക്കിന്റെ തിക്തഫലങ്ങൾ അനുഭവിക്കുന്ന ജീവികളാണു സമുദ്രജീവികൾ. ഇക്കൂട്ടത്തിൽ തന്നെ തിമിംഗലങ്ങൾ ഈ പ്രതിസന്ധിയാൽ വളരെയേറെ ബാധിക്കപ്പെട്ട ജീവികളാണ്. 2019ൽ വയറ്റിൽ 40 കിലോയിലധികം പ്ലാസ്റ്റിക്കുമായി ഒരു തിമിംഗലം ഫിലിപ്പീൻസിലെ ഒരു കടപ്പുറത്തടിഞ്ഞതിന്റെ വാർത്ത വളരെയേറെ ശ്രദ്ധ നേടിയിരുന്നു. മലേഷ്യയിൽ 2018ൽ അവശനായി കാണപ്പെട്ട ഒരു പൈലറ്റ് തിമിംഗലത്തിന്റെ വയറ്റിൽ എൺപതോളം പ്ലാസ്റ്റിക് ബാഗുകളാണു കണ്ടെത്തിയത്. ഓരോവർഷവും 3 ലക്ഷത്തിലധികം തിമിംഗലങ്ങളും ഡോൾഫിനുകളും മറ്റും പ്ലാസ്റ്റിക്കുകളുടെ കെണിയിൽ പെടുന്നു. 

(Photo: X/ @SyamOhSam)
(Photo: X/ @SyamOhSam)

തിമിംഗലങ്ങളെ ഏറ്റവും കൂടുതൽ ബാധിക്കുന്നത് നാലുതരത്തിലെ പ്ലാസ്റ്റിക് വസ്തുക്കളാണെന്ന് 2016ൽ ഒരു ഗവേഷണത്തിൽ ശാസ്ത്രജ്‍ഞർ കണ്ടെത്തിയിരുന്നു. മീൻവലകളാണ് ഇതിൽ പ്രധാനം. പ്ലാസ്റ്റിക് ബാഗുകൾ രണ്ടാംസ്ഥാനത്തുണ്ട്. ബലൂണുകൾ, പ്ലാസ്റ്റിക് പാത്രങ്ങൾ തുടങ്ങിയവയെല്ലാം ഇക്കൂട്ടത്തിൽ ഉൾപ്പെടും.

പ്ലാസ്റ്റിക് ഷീറ്റുകൾ, ബാഗുകൾ തുടങ്ങിയവ ഉൾപ്പെടുന്ന ഫ്ലെക്സിബിൾ പ്ലാസ്റ്റിക് വസ്തുക്കൾ തിമിംഗലങ്ങളുടെ ആമാശയത്തിൽ ബ്ലോക്കുണ്ടാക്കുകയും ചെയ്യും. ഏറ്റവും കൂടുതൽ മരണങ്ങൾ നടക്കുന്നത് ഇങ്ങനെയാണ്. തിമിംഗലങ്ങൾ മാത്രമല്ല, എഴുന്നൂറിലധികം സമുദ്രജീവികൾ പ്ലാസ്റ്റിക്കിന്റെ തിക്തഫലങ്ങൾ അനുഭവിക്കുന്നുണ്ടെന്നു വിദഗ്ധർ പറയുന്നു.

∙കരജീവികളിലും

കരജീവികളിലും പ്ലാസ്റ്റിക് നന്നായി ദുരിതമുണ്ടാക്കുന്നുണ്ട്. ശ്രീലങ്കയിൽ മാലിന്യം ഇറക്കിയിടുന്ന കുപ്പനിലത്തു നിന്നു, പട്ടിണി മൂലം മാലിന്യം ഭക്ഷിച്ചു വിശപ്പടക്കുന്ന ആനകളുടെ ചിത്രം ഇടയ്ക്ക് പുറത്തിറങ്ങിയത് മൃഗസ്നേഹികളെ ഞെട്ടിച്ചിരുന്നു. കിഴക്കൻ ശ്രീലങ്കയിലെ അമ്പാര ജില്ലയിലുള്ള പല്ലാക്കാട് ഗ്രാമത്തിലെ മാലിന്യം തള്ളുന്ന സ്ഥലത്തു നിന്നായിരുന്നു ചിത്രം. മാലിന്യക്കൂമ്പാരത്തിൽ നിന്നുള്ള പ്ലാസ്റ്റിക് അധികമായി ഉള്ളിൽ ചെന്ന് 2022 വരെ എട്ടുവർഷങ്ങൾക്കിടയിൽ 20 ആനകളാണ് ശ്രീലങ്കയിൽ ചരിഞ്ഞത്. 

(Photo: X/@Vivisash68)
(Photo: X/@Vivisash68)

കരയിലെ പലജീവികളെയും പക്ഷികളെയും പ്ലാസ്റ്റിക് ബാധിക്കാറുണ്ട്.

∙ പുതിയ പ്രതീക്ഷകൾ

പ്ലാസ്റ്റിക് നിർമാർജനം സംബന്ധിച്ച് പുതിയ ഗവേഷണങ്ങൾ വരുന്നത് പ്രതീക്ഷയുണർത്തുന്നുണ്ട്. കടലിനടിത്തട്ടിലെ പ്ലാസ്റ്റിക് വൃത്തിയാക്കാൻ ചൈനീസ് നിർമിത കൃത്രിമ മീൻ വരുന്നതിന്റെ വാർത്ത 2022ൽ വന്നിരുന്നു. ചൈനയിലെ സിച്വാൻ സർവകലാശാലയിലെ ശാസ്ത്രജ്ഞരാണ് ഈ മീനുകളെ വികസിപ്പിച്ചെടുത്തത്. വെള്ളത്തിലുള്ള മൈക്രോപ്ലാസ്റ്റിക് ശേഖരിക്കാൻ ശേഷിയുള്ള ഇവയ്ക്ക് വളരെ വേഗത്തിൽ നീങ്ങാനും സാധിക്കും.

വാലുകൾ അടിച്ചുകൊണ്ടു മുന്നോട്ടു നീങ്ങുന്ന മീൻ വലിയ ജലാശയങ്ങളിൽ നിന്നു പ്ലാസ്റ്റിക് ശേഖരിക്കും. വെറും അരയിഞ്ച് മാത്രമാണ് ഈ റോബട്ടിക് മത്സ്യങ്ങളുടെ നീളം. ഇവയുടെ ഭാരവാഹകശേഷി വളരെ കൂടുതലാണ്. 5 കിലോ വരെ ഭാരമുള്ള വസ്തുക്കളെ ഇവയ്ക്ക് പൊക്കിയെടുക്കാം.

അതിശക്തമായ ലേസറുകൾ ഉപയോഗിച്ച് വിലകുറഞ്ഞ പ്ലാസ്റ്റിക്കുകളിൽ നിന്ന് നാനോ വജ്രങ്ങളുണ്ടാക്കിയിരുന്നു ശാസ്ത്രജ്ഞർ. ജർമനിയിലെ റോസൻഡോർഫിലുള്ള ഹെംഹോൽറ്റ്‌സ് സെൻട്രം ഡ്രെസ്ഡൻ എന്ന ഗവേഷണ സ്ഥാപനത്തിലെ ശാസ്ത്രജ്ഞരാണു കണ്ടെത്തൽ നടത്തിയത്. ഒരു മീറ്ററിന്റെ 100 കോടിയിൽ ഒരംശം മാത്രം വലുപ്പമുള്ള, അഥവാ കുറച്ചുനാനോമീറ്ററുകൾ മാത്രം വലുപ്പമുള്ള വജ്രങ്ങളാണ് നാനോ ഡയമണ്ടുകൾ. പരിസ്ഥിതിമേഖലയിലും ആരോഗ്യമേഖലയിലുമുൾപ്പെടെ ഒട്ടേറെ രംഗങ്ങളിൽ ഇവയ്ക്ക് സാധ്യതകളുണ്ട്.

(Photo Contributor: MOHAMED ABDULRAHEEM/ Shutterstock)
(Photo Contributor: MOHAMED ABDULRAHEEM/ Shutterstock)

2016ൽ ജപ്പാനിൽ നടന്ന ഒരു കണ്ടുപിടുത്തത്തിന്റെ തുടർച്ചയാണ് സൂപ്പർ എൻസൈമിന്റെ ഗവേഷണം. ഇഡിയോനെല്ല സകൈനസ് എന്ന ഒരു പ്രത്യേകതരം ബാക്ടീരിയ പ്ലാസ്റ്റിക്കിനെ അതിവേഗത്തിൽ തിന്നു നശിപ്പിക്കുന്നുണ്ടെന്ന് ജപ്പാനിലെ ഏതാനും ഗവേഷകർ കണ്ടെത്തി. സൂക്ഷ്മകോശ ജീവികളെക്കുറിച്ചു പഠനം നടത്തുന്നവർക്കിടയിൽ വലിയ ചലനം സൃഷ്ടിച്ച കണ്ടുപിടുത്തമായിരുന്നു അത്. പക്ഷേ ബാക്ടീരിയ ഒരു മെല്ലെപ്പോക്കുകാരനായിരുന്നു. പ്ലാസ്റ്റിക് നശിപ്പിക്കാൻ ഒരുപാടു സമയമെടുത്തു.

തുടർന്നാണ് ഗവേഷകർ കൂടുതൽ പഠനം നടത്തിയത്. പിന്നീട്  പ്ലാസ്റ്റിക്കിനെ നശിപ്പിക്കുന്ന ഒരു സൂപ്പർ എൻസൈമുമായി ഇംഗ്ലണ്ടിലെ പോർട്സ്മൗത്ത് സർവകലാശാലയിലെ ഗവേഷകർ രംഗത്തു വന്നു. സ്റ്റട്ട്ഗാർട്ടിലെ മാക്‌സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്‌റലിജന്റ് സിസ്റ്റംസ് ജെല്ലിഫിഷിന്റെ രൂപത്തിലുള്ള ഒരു ജലാന്തര റോബട്ടിനെയാണ് ഇവർ നിർമിച്ചത്. സമുദ്രത്തിന്റെ അടിത്തട്ടിൽ നിന്ന് മാലിന്യങ്ങൾ ശേഖരിക്കാൻ ശേഷിയുള്ളതാണ് ഈ റോബട്ട്.

തൊടാതെ തന്നെ മാലിന്യം വലിച്ചെടുക്കാനുള്ള കഴിവ് ഈ റോബട്ടിനുണ്ട്. സാധാരണ ഗതിയിൽ സമുദ്രാന്തർഭാഗത്തെ പര്യവേക്ഷണത്തിനുപയോഗിക്കുന്ന ഉപകരണങ്ങൾ വലിയ ശബ്ദമുണ്ടാക്കുന്നവയാണ്. എന്നാൽ ഇതിന് ആ പ്രശ്‌നമില്ല. പവിഴപ്പുറ്റുകൾ പോലെ പാരിസ്ഥിതികമായി ദുർബലമായ സമുദ്രമേഖലകളിൽ സുഗമമായ പര്യവേക്ഷണത്തിനായി ഇവ ഉപയോഗിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com