ADVERTISEMENT

ഹരിയാനയിലെ പഞ്ചകുലയിലുള്ള മരുന്നു കമ്പനി ജീവനക്കാര്‍ക്ക് സമ്മാനമായി നൽകിയത് ടാറ്റ പഞ്ച് കാറുകൾ. മിറ്റ്‌സ്‌കാര്‍ട്ട് എന്ന കമ്പനിയാണ് 12 ടാറ്റ പഞ്ച് കാറുകള്‍ ജീവനക്കാര്‍ക്ക് സമ്മാനിച്ചിരിക്കുന്നത്. തന്റെ ജീവനക്കാരെ തൊഴിലാളികളായല്ല അവരെല്ലാം താരങ്ങളും സെലിബ്രിറ്റുകളുമാണെന്നാണ് കമ്പനി ഉടമ എംകെ ഭാട്ടിയ പറഞ്ഞത്. തന്റെ തൊഴിലാളികളുടെ കഠിനാധ്വാനവും അര്‍പണ മനോഭാവവുമാണ് ഇങ്ങനെയൊരു സമ്മാനം നല്‍കാന്‍ പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറയുന്നു.

ടാറ്റ പഞ്ച് സമ്മാനിച്ച 12 പേരില്‍ മൂന്നു വര്‍ഷം മുമ്പ് കമ്പനിയില്‍ ചേര്‍ന്ന ഒരു ഓഫീസ് ബോയുമുണ്ട്. കമ്പനിയുടെ വളര്‍ച്ചയ്ക്ക് നിര്‍ണായക പങ്കു നല്‍കിയ 12 പേരെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഇതില്‍ പലരും കമ്പനിയുടെ തുടക്കം മുതല്‍ ഉള്ളവരാണ്. അപ്രതീക്ഷിതമായി ഇങ്ങനെയൊരു സമ്മാനം ലഭിച്ചതിന്റെ അമ്പരപ്പിലാണ് ജീവനക്കാര്‍. സ്വന്തം കാര്‍ സ്വപ്‌നം പോലും കാണാത്ത കൂട്ടത്തിലെ ചിലര്‍ക്ക് ഡ്രൈവിങ് പോലും അറിയില്ല.

ടാറ്റയുടെ മൈക്രോ എസ്‌യുവിയാണ് പഞ്ച്. 2021ല്‍ പുറത്തിറങ്ങിയതു മുതല്‍ ടാറ്റ പഞ്ച് ശ്രദ്ധേയമായ പ്രകടനം നടത്തുന്നുണ്ട്. ടാറ്റയുടെ മറ്റു കാറുകളെ പോലെ ക്രാഷ് ടെസ്റ്റില്‍ മികച്ച പ്രകടനമാണ് പഞ്ചിന്റേതും. ഗ്ലോബല്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ ലഭിച്ചിട്ടുള്ള വാഹനമാണിത്. 86 ബിഎച്ച്പി, 115 എൻഎം ടോര്‍ക്ക് പുറത്തെടുക്കുന്ന 1.2 ലീറ്റര്‍ നാച്ചുറലി അസ്പയേഡ്, 3 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് പഞ്ചിലുള്ളത്. 5 സ്പീഡ് മാനുവല്‍, എഎംടി ഗിയര്‍ബോക്‌സ് ഓഫ്ഷനുകളില്‍ ഈ എസ്.യു.വി എത്തുന്നുണ്ട്. പെട്രോളിനു പുറമേ സിഎന്‍ജി മോഡലും ലഭ്യമാണ്. ആറു ലക്ഷം മുതല്‍ 10.10 ലക്ഷം രൂപ വരെയാണ് വില. 

നേരത്തെയും ചില കമ്പനികള്‍ കാറുകള്‍ സമ്മാനമായി നല്‍കി ജീവനക്കാരെ ഞെട്ടിച്ചിട്ടുണ്ട്. 2022 ഏപ്രിലില്‍ ചെന്നൈയില്‍ നിന്നുള്ള ഐഡിയാസ്2ഐടി എന്ന കമ്പനി 100 ജീവനക്കാര്‍ക്കാണ് വാഹനങ്ങള്‍ സമ്മാനിച്ചത്. ഇക്കൂട്ടത്തില്‍ മാരുതി കാറുകള്‍ മുതല്‍ മോട്ടോര്‍ സൈക്കിളുകള്‍ വരെയുണ്ടായിരുന്നു. ഈവര്‍ഷം തുടക്കത്തില്‍ ചായ വില്‍ക്കുന്ന ഒരു സ്റ്റാര്‍ട്ട്അപ്പ് ഹ്യുണ്ടേയ് ഐ10 നിയോസ് ആണ് ജീവനക്കാര്‍ക്ക് നല്‍കിയത്.

English Summary:

Auto News, Haryana Pharma Company Owner Gifts Tata Punch To Employees Ahead Of Diwali

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com