ADVERTISEMENT

പഴയകാല ‍ജനപ്രിയ വാഹനം ലൂണയുടെ ഇലക്ട്രിക്കിന്റെ വില പ്രഖ്യാപിച്ച് കൈനറ്റിക് ഗ്രീൻ. രണ്ടു മോഡലിലായി ലഭിക്കുന്ന ലൂണയുടെ എക്സ്1 വേരിയന്റിന് 69990 രൂപയും എക്സ്2 വേരിയന്റിന് 74990 രൂപയുമാണ് ഡൽഹി എക്സ്ഷോറൂം വില. 1.7 kWh, 2 kWh, 3 kWh ബാറ്ററി പായ്ക്കുകളിൽ ലൂണ ലഭിക്കും. ആദ്യ രണ്ടു ബാറ്ററി പായ്ക്കുകൾക്കും 110 കിലോമീറ്ററും രണ്ടാമത്തെ ബാറ്ററി പായ്ക്കിന് 150 കിലോമീറ്ററുമാണ് റേഞ്ച്. ഒരു കിലോമീറ്റർ സഞ്ചരിക്കാൻ ഇലക്ട്രിക് ലൂണയ്ക്ക് 10 പൈസ മാത്രമേ ചെലവ് വരൂ എന്നാണ് കൈനറ്റിക് പറയുന്നത്. 

ആമസോൺ, ഫ്ലിപ്കാർട്ട് സൈറ്റുകൾ വഴി വാഹനത്തിന്റെ പ്രീബുക്കിങ് കമ്പനി സ്വീകരിച്ചു തുടങ്ങിയിരുന്നു. പഴയ കാല ലൂണയെപ്പോലെ തന്നെ പ്രായോഗിക ഉപയോഗത്തിനും കാര്യക്ഷമതക്കും പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ഇരുചക്രവാഹനമാണ് ഇ–ലൂണ എന്നാണ് കൈനറ്റിക് അവകാശപ്പെടുന്നത്. വൈദ്യുത മോഡലിൽ പെഡലുകളില്ലെന്നതു മാത്രമാണ് പ്രധാന വ്യത്യാസം. 150 കിലോഗ്രാം വരെ ഭാരം വഹിച്ച് ലൂണയ്ക്ക് കുതിക്കാനാകും. ഉയർന്ന വേഗം 50 കിലോമീറ്റർ.

ആവശ്യമുള്ളപ്പോള്‍ എടുത്തുമാറ്റാവുന്ന നിലയിലാണ് പിന്‍ സീറ്റുകള്‍. ഇത് ഇ ലൂണയെ എളുപ്പം ഇരുചക്ര 'ചരക്കു' വാഹനമാക്കാന്‍ സഹായിക്കുന്നു. ആകെ 96 കിലോഗ്രാം മാത്രമാണ് ഭാരം. 760എംഎം മാത്രം സീറ്റിന് ഉയരമുള്ള ഈ ചെറു വാഹനം കൈകാര്യം ചെയ്യാന്‍ വളരെ എളുപ്പമായിരിക്കും.

രൂപത്തില്‍ കുഞ്ഞനെങ്കിലും വലിയ പല ഇരുചക്രവാഹനങ്ങള്‍ക്കും സ്വപ്‌നം പോലും കാണാനാവാത്ത കരുത്തുള്ള ജോലികള്‍ മുൻപും ചെയ്തു ഞെട്ടിച്ചിട്ടുണ്ട് ലൂണ. അതുകൊണ്ടുതന്നെ ഇ ലൂണയും നാട്ടിന്‍പുറങ്ങളുടെ ഇഷ്ടവാഹനമാവുമെന്നാണ് പ്രതീക്ഷ. മുന്‍തൂക്കം മറ്റെന്തിനെക്കാളും പ്രകടനത്തിനാണെങ്കിലും പല ആധുനിക സൗകര്യങ്ങളും ഇ ലൂണയിലുമുണ്ട്. ലളിതമായ എല്‍സിഡി ഡാഷ്, യുഎസ്ബി ചാര്‍ജിങ് പോട്ട്, സൈഡ് സ്റ്റാന്‍ഡ് കട്ട് ഓഫ് എന്നിങ്ങനെയുള്ള ഫീച്ചറുകളുള്ള ഇ ലൂണ മള്‍ബെറി റെഡ്, ഓഷ്യന്‍ ബ്ലൂ എന്നീ നിറങ്ങളില്‍ ലഭ്യമാണ്.

Electric Luna
Electric Luna

രണ്ടു വീലുകളിലും ഡ്രംബ്രേക്കുകളാണ് നല്‍കിയിട്ടുള്ള ഇ ലൂണയില്‍ ടെലസ്‌കോപിക് ഫോര്‍ക്കും ട്വിന്‍ ഷോക്ക് അബ്‌സോര്‍ബറുകളുമാണുള്ളത്. 16 ഇഞ്ച് വീലുകളില്‍ പൊതുവിലുള്ള മറ്റേത് ഇരുചക്രവാഹനത്തേക്കാളും കൂടുതല്‍ മെലിഞ്ഞ ടയറുകളാണുള്ളത്. ചക്രത്തിനോടു ചേര്‍ന്നു ഘടിപ്പിച്ചിട്ടുള്ള ഹബ്ബ് മോട്ടോറാണ് ഇ ലൂണയെ ചലിപ്പിക്കുന്നത്. പരമാവധി ടോര്‍ക്ക് 22Nm. 2kWh ബാറ്ററി നാലു മണിക്കൂറുകൊണ്ട് പൂര്‍ണമായും ചാര്‍ജാവും. പോര്‍ട്ടബിള്‍ ചാര്‍ജറും ഇ ലൂണക്ക് ലഭ്യമാണ്.‌ 500 രൂപ നല്‍കി ഇ ലൂണ ബുക്കു ചെയ്യാനാവും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com