ADVERTISEMENT

കാറോ, ടൂവിലറോ, ബസോ, ട്രാക്ടറോ... വണ്ടി എന്തുമാവട്ടെ, ഡ്രൈവിങ് നടി സ്വാസികയുടെ കയ്യില്‍ ഭദ്രം. എളുപ്പമല്ല ബസോടിക്കാനെന്ന് പറയുമ്പോഴും ആത്മവിശ്വാസവും അഭിനയത്തിനായി എന്ത് ചലഞ്ചും ഏറ്റെടുക്കാനുളള മനസുമാണ് സ്വാസികയെന്ന നടിയെ മുന്നോട്ട് നയിക്കുന്നത്. ചതുരമെന്ന സിനിമയിലൂടെ മോളിവുഡില്‍ തന്റേതായ ഇരിപ്പിടം തീര്‍ത്ത് തമിഴിലും മികച്ച അവസരങ്ങളുമായി ശ്രദ്ധേയയാവുകയാണ് സ്വാസിക. ലബ്ബര്‍ പന്ത് എന്ന തമിഴ് ചിത്രത്തിനുവേണ്ടിയാണ് സ്വാസിക ബസും ട്രാക്ടറും ഒക്കെ ഓടിക്കാന്‍ പഠിച്ചത്. തന്റെ ഡ്രൈവിങ് അനുഭവങ്ങള്‍ സ്വാസിക പങ്കുവയ്ക്കുന്നു മനോരമ ഓണ്‍ലൈനുമായി...

Swasika
Swasika

ലബ്ബര്‍ പന്ത്

ലബ്ബര്‍ പന്തെന്നാല്‍ റബ്ബര്‍ ബോള്‍. ഈ പന്തുകൊണ്ടുള്ള സാധാരണക്കാരുടെ ക്രിക്കറ്റ് കളിയെ അടിസ്ഥാനപ്പെടുത്തിയുളള ചിത്രമാണ് ''ലബ്ബര്‍ പന്ത ്''. തമിഴരശന്‍ പച്ചമുത്തു സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ പ്രധാനപ്പെട്ട വേഷത്തിലാണ് സ്വാസിക എത്തുന്നത്. സ്വാസിക വളരെ പ്രതീക്ഷയോടെ നോക്കി കാണുന്ന ചിത്രമാണ് ലബ്ബര്‍ പന്ത്. ഒരു ഇറച്ചി വെട്ടുകാരിയായ വീട്ടമ്മയുടെ വേഷത്തിലാണ് നടി എത്തുന്നത്. 

ഈ സിനിമയിലെ വളരെ ശക്തമായ കഥാപാത്രമാണ് സ്വാസികയുടേത്. സിനിമയില്‍ ബസും ട്രാക്ടറുമെല്ലാം കഥാപാത്രം ഓടിക്കേണ്ടി വന്നു. അതിനാല്‍ ഡ്രൈവിങ് സ്‌കൂളില്‍ പോയാണ് സ്വാസിക ബസോടിക്കാന്‍ പഠിച്ചത്. ''കാറോടിക്കുന്ന പോലെയല്ല ബസ്. അതിന് പ്രത്യേക കാല്‍ക്കുലേഷന്‍ വേണം. ബസിന്റെ നീളത്തെകുറിച്ചും വളച്ചെടുക്കുമ്പോള്‍ പരിസരത്തെകുറിച്ചുമെല്ലാം അത്യാവശ്യം ധാരണവേണം. ആദ്യം തിരിക്കാനും വളക്കാനുമൊക്കെ അല്‍പം ബുദ്ധിമുട്ടായിരുന്നു. പിന്നീട് പതുക്കെ പരിചയിച്ചു.''  സ്വാസിക പറയുന്നു.

swasika

ട്രാക്ടറും ഈ സിനിമക്കുവേണ്ടിയാണ് സ്വാസിക ആദ്യമായി ഓടിക്കുന്നത്. പാടത്തുകൂടെയും റോഡിലുമെല്ലാം ട്രാക്ടര്‍ ഓടിക്കേണ്ടതുണ്ടായിരുന്നു. അതും ചുരുങ്ങിയ സമയംകൊണ്ട് സ്വാസിക പഠിച്ചെടുത്തു. ''കുറച്ച് ബലം പ്രയോഗിക്കണം ട്രാക്ടര്‍ ഓടിക്കാന്‍. വേറെ വലിയ റിസ്‌ക്കൊന്നുമില്ലായിരുന്നെങ്കിലും അതില്‍ കയറിയാലുളള കുലുക്കമാണ് അല്‍പം ബുദ്ധിമുട്ട് '' സ്വാസിക പറയുന്നു. കുറച്ചു ദിവസം ഓടിച്ചപ്പോള്‍തന്നെ ട്രാക്ടര്‍ വളരെ ഇന്‍ട്രസ്റ്റിംഗായി തോന്നി. ആദ്യത്തെ അപരിചിതത്വം മാറിയപ്പോള്‍ സിനിമക്കുവേണ്ടി ഒരുകൈകൊണ്ട്‌ വരെ ട്രാക്ടര്‍ ഓടിച്ചു. അതെല്ലാം വളരെ രസകരമായ അനുഭവങ്ങളായിരുന്നുവെന്ന് സ്വാസിക ഓര്‍ത്തെടുക്കുന്നു.

swasika-1

ഡ്രൈവിങ് ഇഷ്ടം

ടൂവീലറും കാറും ഓടിക്കാറുണ്ട് സ്വാസിക. ഷൂട്ടിംഗിന് സ്വന്തം കാര്‍ ഉപയോഗിച്ചാണ് കൂടുതലും പോകാറ്. ഡ്രൈവിങ്ങിനോട് അത്രക്ക് ക്രേസില്ലെങ്കിലും കുറച്ചു ദൂരമൊക്കെ വണ്ടി ഓടിക്കും. പിന്നെ ഡ്രൈവറുണ്ട്. നല്ല റോഡുകള്‍ കാണുമ്പോൾ, അതുപോലെ നല്ല കാലാവസ്ഥയിലൊക്കെ കാര്‍ ഓടിക്കാന്‍ തോന്നും. 

സ്‌ട്രെസ് ആയിരിക്കുമ്പോള്‍, അല്ലെങ്കില്‍ വീട്ടില്‍ ചുമ്മാ ഇരിക്കുമ്പോഴൊക്കെ ഒന്ന് കറങ്ങണമെന്നും തോന്നും. അങ്ങനെയുള്ളപ്പോൾ കൊച്ചിയിലോ മറ്റെവിടെയെങ്കിലുമൊക്കെ വണ്ടിയോടിച്ച് പോയി വരും. രാത്രിയൊക്കെ തിരക്കില്ലാത്ത റോഡ് കണ്ടാലും ഓടിക്കാനിഷ്ടമാണെന്ന് സ്വാസിക പറയുന്നു.

ആദ്യ കാര്‍

ആദ്യം വാങ്ങിയ കാര്‍ ഐ 10 ഗ്രാന്റായിരുന്നു. ഓറഞ്ച് കളര്‍. അത് വാങ്ങിച്ച ശേഷമാണ് കാര്‍ ഓടിച്ചു പഠിച്ചത്. ലൈസെന്‍സെടുക്കുമ്പോള്‍ ഇരുപത് വയസായിരുന്നു. ആദ്യ അവസരത്തില്‍ തന്നെ ലൈസന്‍സ് കിട്ടുകയും ചെയ്തു. ടൂ വീലേഴ്‌സ് ഓടിക്കാനറിയാമെങ്കിലും ഫോര്‍ വീലര്‍ ലൈസന്‍സ് മാത്രമേ എടുത്തിട്ടുളളു. സ്‌കൂട്ടറുകള്‍ ചുമ്മാ ഷൂട്ടിങ് ആവശ്യത്തിനും മറ്റും ഓടിക്കും അത്രമാത്രം.

Swasika Vijay
Swasika Vijay

ഹാരിയറിന്റെ കറുപ്പിനഴക്

റേഞ്ച് റോവറാണ് സ്വാസികയുടെ സ്വപ്‌നവാഹനം. റേഞ്ച് റോവറിന്റെ തലയെടുപ്പുള്ള ടാറ്റ ഹാരിയര്‍ ആദ്യം കണ്ടപ്പോഴേ സ്വാസികക്ക് ഇഷ്ടപ്പെട്ടു. വളരെ പെട്ടെന്നാണ് ഹാരിയര്‍ വാങ്ങാനുള്ള തീരുമാനമെടുത്തതും. ഹാരിയറിന്റെ ഏറ്റവും ഉയര്‍ന്ന മോഡലായ എക്‌സ്.ടി.എ പ്ലസ് ഡാര്‍ക്ക് എഡിഷനാണ് സ്വാസികയുടെ കാര്‍. അകത്തും പുറത്തും കറുപ്പിന്റെ എടുപ്പോടെയാണ് ഡാര്‍ക്ക് എഡിഷന്റെ വരവ്. അറ്റ്‌ലസ് ബ്ലാക്ക് നിറത്തിലുള്ള ഹാരിയറിന്റെ വശങ്ങളില്‍ ഡാര്‍ക്ക് ബാഡ്ജും നല്‍കിയിട്ടുണ്ട്. ഈ വാഹനത്തിന്റെ 17 ഇഞ്ചുള്ള അലോയ് വീലുകള്‍ക്കും കറുപ്പ് നിറമാണ്.

കറുത്ത ലെതറിലാണ് ഉള്ളിലെ ഇരിപ്പിടങ്ങളും തയാറാക്കിയിരിക്കുന്നത്. വീലും ഡോര്‍ ഹാന്‍ഡിലും അടക്കമുള്ളവയുടെ നിറവും കറുപ്പ് തന്നെ. 2.0 ലീറ്റര്‍ ക്രയോടെക് ഡീസല്‍ എൻജിൻ. ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുള്ള വാഹനത്തിന് 14 കിലോമീറ്റര്‍ ഇന്ധനക്ഷണത. 19.75 ലക്ഷം രൂപയാണ് ഈ മോഡലിന്റെ എക്‌സ്‌ഷോറൂം വില.

യാത്രകള്‍

യാത്രകളോട് ഇഷ്ടമാണ്. ഓരോ ഇടങ്ങളില്‍ പോകാനും അവിടത്തെ സംസ്‌കാരവും ഭക്ഷണവും ജീവിതരീതിയും ഒക്കെ അടുത്തറിയാനും ഇഷ്ടമാണ്. വണ്ടി ഓടിച്ച് പോവുക എന്നുളളതിനേക്കാള്‍ എന്റെ ഹാരിയറില്‍ ഒരുപാട് സ്ഥലങ്ങളിലേക്ക് യാത്ര പോവണമെന്നാണ് ആഗ്രഹം. മണാലി, പോണ്ടിച്ചേരി, ബെംഗളൂരു റോഡുകളിലൂടെ മൊത്തം ചുറ്റണമെന്നൊക്കെ ആഗ്രഹമുണ്ട്. എന്നാല്‍ തിരക്കുള്ള വഴികളില്‍ വണ്ടി ഞാനോടിക്കാതെ മറ്റാരെങ്കിലും ഓടിച്ച് കൂടെ ഇരുന്ന് പോവാനാണ് താൽപര്യം.

സോളോ ട്രിപ്പ് പോകണമെന്നുണ്ടെങ്കിലും വീട്ടില്‍ സമ്മതിക്കില്ല. പക്ഷേ ഫ്രീയാവുമ്പോ സുഹൃത്തുക്കളോ ബന്ധുക്കളോ ഒരു യാത്ര പോകാമെന്ന് പറഞ്ഞാല്‍ ഞാനപ്പോള്‍ റെഡിയാവും. നൈറ്റ് ഡ്രൈവ് പോകാനും വളരെ ഇഷ്ടമാണ്.

Image Source: Social Media
Image Source: Social Media

വണ്ടി അനുഭവങ്ങള്‍

വഴിയില്‍ ബ്രേക്ക് ഡൗണായി ഇതുവരെ കിടന്നിട്ടില്ല. എന്നാല്‍ സിഗ്നലില്‍ കിടക്കുമ്പോഴൊക്കെ വണ്ടി പലപ്പോഴും ഓഫായിട്ടുണ്ട്. അപ്പോള്‍ പിന്നിലുളള ആളുകള്‍ ഹോണടിച്ച് ആകെ ബഹളം വയ്ക്കും. സ്വാഭാവികമായി ആര്‍ക്കും ടെന്‍ഷന്‍ വരുന്ന സമയമാണത്. ഇങ്ങനെയുളള അവസരങ്ങള്‍ വരുമ്പോള്‍ പിന്നെ എനിക്ക് കൈയ്യും കാലും ബ്രെയിനും ഒന്നും വര്‍ക്കാവില്ല.

അപ്പോള്‍ ഞാന്‍ വണ്ടിയില്‍ നിന്നിറങ്ങി വണ്ടി ഓഫായി പോയി, നീങ്ങുന്നില്ല എന്നൊക്കെ പറഞ്ഞ് ആരുടെയെങ്കിലും സഹായം ചോദിക്കും. ആദ്യം വണ്ടിയോടിക്കുമ്പോള്‍ ഇന്‍ഡിക്കേറ്റര്‍ ഇടുന്നതൊക്കെ കുറച്ച് ബുദ്ധിമുട്ടായിരുന്നു. 

swasika-vijai-004

നമ്മുടെ ഡ്രൈവിങ്

കേരളത്തിനകത്ത് വണ്ടി ഓടിക്കുമ്പോള്‍, ആളുകള്‍ കുറച്ചൂടി അശ്രദ്ധമായി ഓടിക്കുന്ന പോലെയാണ് തോന്നാറ്. നിയമങ്ങളൊന്നും പാലിക്കാതെ, പ്രത്യേകിച്ച് ഇരുചക്രവാഹനങ്ങള്‍. അവര്‍ ഇടത് വശത്ത് കൂടിയും വലത് വശത്ത് കൂടിയുമൊക്കെ എടുത്തിട്ട് പോകും, ചെറിയ സ്ഥലം കിട്ടിയാൽ പോലും കുത്തിതിരുകി പോകും. ഇങ്ങനെയൊക്കെ പലപ്പോഴും കണ്ടിട്ടുണ്ട്.

അതുപോലെ സിഗ്നലില്‍ ഒക്കെ നില്‍ക്കുമ്പോള്‍ വണ്ടികള്‍ തമ്മില്‍ പാലിക്കേണ്ട അകലം കാത്തുസൂക്ഷിക്കാതെ മുട്ടിമുട്ടിയാണ് വണ്ടികള്‍ നില്‍ക്കുക. അതായത് ഒരു ഡ്രൈവിങ് ഡിസിപ്ലിന്‍ ഇല്ലാത്ത പോലെയാണ് ഇവിടെ തോന്നിയത്. പുറത്ത് സ്വയം വണ്ടിയോടിച്ച് പരിചയമില്ലെങ്കിലും വിദേശത്തൊക്കെ പോകുമ്പോള്‍ അവിടുത്തെ ഡ്രൈവര്‍മാരുടെ ഡിസിപ്ലിന്‍ ശ്രദ്ധിക്കാറുണ്ട്. 

സ്വപ്‌ന വാഹനം

വാഹനങ്ങളോട് ഭയങ്കര ക്രേസൊന്നുമില്ലെങ്കിലും ചില വണ്ടികള്‍ കാണുമ്പോള്‍ ഇഷ്ടമൊക്കെ തോന്നും. അത് സ്വന്തമാക്കണമെന്ന ആഗ്രഹവും ഉണ്ടായിട്ടുണ്ട്. റേഞ്ച് റോവര്‍ തന്നെയാണ് അതില്‍ മുന്നില്‍. റേഞ്ച് റോവര്‍ ഒരു സ്വപ്‌നമാണ്. ഒറ്റനോട്ടത്തില്‍ തന്നെ ഹൃദയം കവര്‍ന്ന കാറാണ് റേഞ്ച് റോവര്‍. അത് വൈകാതെ സ്വന്തമാക്കാനാകുമെന്ന പ്രതീക്ഷയുമുണ്ട്.

English Summary:

Swasika Leran to Drive Bus and tractor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com