ADVERTISEMENT

റിയാദ്∙ 31 വർഷം മുമ്പ് റിയാദിലെത്തിയ കൊല്ലം പുനലൂർ സ്വദേശി ബാലചന്ദ്രൻ പിള്ള നാട്ടിലേക്ക് മടങ്ങി. എല്ലാവരും ഉണ്ടായിട്ടും ആരോരുമില്ലാതെ വൃദ്ധസദനത്തിലേക്ക്. കൊല്ലം ഗാന്ധി ഭവൻ അഭയകേന്ദ്രത്തിലേക്കാണ് ബാലചന്ദ്രൻ പിള്ളയെ എത്തിച്ചിരിക്കുന്നത്. ഗാന്ധിഭവന്റെ കാരുണ്യ ഹസ്തത്തിൽ ഇനിയുള്ള കാലം ബാലചന്ദ്രൻ പിള്ള കഴിയും. 

ഇലക്ട്രിക്കൽ- പ്ലംബിങ് ജോലിക്കായി 1992ൽ റിയാദിലെ അൽ ഖർജിലെത്തിയ ബാലചന്ദ്രൻ പിന്നീട് നാട്ടിൽ പോയിട്ടില്ല. ഇക്കാമയോ മറ്റു രേഖകളോ ഇല്ലാതെ റിയാദിന്റെ വിവിധ പ്രദേശങ്ങളിൽ ജോലി ചെയ്ത്കൊണ്ട് നാടുമായുള്ള ബന്ധം പൂർണ്ണമായും ഉപേക്ഷിച്ച ബാലചന്ദ്രന് ഒടുവിൽ അനിവാര്യമായ തിരിച്ചുപോക്കിന് വഴങ്ങേണ്ടി വന്നു. റിയാദിലെത്തി ആദ്യ മൂന്ന് വർഷം പിന്നിട്ടപ്പോൾ സ്പോൺസർ മരണമടയുകയും അതോടെ  പാസ്പോർട് നഷ്ട്ടപ്പെടുകയും ചെയ്തു. പിന്നീട് പാസ്‌പോർട്ടിന് വേണ്ടിയോ ഇഖാമക്ക് വേണ്ടിയോ ശ്രമിച്ചിലെന്ന് ബാലചന്ദ്രൻ പറയുന്നു. കൂടെ ജോലിചെയ്യുന്നവർക്ക്, തന്നെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നൽകാൻ അവസരം നൽകാതെ പലയിടങ്ങളിലായി മാറി മാറി ജോലി ചെയ്തു. 

കൊറോണ മഹാമാരി ബാലചന്ദ്രന്റെ ഓട്ടത്തിന് തടയിട്ടു. സൗദിയിൽ പരിശോധന കർശനമാക്കിയതോടെ നിർഭയം പുറത്തിറങ്ങാൻ കഴിയാതെയായി. കൊറോണ പിടിപെട്ടപ്പോൾ സ്വയം ചികിത്സയും മെഡിക്കൽ സ്റ്റോറുകളിൽ നിന്നും സുഹൃത്തുക്കൾ വഴി മരുന്നുകൾ തരപ്പെടുത്തിയും അതിജീവിച്ചു. പക്ഷേ ആരോഗ്യം വീണ്ടെടുക്കാനായില്ല. ഇതോടെ നാട്ടിൽ പോകുന്നതിനുള്ള ആലോചന തുടങ്ങി. റിയാദിലെ ഒട്ടുമിക്ക മലയാളി സംഘടനകളും കയ്യൊഴിഞ്ഞ ബാലചന്ദ്രൻ ഒടുവിൽ കേളി കലാസാംസ്കാരിക വേദി അഭയം നൽകി. ആദ്യ പരിഗണന ജീവൻ രക്ഷിക്കാനാവശ്യമായ ചികിത്സാ ഉറപ്പാക്കുകയായിരുന്നു. തീർത്തും അവശനായ നിലയിൽ കിടപ്പിലായ ഇദ്ദേഹത്തിന് പ്രാഥമിക ചികിത്സ നൽകി ഇന്ത്യൻ എംബസ്സിയിൽ വിവരം ധരിപ്പിക്കുകയും ചെയ്തു.

എംബസ്സിയുടെ അവസരോചിതമായ ഇടപെടലിൽ പൂർണമായ ചികിത്സ ഉറപ്പു വരുത്തുകയും കൂടുതൽ ഉയർന്ന ചികിത്സക്കായി സുമേഷിയിലെ കിങ് സൗദ് മെഡിക്കൽ സിറ്റിയിലേക്ക് മറ്റുകയും ചെയ്തു. അഞ്ചു മാസത്തെ ചികിത്സക്കൊടുവിൽ ആരോഗ്യം വീണ്ടെടുത്തു. അതിനിടയിൽ എംബസ്സിയെയോ കേളി പ്രവർത്തകരെയോ അറിയിക്കാതെ സുമേഷി ആശുപത്രിയിലെ സ്ഥല പരിമിതി മൂലം 600 കിലോമീറ്റർ അകലെയുള്ള അൽ സുലൈയിലേക്ക് ആശുപത്രി അധികൃതർ മാറ്റിയത് ചെറിയ ആശയകുഴപ്പത്തിനിടയാക്കി. എക്സിറ്റിനുള്ള രേഖകൾ ശരിയാക്കി വിരലടയാളം പതിക്കുന്നതിനായി തർഹീലിൽ ഹാജരാക്കാൻ എംബസ്സി ആവശ്യപ്പെട്ടപ്പോഴാണ് തലേ ദിവസം ആശുപത്രി മാറിയ വിവരം അറിയുന്നത്. പിന്നീട് ഒരുമാസത്തിനു ശേഷമാണ് ഇദ്ദേഹത്തെ തിരികെ എത്തിക്കുന്നത്. അവശനിലയിൽ അബോധാവസ്ഥയിലായിരുന്ന ബാലചന്ദ്രൻ ക്രമേണ നടക്കാൻ തുടങ്ങി. തുടർന്ന് തർഹീലിൽ ഹാജരാക്കി  എക്സിറ്റ്  പേപ്പറുകൾ ശരിയാക്കി. മുൻപ് രണ്ടു തവണ തള്ളിയ അപേക്ഷയിലാണ് തീർപ്പാകുന്നത്. ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തതിനു ശേഷം കേളി താമസ സൗകര്യം ഒരുക്കി. 

31 വർഷം മുമ്പ് നാട് വിടുന്ന വേളയിൽ ഭാര്യയും ഒരു പെൺകുട്ടിയും ഉണ്ടായിരുന്ന ബാലചന്ദ്രൻ അവരെ വേണ്ട വിധം സംരക്ഷിച്ചില്ല എന്ന പരാതിയുണ്ടന്നും ആയതിനാൽ ഇദ്ദേഹത്തെ സ്വീകരിക്കാൻ തയാറല്ലെന്നും ഈ പ്രശ്നത്തിൽ കുടുംബവുമായി ബന്ധപ്പെട്ട കേരള പ്രവാസിസംഘം കൊല്ലം ജില്ലാ സെക്രട്ടറി നിസാർ അമ്പലംകുന്നിനെ ബാലകൃഷ്ണ പിള്ളയുടെ വീട്ടുകാർ അറിയിച്ചു. കൊല്ലം പുനലൂർ കെഎസ്‌ആർടിസി ബസ് സ്റ്റാന്റിനടുത്തായാണ് വീടെന്നും നാല് സഹോദരങ്ങൾ ഉണ്ടെന്നും ബാലചന്ദ്രൻ പറഞ്ഞു. കേളിയുടെ അന്വേഷണത്തിൽ ഒരു അനിയനുമായി ബന്ധപ്പെടാൻ കഴിഞ്ഞു. മകൾ വിവാഹിതയാണെന്നും,  കിടപ്പു രോഗിയായ ഭാര്യയെ മകളും മരുമകനുമാണ് പരിചരിക്കുന്നതെന്നും ഇനിയും ഒരാളെകൂടി സംരക്ഷിക്കാനാകില്ലെന്നും അവർ പറഞ്ഞു. 31 വർഷം തങ്ങളുടെ ജീവിതത്തെ കുറിച്ച് ഒരുവിധ അന്വേഷണവും നടത്താത്ത ആളെ സ്വീകരിക്കുക പ്രയാസമാണെന്ന് അവർ അറിയിച്ചു. 

ഒരു രേഖകളും ഇല്ലെന്ന് മാത്രമല്ല സംസാരശേഷി പോലും നഷ്ടപ്പെട്ട അവസ്ഥയിൽ നിന്നുമാണ് എല്ലാ രേഖകളും ശരിയാക്കി ബാലചന്ദ്രനെ നാട്ടിലേക്കായക്കാൻ സാധിച്ചത്. കഴിഞ്ഞ ആറുമാസത്തോളമായി ഇന്ത്യൻ എംബസ്സിയുടെ സഹകരണത്തോടെ കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗം നടത്തിവന്ന പ്രവർത്തനങ്ങൾ ഒടുവിൽ വിജയം കണ്ടു. അബോധാവസ്ഥയിൽ നിന്നും പ്രായത്തിന്റെ അവശതകൾ മാറ്റി നിർത്തിയാൽ പൂർണ്ണ ആരോഗ്യവാനായി നാട്ടിലെത്തിക്കാൻ കേളി പ്രവർത്തകർക്ക് കഴിഞ്ഞു. ഇന്ത്യൻ എംബസ്സിയുടെ നിർലോഭമായ സഹകരണം ആദ്യാവസാനം വരെ ഉണ്ടായി. എംബസ്സി ഉദ്യോഗസ്ഥരായ മൊയിൻ അക്തർ, മീരാ ഭഗവാൻ, നസീം ഖാൻ, ഷറഫുദ്ധീൻ എന്നിവരും കേളി ജീവകാരുണ്യ വിഭാഗം കൺവീനർ നസീർ മുള്ളൂർക്കര, ചെയർമാൻ നാസർ പൊന്നാനി, കമ്മറ്റി അംഗം പിഎൻഎം റഫീക് എന്നിവർ ഈ ദൗത്യം പൂർണ്ണതയിലെത്തിക്കുവാൻ  അഹോരാത്രം പ്രയത്നിച്ചു. 

കേളി പ്രവർത്തകൻ പിഎൻഎം റഫീക്ക് ബാലചന്ദ്രൻ പിള്ളയെ അനുഗമിച്ചു. രണ്ടുപേർക്കുമുള്ള ടിക്കറ്റ് എംബസ്സി നൽകി. ആശുപതിയിൽ നിന്നും ഡിസ്ചാർജ് ആയതിനു ശേഷം കേളി പ്രവർത്തകരായ അനീസ്, സാഹിൽ  പി ഗോപാലൻ എന്നിവരാണ് ബാലചന്ദ്രൻ പിള്ളയെ പരിചരിച്ചത്. നാട്ടിലുള്ള കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ്  മുഖേന കൊല്ലം, പത്തനാപുരം ഗാന്ധിഭവൻ സെക്രട്ടറി  ഡോ പുനലൂർ സോമരജനുമായി കേളി രക്ഷാധികാരി ആക്ടിങ് സെക്രട്ടറി ഗീവർഗീസ് ഇടിച്ചാണ്ടി സംസാരിച്ച്‌ അഭയകേന്ദ്രത്തിനായുള്ള എല്ലാ കാര്യങ്ങളും ഒരുക്കി. കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, ജീവകാരുണ്യ വിഭാഗത്തിൽ നിന്നും നസീർ മുള്ളൂർക്കര, നാസർ പൊന്നാനി, പിഎൻഎം റഫീക്ക്, നൗഫൽ പതിനാറിങ്കൽ എന്നിവർ ബാലകൃഷ്ണനെ റിയാദ് എയർപോർട്ടിൽ നിന്നും യാത്രയാക്കി. നാട്ടിലെത്തി മകളെ കാണണമെന്ന ആഗ്രഹമാണ് ബാലചന്ദ്രൻ എപ്പോഴും പറയുന്നത്.

English Summary:

Life of an NRI: Kollam Native Balachandran who worked in Riyad for 31 Years is now back to Hometown

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com