ADVERTISEMENT

അബുദാബി ∙ വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി ജെ.എസ്.സിദ്ധാർഥനെ മൂന്നോ നാലോ ദിവസം നിരന്തരം പീഡിപ്പിച്ച് കൊലപ്പെടുത്തിയത് വൈസ് ചാൻസലർ, ഡീൻ, ഹോസ്റ്റൽ വാർഡൻ തുടങ്ങിയവർ അറിഞ്ഞില്ലെങ്കിൽ അവർ ആ സ്ഥാനത്തിരിക്കാൻ യോഗ്യരല്ലെന്ന് എഴുത്തുകാരൻ എം.എൻ. കാരശേരി. കോളജ് അധികൃതരുടേത് കുറ്റകരമായ ഉദാസീനതയാണ്. സിദ്ധാർഥന്റെ രക്ഷിതാക്കളെ അറിയിക്കാൻ ഒരു വിദ്യാർഥിക്കും തോന്നാതിരുന്നതും ഖേദകരമായി. പ്രതികളുടെ അറസ്റ്റ്  വൈകിയത് അവർ എസ്എഫ്ഐക്കാരായത് കൊണ്ടാണെന്നും പറഞ്ഞു. ഹ്രസ്വസന്ദർശനത്തിന് അബുദാബിയിൽ എത്തിയ കാരശ്ശേരി മനോരമയോട് സംസാരിക്കുകയായിരുന്നു. 

വൈസ് ചാൻസലർക്കെതിരെ ഗവർണർ എടുത്ത നടപടിയോട് യോജിക്കുന്നു.എന്നാൽ ഗവർണർ അധികാരം വിനിയോഗിച്ചത് എതിർത്ത മന്ത്രി ചിഞ്ചുറാണിയുടെ നടപടി ശരിയായില്ല. കുറ്റവാളികൾക്ക് സർക്കാർ സംരക്ഷണം ഉള്ളതിന്റെ തെളിവാണ് ചിഞ്ചുറാണിയുടെ നിലപാട്.  പ്രതികൾക്കുവേണ്ടി വക്കാലത്തുമായി സിപിഎം നേതാവ് സി.കെ.ശശീന്ദ്രൻ ചെന്നതും പ്രതിഷേധാർഹമാണ്.  

റാഗിങ് ഇല്ലാതാക്കാൻ സാധിക്കാതിരുന്ന എസ്എഫ്ഐ, കെഎസ്‍യു, എംഎസ്എഫ്, എബിവിപി, എഐഎസ്എഫ് തുടങ്ങിയ എല്ലാ വിദ്യാർഥി സംഘടനകളും മറുപടി പറയണം. കിരാതമായ അനീതിക്കു ഒരു കലാലയം മുഴുവൻ കൂട്ടുനിന്നത് കേരളത്തിന് അപമാനമാണ്. അക്രമികൾക്ക് മൗനാനുവാദം കൊടുത്ത അധ്യാപകർ, ഡീൻ, വൈസ് ചാൻസലർ എന്നിവർക്കെതിരെ കേസ് എടുക്കണം. അക്രമവും സ്വജന പക്ഷപാദവും പരിശീലിപ്പിക്കാനുള്ളതല്ല വിദ്യാർഥി രാഷ്ട്രീയമെന്നും കാരശേരി പറഞ്ഞു.

NS Madhavan
എം.എൻ. കാരശേരി

ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് എന്തെല്ലാം ആനുകൂല്യങ്ങൾ സർക്കാർ ചെയ്തുകൊടുത്തുവെന്ന് നമുക്കറിയാം. ശിക്ഷിക്കപ്പെട്ട കുഞ്ഞനന്തൻ മരിച്ചപ്പോൾ വലിയൊരു മഹാത്മാവ് മരിച്ചതുപോലുള്ള പ്രാധാന്യമാണ് പാർട്ടി കൊടുത്തത്. ജയിൽനിന്ന് ഇറങ്ങിയ കുറ്റവാളിയുടെ കല്യാണത്തിൽ പങ്കെടുത്തയാളാണ് അന്നത്തെ തലശ്ശേരി എംഎൽഎയും ഇന്നത്തെ സ്പീക്കറുമായ ഷംസീർ. ഇതെല്ലാം മോശം സന്ദേശമാണ് സമൂഹത്തിന് നൽകുക. വിവിധ ജാതിക്കാർക്കും പാർട്ടിക്കാർക്കും വ്യത്യസ്ത നിയമം വച്ചുപുലർത്തുന്നതിനെയാണ് ഫാഷിസമെന്ന് പറയുക. ജനാധിപത്യത്തെ കോമാളിവേഷം കെട്ടിക്കുന്ന പണിയാണതെന്നും പറഞ്ഞു. ടി.പി. കേസിലും ബിൽക്കീസ് ബാനു കേസിലും കോടതി ഇടപെട്ട് പ്രതികൾക്ക് ശിക്ഷ കൂട്ടിയ നടപടി ജനാധിപത്യത്തിലെ അഭയകേന്ദ്രമായ കോടതി മുഴുവൻ നാശമായി പോയിട്ടില്ല എന്നതു പ്രതീക്ഷ നൽകുന്നു.

സമൂഹത്തിലെ കിരാത നടപടികൾക്കെതിരെ സാംസ്കാരിക ലോകത്തിന്റെ മൗനം അപമാനകരമാണ്. ഇറോം ശർമിളയ്ക്കുവേണ്ടി കോഴിക്കോട്ട് നിരാഹാരം കിടന്ന സാംസ്കാരിക പ്രവർത്തകർ വാളയാറിലെയും വണ്ടിപ്പെരിറിലെയും അമ്മമാരുടെ കണ്ണീര് കണ്ടില്ലെന്നു നടിച്ചു. പ്രതികരിച്ചാൽ സാഹിത്യ അക്കാദമി അംഗത്വവും അവാർഡും ലഭിക്കില്ല, പരിപാടികളിലേക്ക് ക്ഷണിക്കില്ല തുടങ്ങിയ കാര്യങ്ങളാണ് മൗനത്തിനു പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.

mn-karassery-1248
എം.എൻ. കാരശേരി

∙ മതേതര രാജ്യം മതരാഷ്ട്രമായി തീരുന്ന ആകാംക്ഷ

പൗരത്വ നിയമഭേദഗതിയോട് പിണറായി വിജയൻ അനുകൂലിക്കില്ലെന്നാണ് കരുതുന്നത്. അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, ബംഗ്ലദേശ് തുടങ്ങിയ രാജ്യങ്ങളിൽനിന്ന് വരുന്ന ഹിന്ദുക്കൾക്കു മാത്രമേ പൗരത്വം കൊടുക്കൂ. പൗരത്വത്തിനും മതവിശ്വാസം കടന്നുവരുന്നത് അന്യായം തന്നെ.

∙ ജനാധിപത്യം ദൈവാധിപത്യമായി മാറുമോ എന്നാണ് ചിന്ത

പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് പുരോഹിതൻ എന്തിന്. ഹിന്ദു ആചാരങ്ങളും അനുഷ്ഠാനങ്ങളും മാത്രം അവിടെ വരുന്നതെങ്ങനെ. നമ്മൾ ഉപേക്ഷിച്ച ചെങ്കോൽ അവിടെ സ്ഥാപിക്കുന്നതെങ്ങനെ. ക്ഷേത്രം ഉദ്ഘാടനം ചെയ്യേണ്ടത് പ്രധാനമന്ത്രിയാണോ എന്നും ചോദിച്ചു. രണ്ടിടത്തും രാഷ്ട്രപതി ദ്രൗപതി മുർമുവിന് ഇടംകിട്ടിയില്ല. വിധവ അശുലഭ ലക്ഷണമാണെന്നും മംഗള കർമത്തിനു കൂട്ടാൻ പാടില്ലെന്നുമുള്ള ഹിന്ദുക്കളിലെ ചിലർക്കുള്ള വിശ്വാസമാണ് ഇതിനു പിന്നിൽ. ബ്രാഹ്മണ വിധവ എത്രയോ കാലം രാജ്യം ഭരിച്ച ഇന്ത്യയിലാണ് ഇതെല്ലാം നടക്കുന്നത്. പുരോഹിതർ എടുക്കേണ്ട ജോലി പ്രധാനമന്ത്രിയും പ്രധാനമന്ത്രി എടുക്കേണ്ട ജോലി പുരോഹിതരുമാണ് നിർവഹിക്കുന്നതെന്നും കാരശ്ശേരി പറഞ്ഞു.

∙ എഴുതി തെളിയട്ടെ

"ഏതു പണിയേക്കാളും നല്ലതാണ് സാഹിത്യം. എഴുതുന്നവർ എഴുതി തെളിയട്ടെ. സമൂഹമാധ്യമങ്ങളിലോ അല്ലാതെയോ എഴുതട്ടെ.10 പേർ എഴുതുമ്പോൾ ഒരാളെങ്കിലും നേരെയാകും. മഹാഭാരതം പരിഭാഷപ്പെടുത്തിയ കൊടുങ്ങല്ലൂർ കുഞ്ഞുകുട്ടൻ തമ്പുരാൻ പറഞ്ഞത് 'കവിതകൾ എഴുതിക്കൂട്ടുവിൻ കൂട്ടുകാരെ...' എന്നാണ്. അതുകൊണ്ട് എഴുതാൻ ആഗ്രഹിക്കുന്നവരെല്ലാം എഴുതട്ടെ."

∙ നിലച്ചിട്ടില്ല, വായനശീലം

"വായനശീലം ഇല്ലെന്ന് പറയുന്നതിനോട് യോജിക്കില്ല. പുസ്തകത്തിൽ തന്നെ വായിക്കണമെന്നില്ല,  ക്വിന്റിൽ വായിക്കുന്നതും ഓൺലൈനിൽ വായിക്കുന്നതുമെല്ലാം വായനയാണ്. പണ്ട് താളിയോലയിൽ വായിച്ചു. പിന്നീടത് കടലാസിലായി. ഇപ്പോൾ അതു മാറി സ്ക്രീനിലായെന്നു മാത്രം. പുസ്തകം വിറ്റുപോകുന്നതും പുതിയ പതിപ്പ് ഇറക്കുന്നതുമെല്ലാം എഴുത്തും വായനയും തുടരുന്നതിന്റെ ലക്ഷണമാണ്."

∙ സംഘടനകൾ മുൻകൈ എടുക്കട്ടെ

പ്രവാസ ലോകത്തെ അധ്യാപകർക്ക് പരിശീലനത്തിന് സർക്കാരിനെ കാത്തിരിക്കേണ്ടെന്നും ഇവിടത്തെ സംഘടനകൾ വിചാരിച്ചാൽ വിദഗ്ധരെ കൊണ്ടുവന്ന് പരിശീലനം കൊടുക്കാവുന്നതേയുള്ളൂവെന്നും പറഞ്ഞു.

mn-karassery-writter
എം.എൻ. കാരശേരി

∙ പി.സി.ജോർജിന് സീറ്റില്ല; ബിജെപിക്ക് തിരിച്ചറിവുണ്ടായി 

അബുദാബി∙ ജനപക്ഷം നേതാവ് പി.സി.ജോർജിന് സീറ്റ് നിഷേധിച്ച ബിജെപി നടപടിയെ സ്വാഗതം ചെയ്യുന്നുവെന്ന് എഴുത്തുകാരൻ എം.എൻ.കാരശ്ശേരി. ഇക്കാര്യത്തിൽ തിരിച്ചറിവുണ്ടായതിൽ ബിജെപിയെ അഭിനന്ദിക്കുന്നു. അധികാരമോഹം മൂത്ത് മറുകണ്ടം ചാടുന്നവർക്കുള്ള പാഠം കൂടിയാണിത്. രാജീവ് ചന്ദ്രശേഖർ, വി.മുരളീധരൻ തുടങ്ങിയ മന്ത്രിമാരെ ഇറക്കിയാലും ഇത്തവണ കേരളത്തിൽ ബിജെപിക്ക് നേട്ടമുണ്ടാക്കാൻ സാധിക്കുമെന്ന് കരുതുന്നില്ല. എസ്എൻഡിപി, എൻഎസ്എസ് നിലപാട് ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് നേട്ടമാകുമെന്നും കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

English Summary:

M.N. Karassery Reacts to Siddharth's Death

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com