ADVERTISEMENT

അക്കാദമി അവാർഡ് വിതരണ ചടങ്ങിൽ ലോകത്തിന്‍റെ കണ്ണുകൾ പതിയുന്നത് അവതാരകരിലാണ്. പ്രേക്ഷകരെ പിടിച്ചിരുത്തുന്ന തമാശകൾ പറഞ്ഞ് പൊട്ടിച്ചിരിപ്പിക്കുന്ന ഒരാളായിരുന്നു ഇത്തവണത്തെ അവതാരകൻ ജിമ്മി കിമ്മൽ. പക്ഷേ തമാശകളുടെ കൂടെ ഹൃദയം കൊണ്ടും ജിമ്മി പ്രേക്ഷകരോട് സംവദിച്ചിട്ടുണ്ട്; ഒരിക്കലല്ല, പലവട്ടം.  

∙ ബില്ലിക്കായി ഹൃദയപൂർവം ജിമ്മി 
തമാശകൾ പറഞ്ഞ് ലോകം മുഴുവനുമുള്ള ടെലിവിഷൻ പ്രേക്ഷകരെ ചിരിപ്പിക്കുന്ന അയാൾ അന്ന് ഹൃദയം കൊണ്ടു ലോകത്തോട് സംസാരിച്ചു. ‘‘എനിക്ക് ഇന്ന് ഒരു കഥ പറയാനുണ്ട്. കഴി​ഞ്ഞയാഴ്ച എന്‍റെ കുടുംബത്തിൽ സംഭവിച്ച കാര്യമാണ്. 2018 ഏപ്രിൽ 21 ന് എന്‍റെ ഭാര്യ മോളി ഒരു ആൺകുഞ്ഞിന് ജന്മം നൽകി. വില്ല്യം ജോൺ കിമ്മൽ (ബില്ലി). ആരോഗ്യവനായ കുട്ടിയാണെന്ന് ആദ്യം എല്ലാവരും കരുതിയെങ്കിലും ജനനത്തിന് മൂന്നു മണിക്കൂറിന് ശേഷം സെഡാർസ്-സിനായ് ഹോസ്പിറ്റലിലെ വളരെ ശ്രദ്ധയുള്ള ഒരു നഴ്സ് ബില്ലിയുടെ ഹൃദയമിടിപ്പിൽ പ്രശ്നമുണ്ടെന്നു കണ്ടെത്തി. ബില്ലിയുടെ ശരീരത്തിന് പർപ്പിൾ നിറം. എല്ലാവരും ആശങ്കപ്പെട്ടു.

ഇതോടെ കൂടുതൽ ഡോക്ടർമാർ കുഞ്ഞുബില്ലിയെ പരിശോധിക്കാൻ വന്നു. ഒന്നിലധികം ഹൃദയ വൈകല്യങ്ങളോടെയാണ് അവന്റെ ജനനമെന്നു തിരിച്ചറിഞ്ഞു. ഹൃദയത്തിലെ ഒരു വാൽവ് പൂർണമായും അടഞ്ഞിരുന്നു. അതായത് ഹൃദയത്തിൽ ദ്വാരങ്ങളുണ്ട്. മൂന്നു മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ ബില്ലിയുടെ വാൽവിലെ തകരാർ താൽക്കാലികമായി പരിഹരിച്ചു. കുഞ്ഞു ബില്ലി സുഖമായിരിക്കുന്നതിലും ശസ്ത്രക്രിയ കഴിഞ്ഞ് ആറു ദിവസത്തിനു ശേഷം അവൻ കുടുംബത്തോടൊപ്പം വീട്ടിലെത്തിയതിലും ഞങ്ങൾ വളരെ സന്തുഷ്ടരാണ്. ഹൃദയത്തിലെ തകരാറുകൾ പൂർണമായി പരിഹരിക്കാൻ ബില്ലിക്ക് ഭാവിയിൽ കൗമാരപ്രായത്തിൽ ഒരു ശസ്ത്രക്രിയ കൂടി ആവശ്യമായി വരും.  പ്രതിസന്ധി ഘട്ടത്തിൽ കൂടെ നിന്ന എല്ലാവരോടും നന്ദി.’’ –  ജിമ്മി കിമ്മൽ പറഞ്ഞു

13 മിനിറ്റ് നീണ്ട പ്രസംഗത്തിനിടെ അന്ന് ജിമ്മി ഒന്നിലധികം തവണ കണ്ണീരൊഴുക്കി. വാക്കുകൾ മുറിഞ്ഞിട്ടും അയാൾ ലോകത്തോട് നന്ദി പറയുന്നത് കണ്ട പ്രേക്ഷകരുടെ കണ്ണുകളും നിറഞ്ഞു. കുഞ്ഞുബില്ലിയുമായി ജിമ്മി ഷോയിലെത്തിയത് ലോക ടെലിവിഷൻ ചരിത്രത്തിലെ അപൂർവ നിമിഷമായി മാറി. 

∙ഓസ്കർ വേദിയിലെ അബദ്ധം
2017 ഓസ്‌കർ പുരസ്കാരച്ചടങ്ങ് ഇന്ന് ഓർമക്കപ്പെടുന്നത് വേദിയിൽ സംഭവിച്ച അബദ്ധത്തിന്‍റെ പേരിലാണ്. വാറൻ ബീറ്റിയും ഫെയ് ഡുനവേയും മികച്ച ചിത്രത്തിനുള്ള വിജയിയെ പ്രഖ്യാപിക്കാൻ എത്തുന്നു. പ്രഖ്യാപനത്തിനു കാതോർത്ത് ലോകം. അതാ വരുന്നു പ്രഖ്യാപനം. ദ് ഓസ്കാർ ഗോസ് ടൂ  'ലാ ലാ ലാൻഡ്'. പുരസ്കാരം ഏറ്റുവാങ്ങുന്നതിനായി ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർ വേദിയിലെത്തുന്നു. അപ്പോഴാണ് അബദ്ധം തിരിച്ചറിഞ്ഞ് അവതാരകനായ ജിമ്മി കിമ്മൽ പ്രഖ്യാപനം നടത്തിയവരുമായും  ലാ ലാ ലാൻഡിന്‍റെ അണിയറ പ്രവർത്തകരുമായും സംസാരിക്കുന്നത്. അതോടെ വീണ്ടും പ്രഖ്യാപനം– മികച്ച ചിത്രം മൂൺലൈറ്റ്. എന്താണ് സംഭവിച്ചതെന്ന് പിന്നീട് ജിമ്മി കിമ്മൽ തുറന്ന് പറഞ്ഞതോടെയാണ് പ്രേക്ഷകർക്ക് കാര്യം മനസ്സിലായത്.

ജിമ്മി കിമ്മൽ എക്സ് പ്ലാറ്റ്​ഫോമിൽ പങ്കുവച്ച ചിത്രം
ജിമ്മി കിമ്മൽ എക്സ് പ്ലാറ്റ്​ഫോമിൽ പങ്കുവച്ച ചിത്രം

ആ വർഷം മികച്ച നടിക്കുള്ള പുരസ്കാരം നേടിയത് എമ്മ സ്റ്റോണാണ്. ലാ ലാ ലാൻഡിലെ അഭിനയത്തിന്.  മികച്ച ചിത്രം പ്രഖ്യാപിക്കുന്നതിന് എത്തിയവരുടെ കയ്യിൽ അബദ്ധത്തിൽ നൽകിയത് എമ്മയുടെ പുരസ്കാര പ്രഖ്യാപനത്തിനുള്ള കവർ. അതിലെ എമ്മയുടെ പേര് ശ്രദ്ധിക്കാതെ ചിത്രത്തിന് വാറൻ ബീറ്റിയും ഫെയ് ഡുനവേയും പുരസ്കാരം പ്രഖ്യാപിച്ചു. അബദ്ധം തിരിച്ചറിഞ്ഞതോടെ തിരുത്താനും പ്രശ്നം പരിഹരിക്കുന്നതിനും ശ്രമിച്ചത് ജിമ്മിയാണ്. പക്ഷേ ഇന്നും പലരും പുരസ്കാര വേദിയിലെ ആ അബദ്ധത്തിന്‍റെ പേരിൽ പരിഹസിക്കുന്നുണ്ട്.

∙ ജീവിതത്തിൽ ഉറ്റചങ്ങാതി, പ്രേക്ഷകരുടെ മുന്നിൽ ശത്രു 
ഓസ്കാർ പുരസ്കാര ജേതാവായ നടൻ മാറ്റ് ഡാമനും ജിമ്മി കിമ്മലും തമ്മിലുള്ള വഴക്ക് ടെലിവിഷൻ പ്രേക്ഷകർക്ക് ചിരപരിചിതമാണ്. ഇത് പുരസ്കാര വേദികളിലും ഇരുവരും അവതരിപ്പിച്ചിട്ടുണ്ട്. 2005 ൽ ജിമ്മി കിമ്മൽ ലൈവിൽ പറഞ്ഞ വാചകത്തോടെയാണ് ഈ ്‘വഴക്ക്’ ശരിക്കും ആരംഭിക്കുന്നത്. ഷോ തീരും മുൻപ് ‘മാറ്റ് ഡാമനോട് ക്ഷമാപണം നടത്തുന്നു, ഇന്ന് നിങ്ങളെ ഷോയിൽ പങ്കെടുക്കപ്പിക്കാൻ സാധിക്കില്ല’ എന്നു ജിമ്മി അന്ന് പറഞ്ഞു. ജിമ്മി തന്നെ അഭിമുഖം ചെയ്യാൻ കാത്തിരിക്കുന്ന മാറ്റിനെ പിന്നീടുള്ള വർഷങ്ങളിൽ ‘ജിമ്മി കിമ്മൽ ലൈവി’ൽ അവതരിപ്പിച്ചു. മിക്കവാറും ഷോയുടെ അവസാനം ‘ഇന്നും നിങ്ങളെ ഷോയിൽ പങ്കെടുപ്പിക്കാൻ സാധിക്കാത്തതിൽ ക്ഷമാപണം നടത്തുന്നു’ എന്നു ആവർത്തിക്കുന്നു. ഇതു  കണ്ട് നിരാശനാകുന്ന മാറ്റ് പ്രേക്ഷക പ്രീതി പിടിച്ചുപറ്റി. ജീവിതത്തിൽ ഉറ്റ ചങ്ങാതിമാരായ ഇരുവരും പ്രേഷകരെ രസപ്പിക്കുന്നതിനാണ് ടെലിവിഷനിൽ ശത്രുക്കളായി വേഷമിടുന്നത്. 

∙ റേഡിയോയില്‍നിന്ന് ടെലിവിഷനിലേക്ക്
മാധ്യമ മേഖലയിലെ കരിയർ റേഡിയോയിലൂടെയാണ് ജിമ്മി കിമ്മൽ തുടങ്ങുന്നത്. അരിസോന സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽനിന്ന് ബിരുദം നേടിയ ശേഷം, സിയാറ്റിലിൽ ഒരു മോണിങ് ഷോയിൽ സഹ-ഹോസ്റ്റായി മാറിയ ജിമ്മി അതിവേഗം ശ്രദ്ധിക്കപ്പെട്ടു. ഹാസ്യം കൈകാര്യം ചെയ്യുന്നതിനുള്ള മികവും  വേഗത്തിലുള്ള അവതരണവും അമേരിക്കൻ ദേശീയ ടെലിവിഷൻ നെറ്റ്‌വർക്കുകളുടെ ശ്രദ്ധ പിടിച്ചുപറ്റി. സ്കെച്ച് കോമഡി ഷോ 'ദ മാൻ ഷോ'യുടെ  എഴുത്തിലും അവതരണത്തിലും പങ്കാളിയായി. ഷോ വിജയിച്ചെങ്കിലും തനിക്ക് സ്വന്തമായി ഷോ ചെയ്യണമെന്ന് ജിമ്മി ആഗ്രഹിച്ചിരുന്നു.

2003 ൽ, 'ജിമ്മി കിമ്മൽ ലൈവ്!' എന്ന, രാത്രിയിൽ സംപ്രേഷണം ചെയ്യുന്ന ടോക്ക് ഷോയുമായി ജിമ്മി കിമ്മൽ എബിസിയിലൂടെ രംഗത്ത് വന്നു. സെലിബ്രിറ്റികളുടെ അഭിമുഖങ്ങൾ, ഹാസ്യത്തിന് പ്രധാന്യമുള്ള മോണോലോഗുകൾ എല്ലാം ഷോയുടെ ജനകീയതയ്ക്ക് അടിത്തറയിട്ടു. കിമ്മലിന്‍റെ കോമഡി ടൈമിങ്ങും പ്രേക്ഷകരുമായുള്ള സംവാദമികവുമാണ് നാലാം തവണയും ജിമ്മിയെ ഓസ്കാർ വേദിയിൽ അവതാരകനാക്കിയത്.

English Summary:

Special Story About Jimmy Kimmel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com