ADVERTISEMENT

2024-ലെ ഓസ്‌കറിൽ മികച്ച ചിത്രത്തിനുള്ള നോമിനേഷൻ ലഭിച്ചത് പത്ത് ചിത്രങ്ങള്‍ക്കാണ്. അവയിൽ ശ്രദ്ധേയമായ പുരസ്കാരങ്ങൾ നേടിയ അഞ്ച് സിനിമകളും പുസ്തകങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടവയാണ്. ഓസ്കർ നാമനിർദ്ദേശം ചെയ്യപ്പെട്ട അഞ്ച് സിനിമകളെയും പുസ്തകങ്ങളെയും പരിചയപ്പെടാം.

1. ഓപ്പൻഹൈമർ

കെയ് ബേർഡും മാർട്ടിൻ ഷെർവിനും ചേർന്ന് എഴുതിയ 'അമേരിക്കൻ പ്രൊമിത്യൂസ്: ദി ട്രയംഫ് ആൻഡ് ട്രാജഡി ഓഫ് റോബർട്ട് ജെ ഓപ്പൻഹൈമറിനെ' അടിസ്ഥാനമാക്കിയാണ് ക്രിസ്റ്റഫർ നോളൻ ഓപ്പൻഹൈമർ സംവിധാനം ചെയ്തത്. 2005 ല്‍ പുറത്തിറങ്ങിയ പുസ്തകം ജീവചരിത്രത്തിനുള്ള 2006-ലെ പുലിറ്റ്‌സർ സമ്മാനം ഉൾപ്പെടെ നിരവധി അവാർഡുകൾ നേടിരുന്നു. 'ആറ്റം ബോംബിന്റെ പിതാവ്' എന്നറിയപ്പെട്ടിരുന്ന ഓപ്പൻഹൈമറിന്റെ പ്രശസ്തിയിലേക്കുള്ള ഉയർച്ചയും പിന്നീടുണ്ടായ ദാരുണമായ പതനവുമാണ് പുസ്തകം വിവരിക്കുന്നത്.

Oppen-book

സിലിയൻ മർഫി ജെ. റോബർട്ട് ഓപ്പൻഹൈമറായി അഭിനയിച്ച് 2023-ൽ പുറത്തിറങ്ങിയ ഓപ്പൺഹൈമർ എന്ന ചിത്രത്തിന്റെ തിരക്കഥയും നിർമാണവും നിർവഹിച്ചത് ക്രിസ്റ്റഫർ നോളൻ തന്നെയാണ്. ക്രിസ്റ്റഫർ നോളൻ മികച്ച സംവിധായകനായും സിലിയൻ മർഫി മികച്ച നടനായും റോബർട്ട് ഡൗണി ജൂനിയർ മികച്ച സഹനടനായും ഓസ്കർ അവാർഡുകൾ നേടിയ ചിത്രം മികച്ച ഛായാഗ്രഹണം, മികച്ച ഒറിജിനൽ സ്കോർ, മികച്ച ഫിലിം എഡിറ്റിംഗ് എന്നിവയ്ക്കുള്ള പുരസ്കാരങ്ങളും കരസ്ഥമാക്കി.

oppen-movie
ഓപ്പൻഹൈമർ എന്ന ചലച്ചിത്രത്തിൽ നിന്ന്

2. കില്ലേഴ്സ് ഓഫ് ദി ഫ്ലവർ മൂൺ

അമേരിക്കൻ പത്രപ്രവർത്തകനായ ഡേവിഡ് ഗ്രാനിന്റെ 'കില്ലേഴ്‌സ് ഓഫ് ദി ഫ്ലവർ മൂൺ: ദി ഓസേജ് മർഡേഴ്‌സ് ആൻഡ് ദി ബർത്ത് ഓഫ് ദി എഫ്ബിഐ' അടിസ്ഥാനമാക്കിയാണ് മാർട്ടിൻ സ്‌കോർസെസ് അതേ പേരിൽ സിനിമ ഒരുക്കിയത്. ‌

flower-moon-book

2017 ൽ പുറത്തിറങ്ങിയ ഈ നോൺ ഫിക്ഷൻ പുസ്തകം 1920-കളുടെ തുടക്കത്തിൽ ഒക്‌ലഹോമയിലെ ഒസാജ് കൗണ്ടിയിൽ നടന്ന ഒരു കൊലപാതക പരമ്പരയെക്കുറിച്ചാണ് അന്വേഷിക്കുന്നത്. എറിക് റോത്തും സ്കോർസെസിയും ചേർന്ന് തിരക്കഥയെഴുതിയ ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ ലിയോനാർഡോ ഡികാപ്രിയോ, റോബർട്ട് ഡി നീറോ, ലില്ലി ഗ്ലാഡ്‌സ്റ്റോൺ എന്നിവരായിരുന്നു. 

flower-moon-movie
കില്ലേഴ്സ് ഓഫ് ദി ഫ്ലവർ മൂൺ എന്ന ചലച്ചിത്രത്തിൽ നിന്ന്

3. ദി സോൺ ഓഫ് ഇന്ററസ്റ്റ്

2014-ൽ പ്രസിദ്ധീകരിച്ച ഇംഗ്ലീഷ് എഴുത്തുകാരൻ മാർട്ടിൻ അമിസിന്റെ പതിനാലാമത്തെ നോവലാണ് 'ദി സോൺ ഓഫ് ഇന്ററസ്റ്റ്'. ഓഷ്‌വിറ്റ്‌സിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഈ പുസ്തകം, യുദ്ധത്തിന്റെ ഭീകരതയ്‌ക്കിടയിലുള്ള സ്‌നേഹത്തിന്റെയും മനുഷ്യത്വത്തിന്റെയും തീവ്രമായ ചിത്രീകരണമാണ് നടത്തിരിക്കുന്നത്. ഈ നോവലിനെ അടിസ്ഥാനമാക്കിയാണ് ജോനാഥൻ ഗ്ലേസർ രചനയും സംവിധാനവും നിർവഹിച്ച് 2023–ല്‍ അതേ പേരിൽ ചലച്ചിത്രമൊരുക്കിയത്.

zone-of-book

കുപ്രസിദ്ധമായ ഓഷ്‌വിറ്റ്‌സ് തടങ്കൽപ്പാളയത്തിന് അടുത്തുള്ള ഒരു വീട്ടിൽ തങ്ങളുടെ കുടുംബത്തിന് ഒരു സ്വപ്ന ജീവിതം കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന നാസി കമാൻഡന്റ് റുഡോൾഫ് ഹോസും ഭാര്യ ഹെഡ്‌വിഗുമായി അഭിനയിച്ചത് ജർമ്മൻ അഭിനേതാക്കളായ ക്രിസ്റ്റ്യൻ ഫ്രീഡലും സാന്ദ്ര ഹുല്ലറുമാണ്. ഈ ചിത്രത്തിന് മികച്ച അന്താരാഷ്ട്ര ഫീച്ചറിനും ശബ്ദമിശ്രണത്തിനുമുള്ള ഓസ്കർ ലഭിച്ചു.

zone-of-movie
ദി സോൺ ഓഫ് ഇന്ററസ്റ്റ് എന്ന ചലച്ചിത്രത്തിൽ നിന്ന്

4. പുവർ തിങ്സ്

സ്‌കോട്ടിഷ് എഴുത്തുകാരനായ അലസ്‌ഡെയർ ഗ്രേ എഴുതി, 1992-ൽ പ്രസിദ്ധീകരിച്ച 'പുവർ തിങ്സ്' എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് അതേ പേരിൽ യോർഗോസ് ലാന്തിമോസ് 2023-ൽ ചലച്ചിത്രം പുറത്തിറങ്ങിയത്. ടോണി മക്‌നമാര തിരക്കഥ നിർവഹിച്ച ചിത്രത്തിൽ അഭിനയിച്ചത് എമ്മ സ്റ്റോൺ, മാർക്ക് റുഫലോ, വില്ലെം ഡാഫോ എന്നിവരാണ്.

poo-things-book

വിക്ടോറിയൻ കാലഘട്ടത്തിൽ ലണ്ടനിൽ ബെല്ല ബാക്‌സ്‌റ്റർ എന്ന യുവതിയെ മസ്തിഷ്‌കമാറ്റത്തിലൂടെ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വരുകയും അവൾ പിന്നീട് നടത്തുന്ന സ്വയം കണ്ടെത്തലുമാണ് കഥ. മികച്ച വസ്ത്രാലങ്കാരം, പ്രൊഡക്ഷൻ ഡിസൈൻ, മേക്കപ്പ്, ഹെയർസ്റ്റൈലിംഗ് എന്നിവയ്ക്ക് ഓസ്കർ പുരസ്കാരങ്ങൾ നേടിയ പുവർ തിങ്‌സിലെ അഭിനയത്തിന് എമ്മ സ്റ്റോൺ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു.

poor-things-movie
പുവർ തിങ്സ് എന്ന ചലച്ചിത്രത്തിൽ നിന്ന്

5. അമേരിക്കൻ ഫിക്ഷൻ

അമേരിക്കൻ എഴുത്തുകാരനായ പെർസിവൽ എവററ്റിന്റെ 2001-ൽ പുറത്തിറങ്ങിയ നോവലാണ് 'എറഷർ'. അവഗണിക്കപ്പെട്ട കറുത്ത വംശജനായ എഴുത്തുകാരനായ തെലോനിയസ് മോങ്ക് എലിസണ്‍, ഒരു തൂലികാനാമത്തിൽ എഴുതാൻ തീരുമാനിക്കുകയും കറുത്ത വംശജരുടെ അനുഭവങ്ങളെക്കുറിച്ച് ആക്ഷേപഹാസ്യങ്ങൾ എഴുതാൻ തുടങ്ങുകയും ചെയ്യുന്നതാണ് കഥ.

erasure-book

ഇതിനെ അടിസ്ഥാനമാക്കി കോർഡ് ജെഫേഴ്സൺ എഴുതി, സംവിധാനം ചെയ്ത അമേരിക്കൻ കോമഡി ചിത്രമാണ് 2023 ൽ പുറത്തിറങ്ങിയ അമേരിക്കൻ ഫിക്ഷൻ. ജെഫ്രി റൈറ്റ്, ട്രേസി എല്ലിസ് റോസ്, ഇസ റേ എന്നിവരാണ് പ്രധാന അഭിനേതാക്കൾ. കോർഡ് ജെഫേഴ്സനാണ് മികച്ച അവലംബിത തിരക്കഥയ്ക്കുള്ള ഓസ്കർ പുരസ്കാരം നേടിയത്.

americanfiction-movie
അമേരിക്കൻ ഫിക്ഷൻ എന്ന ചലച്ചിത്രത്തിൽ നിന്ന്
English Summary:

Oppenheimer to Poor Things: Top Five Literary Adaptations Dominated the Oscars

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com