ADVERTISEMENT

ബ്രിട്ടീഷ് രാജാവ് ചാള്‍സിന് അര്‍ബുദമുള്ളതായി ബക്കിങ്ഹാം കൊട്ടാരം സ്ഥിരീകരിച്ചതില്‍ പിന്നെ അദ്ദേഹത്തിന്റെ ആരോഗ്യത്തെ സംബന്ധിച്ച് നിരവധി വാര്‍ത്തകളാണ് പുറത്ത് വരുന്നത്. ഫിറ്റ്‌നസിന്റെ കാര്യത്തില്‍  ശ്രദ്ധാലുവായ രാജാവ് നിത്യവും ചെയ്യുന്ന 5ബിഎക്‌സ് വ്യായാമ മുറയും ഇക്കൂട്ടത്തില്‍ വാര്‍ത്താ പ്രധാന്യം നേടുകയുണ്ടായി. 

75കാരനായ രാജാവിന്റെ ആരോഗ്യ പരിപാലനത്തില്‍ നിര്‍ണ്ണായക പങ്കാണ് റോയല്‍ കനേഡിയന്‍ എയര്‍ ഫോഴ്‌സിലെ സേനാംഗങ്ങള്‍ക്കായി രൂപം നല്‍കിയ ഈ വ്യായാമ മുറയ്ക്കുള്ളതെന്ന് ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 
വ്യോമസേനയിലെ പൈലറ്റുകളുടെ ഫിറ്റ്‌നസ് നിലനിര്‍ത്തുന്നതിന് ഡോ.ബില്‍ ഓര്‍ബന്‍ 1950കളില്‍ രൂപം നല്‍കിയ ലളിതമായ വ്യായാമ പദ്ധതിയാണ് ഫൈവ് ബേസിക് എക്‌സര്‍സൈസ്(5 ബിഎക്‌സ്) പ്ലാന്‍. പ്രത്യേകിച്ച് ജിം ഉപകരണങ്ങളോ മറ്റ് വ്യായാമ വസ്തുക്കളോ ആവശ്യമില്ലാത്ത ഈ പ്ലാന്‍ സ്വന്തം മുറിയില്‍ വച്ച് തന്നെ എളുപ്പത്തില്‍ ചെയ്യാവുന്നതാണ്. 11 മിനിട്ട് മാത്രമേ ഈ വ്യായാമം ചെയ്യുന്നതിന് ഒരു ദിവസം നീക്കിവയ്‌ക്കേണ്ടതുള്ളൂ. 

ചാൾസ് രാജാവ്. Photo Credit: Simon Ward Photography/shutterstock.com
ചാൾസ് രാജാവ്. Photo Credit: Simon Ward Photography/shutterstock.com

അഞ്ച് വ്യായാമ മുറകള്‍ ഉള്‍പ്പെടുന്ന ആറ് ചാര്‍ട്ടുകളാണ് 5 ബിഎക്‌സ് പ്ലാനില്‍ ഉള്ളത്. വ്യായാമം പുരോഗമിക്കുന്നത് അനുസരിച്ച് ചാര്‍ട്ടുകള്‍ മാറാം. ആദ്യം ആരംഭിക്കുന്നവര്‍ ചാര്‍ട്ട് 1ല്‍ നിന്ന് വേണം തുടങ്ങാന്‍. ഇതിലെ അഞ്ച് വ്യായാമങ്ങള്‍ എല്ലാം കൂടി 11 മിനിട്ടില്‍ പൂര്‍ത്തിയാക്കണം. 5ബിഎക്‌സ് പ്ലാനിലെ അഞ്ച് വ്യായാമ മുറകള്‍ ഇനി പറയുന്നവയാണ്. 

1. കാലുകള്‍ രണ്ടും അകത്തി വച്ച് നില്‍ക്കുക. കൈകള്‍ മുകളിലേക്ക് ഉയര്‍ത്തുക. ഇനി കുനിഞ്ഞ് കൈകള്‍ കൊണ്ട് നിലത്ത് തൊട്ട ശേഷം വീണ്ടും നിവരുക. ഇത് രണ്ട് മിനിട്ട് നേരത്തേക്ക് ആവര്‍ത്തിക്കുക. 
2. കാലുകള്‍ ആറ് ഇഞ്ച് അകലത്തിലും കൈകള്‍ വശങ്ങളിലും വച്ചു കൊണ്ട് നിലത്ത് കിടക്കുക. കാല്‍ മുട്ടുകള്‍ ചെറുതായി മടക്കാന്‍ അനുവദിച്ചു കൊണ്ട് എഴുന്നേറ്റിരിക്കുക. വീണ്ടും കിടക്കുക. ഇത് ഒരു മിനിട്ട് ആവര്‍ത്തിക്കുക. 
3. കൈകളും തുടയുമെല്ലാം നിലത്ത് മുട്ടുന്ന രീതിയില്‍ കമിഴ്ന്നു കിടക്കുക. തല പതിയ ഉയര്‍ത്തിക്കൊണ്ട് കാലുകളില്‍ ഒന്ന് നിലത്ത് നിന്ന് ഉയര്‍ത്തുക. കാല്‍ മടങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണം. തുടകളും നിലത്ത് നിന്ന് ഉയരണം. തലയും കാലും പഴയ സ്ഥിതിയില്‍ ആക്കിയിട്ട് അടുത്തതായി തലയും മറ്റേ കാലും ഉയര്‍ത്തുക. ഇത് മാറി മാറി ഒരു മിനിട്ട് ആവര്‍ത്തിക്കുക. 
4. അടുത്തത് നാം സാധാരണ ചെയ്യുന്ന പുഷ് അപ്പ് വ്യായാമമാണ്. ഇത് ഒരു മിനിട്ട് ചെയ്യുക
5. നിന്നു കൊണ്ട് തന്നെ ഓടുന്ന രീതിയില്‍ കാലുകള്‍ അനക്കുക. ഓരോ തവണയും ഇടത് കാല്‍ നിലത്ത് മുട്ടുമ്പോള്‍ എണ്ണുക. ഇങ്ങനെ 75 സ്‌റ്റെപ്പിന് ശേഷം ആസ്‌ട്രൈഡ് ജംപോ, സിസര്‍ ജംപോ ചെയ്യണം. ആറ് മിനിട്ട് ഈ വ്യായാമം ചെയ്യുക. 

സുപ്രധാന പേശികളുടെ കരുത്ത് വര്‍ദ്ധിപ്പിക്കാനും സന്ധികള്‍ക്കും പേശികള്‍ക്കും അയവ് നല്‍കാനും 5 ബിഎക്‌സ് വ്യായാമം സഹായിക്കും. ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും മറ്റ് ശരീര അവയവങ്ങളുടെയും ശേഷിയും കാര്യക്ഷമതയും മെച്ചപ്പെടുത്താനും ഇത് നല്ലതാണെന്ന് ഫിറ്റ്‌നസ് വിദഗ്ധര്‍ പറയുന്നു. 

ഈസിയായി നടുവേദന അകറ്റാം: വിഡിയോ

English Summary:

Know about the long awaited 5bx workout plan of King Charles

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com