ADVERTISEMENT

നാല്‍പത്‌ വര്‍ഷക്കാലത്തോളം തന്നെ വിടാതെ അലട്ടിയ ടോസിസ്‌ എന്ന നേത്രരോഗത്തെ കുറിച്ച്‌ ബോളിവുഡ്‌ നടി സീനത്ത്‌ അമന്‍ കഴിഞ്ഞ ദിവസം മനസ്സ്‌ തുറന്നിരുന്നു. ആശുപത്രിയില്‍ മകനൊടൊപ്പമുള്ള ചിത്രം പങ്കുവച്ച്‌ കൊണ്ട്‌ രോഗവിവരങ്ങളും സീനത്ത്‌ വെളിപ്പെടുത്തി. 

സീനത്ത് അമൻ. Image Credit: instagram/thezeenataman
സീനത്ത് അമൻ. Image Credit: instagram/thezeenataman

കണ്‍പോളകള്‍ തൂങ്ങിപ്പോകുന്ന രോഗാവസ്ഥയാണ്‌ ടോസിസ്‌ അഥവാ ഡ്രൂപ്പിങ്‌ ഐലിഡ്‌. ബ്ലെഫാരോടോസിസ്‌, അപ്പര്‍ ഐലിഡ്‌ ടോസിസ്‌ എന്നും ഈ രോഗത്തെ വിളിക്കാറുണ്ട്‌. കണ്‍പോളകള്‍ ഉയര്‍ത്താന്‍ സഹായിക്കുന്ന ലെവേറ്റര്‍ പേശികളുടെ പ്രവര്‍ത്തനത്തില്‍ വരുന്ന തകരാറാണ്‌ പലപ്പോഴും ടോസിസിലേക്ക്‌ നയിക്കുന്നത്‌. ഒരു കണ്ണിനെ മാത്രമായിട്ടോ രണ്ട്‌ കണ്ണുകളെയുമോ ഈ രോഗം ബാധിക്കാം. 

പ്രായാധിക്യം കൊണ്ടോ, കണ്ണിനു ചുറ്റുമുള്ള പേശികളുടെ ദൗര്‍ബല്യം കൊണ്ടോ, നാഡീകള്‍ക്കുള്ള തകരാര്‍ കൊണ്ടോ, ജന്മനാലുള്ള പ്രശ്‌നങ്ങള്‍ കൊണ്ടോ ടോസിസ്‌ വരാം. ടോസിസ്‌ കാഴ്‌ചയെ ഭാഗികമായോ പൂര്‍ണ്ണമായോ തടസ്സപ്പെടുത്താം. മുതിര്‍ന്നവര്‍ക്കു മാത്രമല്ല കുട്ടികള്‍ക്കും ടോസിസ്‌ വരാമെന്നു നേത്രരോഗ വിദഗ്‌ധര്‍ പറയുന്നു. 

ലക്ഷണങ്ങള്‍
∙ കണ്ണുകള്‍ എപ്പോഴും തിരുമ്മുക
∙ കണ്ണില്‍ നിന്ന്‌ അമിതമായ വെള്ളം വരുക
∙ കാഴ്‌ചക്കുറവ്‌
∙ കണ്ണുകള്‍ക്ക്‌ ചുറ്റും വേദനയും ക്ഷീണവും
∙ കുട്ടികള്‍ കാണാന്‍ വേണ്ടി തല പുറകിലേക്ക്‌ ചായ്‌ക്കുക

ചിലപ്പോള്‍ കണ്ണുകള്‍ക്കു നടത്തിയ ശസ്‌ത്രക്രിയയുടെ പാര്‍ശ്വഫലമായിട്ടും ടോസിസ്‌ വരാം. അപൂര്‍വമായി കണ്‍പോളകള്‍ക്കു വരുന്ന മുഴകളും ടോസിസിലേക്കു നയിക്കാം. വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ഒരു പരുക്കിനെ തുടര്‍ന്ന്‌ വലത്‌ കണ്ണിനു ചുറ്റുമുള്ള പേശികള്‍ക്ക്‌ സംഭവിച്ച തകരാറാണ്‌ സീനത്ത്‌ അമനില്‍ ടോസിസിനു കാരണമായത്‌. 

droopy-eyelids-ptosis-alexanderford-istock
Representative image. Photo Credit: AlexanderFord/istockphoto.com

കണ്‍പോളകള്‍ കണ്ണിനു മുന്‍വശത്ത്‌ ചെലുത്തുന്ന സമ്മര്‍ദ്ദം കണ്ണിന്റെ രൂപത്തില്‍ വ്യത്യാസം വരുത്തി അസ്റ്റിഗ്മാറ്റിസത്തിനു കാരണമാകാം. ടോസിസിന്റെ കാരണത്തെയും തീവ്രതയെയും അടിസ്ഥാനപ്പെടുത്തിയാണ്‌ ഇതിനുള്ള ചികിത്സ നിര്‍ണ്ണയിക്കുന്നത്‌. സിറ്റ്‌ ലാംപ്‌ എക്‌സാമിനേഷന്‍, വിഷ്വല്‍ ഫീല്‍ഡ്‌ ടെസ്റ്റിങ്‌, ഓക്കുലര്‍ മോട്ടിലിറ്റി ടെസ്‌റ്റ്‌, ടെന്‍സിലോണ്‍ ടെസ്‌റ്റ്‌ എന്നിവയെല്ലാം രോഗനിര്‍ണ്ണയത്തിന്‌ സഹായിക്കും. 

മരുന്നുകള്‍, ശസ്‌ത്രക്രിയ, കണ്‍പോളകള്‍ ഉയര്‍ത്തുന്നതിനുള്ള മറ്റ്‌ ഇടപെടലുകള്‍ എന്നിവ ചികിത്സയില്‍ വേണ്ടി വന്നേക്കാം. ലോക്കല്‍ അനസ്‌തേഷ്യ നല്‍കിയാണ്‌ ടോസിസ്‌ ശസ്‌ത്രക്രിയ നിര്‍വഹിക്കുന്നത്‌. ഓക്‌സിമെറ്റാസൊലൈന്‍ എന്ന ലെവേറ്റര്‍ പേശികളെ ലക്ഷ്യം വയ്‌ക്കുന്ന തുള്ളി മരുന്നും ടോസിസ്‌ ചികിത്സയില്‍ ഉപയോഗിക്കാറുണ്ട്‌. എല്ലാതരം ടോസിസിനും ഈ തുള്ളിമരുന്ന്‌ ഫലിക്കില്ലെന്നതിനാല്‍ നേത്രരോഗ വിദഗ്‌ധനെ കണ്ട്‌ മാത്രമേ ചികിത്സ ആരംഭിക്കാവൂ. 

കണ്ണിന്റെ ആരോഗ്യം നിലനിർത്താം: വിഡിയോ

English Summary:

Know about Ptosis, and its symptoms on Kids

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com