ലോകത്തില്‍ ഏറ്റവും കൂടുതല്‍ ക്ഷയരോഗികള്‍ ഇന്ത്യയിലെന്ന് ലോകാരോഗ്യ സംഘടന

Mail This Article
ലോകത്തില്‍ ഏറ്റവുമധികം ക്ഷയരോഗികള്‍ ഉള്ള രാജ്യം ഇന്ത്യയാണെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. ലോകത്തിലെ ആകെയുള്ള ക്ഷയരോഗ കേസുകളില്‍ 27 ശതമാനവും ഇന്ത്യയിലാണെന്ന് കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഗ്ലോബല്‍ ടിബി റിപ്പോര്‍ട്ട് 2023 പറയുന്നു.
കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ആകെ 28.2 ലക്ഷം ക്ഷയരോഗികളാണ് ഉള്ളത്. ഇതില്‍ 3,42,000 പേര്‍ (12 ശതമാനം) കഴിഞ്ഞ വര്‍ഷം ക്ഷയരോഗത്തെ തുടര്‍ന്ന് മരണപ്പെട്ടതായി ലോകാരോഗ്യ സംഘടന പറയുന്നു. ഇന്ത്യ ഉള്‍പ്പെടെ 30 രാജ്യങ്ങളിലാണ് ആഗോള ക്ഷയരോഗ കേസുകളുടെ 87 ശതമാനവുമുള്ളത്.

ഇന്തോനേഷ്യ (10 ശതമാനം), ചൈന (7.1 ശതമാനം), ഫിലിപ്പൈന്‍സ് (7 ശതമാനം), പാകിസ്‌താന്‍ (5.7 ശതമാനം), നൈജീരിയ (4.5 ശതമാനം), ബംഗ്ലാദേശ് (3.6 ശതമാനം), ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോ (3 ശതമാനം) എന്നീ രാജ്യങ്ങളാണ് ക്ഷയരോഗ കേസുകളില്‍ ഇന്ത്യയ്‌ക്ക് തൊട്ട് പിന്നിലുള്ളത്.
എന്നാല്‍ ക്ഷയരോഗ (Tuberculosis) കേസുകളുടെ എണ്ണം കുറയ്‌ക്കുന്നതില്‍ ഇന്ത്യ വിജയിച്ചതായി റിപ്പോര്‍ട്ട് പറയുന്നു. 2015ല്‍ ഇന്ത്യയിലെ ഒരു ലക്ഷം പേരുടെ കണക്കെടുത്താല്‍ അതില്‍ 258 ക്ഷയരോഗികള്‍ ഉണ്ടായിരുന്നിടത്ത് ഇപ്പോള്‍ ഒരു ലക്ഷം പേരില്‍ ക്ഷയരോഗികളുടെ എണ്ണം 199 ആയി കുറഞ്ഞു. എന്നാല്‍ ഇത് ആഗോള ശരാശരിയായ 133നേക്കാള്‍ അധികമാണ്.
100 രോഗികളില്‍ എത്ര രോഗികള്‍ മരിക്കുന്നു എന്ന് അടയാളപ്പെടുത്തുന്ന കേസ് ഫേറ്റാലിറ്റി അനുപാതം ഇന്ത്യയില്‍ 12 ശതമാനമാണ്. 5.8 ആണ് ക്ഷയരോഗം മൂലമുള്ള കേസ് ഫേറ്റാലിറ്റി അനുപാതത്തിലെ ആഗോള ശരാശരി. ഇന്ത്യയിലെ കേസ് ഫേറ്റാലിറ്റി അനുപാതം 2021ല്‍ 13 ശതമാനം ആയിരുന്നതാണ് കഴിഞ്ഞ വര്‍ഷം 12 ആയി കുറഞ്ഞത്. ക്ഷയരോഗം ചികിത്സിച്ച് മാറ്റാന്‍ കഴിയുമെങ്കിലും വൈകിയുള്ള രോഗനിര്‍ണ്ണയമാണ് മരണകാരണമാകുന്നത്.
കോവിഡ് 19 മഹാമാരി ക്ഷയരോഗം മൂലമുള്ള മരണനിരക്ക് ഉയര്‍ത്തിയതായും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാണിക്കുന്നു. മഹാമാരിക്ക് മുന്‍പുള്ള കണക്കുകളെ അപേക്ഷിച്ച് നോക്കിയാല്‍ 2020നും 2022നും ഇടയില്‍ ക്ഷയരോഗം മൂലം 60,000 പേര്‍ കൂടുതലായി ഇന്ത്യയില്‍ മരണപ്പെട്ടു.

2022ല്‍ 192 രാജ്യങ്ങളില്‍ നിന്നായി ആകെ 75 ലക്ഷം പേരിലാണ് ക്ഷയരോഗം നിര്‍ണ്ണയിക്കപ്പെട്ടത്. 1995ല്‍ ലോകാരോഗ്യ സംഘടന ക്ഷയരോഗികളുടെ കണക്ക് എടുക്കാന്‍ തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന സംഖ്യയാണ് ഇത്. കോവിഡ് ഒഴിഞ്ഞതോടെ ക്ഷയരോഗനിവാരണ ശ്രമങ്ങള്‍ വീണ്ടും ശക്തമാക്കാന്‍ ആരംഭിച്ചതായും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.