ADVERTISEMENT

വയറിനു പുറകിൽ സ്ഥിതി ചെയ്യുന്ന പ്രധാനപ്പെട്ട ഒരവയവമാണ് പാൻക്രിയാസ്. ദഹനപ്രക്രിയയിലും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിലും പാൻക്രിയാസ് പ്രധാന പങ്കുവഹിക്കുന്നു. പാൻക്രിയാസിന്റെ പ്രത്യേക ഭാഗങ്ങളിൽ അനിയന്ത്രിതമായ കോശവളർച്ച ഉണ്ടാകുന്ന അവസ്ഥയാണ് പാൻക്രിയാറ്റിക് കാൻസർ. ഈ കോശവളർച്ച ട്യൂമർ ഉണ്ടാകാനിടയാക്കുകയും ചികിത്സിക്കാതിരുന്നാൽ കാൻസർ ശരീരത്തിലെ മറ്റു ഭാഗങ്ങളിലേക്കു വ്യാപിക്കുകയും ചെയ്യും.

പലപ്പോഴും ആദ്യ ഘട്ടങ്ങളിൽ പാൻക്രിയാറ്റിക് കാൻസർ തിരിച്ചറിയപ്പെടുന്നില്ല. രോഗം വർധിക്കുമ്പോൾ ചില സൂചനകളും ലക്ഷണങ്ങളും പ്രകടമാകും. പാൻക്രിയാറ്റിക് കാൻസറിന്റെ ആറ് ലക്ഷണങ്ങളെ അറിയാം. 

Representative Image. Photo Credit : SIphotography / iStockPhoto.com
Representative Image. Photo Credit : SIphotography / iStockPhoto.com

∙തുടർച്ചയായ മഞ്ഞപ്പിത്തം
ചർമ്മവും കണ്ണിന്റെ വെള്ളയും മഞ്ഞനിറത്തിലാകുന്ന അവസ്ഥയാണിത്. മഞ്ഞനിറത്തിലുള്ള വർണ്ണവസ്തുവായ ബിലിറൂബിന്റെ അളവ് അമിതമാകുന്നതു മൂലമാണ് ഇതുണ്ടാകുന്നത്.

പാൻക്രിയാറ്റിക് കാൻസറിൽ, കരളിനെയും ചെറുകുടലിനെയും ബന്ധിപ്പിക്കുന്ന ബൈൽഡക്റ്റിൽ ട്യൂമർ, ബ്ലോക്ക് ഉണ്ടാക്കുന്നു. ഈ തടസംമൂലം രക്തത്തിൽ ബൈൽ കെട്ടിക്കിടക്കാനിടയാകുകയും മഞ്ഞപ്പിത്തത്തിനു കാരണമാകുകയും ചെയ്യും. ഇരുണ്ട നിറത്തിലുള്ള മൂത്രം, മലത്തിന് നിറവ്യത്യാസം, ചർമ്മത്തിനും കണ്ണുകൾക്കും മഞ്ഞനിറം ഇവയുണ്ടാകും. വ്യക്തമായ കാരണമില്ലാതെ ഈ ലക്ഷണങ്ങൾ കണ്ടാൽ വൈദ്യപരിശോധന നടത്തേണ്ടതാണ്.

∙പുറത്തിനും വയറിനും വേദന
തുടർച്ചയായി പുറംവേദനയും വയറുവേദനയും ഉണ്ടാകുന്നതിന് പാൻക്രിയാറ്റിക് കാൻസറിന്റെ സൂചനയാകാം. വയറിന്റെ മുകൾഭാഗത്ത് തുടങ്ങുന്ന വേദന പുറത്തേക്കും വ്യാപിക്കാം. കടുത്തതും ഏറെ നേരം നീണ്ടുനിൽക്കുന്നതുമായ വേദന വരാം. ട്യൂമർ വളരുമ്പോൾ ഇത് നാഡികളിൽ സമ്മർദ്ദം ചെലുത്തുന്നതുമൂലം വേദന വരാം. ഇടവിട്ടിടവിട്ട് വേദന വരുകയാണെങ്കിലോ പ്രത്യേക ഇടങ്ങളിൽ വേദനിക്കുകയാണെങ്കിലോ വൈദ്യസഹായം തേടണം.

970802614
Representative image. Photo Credit: tharakorn/istockphoto.com

∙ചർമ്മത്തിൽ ചൊറിച്ചിൽ
വിവിധ കാരണങ്ങൾ കൊണ്ട് ചൊറിച്ചിൽ ഉണ്ടാകാം. അതിൽ ഒന്നാണ് പാൻക്രിയാറ്റിക് കാൻസർ ചർമ്മത്തിൽ ബിലിറൂബിൻ അടിഞ്ഞുകൂടുന്നതുകൊണ്ട് ചൊറിച്ചിൽ വരാം. മഞ്ഞപ്പിത്തവുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. പാൻക്രിയാറ്റിക് കാൻസർ ഉള്ളവരിൽ മഞ്ഞപ്പിത്തവും ഉണ്ടാകുമ്പോൾ അസ്വസ്ഥതയുണ്ടാക്കുന്ന തരത്തിൽ ചർമ്മത്തിൽ ചൊറിച്ചിൽ വരാം. ഇങ്ങനെ വന്നാൽ വൈദ്യസഹായം തേടണം.

∙പെട്ടെന്ന് ഭാരം കുറയുക
ഭക്ഷണശീലങ്ങളിലും വർക്കൗട്ടിലും ഒരു മാറ്റവും വരുത്താതെ തന്നെ ശരീരഭാരം പെട്ടെന്ന് കുറയുന്നത് ആരോഗ്യ പ്രശ്നങ്ങൾ മൂലമാകാം. കാൻസർ വളരുംതോറും ശരീരത്തിലെ ഊർജ്ജം കൂടുതൽ ഉപയോഗിക്കുകയും ഇത് ഭാരം കുറയാൻ ഇടയാക്കുകയും ചെയ്യും. കൂടാതെ ട്യൂമർ, വയറിൽ പ്രഷർ ചെലുത്തുക വഴി വയറു നിറഞ്ഞ തോന്നൽ ഉണ്ടാകുകയും കുറച്ചു ഭക്ഷണം മാത്രം കഴിക്കുന്നതിന് ഇത് കാരണമാകുകയും ചെയ്യും. പാൻക്രിയാസ് ശരിയായി പ്രവർത്തിക്കാതാകുമ്പോൾ ദഹനരസങ്ങളുടെ ഉൽപ്പാദനവും നിലയ്ക്കുന്നു.

∙ പ്രമേഹം
പ്രമേഹത്തിന്റെ കുടുംബ ചരിത്രം ഇല്ലെങ്കിലും പ്രീഡയബറ്റിക് ഘട്ടം പ്രകടമായില്ലെങ്കിലും പ്രമേഹം പെട്ടെന്നു പ്രത്യക്ഷമാകുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നം മൂലമാകാം. ഇൻസുലിൻ ഉൽപ്പാദിപ്പിക്കുന്ന കോശങ്ങളെ കാൻസർ തകരാറിലാക്കുകയും അങ്ങനെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കുകയും ചെയ്യന്നതു മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇൻസുലിൻ ഉൽപ്പാദിപ്പിക്കുന്ന കോശങ്ങളുടെ നാശം, ശരീരത്തിലെ ഗ്ലൂക്കോസിന്റെ നിയന്ത്രണത്തിലും മാറ്റം വരുത്തുന്നു.

Image Credit. KieferP/Shutterstock
Image Credit. KieferP/Shutterstock

∙ക്ഷീണം, തളർച്ച
പല കാരണങ്ങൾ കൊണ്ടും ക്ഷീണവും തളർച്ചയും ഉണ്ടാകാം. എന്നാൽ മറ്റ് ലക്ഷണങ്ങൾക്കൊപ്പം ക്ഷീണവും ഉണ്ടായാൽ അത് പാൻക്രിയാറ്റിക് കാൻസറിന്റെ ലക്ഷണമാകാം. നന്നായി വിശ്രമിച്ചിട്ടും രാത്രി സുഖമായി ഉറങ്ങിയിട്ടും രാവിലെ എഴുന്നേൽക്കുമ്പോൾ ക്ഷീണം ഒപ്പം വയറുവേദന, മൂത്രത്തിന് കടുത്ത നിറം ഇതെല്ലാം ഉണ്ടെങ്കിൽ അത് പാൻക്രിയാറ്റിക് കാൻസറിന്റെ ലക്ഷമാകാം.

അർബുദത്തെ അതിജീവിച്ച മാലാഖ: വിഡിയോ

English Summary:

Symptoms of Pancreatic Cancer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com