ആര്‍ത്തവം 13 വയസ്സിനു മുന്‍പ് ആരംഭിച്ചാല്‍ പ്രമേഹ, പക്ഷാഘാത സാധ്യത അധികം
Mail This Article
ആര്‍ത്തവം 13 വയസ്സ് തികയുന്നതിനു മുന്‍പ് ആരംഭിക്കുന്നത് പില്‍ക്കാലത്ത് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നതായി പഠനം. 10 വയസ്സിനു മുന്‍പാണ് ആര്‍ത്തവം ആരംഭിക്കുന്നതെങ്കില്‍ പ്രമേഹത്തിനൊപ്പം 65 വയസ്സിനു മുന്‍പ് പക്ഷാഘാതം വരാനുള്ള സാധ്യതയും അധികമാണെന്നു ബ്രിട്ടീഷ് മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
അമേരിക്കയിലെ ടുലേന്‍, ബ്രിഗ്‌ഹാം സര്‍വകലാശാലകളിലെയും വിമന്‍സ് ഹോസ്‌പിറ്റലിലെയും ഗവേഷകര്‍ ചേര്‍ന്നാണ് പഠനം നടത്തിയത്. 20നും 65നും ഇടയില്‍ പ്രായമുള്ള 17,000 സ്‌ത്രീകളുടെ വിവരങ്ങള്‍ പഠനത്തിനായി ശേഖരിച്ചു. ഇതില്‍ 1773 പേര്‍ (10 ശതമാനം) ടൈപ്പ് 2 പ്രമേഹം നിര്‍ണയിക്കപ്പെട്ടവരും ഈ 1773ല്‍ 203 പേര്‍(11.5 ശതമാനം) എന്തെങ്കിലും തരത്തിലുള്ള ഹൃദ്രോഗമുള്ളവരുമാണ്. ഇവരില്‍ 32 ശതമാനം പേര്‍ 10 വയസ്സിന് മുന്‍പും 14 ശതമാനം പേര്‍ 11 വയസ്സിലും 29 ശതമാനം പേര്‍ 12 വയസ്സിലും ആര്‍ത്തവം ആരംഭിച്ചവരാണ്.
11 വയസ്സിനോ അതിനു മുന്‍പോ ആര്‍ത്തവം ആരംഭിച്ചവരില്‍ പക്ഷാഘാത സാധ്യത 81 ശതമാനമാണെന്നും ഗവേഷകര്‍ നിരീക്ഷിച്ചു. 12 വയസ്സില്‍ ആരംഭിച്ചവര്‍ക്ക് 32 ശതമാനവും 14 വയസ്സില്‍ ആരംഭിച്ചവര്‍ക്ക് 15 ശതമാനവുമാണ് പക്ഷാഘാത സാധ്യത. നിരീക്ഷണ പഠനം മാത്രമായതിനാല്‍ ഇതിനു പിന്നിലെ കാരണങ്ങള്‍ കണ്ടെത്താന്‍ ഗവേഷകര്‍ക്കായില്ല.
ജീവിതത്തില്‍ വളരെ നേരത്തെ തന്നെ ഈസ്‌ട്രജന്‍ ഹോര്‍മോണ്‍ ശരീരത്തില്‍ ഉത്‌പാദിപ്പിക്കപ്പെട്ട് തുടങ്ങുന്നതാകാം ഒരു കാരണമെന്ന് ഗവേഷകര്‍ കരുതുന്നു. ശരീരഭാരമാകാം മറ്റൊരു ഘടകമെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.
പിസിഒഡി പ്രശ്നങ്ങൾക്ക് പരിഹാരം: വിഡിയോ