ശ്രവണ സഹായികള്‍ ഉപയോഗിക്കാറുണ്ടോ? ദീര്‍ഘകാലം ജീവിക്കാന്‍ സഹായിച്ചേക്കുമെന്ന് പഠനം
Mail This Article
കേള്‍വി തകരാര്‍ ഉള്ളവര്‍ ശ്രവണ സഹായികള്‍ ഉപയോഗിക്കുന്നത് അവരുടെ അകാല മരണ സാധ്യത കുറയ്‌ക്കുമെന്ന് പഠനം. ശ്രവണ സഹായികളുടെ ഉപയോഗം സാമൂഹിക ഒറ്റപ്പെടലിനും വിഷാദരോഗത്തിനും മറവിരോഗത്തിനുമൊക്കെയുള്ള സാധ്യത കുറയ്‌ക്കുമെന്നും ഇതാകാം ഇത് ഉപയോഗിക്കുന്നവരെ ആരോഗ്യത്തോടെ ദീര്‍ഘകാലം ജീവിക്കാന്‍ സഹായിക്കുന്നതെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു.
അമേരിക്കയിലെ വൈദ്യശാസ്‌ത്ര, ഗവേഷണ സ്ഥാപനമായ കെക് മെഡിസിനിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്. കേള്‍വി പ്രശ്‌നമുള്ള മുതിര്‍ന്നവരില്‍ ശ്രവണ സഹായികള്‍ ഉപയോഗിക്കുന്നവര്‍ക്ക് അത് ഒരിക്കലും ഉപയോഗിക്കാത്ത രോഗികളെ അപേക്ഷിച്ച് അകാല മരണ സാധ്യത 24 ശതമാനം കുറവാണെന്ന് പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
കേള്‍വി തകരാര്‍ ചികിത്സിക്കാതിരിക്കുന്നത് കുറഞ്ഞ ജീവിത ദൈര്‍ഘ്യവുമായി ബന്ധപ്പെട്ടിരിക്കുന്നതായി മുന്‍ പഠനങ്ങള്‍ തെളിയിക്കുന്നു. നാഷണല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂട്രീഷന്‍ എക്‌സാമിനേഷന്‍ സര്‍വേയിലെ വിവരങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് കെക് മെഡിസിനിലെ ഒടോലാരിങ്കോളജിസ്‌റ്റ് ജാനെറ്റ് ചോയിയുടെ നേതൃത്വത്തിലുള്ള ഗവേഷണസംഘം പഠനം നടത്തിയത്.
കൂടുതല്‍ പേരെ ശ്രവണ സഹായികള്‍ ധരിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതാണ് പഠനത്തിലെ കണ്ടെത്തലുകള്‍. എന്നാല്‍ ഇതിന്റെ ചെലവ്, അപമാനം, കൃത്യമായി ഫിറ്റാകുന്നതും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നതുമായ ഉപകരണങ്ങള്‍ കണ്ടെത്താനുള്ള ബുദ്ധിമുട്ട് എന്നിവ ശ്രവണ സഹായികള്‍ ഉപയോഗത്തിനുള്ള തടസ്സങ്ങളാണെന്നും പഠനം അടിവരയിടുന്നു. ലാന്‍സെറ്റ് ഹെല്‍ത്തി ലോന്‍ജിവിറ്റി ജേണലിലാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചത്.
കണ്ണിന്റെ ആരോഗ്യം നിലനിർത്താം: വിഡിയോ