ADVERTISEMENT

കോവിഡിന്റെ പുതു വകഭേദമായ ജെഎന്‍.1 മൂലം കഴിഞ്ഞ ഡിസംബറില്‍ ലോകത്താകെ 10,000 മരണങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടതായാണ്‌ ലോകാരോഗ്യ സംഘടനയുടെ കണക്ക്‌. കോവിഡ്‌ ഉയര്‍ത്തുന്ന ഭീഷണി നമ്മെ വിട്ടൊഴിഞ്ഞിട്ടില്ലെന്നു സാരം. മുന്‍കരുതലുകളെടുത്തും പ്രതിരോധനടപടികള്‍ പിന്തുടര്‍ന്നും കോവിഡ്‌ പിടിപെടാതെ നോക്കേണ്ടത്‌ അത്യാവശ്യമാണ്‌. ഇക്കാര്യത്തില്‍ നാം കഴിക്കുന്ന ഭക്ഷണത്തിന്‌ നിര്‍ണ്ണായകമായ സ്വാധീനം ചെലുത്താനാകുമെന്നു പുതിയ പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. 

സസ്യാധിഷ്‌ഠിത ഭക്ഷണക്രമം പിന്തുടരുന്നവര്‍ക്ക്‌ കോവിഡ്‌ പിടിപെടാനുള്ള സാധ്യത മാംസാഹാരികളെ അപേക്ഷിച്ച്‌ 39 ശതമാനം കുറവാണെന്ന്‌ ബ്രസീലിലെ സാവോ പോളോ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനം പറയുന്നു. ബ്രിട്ടീഷ്‌ മെഡിക്കല്‍ ന്യൂട്രീഷന്‍ പ്രിവന്‍ഷന്‍ ആന്‍ഡ്‌ ഹെല്‍ത്ത്‌ ജേണലിലാണ്‌ പഠനഫലം പ്രസിദ്ധീകരിച്ചത്‌. 


Representative image. Photo Credit: RossHelen/istockphoto.com
Representative image. Photo Credit: RossHelen/istockphoto.com

പച്ചക്കറികളും പയര്‍വര്‍ഗ്ഗങ്ങളും നട്‌സും അധികമുള്ളതും പാലുത്‌പന്നങ്ങളും മാംസവും കുറവുള്ളതുമായ ഭക്ഷണക്രമം അണുബാധയെ ചെറുക്കുമെന്നാണ്‌ പഠനത്തില്‍ കണ്ടെത്തിയത്‌. സസ്യാധിഷ്‌ഠിത ഭക്ഷണത്തില്‍ ആന്റി ഓക്‌സിഡന്റുകളും ഫൈറ്റോസ്‌റ്റെറോളുകളും പോളിഫിനോളുകളും ധാരാളമായി അടങ്ങിയിട്ടുണ്ടെന്നും ഇത്‌ പ്രതിരോധ കോശങ്ങള്‍ക്ക്‌ കരുത്ത്‌ പകര്‍ന്ന്‌ കോവിഡ്‌ സാധ്യത കുറയ്‌ക്കുമെന്നും പഠനറിപ്പോര്‍ട്ട്‌ പറയുന്നു. അതേ സമയം ആഴ്‌ചയില്‍ മൂന്ന്‌ തവണയിലധികം മാംസാഹാരം കഴിക്കുന്നരുടെ കോവിഡ്‌ സാധ്യത സസ്യാഹാരികളെ അപേക്ഷിച്ച്‌ ഗണ്യമായി ഉയരുന്നതായും ഗവേഷകര്‍ ചൂണ്ടിക്കാട്ടി. 

702 പേരിലാണ്‌ ഗവേഷണം നടത്തിയത്‌. ഇതില്‍ 424 പേര്‍ മിശ്രഭുക്കുകളും 278 പേര്‍ സസ്യാഹാരികളുമായിരുന്നു. ഇവരുടെ ഭക്ഷണക്രമത്തെയും ജീവിതശൈലിയെയും ആരോഗ്യചരിത്രത്തെയും കോവിഡ്‌ വാക്‌സിനേഷനെയും സംബന്ധിച്ച വിവരങ്ങള്‍ ചോദ്യോത്തരങ്ങള്‍ വഴി ശേഖരിച്ചു. ഇതില്‍ 47 ശതമാനത്തിന്‌, അതായത്‌ 330 പേര്‍ക്ക്‌ കോവിഡ്‌ ബാധിക്കപ്പെട്ടു. ഇതില്‍ തന്നെ 32 ശതമാനത്തിന്‌ (224) ലഘുവായതും 15 ശതമാനത്തിന്‌ (106) മിതമായത്‌ മുതല്‍ തീവ്രമായത്‌ വരെയുള്ളതുമായ ലക്ഷണങ്ങളാണ്‌ കാണപ്പെട്ടത്‌. 

Representative image. Photo Credit: RossHelen/istockphoto.com
Representative image. Photo Credit: RossHelen/istockphoto.com

മിശ്രഭുക്കുകള്‍ക്ക്‌ കോവിഡ്‌ സാധ്യത 52 ശതമാനമായിരുന്നപ്പോള്‍ സസ്യാഹാരികള്‍ക്ക്‌ ഇത്‌ 40 ശതമാനമായിരുന്നതായി ഗവേഷകര്‍ നിരീക്ഷിച്ചു. മിതമായത്‌ മുതല്‍ തീവ്രമായത്‌ വരെയുള്ള ലക്ഷണങ്ങള്‍ വരാനുള്ള സാധ്യത മിശ്രഭുക്കുകള്‍ക്ക്‌ 18 ശതമാനവും സസ്യാഹാരികള്‍ക്ക്‌ 11 ശതമാനവുമാണെന്നും കണ്ടെത്തി. അമിതവണ്ണം, കുടവയര്‍ പോലുള്ള പ്രശ്‌നങ്ങള്‍, മറ്റ്‌ ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവ കൂടുതലായി കണ്ടെത്തിയതും മിശ്രഭുക്കുകളിലാണെന്ന്‌ ഗവേഷകര്‍ പറയുന്നു. ഇതും ഇവരുടെ കോവിഡ്‌ സാധ്യതയും ലക്ഷണങ്ങളുടെ തീവ്രതയും വര്‍ധിപ്പിക്കുന്ന ഘടകങ്ങളാണ്‌. 

എന്ത്, എപ്പോൾ, എങ്ങനെ കഴിക്കണം: വിഡിയോ

English Summary:

Study Says following vegetarian diet reduces covid risk

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com