കൗമാരത്തില്‍ തന്നെ ഓട്ടം തുടങ്ങാം, ഭാവിയിൽ ഗുണം ചെയ്യുമെന്ന് പഠനം
Mail This Article
നമ്മുടെ നാട്ടില്‍ പലരും രാവിലെ ഓടാനും നടക്കാനുമൊക്കെ തുടങ്ങുന്നത് എന്തെങ്കിലും രോഗങ്ങള്‍ വന്നതിനു ശേഷമാണ്. വ്യായാമം ചെയ്‌തില്ലെങ്കില്‍ ഇനി രക്ഷയില്ല എന്ന് ഡോക്ടര്‍മാര്‍ കട്ടായം പറയുമ്പോള്‍ മാത്രമാണ് 'നല്ല നടപ്പ്' തുടങ്ങുക. എന്നാല്‍ ഓട്ടവും നടത്തവും വ്യായാമവും തുടങ്ങാന്‍ മധ്യവയസ്സ് വരെ കാത്തിരിക്കേണ്ടെന്നും ഇതൊക്കെ സ്‌കൂളില്‍ പഠിക്കുന്ന കൗമാരകാലത്ത് തന്നെ ആരംഭിക്കേണ്ടതാണെന്നും പുതിയ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
കൗമാര കാലത്തില്‍ തന്നെ വ്യായാമം ആരംഭിക്കുന്നത് മധ്യവയസ്സുകളില്‍ ഹൃദ്രോഗവും പ്രമേഹം ഉള്‍പ്പെടെയുള്ള ചയാപചയ പ്രശ്‌നങ്ങളും വരാതെ കാക്കുമെന്ന് ഫിന്‍ലന്‍ഡിലെ ഇവാസ്‌കില സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. കൗമാരകാലത്തിലെ കുറഞ്ഞ കാര്‍ഡിയോറെസ്‌പിറേറ്ററി ഫിറ്റ്‌നസ് 57-64 വയസ്സിലെ ഉയര്‍ന്ന ഹൃദ്രോഗ, ചയാപചയ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതായി പഠനം ചൂണ്ടിക്കാട്ടി. 45 വര്‍ഷത്തോളം നീണ്ട പഠനത്തില്‍ പങ്കെടുത്തവരുടെ കൗമാരകാലത്തെ ആരോഗ്യ വിവരങ്ങള്‍ 12നും 19നും വയസ്സിനിടയില്‍ ശേഖരിച്ചു. ഇവരുടെ അരക്കെട്ടിന്റെ വ്യാപ്‌തി 37-44, 57-64 പ്രായവിഭാഗങ്ങളിലും അളന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് കാര്‍ഡിയോമെറ്റബോളിക് സ്‌കോര്‍ നിര്‍ണ്ണയിച്ചത്.
സ്‌കൂളുകള്‍ വിദ്യാര്‍ത്ഥികളെ വ്യായാമത്തിനും കായിക ഇനങ്ങള്‍ക്കുമായി പ്രോത്സാഹിപ്പിക്കണമെന്ന് കെഇഎം ഹോസ്‌പിറ്റലിലെ ഹൃദ്രോഗ വിഭാഗം മേധാവി ഡോ. മിലിന്ദ് ഗഡ്‌കരി ഇന്ത്യന്‍ എക്‌സ്‌പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ആഴ്‌ചയില്‍ അഞ്ചോ ആറോ ദിവസം കൗമാരക്കാര്‍ക്ക് കുറഞ്ഞത് 30 മിനിട്ട് വ്യായാമം ആവശ്യമാണെന്ന് ഡോ. മിലിന്ദ് കൂട്ടിച്ചേര്‍ത്തു. വീട്ടിലെ ജോലികള്‍ കൗമാരക്കാരുമായി പങ്കുവയ്‌ക്കുന്നതും ഗുണം ചെയ്യുന്നതാണ്.
തുടക്കക്കാർക്കായി 3 ഈസി യോഗാസനങ്ങൾ: വിഡിയോ