കോവിഡ് ബാധിച്ചിട്ടുണ്ടോ? ഓർമക്കുറവും ആശയക്കുഴപ്പവും മാത്രമല്ല ബുദ്ധിയും കുറയും
Mail This Article
കോവിഡ് ബാധിതരായ പലരും അണുബാധയ്ക്ക് ശേഷം തങ്ങൾക്ക് ബ്രെയ്ൻ ഫോഗ്, ഓർമ്മക്കുറവ്, ആശയക്കുഴപ്പം, എന്തിലെങ്കിലും ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട് പോലുള്ള പ്രശ്‌നങ്ങൾ ഉണ്ടാകുന്നതായി റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ മനുഷ്യരുടെ ബുദ്ധിയുടെ അളവ് കോലായി കണക്കാക്കുന്ന ഐക്യുവിൽ (ഇൻ്റലിജൻസ് കോഷ്യന്റ്) വരെ കുറവ് വരുത്താൻ വൈറസ് ബാധയ്ക്ക് സാധിക്കുമെന്ന് പുതിയ പഠനം ചൂണ്ടിക്കാണിക്കുന്നു.
മിതമായ കോവിഡ് ബാധ പോലും ഐക്യു 3 പോയിന്റ് കുറയാൻ കാരണമാകുമെന്ന് ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. ലക്ഷണങ്ങൾ 12 ആഴ്ചയിലധികം നീണ്ടുനിന്ന ദീർഘകാല കോവിഡ് ബാധിച്ചവർക്ക് ഐക്യു ശരാശരി ആറ് പോയിൻ്റ് വരെ താഴ്ന്നതായും ഗവേഷകർ നിരീക്ഷിച്ചു. കോവിഡ് മൂലം തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കേണ്ടി വന്ന രോഗികൾക്ക് ഐക്യുവിലെ വീഴ്ച 9 പോയിന്റ് വരെ ആകാമെന്നും റിപ്പോർട്ട് പറയുന്നു.
ഒരു തവണ കോവിഡ് വന്നവർക്ക് വീണ്ടും വൈറസ് ബാധിക്കുമ്പോൾ ഐക്യു ശരാശരി രണ്ടു പോയിന്റ് കുറയാമെന്നും ഗവേഷകർ കൂട്ടിച്ചേർക്കുന്നു. രണ്ടോ അതിലധികമോ ഡോസ് വാക്‌സീൻ കോവിഡിനെതിരെ എടുത്തവർക്ക് ധാരണശേഷിപരമായ ചെറിയ മെച്ചം ലഭിക്കുന്നുണ്ടെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഒറിജിനൽ വൈറസ് മൂലം അണുബാധയേറ്റവർക്ക് ഉണ്ടായ അത്ര ധാരണാശേഷി പ്രശ്‌നങ്ങൾ അടുത്ത കാലത്തായി പുതു വകഭേദങ്ങളിൽ നിന്ന് അണുബാധയേൽക്കുന്നവർക്ക് ഉണ്ടാകുന്നില്ലെന്നും ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.
18 വയസ്സിന് മുകളിലുള്ള 1,13,000 പേരുടെ പ്രതികരണങ്ങൾ ഉപയോഗിച്ചാണ് പഠനം നടത്തിയത്. ഇതിൽ 60 ശതമാനം സ്ത്രീകളും 95 ശതമാനം പേർ വെളുത്ത വംശജരുമായിരുന്നു. പറനത്തിൽ പങ്കെടുത്ത 46,000 പേർ കോവിഡ് ഒരിക്കലും ഉണ്ടായിട്ടില്ലെന്ന് പ്രതികരിച്ചു.ഏതാണ്ട് അത്രത്തോളം പേർ തന്നെ കോവിഡ് ഉണ്ടായെങ്കിലും ലക്ഷണങ്ങൾ നാലാഴ്ചകൾക്കുളളിൽ ഭേദമായതായി റിപ്പോർട്ട് ചെയ്തു.
3200 പേർക്ക് നാലു മുതൽ 12 ആഴ്ചകൾ വരെ കോവിഡ് ലക്ഷണങ്ങൾ തുടർന്നപ്പോൾ 3600 പേർക്ക് 12 ആഴ്‌ചയിൽ അധികം ലക്ഷണങ്ങൾ തുടർന്നു. ഇൻ്റർനെറ്റ് സർവേയിൽ നിന്ന് ലഭിച്ച പ്രതികരണങ്ങളെ അടിസ്‌ഥാനമാക്കിയ നിരീക്ഷണ പഠനം മാത്രമായതിനാൽ കോവിഡ് തന്നെയാണ് ഐക്യു സ്കോറിലെ കുറവിൻ്റെ കാരണമെന്ന് തെളിയിക്കാൻ ഗവേഷകർക്ക് സാധിച്ചിട്ടില്ല. ഇതിന് കൂടുതൽ വിശാലമായ ഗവേഷണങ്ങൾ ആവശ്യമാണ്.
ശരീരത്തിന്റെ പൂർണ ആരോഗ്യത്തിന് താഡാസന: വിഡിയോ