ADVERTISEMENT

ഏപ്രിൽ, മെയ് മാസങ്ങളിൽ മാത്രം വേനൽക്കാലം ഉണ്ടായിരുന്നത് ഇന്ന് പഴങ്കഥയാണ്. വേനലിലെ അസഹ്യമായ ചൂടും അതിനോട് അനുബന്ധിച്ച് വരുന്ന മറ്റു പ്രശ്നങ്ങളും എല്ലാവരും നേരിട്ടിട്ടുണ്ട്. എന്നാൽ ഇപ്പോഴത്തെ കഥ അതല്ല. വേനൽക്കാലം കുറഞ്ഞത് ഒരു മാസമോ അതിലധികമോ നേരത്തേ എത്താറുണ്ട്. അതുകൊണ്ടുതന്നെ ചർമസംരക്ഷണ ദിനചര്യകളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതും നിർബന്ധമായി പരിശീലിക്കേണ്ടതും അത്യാവശ്യമാണ്.

ഏതൊരു തരത്തിലുള്ള ചർമസംരക്ഷണം ആരംഭിക്കുമ്പോഴും, സ്വന്തം സ്കിൻ ടൈപ്പ് തിരിച്ചറിയുക എന്നതാണ് ആദ്യപടി. ചർമ പ്രശ്നങ്ങളാൽ വലയുന്ന ഒരാളാണെങ്കിൽ അത് വളരെ പ്രധാനവുമാണ്. ഈ ആദ്യ ചുവടുവെപ്പ് ശരിയായാൽ ബാക്കിയുള്ളതും സുഗമമാകും.

വേനൽക്കാലത്ത് ഉപകാരപ്പെടുന്ന ചില ഫലപ്രദമായ ചർമസംരക്ഷണ നുറുങ്ങുകൾ അറിയാം

1. ഹൈഡ്രേറ്റ്, ഹൈഡ്രേറ്റ്, ഹൈഡ്രേറ്റ്
ഓയിലി സ്കിൻ, ഡ്രൈ സ്കിൻ, കോംപിനേഷൻ സ്കിൻ, സെൻസിറ്റിവ് സ്കിൻ എന്നിങ്ങനെ പല തരത്തിലാണ് ചർമത്തിന്റെ സ്വഭാവം ഉണ്ടാവുക. ഇനി ചർമം ഏതു തരത്തിലേതോ ആയിക്കൊള്ളട്ടെ, ഏറ്റവും പ്രധാനം ശരീരത്തിലെ ജലാംശമാണ്. പുറത്തു നിന്ന് എത്ര പരിപാലിച്ചാലും ചർമം തിളങ്ങണമെങ്കിൽ അകമേയും ശ്രദ്ധ വേണം. ഹൈഡ്രേറ്റഡ് ആയ ചർമത്തിൽ പുരട്ടുന്ന ഉത്പന്നങ്ങൾ നല്ല ഫലം കാണും. അതേ സമയം ജലാംശം ഇല്ലെങ്കിൽ എത്ര നല്ല ഉത്പന്നങ്ങൾക്കും ഉപയോഗം ഉണ്ടാവണമെന്നില്ല. അതുകൊണ്ട് ചർമസംരക്ഷണത്തിൽ ധാരാളം വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. വേനലിൽ ധാരാളമായി കിട്ടുന്ന പഴവർഗങ്ങൾ കഴിക്കാനും മടി കാട്ടരുത്. 

പ്രതീകാത്മക ചിത്രം∙ Image Credits : Dean Drobot / Shutterstock.com
പ്രതീകാത്മക ചിത്രം∙ Image Credits : Dean Drobot / Shutterstock.com

2. ആ സോപ്പ് കളയൂ!
ഞാൻ മുഖം കഴുകുന്നത് സോപ്പ് ഉപയോഗിച്ചാണ്. മറ്റൊരു പ്രൊഡക്ടും ഇല്ലെന്നും പ്രഖ്യാപിച്ചുകൊണ്ടാണ് പല ക്ലയന്റുകളും ക്ലിനിക്കിലേക്ക് വരുന്നത്. എന്നാൽ സോപ്പുകൾ ചർമത്തിന് ആവശ്യമായ ഈർപ്പം കളയുകയും അപകടകരമാം വിധം വരണ്ടതാക്കുകയും ചെയ്യുന്നു. ഇത് സ്കിൻ ബാരിയറിനെ നശിപ്പിച്ച്, ചർമത്തിൽ പൊട്ടൽ, അമിതമായ സെബം ഉത്പാദനം, മുഖക്കുരു, ഹൈപ്പർപിഗ്മന്റേഷൻ, മറ്റ് നിരവധി പ്രശ്നങ്ങൾ എന്നിവയ്ക്ക് വിധേയമാക്കുകയും ചെയ്യുന്നു, പ്രത്യേകിച്ച് വേനലിൽ.

അതുകൊണ്ട് മൃദുവായ ക്ലൻസർ ഉപയോഗിച്ച് മാത്രം മുഖം കഴുകുക. ഇത് ചർമത്തിന്റെ പിഎച്ച് മാറ്റില്ല, അതുവഴി ചർമത്തിന്റെ ബാരിയർ നിലനിർത്താൻ സഹായിക്കുന്നു.

3. മോയ്സ്ചറൈസിംഗ് മുഖ്യം
വരണ്ട ചർമം അല്ലെങ്കിൽ എണ്ണമയമുള്ള ചർമം, അല്ലെങ്കിൽ അതിനിടയിലുള്ള ചർമ്മം. എന്തുതന്നെയായാലും മുഖം കഴുകിയ ഉടൻ തന്നെ മോയ്സ്ചറൈസർ ഉപയോഗിക്കാൻ മറക്കരുത്. അന്തരീക്ഷത്തിലെ ഈർപ്പം മൂലമുണ്ടാകുന്ന വിയർപ്പ് കാരണം ഇടയ്ക്കിടെ മുഖം കഴുകേണ്ടി വന്നേക്കാം. അപ്പോഴെല്ലാം മോയ്സ്ചറൈസർ ഉപയോഗിക്കുകയാണെങ്കിൽ ചർമത്തിന്റെ മൃദുത്വം നിലനിൽക്കും

Image Credits: PeopleImages/istockphoto.com
Image Credits: PeopleImages/istockphoto.com

4. സൺസ്ക്രീൻ ഇല്ലായിരുന്നെങ്കിലോ?
കാലാവസ്ഥ ഏതായാലും സൺസ്ക്രീൻ ഉപയോഗിക്കണം, പ്രത്യേകിച്ച് വേനൽക്കാലത്ത്. സ്കിൻ ടൈപ്പിനും സ്വന്തം ഇഷ്ടങ്ങൾക്കും ഇണങ്ങിയ ഒരു സൺസ്ക്രീൻ തിരഞ്ഞെടുക്കുക അത്ര എളുപ്പമായിരിക്കണമെന്നില്ല. എന്തുതന്നെയായാലും സൺസ്ക്രീൻ ഒഴിവാക്കരുത്. ദക്ഷിണേന്ത്യക്കാരായ നമ്മൾ എത്രയൊക്കെ സൺസ്ക്രീൻ പുരട്ടിയാലും സൂര്യനിൽ നിന്ന് ഒളിച്ച് നടന്നില്ലെങ്കിൽ കരുവാളിപ്പ് ഉണ്ടാകാനുള്ള സാധ്യതകൾ കൂടുതലാണ്. 

5. ഒരുപാട് വേണ്ട ഫേസ് പായ്ക്കുകൾ
സമയം കിട്ടുമ്പോഴെല്ലാം സൗന്ദര്യത്തിന്റെ കാര്യത്തിൽ ഓരോ പൊടിക്കൈകൾ പരീക്ഷിക്കുന്നവരാണല്ലോ പലരും. വേനൽക്കാലത്ത് ചർമ്മം കൂടുതൽ വിയർക്കുകയും അന്തരീക്ഷ താപനില കാരണം സുഷിരങ്ങൾ കൂടുതൽ തുറന്നിരിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ നിരവധി ഉൽപ്പന്നങ്ങൾ ചർമത്തിനു വീക്കം, മുഖക്കുരുകൾ എന്നിവയ്ക്ക് കാരണമാകും. അതിനാൽ ഫേസ്‌പാക്കുകൾ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അതിൽ ഉചിതമായ ചേരുവകൾ മാത്രമേ ഉള്ളൂ എന്ന് ഉറപ്പുവരുത്തുക, 2 ആഴ്‌ചയിൽ ഒന്നിൽ കൂടുതൽ തവണ ഉപയോഗിക്കരുത്.

(Representative Image : Photo Contributor: kei907/ Shutterstock)
(Representative Image : Photo Contributor: kei907/ Shutterstock)

6. ചൂടുവെള്ളം ചർമത്തിൽ തൊടുന്നത് ഒഴിവാക്കുക
ഈ ഉപദേശം കുളിക്കുന്നതിനും മുഖം കഴുകുന്നതിനും ബാധകമാണ്. ചൂടുവെള്ളം ചർമത്തെ ഡ്രൈ ആക്കുകയും ചർമത്തിൽ നിന്ന് അവശ്യ എണ്ണകൾ നീക്കം ചെയ്യുകയും ചെയ്യുന്നു. ഇത് സുഷിരങ്ങൾക്ക് നന്നല്ല. അതുകൊണ്ട് സാധാരണ വെള്ളത്തിൽ മുഖം കഴുകുക. സ്കിൻ ബാരിയർ കേടുകൂടാതെ സൂക്ഷിക്കുകയും അതുവഴി മറ്റു ചർമപ്രശ്നങ്ങൾ വരാതിരിക്കാനുമുള്ള മാർഗമാണിത്.

7. ചർമസംരക്ഷണം ലളിതമാക്കാം
സെറമുകളും ഉൽപ്പന്നങ്ങളും ഒന്നിനുപുറകെ ഒന്നായി ചർമത്തിൽ ലോഡ് ചെയ്യുന്ന ആളാണോ നിങ്ങൾ? ഈ വേനൽക്കാലത്ത് അത് പുനർവിചിന്തനം ചെയ്യേണ്ടിയിരിക്കുന്നു. ചർമത്തിൽ ഉപയോഗിക്കുന്ന ആക്ടീവ് ഇൻഗ്രീഡിയൻസിന്റെ എണ്ണം കുറയ്ക്കുക, ഈർപ്പവും ചൂടും തന്നെ കാരണം. നല്ല ആരോഗ്യമുള്ള ചർമ്മം വേണമെങ്കിൽ ആദ്യം ചർമ്മത്തെ ശ്വസിക്കാൻ അനുവദിക്കണം. അതിനായി ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങളും മേക്കപ്പ് ഉൽപ്പന്നങ്ങളും വളരെ നേർമയുള്ളതും ലളിതവുമായിരിക്കണം. ഈ വേനൽക്കാലത്ത് ചർമം സംരക്ഷിക്കാൻ മൃദുവായ ക്ലെൻസർ, മോയ്സ്ചറൈസർ, സൺസ്ക്രീൻ എന്നിവ മതിയാകും.

ചുറ്റും പൂക്കളും ഫലങ്ങളുമൊക്കെയായി ആകമൊത്തം കണ്ണിനു കുളിർമയും മനസ്സിനു സന്തോഷവും തോന്നുന്ന സമയമാണ് വേനൽക്കാലം. എന്നാൽ വെയിലും കരുവാളിപ്പും പേടിച്ച് പുറത്തേക്കിറങ്ങാതിരിക്കുന്നവാണ് കൂടുതൽ. എന്നാൽ ശരിയായ ചർമസംരക്ഷണം ഉണ്ടെങ്കിൽ ഒന്നും പേടിക്കാതെ വേനൽ ആസ്വദിക്കാം.

dr-sruthy
ഡോ. ശ്രുതി വിജയൻ

(ലേഖിക കൺസൾട്ടന്റ് ഈസ്തറ്റിക് ഫിസിഷ്യനും സ്കിൻ ഹെൽത്ത് സ്ഥാപകയുമാണ്)

English Summary:

Skin care in Summer Season

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com