70 വർഷം ജീവിച്ചത് ഇരുമ്പ് ശ്വാസകോശത്തിനുള്ളില്‍; ഒടുവില്‍ വിട പറഞ്ഞ് 'പോളിയോ പോള്‍'
Mail This Article
തന്റെ ജീവിതത്തിലെ കഴിഞ്ഞ 70 വര്‍ഷങ്ങളുടെ ഭൂരിഭാഗം സമയവും ഇരുമ്പ് ശ്വാസകോശത്തിനുള്ളില്‍ ചെലവഴിച്ച വക്കീലും എഴുത്തുകാരനുമൊക്കെയായ പോള്‍ അലക്‌സാണ്ടർ വിട പറഞ്ഞത് തന്റെ 78–ാം വയസ്സിലാണ്. കോവിഡ് അണുബാധയെ തുടര്‍ന്ന് മൂന്ന് ആഴ്‌ച മുന്‍പ് പോളിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. നിരവധി പേര്‍ക്ക് ജീവിക്കാന്‍ പ്രേരണയും പ്രത്യാശയും നല്‍കിയ പോള്‍ ദിവസങ്ങൾക്കു മുൻപാണ് വിധിയോടുള്ള തന്റെ പോരാട്ടം അവസാനിപ്പിച്ചത്.
1952ല്‍ തന്റെ ആറാം വയസ്സില്‍ ബാധിച്ച പോളിയോ ആണ് പോളിന്റെ ജീവിതത്തെ മാറ്റി മറിച്ചത്. പോളിയോ മൂലം കഴുത്തിന് താഴേക്ക് ശരീരം തളര്‍ന്നു പോയ പോളിന് തനിയെ ശ്വസിക്കാന്‍ സാധിക്കാതെ വന്നു. ഇതിനെ തുടര്‍ന്നാണ് ഇരുമ്പ് കൊണ്ട് നിര്‍മ്മിച്ച ഒരു വലിയ സിലിണ്ടറിനുള്ളിലെ പോളിന്റെ ജീവിതം ആരംഭിക്കുന്നത്. വായുവിന്റെ മര്‍ദ്ദം ക്രമീകരിക്കുന്ന ഈ സിലിണ്ടറാണ് തുടര്‍ന്നുള്ള 70 വര്‍ഷങ്ങളില്‍ പോളിനെ ശ്വസിക്കാന്‍ സഹായിച്ചത്.
പോള്‍ പോളിയോ നല്‍കിയ വൈകല്യത്തെ അതിജീവിക്കില്ലെന്ന് ഡോക്ടര്‍മാര്‍ അന്ന് വിധിയെഴുതിയെങ്കിലും പരാജയം സമ്മതിക്കാന്‍ അമ്മ ഡോറിസ് അലക്‌സാണ്ടറും കുടുംബവും തയ്യാറായിരുന്നില്ല. ഇടയ്‌ക്ക് കറന്റ് പോകുമ്പോള്‍ ഇരുമ്പ് ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം നിലയ്‌ക്കും. ആ സമയത്ത് കൈകൊണ്ട് വായു പമ്പ് ചെയ്‌ത് കുടുംബത്തിനെ സഹായിക്കാന്‍ അയല്‍ക്കാരടക്കം എത്തി.
പോളിന്റെ തീവ്രമായ അഭിലാഷങ്ങള്‍ക്ക് തടസ്സാമാകാന്‍ പോളിയോ രോഗത്തിനും സാധിച്ചില്ല. ശ്വാസന വ്യായാമങ്ങളിലൂടെ ഇരുമ്പ് ശ്വാസകോശത്തിന് പുറത്ത് ഏതാനും മണിക്കൂര്‍ ചെലവഴിക്കാനുള്ള ശേഷി ഇക്കാലയളവില്‍ പോള്‍ ആര്‍ജ്ജിച്ചു. ഇരുമ്പ് ശ്വാസകോശത്തിന് പുറത്ത് ചെലവഴിക്കാന്‍ സാധിച്ച ആ വിലപ്പെട്ട മണിക്കൂറുകള്‍ കൊണ്ട് കോളജ് പഠനം പൂര്‍ത്തിയാക്കിയ പോള്‍ നിയമ ബിരുദമെടുക്കുകയും 30 വര്‍ഷക്കാലം ഒരു കോടതി മുറിയില്‍ അറ്റോര്‍ണിയായി ജോലി ചെയ്യുകയും ചെയ്‌തു.
'ത്രീ മിനിട്ട്‌സ് ഫോര്‍ എ ഡോഗ് : മൈ ലൈഫ് ഇന്‍ എ അയണ്‍ ലങ് ' എന്ന പേരിലൊരു ആത്മകഥയും ഇക്കാലയളവില്‍ പോള്‍ പ്രസിദ്ധീകരിച്ചു. ഇരുമ്പ് ശ്വാസകോശത്തിന് പുറത്ത് ശ്വസിക്കാനുള്ള പോളിന്റെ ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ തെറാപിസ്റ്റ് മുന്നോട്ട് വച്ച ഒരു ഓഫറാണ് പുസ്‌തകത്തിന്റെ തലക്കെട്ട്. മൂന്ന് മിനിട്ട് സ്വതന്ത്രമായി ശ്വസിച്ചാല്‍ ഒരു പട്ടിക്കുട്ടിയെ തരാമെന്നായിരുന്നു വാഗ്‌ദാനം.
പ്ലാസ്റ്റിക് സ്റ്റിക്കുമായി ഘടിപ്പിച്ച പേന വായില്‍ തിരുകി അത് കൊണ്ട് കീബോര്‍ഡില്‍ ടൈപ്പ് ചെയ്‌തായിരുന്നു പോളിന്റെ പുസ്‌തകമെഴുത്ത്. 2023 മാര്‍ച്ചില്‍ ഏറ്റവുമധികം വര്‍ഷം അതിജീവിച്ച ഇരുമ്പ് ശ്വാസകോശ രോഗിയെന്ന ഗിന്നസ് ലോക റെക്കാര്‍ഡ് പോളിനെ തേടിയെത്തി. തന്റെ അതിജീവന കഥ ലോകവുമായി പങ്കുവയ്‌ക്കാന്‍ 'പോളിയോ പോള്‍' എന്നൊരു ടിക്ടോക് അക്കൗണ്ടും പോള്‍ ആരംഭിച്ചിരുന്നു. മൂന്ന് ലക്ഷത്തോളം ഫോളോവേഴ്‌സും 45 ലക്ഷത്തോളം ലൈക്കുമാണ് ഈ അക്കൗണ്ടിന് ലഭിച്ചത്. പോളിയോ വാക്‌സീനെ കുറിച്ച് ബോധവത്‌ക്കരണം നടത്താനുള്ള ശ്രമങ്ങളിലും പോള്‍ സജീവമായി പങ്കെടുത്തു.
ഹൃദയത്തെ സംരക്ഷിക്കാൻ ഈ വ്യായാമങ്ങൾ ചെയ്യാം: വിഡിയോ