കാലാവസ്ഥ വ്യതിയാനം: മലേറിയ പുതിയ ഭാഗങ്ങളിലേക്ക് പടരുന്നു
Mail This Article
കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമായി മലേറിയ പോലുള്ള രോഗങ്ങള്‍ ലോകത്തിന്റെ പല പുതിയ ഭാഗങ്ങളിലേക്കും പടരാന്‍ തുടങ്ങിയതായി ആശങ്ക. കഴിഞ്ഞ വര്‍ഷം അമേരിക്കയില്‍ അടക്കം മലേറിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.
കിളിമഞ്ചാരോ പര്‍വതത്തിന്റെ താഴ്‌വരകള്‍, കിഴക്കന്‍ എത്യോപ്യയിലെ പര്‍വതങ്ങള്‍ എന്നിവ ഉള്‍പ്പെടെ മുന്‍പ് കൊതുകിന് ജീവിക്കാന്‍ പറ്റാതിരുന്ന ഇടങ്ങളിലേക്ക് കൂടി മലേറിയ വ്യാപിച്ചേക്കുന്നതായി ശാസ്‌ത്രജ്ഞര്‍ കരുതുന്നു. കാലാവസ്ഥ വ്യതിയാനം മൂലം ഉയരുന്ന ചൂടാണ് ഇതിന്റെ ഒരു കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
2019ല്‍ 233 ദശലക്ഷം പേര്‍ക്ക് മലേറിയ പിടിപെട്ടപ്പോള്‍ 2022ല്‍ ഇത് 249 ദശലക്ഷമായി ഉയര്‍ന്നു. 85 രാജ്യങ്ങളിലായാണ് ഇത്രയും മലേറിയ കേസുകള്‍ രേഖപ്പെടുത്തിയത്. ഇത് മൂലമുള്ള മരണങ്ങള്‍ 2019ല്‍ 5,76,000 ആയിരുന്നത് 2022ല്‍ 6,08,000 ആയതായും ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പറയുന്നു.
മലേറിയ രോഗത്തിന്റെ 70 ശതമാനവും 12 രാജ്യങ്ങളിലാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതില്‍ 11 രാജ്യങ്ങള്‍ ആഫ്രിക്കയിലാണ്. പന്ത്രണ്ടാമത് ഇന്ത്യയാണ്. ആഫ്രിക്കയില്‍ 2022ല്‍ റിപ്പോര്‍ട്ട് ചെയ്‌ത 5,80,000 മലേറിയ മരണങ്ങളില്‍ 80 ശതമാനവും അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളായിരുന്നു.
2000 മുതല്‍ 2019 വരെ താഴേക്ക് വന്നിരുന്ന ആഗോള മലേറിയ കേസുകള്‍ കോവിഡിന് ശേഷം വീണ്ടും ഉയരുകയായിരുന്നതായും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാണിക്കുന്നു. മലേറിയയെ നേരിടാനുള്ള ശ്രമങ്ങള്‍ക്ക് കോവിഡ് തിരിച്ചടിയായി.
ആളുകള്‍ തിങ്ങി പാര്‍ക്കുന്ന ചുറ്റുപാടുകള്‍, കെട്ടിക്കിടക്കുന്ന അഴുക്ക് വെള്ളം, മോശം ശുചിത്വം എന്നിവയെല്ലാം മലേറിയ രോഗത്തിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്നു. കൊതുക് വഴി പടരുന്ന ഈ രോഗം പനി, തലവേദന, കുളിര്‍ ഉള്‍പ്പെടെയുള്ള ലക്ഷണങ്ങള്‍ രോഗിയില്‍ ഉണ്ടാക്കുന്നു.
കൂടുതലും അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളെയും ഗര്‍ഭിണികളായ സ്‌ത്രീകളെയുമാണ് മലേറിയ ബാധിക്കുന്നത്. ഈ രോഗത്തിനെതിരെ വാക്‌സീന്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നുണ്ട്. കാമറൂണിലെ കുട്ടികള്‍ക്ക് ഈ വര്‍ഷം മലേറിയ വാക്‌സീന്‍ നല്‍കിയെങ്കിലും 30 ശതമാനം മാത്രമേ ഫലപ്രാപ്‌തി കണ്ടെത്താന്‍ സാധിച്ചുള്ളൂ. രോഗപടര്‍ച്ച തടയാനും ഇത് വഴി കഴിഞ്ഞില്ല. രണ്ടാമതൊരു വാക്‌സീന് കൂടി അടുത്തിടെ അംഗീകാരം ലഭിച്ചിരുന്നു.
34 വർഷത്തെ അനുഭവം പങ്കുവച്ച് എൽസമ്മ എന്ന നഴ്സമ്മ – വിഡിയോ