ADVERTISEMENT

കാറിനുള്ളിലെ വായുവിന്റെ നിലവാരം ഒരാളെ അര്‍ബുദരോഗത്തിലേക്ക്‌ വരെ നയിച്ചേക്കാമെന്ന്‌ വാഷിങ്‌ടണിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. അര്‍ബുദകാരണമാകുന്ന ഓര്‍ഗാനോഫോസ്‌ഫേറ്റ്‌ എസ്റ്ററുകള്‍(ഒപിഇ) എന്ന ഒരു കൂട്ടം രാസവസ്‌തുക്കളെ കുറിച്ച്‌ നടത്തിയ പഠനമാണ്‌ പുതിയ വെളിപ്പെടുത്തലിലേക്ക്‌ നയിച്ചത്‌.

101 തരം ഇലക്ട്രിക്‌, ഗ്യാസ്‌, ഹൈബ്രിഡ്‌ മോഡല്‍ കാറുകളില്‍ 2015നും 2022നും ഇടയിലാണ്‌ പഠനം നടത്തിയത്‌. വാഹനത്തിന്റെ സീറ്റ്‌ കുഷ്യനുകളും പാഡിങ്ങും തീപിടിക്കാതിരിക്കാന്‍ ഉപയോഗിക്കുന്ന വസ്‌തുക്കളാണ്‌ ഒപിഇകള്‍. ഒപിഇകളില്‍ ഒന്നായ ട്രിസ്‌(1-ക്ലോറോ-2-പ്രൊപൈല്‍) ഫോസ്‌ഫേറ്റ്‌ (ടിസിഐപിപി) പരിശോധിച്ച 99 ശതമാനം വാഹനങ്ങളിലും കണ്ടെത്തി. അര്‍ബുദകാരണമാകാമെന്നതിന്റെ പേരില്‍ യുഎസ്‌ നാഷണല്‍ ടോക്‌സിക്കോളജി പ്രോഗ്രാമിന്റെ അന്വേഷണപരിധിയില്‍ ഉള്‍പ്പെട്ട രാസവസ്‌തുവാണ്‌ ടിസിഐപിപി.

ഇവയ്‌ക്ക്‌ പുറമേ പല കാറുകളിലും ടിഡിസിഐപിപി, ടിസിഇപി എന്നീ അര്‍ബുദകാരകങ്ങളായ രാസവസ്‌തുക്കള്‍ കൂടി കണ്ടെത്തിയെന്ന്‌ ഗവേഷകര്‍ പറയുന്നു. അര്‍ബുദത്തിന്‌ പുറമേ നാഡീവ്യൂഹപരമായതും പ്രത്യുത്‌പാദനസംബന്ധമായതുമായ പ്രശ്‌നങ്ങളിലേക്കും ഈ രാസവസ്‌തുക്കള്‍ നയിക്കാം.

Representative Image. Photo Credit: mi_viri/ Shutterstock.com
Representative Image. Photo Credit: mi_viri/ Shutterstock.com

ഈ രാസവസ്‌തുക്കള്‍ ദീര്‍ഘനേരത്തേക്ക്‌ ശ്വസിക്കുന്നത്‌ ശ്വാസകോശ അര്‍ബുദം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളിലേക്ക്‌ നയിക്കാമെന്ന്‌ ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ്‌ ഡോ. പാഖീ അഗര്‍വാള്‍ ഇന്ത്യന്‍ എക്‌സ്‌പ്രസിന്‌ നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ദീര്‍ഘനേരം വാഹനത്തില്‍ ചെലവഴിക്കുന്നവര്‍ക്കും കുട്ടികള്‍ക്കുമെല്ലാം വാഹനത്തിലെ ഈ രാസവസ്‌തുക്കള്‍ മാരക ഫലങ്ങള്‍ ഉളവാക്കിയേക്കാം.

വേനലില്‍ ചൂട്‌ കൂടുമ്പോള്‍ ഈ രാസവസ്‌തുക്കള്‍ കാറിന്റെ ഉളളില്‍ കൂടുതലായി ഉത്‌പാദിപ്പിക്കപ്പെടാമെന്നും ഗവേഷണറിപ്പോര്‍ട്ട്‌ മുന്നറിയിപ്പ്‌ നല്‍കുന്നു. കാറിന്റെ ഗ്ലാസുകള്‍ തുറന്ന്‌ വായു ഉള്ളിലേക്ക്‌ വരാന്‍ അനുവദിക്കുന്നതും വാഹനങ്ങള്‍ തണലില്‍ പാര്‍ക്ക്‌ ചെയ്യുന്നതും ഈ രാസവസ്‌തുക്കളുടെ പ്രഭാവം കുറയ്‌ക്കുമെന്നും പഠനം കൂട്ടിച്ചേര്‍ക്കുന്നു. എണ്‍വയോണ്‍മെന്റല്‍ സയന്‍സ്‌ ആന്‍ഡ്‌ ടെക്‌നോളജി ജേണലിലാണ്‌ പഠനഫലം പ്രസിദ്ധീകരിച്ചത്‌.

ശരീരത്തിനു മുഴുവൻ ഉപയോഗം കിട്ടുന്ന യോഗാസനങ്ങൾ: വിഡിയോ

English Summary:

How Your Car's Cabin Air Could be Jeopardizing Your Health

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com