ആഘോഷങ്ങളിൽ മധുരം കഴിക്കാം, ഡയറ്റ് തെറ്റാതിരിക്കാൻ ഈ 10 കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി
Mail This Article
ശരീര ഭാരം കൂടുമ്പോഴോ ആരോഗ്യപ്രശ്നങ്ങൾ അലട്ടുമ്പോഴോ ആണ് പലരും ഭക്ഷണകാര്യത്തിൽ ശ്രദ്ധിക്കാൻ തുടങ്ങുന്നത്. നല്ലൊരു ഡയറ്റ് പ്ലാൻ ഉണ്ടെങ്കിൽ ആരോഗ്യപ്രശ്നങ്ങളെ ഒരു പരിധിവരെ അകറ്റി നിർത്താമെന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ നല്ല രീതിയിൽ ഡയറ്റ് ചെയ്ത് വരുമ്പോഴായിരിക്കും എന്തെങ്കിലും ആഘോഷങ്ങൾ വരുന്നത്. പിന്നെ ഡയറ്റ് തെറ്റുമോ, നല്ല ഭക്ഷണം മിസ്സ് ആകുമോ എന്നൊക്കെയുള്ള ടെൻഷനായി.
എന്നാൽ ചില കാര്യങ്ങളിൽ ശ്രദ്ധിച്ചാൽ എല്ലാവരെയും പോലെ ആഘോഷവേളകളിൽ നല്ല ഭക്ഷണം കഴിച്ച് അടിച്ചുപൊളിച്ച് സന്തോഷിക്കാൻ നമുക്കും പറ്റും. ഡയറ്റ് എന്നതുകൊണ്ട് ഒന്നും ഉപേക്ഷിക്കുക എന്നതല്ല മറിച്ച് നിയന്ത്രിക്കുക എന്നതിലാണ് കാര്യം എന്നു മനസ്സിലാക്കുക. ദീപാവലിക്ക് മധുരപലഹാരങ്ങളും, ക്രിസ്മസിനു കേക്കും, ഓണത്തിനു പായസവുമൊന്നും ഒഴിവാക്കണ്ട. താഴെ പറയുന്ന 10 കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആഘോഷങ്ങളിലും ഡയറ്റ് ശ്രദ്ധിക്കാം.
1. പ്ലാനിങ്
കല്യാണമോ ഉത്സവങ്ങളോ അങ്ങനെ എന്തു പരിപാടിയാണെങ്കിലും അന്നേ ദിവസം എന്താണ് കഴിക്കാൻ പോകുന്നതെന്ന് ആദ്യമേ തന്നെ തീരുമാനിക്കുക. ഇതിലൂടെ കാണുന്നതെല്ലാം കഴിക്കുന്നത് തടയാം.
2. ബ്രേക്ക്ഫാസ്റ്റ് നന്നാക്കാം
നല്ലൊരു പ്രഭാതഭക്ഷണം ആരോഗ്യത്തിനു വളരെ നല്ലതാണ്. ശരീരത്തിനു വേണ്ട പോഷകങ്ങളെല്ലാം ഉൾപ്പെടുത്തിയുള്ള ഒരു ബ്രേക്ക്ഫാസ്റ്റ് നിങ്ങൾക്കുവേണ്ട എനർജി തരുമെന്നു മാത്രമല്ല പിന്നീടുള്ള ഭക്ഷണത്തില്‍ വേണ്ടതുമാത്രം ഉൾപ്പെടുത്താൻ സഹായിക്കുകയും ചെയ്യും.
3. കൃത്യസമയത്ത് ഭക്ഷണം കഴിക്കാം
ഒരു ഡയറ്റ് നോക്കുന്ന വ്യക്തിക്ക് തീർച്ചയായും ഇത്ര സമയത്തിനുള്ളിൽ ഭക്ഷണം കഴിക്കണം എന്ന ധാരണയുണ്ടാകും. ആ ശീലം തെറ്റിക്കാതിരിക്കുന്നതാണ് നല്ലത്. പാർട്ടിയായാലും ഉത്സവമായാലും ശരിയായ സമയത്ത് ഭക്ഷണം കഴിച്ചാൽ അധികം വിശക്കില്ല. വിശപ്പ് നിയന്ത്രണത്തിലാണെങ്കിൽ വാരിവലിച്ച് കഴിക്കില്ലെന്ന കാര്യത്തിലും ഉറപ്പ്.
4. അളവറിഞ്ഞ് കഴിക്കാം
എന്തു കഴിച്ചാലും അളവ് അറിഞ്ഞു വേണം കഴിക്കാൻ. പലപ്പോഴും മധുരം കഴിക്കുന്നതല്ല പ്രശ്നം. യാതൊരു നിയന്ത്രണവുമില്ലാതെ മധുരപലഹാരങ്ങളും, എണ്ണപ്പലഹാരങ്ങളും കഴിക്കുമ്പോഴാണ് ഡയറ്റിന്റെ താളം തെറ്റുന്നത്. ഒരു ചടങ്ങിലോ പാർട്ടിയിലോ പങ്കെടുക്കുമ്പോൾ സ്വാഭാവികമായും സ്വന്തം ഡയറ്റിലുൾപ്പെടുത്തിയിരിക്കുന്ന ഭക്ഷണം കഴിക്കാൻ സാധിക്കില്ല. എന്നാൽ കഴിക്കുന്ന വിഭവങ്ങളൊക്കെയും ചെറിയ അളവിൽ ചെറിയ പാത്രങ്ങളിൽ വിളമ്പി കഴിക്കുന്നത് നല്ലതാണ്.
5. ആസ്വദിച്ച് കഴിക്കുക
പലപ്പോഴും ടിവിയുടെ മുന്നിലോ കയ്യിൽ മൊബൈൽ ഫോണോ ഒക്കെ ആയിട്ടാവും ഭക്ഷണം കഴിക്കാനിരിക്കുക. ആഹാരത്തിൽ ശ്രദ്ധ ഇല്ലാത്തതുകൊണ്ടുതന്നെ എന്താണ് കഴിക്കുന്നതെന്നോ എത്ര കഴിച്ചുവെന്നോ ഒരു ധാരണയും ഉണ്ടായിരിക്കില്ല. വയറു നിറയുകയുമില്ല. അതുകൊണ്ട് കഴിക്കുന്ന ഭക്ഷണത്തെ കണ്ടും, മണത്തും, രുചിച്ചും തന്നെ കഴിക്കണം. ആഹാരത്തെ അറിഞ്ഞു കഴിച്ചാൽ വയറു മാത്രമല്ല മനസ്സും പെട്ടെന്നു നിറയും.
6. ഹെൽത്തി ഫുഡിന് പ്രാധാന്യം
ഇഷ്ടമുള്ള ഭക്ഷണങ്ങൾ കഴിക്കുമ്പോഴും പച്ചക്കറിയും പയറുവർഗങ്ങളും ഇലക്കറികളുമെല്ലാം അടങ്ങുന്ന ആഹാരം കണ്ടാൽ ഒഴിവാക്കരുത്. പഴങ്ങൾ, നട്സ്, വെജിറ്റബിൾസ് എന്നിവയ്ക്ക് പ്രാധാന്യം നൽകണം.
7. വെള്ളംകുടി മുടക്കരുത്
ശരീരത്തിന് ആവശ്യമായ വെള്ളം കിട്ടാത്ത സാഹചര്യത്തിൽ അതു വിശപ്പെണെന്നു തെറ്റിദ്ധരിച്ച് കൂടുതൽ ഭക്ഷണം കഴിക്കാറുണ്ട്. ആ തെറ്റ് ചെയ്യാതിരിക്കുക. കഴിയുന്നത്ര വെള്ളം കുടിക്കുന്നതാണ് നല്ലത്. അല്ലാത്തപക്ഷം കഴിക്കുന്ന ആഹാരത്തിന്റെ അളവ് കൂടും, പെട്ടെന്നു ക്ഷീണിക്കുകയും ചെയ്യും.
8. മധുരം കഴിക്കാം ശ്രദ്ധയോടെ
മധുരപലഹാരങ്ങളും, ചേക്ലേറ്റുമൊന്നും ഇല്ലാതെ ആഘോഷങ്ങളുണ്ടോ? അതുകൊണ്ടുതന്നെ മുന്നിലിരിക്കുന്ന മധുരത്തിനോടു മുഖം തിരിക്കാന്‍ ബുദ്ധിമുട്ടുണ്ടാവും. ഏറ്റവും ഇഷ്ടപ്പെട്ട മധുരപലഹാരങ്ങൾ കഴിക്കുന്നത് തെറ്റല്ല. എന്നാൽ അളവ് ശ്രദ്ധിക്കണം. എല്ലാ മധുരങ്ങളും കഴിക്കണമെന്ന് നിർബന്ധം പിടിക്കാതെ ഏറ്റവും കൊതി തോന്നുന്ന മധുരങ്ങൾ അൽപ്പം കഴിക്കാം.
9. ചിന്തിച്ച് തിരഞ്ഞെടുക്കണം
ഒരു കല്യാണത്തിനു ചെന്നാൽതന്നെ എന്തൊക്കെ വിഭവങ്ങളാവും മുന്നിൽ നിരത്തുക. അതിൽ നിന്നും വേണ്ടത് മാത്രം കഴിക്കുക എന്നതാണ് പ്രധാനം. ഇഷ്ടമുള്ള രണ്ടോ മൂന്നോ വിഭവങ്ങൾ എടുക്കാം. അപ്പോഴും ആരോഗ്യത്തെ ഓർക്കാതെ ഭക്ഷിക്കരുത്.
10. ഓടിച്ചാടി നടക്കാം
ആഘോഷ ദിവസം ഒന്നും ചെയ്യാതെ ഒരിടത്ത് ഇരിക്കാൻ നോക്കരുത്. നല്ല പോലെ ഭക്ഷണം കഴിച്ചതുകൊണ്ടുതന്നെ ശരീരം നന്നായി അനങ്ങുന്നത് നല്ലതാണ്. മടി പിടിച്ചിരിക്കാതെ കൂട്ടുകാർക്കും കുടുംബത്തിനുമൊപ്പം നടന്നും ഡാൻസ് ചെയ്തും അടിച്ചുപൊളിക്കാം.
ഇഷ്ടഭക്ഷണം കഴിച്ച് എങ്ങനെ ശരീരഭാരം കുറയ്ക്കാം: വിഡിയോ