ദിവസം ആരംഭിക്കുന്നത് ഈ ഭക്ഷണങ്ങൾ കഴിച്ചു കൊണ്ടാണോ? എങ്കിൽ പ്രമേഹം ഉറപ്പ്!
Mail This Article
നാം ഉറക്കമുണർന്ന് രാവിലെ ആദ്യം കഴിക്കുന്ന ഭക്ഷണ, പാനീയങ്ങൾ ആ ദിവസം മുഴുവനുമുള്ള നമ്മുടെ ഊർജത്തെ ബാധിക്കും. എന്നാൽ ചില ഭക്ഷണവിഭവങ്ങൾ വെറും വയറ്റിൽ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ തോതും ശരീരഭാരവും ഉയർത്തുമെന്ന് പ്രമുഖ ന്യൂട്രീഷനിസ്റ്റ് ലവ്‌നീത് ബത്ര പറയുന്നു. ഇനി പറയുന്ന മൂന്ന് ഭക്ഷണപാനീയങ്ങൾ പ്രഭാതഭക്ഷണത്തിന് നല്ലതല്ലെന്ന് സമൂഹമാധ്യത്തിൽ പങ്കുവച്ച പോസ്റ്റിൽ ലവ്‌നീത് ചൂണ്ടിക്കാട്ടി.
1. ചായ / കാപ്പി
2. ഫ്രൂട്ട് ജ്യൂസ്
3. ബ്രേക്ക്ഫാസ്റ്റ് സിറിയലുകളും എനർജി ബാറും
കഫൈൻ അടങ്ങിയിട്ടുള്ള ചായയും കാപ്പിയും രക്തത്തിലെ ഗ്ലൂക്കോസ് 50 ശതമാനം വര്‍ധിപ്പിക്കുമെന്നാണ് ലവ്‌നീതിന്റെ അഭിപ്രായം. എന്നാൽ ഇതിന് പകരം ഫ്രൂട്ട് ജ്യൂസ് കഴിച്ചേക്കാമെന്ന് കരുതിയാൽ അതും പ്രശ്നമാണ്. പായ്ക്ക് ചെയ്തു വരുന്ന ജ്യൂസിൽ പഞ്ചസാര അധികമായി ചേർത്തിട്ടുണ്ടാകുമെന്നതാണ് കാരണം. ഫ്രഷ് ജ്യൂസ് ആണെങ്കിലും വെറും വയറ്റിൽ നന്നാകില്ലെന്ന് അഭിപ്രായപ്പെടുന്നു. കോൺ സിറപ്പ്, പ്രിസർവേറ്റീവുകൾ, ഫ്ളേവറിങ് ഏജന്റുകൾ എന്നിവ ചേർത്തതിനാൽ ബ്രേക്ഫാസ്റ്റ് സിറിയലുകളും ലവ്നീത് ശുപാർശ ചെയ്യുന്നില്ല.
ഇവയ്ക്ക് പകരം ഇനി പറയുന്ന ഭക്ഷണപാനീയങ്ങളുമായി ദിവസം ആരംഭിക്കണമെന്ന് ലവ്നീത് പറയുന്നു.
1. ഉണർന്നെഴുന്നേറ്റ ശേഷം ചൂട് വെള്ളം കുടിക്കാം.
2. തലേദിവസം രാത്രി വെള്ളത്തിൽ കുതിർത്തു വച്ച നട്സും വിത്തിനങ്ങളും കഴിക്കാം.
3. മുട്ട, പച്ചക്കറികൾ, പയർ മുളപ്പിച്ചത്, പരിപ്പ് എന്നിങ്ങനെ പ്രോട്ടീനും ഫൈബറും അധികമുള്ള ഭക്ഷണങ്ങൾ പ്രഭാതത്തിൽ കഴിക്കാം.
4. സ്റ്റീൽ കട്ട് ഓട്സും ഹോൾ മിൽക്കും ചേർത്ത വിഭവവും പ്രഭാതഭക്ഷണത്തിന് നല്ലതാണ്.
ഈ ഭക്ഷണങ്ങൾ ദീർഘനേരം വയർ നിറഞ്ഞ പ്രതീതി ഉണ്ടാക്കുമെന്നും പഞ്ചസാരയുടെ തോത് ഉയർത്തില്ലെന്നും ഹോർമോണുകളെ ശാന്തമാക്കുമെന്നും ലവ്നീത് ബത്ര കൂട്ടിച്ചേർക്കുന്നു.