പഞ്ചസാരയോടുള്ള അമിതാസക്തി കുറയ്ക്കണോ? പരീക്ഷിക്കാം ഈ സസ്യങ്ങള്‍
Mail This Article
ശാരീരികവും മാനസികവും പാരിസ്ഥിതികവുമായ നിരവധി ഘടകങ്ങള്‍ പഞ്ചസാരയോടുള്ള നമ്മുടെ ആസക്തിയെ സ്വാധീനിക്കാറുണ്ട്. എന്നാല്‍ ഈ ആസക്തിയെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന ചില ഔഷധസസ്യങ്ങള്‍ പരിചയപ്പെടാം.
1. ഉലുവ
രക്തപ്രവാഹത്തിലേക്കുള്ള പഞ്ചസാരയുടെ ആഗീരണം മെല്ലെയാക്കാന്‍ സഹായിക്കുന്ന സോല്യുബിള്‍ ഫൈബര്‍ ഉലുവയില്‍ അടങ്ങിയിരിക്കുന്നു. ഇത് പഞ്ചസാരയുടെ തോതിനെയും ഇതിനോടുള്ള ആസക്തിയെയും നിയന്ത്രിക്കുകയും ഗ്ലൈസിമിക് നിയന്ത്രണം മെച്ചപ്പെടുത്തുകയും ചെയ്യും.
2. കറുവപ്പട്ട
ഇന്‍സുലിന്‍ സംവേദനത്വം മെച്ചപ്പെടുത്തി രക്തത്തിലെ പഞ്ചസാരയുടെ തോതിനെ നിയന്ത്രിക്കാന്‍ കറുവപ്പട്ട സഹായിക്കും. പ്രമേഹരോഗികളുടെ ആരോഗ്യത്തിനും ഇത് നല്ലതാണ്.
3. ചക്കരക്കൊല്ലി
മലയാളത്തില്‍ ചക്കരക്കൊല്ലിയെന്നും സംസ്‌കൃതത്തില്‍ മധുനാശിനിയെന്നും അറിയപ്പെടുന്ന ജിംനേമ സില്‍വെസ്‌ട്രേ പ്രമേഹ നിയന്ത്രണത്തിന് ഉപയോഗിച്ച് വരുന്ന ആയുര്‍വേദ മരുന്നാണ്. വായിലെ മധുരത്തെ ബ്ലോക്ക് ചെയ്യുന്ന ഈ ഔഷധം അത് വഴി പഞ്ചസാരയോടുള്ള ആസക്തി കുറയ്‌ക്കുന്നു.
4. ഡാന്‍ഡിലിയോണ്‍ ചെടിയുടെ വേര്
ജമന്തിയുടെ വിഭാഗത്തില്‍പ്പെടുന്ന ഡാന്‍ഡിയിലോണ്‍ ചെടി നമ്മുടെ നാട്ടിന്‍പുറത്തെ ചുറ്റുപാടുകളില്‍ സര്‍വസാധാരണമായി കാണുന്നതാണ്. ഇതിന്റെ വേരുകള്‍ കരളിനെ വിഷമുക്തമാക്കുന്നു. ഇന്‍സുലിന്‍ സംവേദനത്വം മെച്ചപ്പെടുത്താനും മധുരത്തോടുള്ള ആസക്തി കുറയ്‌ക്കാനും ഇത് നല്ലതാണ്.
5. ഇരട്ടി മധുരത്തിന്റെ വേര്
പഞ്ചസാരയുടെ ദോഷഫലങ്ങളില്ല, എന്നാല്‍ മധുരം ഉണ്ട്‌താനും. ഇതാണ് ഇരട്ടി മധുരത്തിന്റെ പ്രത്യേകത. ഇതിന്റെ വേരിലെ ചില സംയുക്തങ്ങള്‍ക്ക് പഞ്ചസാരയുടെ തോതിനെ നിയന്ത്രിക്കാന്‍ കഴിയും.
6. തുളസി
ആന്റി ഡയബറ്റിക് ഗുണങ്ങളുള്ള ചെടിയാണ് തുളസിയും. രക്തത്തിലെ പഞ്ചസാരയില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങളെ കുറയ്‌ക്കാനും പ്രമേഹ രോഗികളുടെ ആരോഗ്യം മെച്ചപ്പെടുത്താനും തുളസി സഹായകമാണ്.
7. മില്‍ക് തിസില്‍
ശരീരത്തെ വിഷമുക്തമാക്കാന്‍ സഹായിക്കുന്ന ഒരു തരം മുള്‍ചെടിയാണ് മില്‍ക് തിസില്‍. കരളിന്റെയും ദഹനസംവിധാനത്തിന്റെയും ആരോഗ്യത്തിനും ഇത് വളരെ നല്ലതാണ്. പ്രമേഹ രോഗികള്‍ക്കും മില്‍ക് തിസില്‍ ഫലപ്രദമാണ്.
8. ചൊറിയണം
കൊടിത്തൂവ, ചൊറിയണം എന്നെല്ലാം അറിയപ്പെടുന്ന നെറ്റില്‍ ലീഫ് നിറയെ ധാതുക്കളും പോഷണങ്ങളും അടങ്ങിയ ചെടിയാണ്. ശരീരത്തിലെ നീര്‍ക്കെട്ട് കുറയ്‌ക്കാനും രക്തത്തിലെ പഞ്ചസാരയുടെ തോത് നിയന്ത്രിക്കാനും ചൊറിയണം ഉപയോഗിക്കാറുണ്ട്. മധുരത്തോടുള്ള ആസക്തിയും ഇതില്ലാതാക്കും.
9. സ്‌റ്റീവിയ
മധുര തുളസി എന്നറിയപ്പെടുന്ന സ്റ്റീവിയ ചെടിയുടെ ഇലകള്‍ പഞ്ചസാരയ്‌ക്ക് പകരം ഉപയോഗിക്കാവുന്ന പ്രകൃതിദത്തമായ ഒരു വിഭവമാണ്. പ്രമേഹ രോഗികള്‍ക്ക് മധുരാസക്തി കുറയ്‌ക്കാനും രക്തത്തിലെ പഞ്ചസാരയുടെ തോത് നിയന്ത്രിക്കാനും ഇതുപയോഗിക്കാം.
10. ആര്യവേപ്പ്
പഞ്ചസാരയുടെ തോത് കുറയ്‌ക്കാനും ഇന്‍സുലിന്‍ സംവേദനത്വം മെച്ചപ്പെടുത്താനും മാത്രമല്ല ദഹനത്തെ പിന്തുണയ്‌ക്കാനും ആര്യവേപ്പിന്റെ ഇല നല്ലതാണ്.
ആയുര്‍വേദ ഡോക്ടറുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഈ ഔഷധസസ്യങ്ങള്‍ ഭക്ഷണക്രമത്തിന്റെ ഭാഗമാക്കാവുന്നതാണ്.
ഇഷ്ടഭക്ഷണം കഴിച്ച് എങ്ങനെ ശരീരഭാരം കുറയ്ക്കാം: വിഡിയോ