ADVERTISEMENT

ഓരോ ഒക്ടോബർ പത്തിനും മാത്രം ഗൗരവമായി ചിന്തിക്കേണ്ടതാണോ മാനസികാരോഗ്യം? ലോകാരോഗ്യ സംഘടന ഇത്തവണത്തെ മാനസികാരോഗ്യ ദിനത്തിന്റെ തീമായി നൽകിയിരിക്കുന്നത് മാനസികാരോഗ്യം ഒരു സാർവത്രിക അവകാശം (Mental Health is a Universal Right) എന്നതാണ്. പാർശ്വവൽക്കരിക്കപ്പെട്ട ആളുകള്‍ക്ക് സംരക്ഷണം കൊടുക്കാൻ വേണ്ടി എഴുതപ്പെട്ട നിയമങ്ങളെ അതിന്റെ മനഃശാസ്ത്രപരമായ തലം കൂടി ഉൾക്കൊണ്ട് ശരിയായ വിധത്തിൽ വിനിയോഗിക്കുമ്പോഴാണ് ഒരു മനുഷ്യാവകാശം എന്ന നിലയിൽ മാനസികാരോഗ്യം പരിരക്ഷിക്കപ്പെടുന്നത്. അല്ലാത്ത പക്ഷം നിയമങ്ങൾ വെറും വാചകക്കൂട്ടങ്ങളായി നിർജീവമായിരിക്കും. 

world-health-organisation-world-mental-health-day-theme

അവകാശം എന്നു പറയുമ്പോൾ, നമുക്ക് ഉന്നതമായ മാനസികാരോഗ്യം നേടിയെടുക്കാനുള്ള അവകാശം എന്നതാണ് പ്രധാനം. നമ്മുടെ മാനസികാരോഗ്യം നിലനിർത്താനായുള്ള ജീവിതസാഹചര്യങ്ങളും കിട്ടേണ്ടതാണ്. കുട്ടികളുടെ കാര്യത്തിൽ സമൂഹത്തിന് അവകാശങ്ങൾ ഉറപ്പു കൊടുക്കാൻ സാധിക്കും. വളരെ പ്രതികൂലമായ ജീവിത സാഹചര്യങ്ങളിലൂടെ കടന്നു പോകുന്ന കുട്ടികളുണ്ട്. അവരുടെ മാനസിക വളർച്ചയ്ക്കാവശ്യമായ തരത്തിൽ, നിയമപരമായ സംരക്ഷണവും കരുതലും വഴി, മെച്ചപ്പെട്ട രീതിയിലുള്ള സ്വഭാവരൂപീകരണത്തിനുള്ള ബദൽ സംവിധാനങ്ങൾ പള്ളിക്കൂടങ്ങളിലോ സാമൂഹിക സംവിധാനങ്ങളിലൂടെയോ ലഭ്യമാക്കേണ്ടതുണ്ട്. 

hands-holding-emoji-thitaree-sarmkasat-istock-photo-com
Representative Image. Photo Credit : ThitareeSarmkasat / iStockPhoto.com

കുട്ടികളുടെ കാര്യത്തിൽ സമൂഹത്തിന് ഇടപെടാൻ സാധ്യതയുള്ളപ്പോൾ മുതിർന്ന വ്യക്തികളുടെ കാര്യത്തിൽ പരിമിതികളുണ്ട്. ഉദാഹരണമായി, ഗാർഹികപീഡനങ്ങളിൽ, മാനസികാരോഗ്യത്തോടെയിരിക്കാനുള്ള ഒരു സ്ത്രീയുടെ അവകാശം ലംഘിക്കപ്പെടുന്നുണ്ട്. പക്ഷേ ആ മനുഷ്യാവകാശം പുനഃസ്ഥാപിക്കണമെങ്കിൽ നമുക്ക് വേറെ നിയമങ്ങളുടെ പിൻബലം വേണ്ടി വരും. ഗാർഹിക പീഡനമേൽക്കുന്ന സ്ത്രീക്ക് ഭർത്താവിൽനിന്ന് സംരക്ഷണം കൊടുക്കുന്നു എന്നുള്ളതിൽ മാത്രം നിൽക്കാതെ അതിനപ്പുറമുള്ള മാനസികാരോഗ്യ സംരക്ഷണം കൂടി നൽകണം. 

അയ്യോ, ആളുകൾ എന്തു വിചാരിക്കും?

വർഷങ്ങൾക്ക് മുൻപ് ലാൻസെന്റ് ജേണലിൽ വന്ന ഒരു പഠനം മാനസികാരോഗ്യത്തിനു ചികിൽസ തേടാനുള്ള വിമുഖത വെളിപ്പെടുത്തുന്നു.  27 രാജ്യങ്ങളിലായി 700 പേരിൽ നടത്തിയ സർവേയിൽ 72 ശതമാനം പേരും അവർക്ക് മാനസിക ദൗർബല്യമുണ്ടെന്ന് പുറത്ത് പറയാൻ മടിയുള്ളതായി വെളിപ്പെടുത്തി. അതിന് അവർ പറഞ്ഞ കാരണങ്ങൾ പലതായിരുന്നു. രോഗവിവരം വെളിപ്പെടുത്തിയാൽ ജോലിക്കോ വിദ്യാഭ്യാസത്തിനോ അപേക്ഷിക്കുമ്പോൾ മനോരോഗിയെന്ന് മുദ്ര ചാർത്തി മാറ്റി നിർത്തുമെന്നായിരുന്നു അതിലൊന്ന്. എനിക്ക് രോഗമുണ്ടെന്ന് അറിഞ്ഞാൽ എന്താകും പങ്കാളിയുടെയും ബന്ധുക്കളുടെയും പ്രതികരണമെന്ന ആശങ്ക സർവേയിൽ പങ്കെടുത്തവർ ഉന്നയിക്കുന്നു. രോഗത്തെക്കുറിച്ച് പുറത്ത് പറയുവാൻ മടിയുള്ള ആളുകളെ  ശാസ്ത്രീയമായ ചികിത്സാസമ്പ്രദായങ്ങളുമായി കണ്ണി ചേർക്കുവാൻ ബുദ്ധിമുട്ട് വരും. ഇതാണ് മാനസികാരോഗ്യ ചികിൽസയിൽ നാം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. 

mood-swing-emoji-picture-istock-photo-com
Representative Image. Photo Credit : Picture / iStockPhoto.com

വർഷങ്ങൾക്ക് മുൻപ്, മനോദൗർബല്യത്തിൽനിന്നു ചികിൽസ വഴി വിമുക്തരായവരുടെ കൂട്ടായ്മ സംഘടിപ്പിക്കാൻ നടത്തിയ ശ്രമം ഇപ്പോഴും മനസ്സിൽ തെളിയുന്നു. രോഗമുക്തി തേടിയവരും അവരുടെ ബന്ധുക്കളുമായി ചേർന്നിട്ടുള്ള സൗഹൃസദസ്സ് എന്ന ആശയം പങ്കുവച്ചപ്പോൾത്തന്നെ, തങ്ങളുടെ വിവരങ്ങൾ മാധ്യമങ്ങളിലൂടെ സമൂഹത്തിൽ അറിയുമോ എന്നായിരുന്ന ആദ്യ ചോദ്യം. ഞങ്ങളുടെ കുടുംബത്തിൽ ഒരാൾക്ക് രോഗമുണ്ടെന്ന് അറിഞ്ഞാൽ ആളുകൾ എന്തു വിചാരിക്കും എന്നായിരുന്നു പലരുടെയും ആശങ്ക. അവസാനം അതീവരഹസ്യമായി, മാധ്യമങ്ങളുടെ സാന്നിധ്യമുണ്ടാകില്ലെന്ന് ഉറപ്പ് വരുത്തിയാണ് കൂട്ടായ്മ സംഘടിപ്പിച്ചത്. മാനസികാസ്വാസ്ഥ്യത്തിന് ചികിൽസ തേടുന്നത് വലിയൊരു കുറവായി കാണുന്ന കാലത്തോളം മനസ്വാസ്ഥ്യം ആഗോളമായ അവകാശമായി കണക്കാക്കപ്പെടുമോ എന്ന കാര്യത്തിൽ സംശയമാണ്. 

മനോദൗർബല്യമുള്ളവരെല്ലാം അക്രമകാരികളോ?

മകൻ അമ്മയെ അടിച്ചു കൊന്നു‌ അല്ലെങ്കിൽ സഹോദരനെ അടിച്ചു കൊന്നു തുടങ്ങിയ വാർത്തകൾ മാധ്യമങ്ങളിൽ പലപ്പോഴും കാണാറുണ്ട്.  പ്രതിക്ക് മനോദൗർബല്യം ഉണ്ടായിരുന്നതായി പറയപ്പെടുന്നു എന്ന പരാമർശവും കാണാറുണ്ട്. പല സമയത്തും മതിയായ ചികിത്സ കിട്ടാതെയാകും ആളുകൾ അക്രമാസക്തരാകുന്നത്. മനോദൗർബല്യത്തിന് ചികിൽസ തേടുന്ന വ്യക്തികളിൽ രണ്ടു ശതമാനം മാത്രമാണ് അക്രമാസക്തരാകുന്നത്. അതിന് എല്ലാവരെയും അതേ തലത്തിൽത്തന്നെ വിലയിരുത്തുന്നത് ശരിയാണോ? ഒരു വ്യക്തി അമ്പരപ്പിക്കുന്ന പെരുമാറ്റങ്ങൾ കാണിക്കുകയും അക്രമാസക്തരാകുകയും ചെയ്യുമ്പോൾ മാനസികാരോഗ്യ നിയമം അനുശാസിക്കുന്ന രീതിയില്‍ ചികിത്സിക്കാൻ കൊണ്ടുപോയി എന്നൊരൊറ്റ കാരണം കൊണ്ട്, രോഗവിമുക്തിക്കു ശേഷവും അയാളെ ഒറ്റപ്പെടുത്താൻ പാടില്ല. അയാൾ മുൻപു കാട്ടിയ അക്രമാസക്തമായ പെരുമാറ്റം രോഗത്തിന്റെ ലക്ഷണമാണെന്ന തിരിച്ചറിവ് സമൂഹത്തിന് വേണ്ടതാണ്. കാരണം ഒരു ഗുണ്ട ആളുകളെ വെട്ടിക്കൊല്ലുന്നതുപോലെയല്ല ഒരുവ്യക്തി ദുർബലനിമിഷത്തിൽ സ്വന്തം മാതാവിനെയോ പിതാവിനെയോ സഹോദരനെയോ കൊലപ്പെടുത്തുന്നത്. മറ്റു ചില രോഗികൾ അവർക്ക് രോഗത്തെക്കുറിച്ച് ഉൾക്കാഴ്ച ഇല്ലാത്തതു കൊണ്ട് ചികിത്സ തേടാറില്ല. ആ വ്യക്തി ചികിൽസയ്ക്കു സമ്മതിക്കില്ല എന്ന ന്യായം പറഞ്ഞ് നമ്മളും അവരെ അങ്ങനെ തന്നെ തുടരാൻ വിടുന്നു. അത് ആ വ്യക്തിയുടെ ചികിത്സിക്കപ്പെടുക എന്ന അവകാശത്തിന്റെ നിഷേധമാണെന്ന കാര്യം നാം സൗകര്യപൂർവം മറക്കുന്നു.

സമുഹത്തിന് വേണ്ടത് മാനസികാരോഗ്യ പ്രഥമ ശുശ്രൂഷാ മനോഭാവം

വ്യക്തികൾ ജീവിതത്തിലെ പ്രതിസന്ധികളിലുടെ കടന്നു പോകുമ്പോൾ, സമുഹത്തിനു വേണ്ടത് മാനസികാരോഗ്യ പ്രഥമ ശുശ്രൂഷാ മനോഭാവമാണ്. റോഡിൽ അപകടത്തിൽ പരുക്കേറ്റ് കിടക്കുന്ന വ്യക്തികളെ ആശുപത്രിയിലെത്തിക്കാൻ നാം കാണിക്കുന്ന ജാഗ്രത ചുറ്റും ജീവിക്കുന്ന വ്യക്തികളുടെ കാര്യത്തിലും വേണം. ആരും പെട്ടെന്ന് മനോദൗർബല്യമുള്ളവരായി മാറുന്നില്ല. ഘട്ടം ഘട്ടമായി ഒരാളുടെ സ്വാഭാവത്തിൽ വരുന്ന മാറ്റങ്ങളെ സൂക്ഷ്മമായി അടുത്തറിയാൻ ഉൾക്കണ്ണു കൊണ്ട് കാണുക എന്ന സിദ്ധിയാണ് വേണ്ടത്. ഭാവമാറ്റം, പെരുമാറ്റത്തിലെ മാറ്റം, വർത്തമാനത്തിലെ വൈരുദ്ധ്യം, അലക്ഷ്യമായ വസ്ത്രധാരണം, ഭക്ഷണം കുറയ്ക്കുക, ഉൾവലിച്ചിൽ, പഴയ പോലെയുള്ള പ്രസരിപ്പില്ലായ്മ അങ്ങനെയുള്ള മാറ്റങ്ങൾ തിരിച്ചറിയുക എന്നതാണ് ആദ്യ ഘട്ടം. ‘ചങ്ങാതീ താൻ പഴയ പോലെ അല്ലല്ലോ. എന്തോ ചില മാറ്റങ്ങൾ ഉണ്ട്. എന്ത് വിഷമം ഉണ്ടെങ്കിലും പറയൂ. ഞാൻ കേൾക്കാം...’ എന്ന ഒറ്റവാചകത്തിൽ ഒരു ജീവൻ രക്ഷിക്കാൻ നമുക്ക് സാധിക്കും. കേൾക്കുകയെന്നതാണ് രണ്ടാമത്തെ ഘട്ടം. ചിലപ്പോൾ പ്രയാസം പങ്കുവയ്ക്കുമ്പോൾ കേൾവിക്കാരനു അത് പരിഹരിക്കാനുള്ള കഴിവ് ഉണ്ടാവണമെന്നില്ല. ഓരോ വ്യക്തിയുടെയും പ്രശ്നങളുടെ പരിഹാരത്തിനു അതാത് മേഖലകളിൽ കഴിവ് ഉള്ളവരിലേക്ക്  കണ്ണി ചേർക്കുകയാണ് വേണ്ടത്. ആ വ്യക്തിയുടെ പ്രശ്നം സാമ്പത്തിക ബുദ്ധിമുട്ടോ ഒരു സാമൂഹിക സേവനത്തിൽ കൂടി പരിഹരിക്കാവുന്ന പ്രശ്നമോ ആണെങ്കിൽ കണ്ണി ചേർത്തു കൊടുക്കേണ്ടത് അത്തരം സംവിധാനങ്ങളുമായിട്ടാണ്. ശാസത്രീയമായി ചികിൽസ നൽകുന്ന വിദ്ഗദരുമായാണ് മാനസിക ആരോഗ്യ ചികിൽസയ്ക്ക് കണ്ണി ചേർക്കേണ്ടത്. 

1280573180
Representative Image. Photo Credit : Deepak Sethi / iStockPhoto.com

മനോദൗർബല്യം മറച്ചുപിടിക്കേണ്ടതാണോ?

കാലത്തിനൊത്ത്  മനോദൗർബല്യത്തെക്കുറിച്ച് സമൂഹത്തിന്റെ കാഴ്ചപ്പാടിലും മാറ്റം വരേണ്ടതാണ്. വേറെ ഏത് രോഗത്തെപ്പോലെയും മനോദൗർബല്യത്തെയും കണക്കാക്കി ചികിൽസ തേടാനുള്ള സാഹചര്യം ഒരുക്കുകയാണ് വേണ്ടത്. മനോദൗർബല്യമുള്ളവർ അമ്പരപ്പിക്കുന്ന ചില പെരുമാറ്റങ്ങളോ ചേഷ്ടകളോ കാണിച്ചാൽ അതിനെ അതേ രീതിയിൽ അനുകമ്പയോടെ ഉൾക്കൊള്ളാനും ചികിൽസ തേടാൻ പ്രോത്സാഹിപ്പിക്കുകയും വേണം. ചികിൽസയിലൂടെ രോഗവിമുക്തി നേടിയവരെ മുൻകാലചരിത്രം മുൻനിർത്തി ഒറ്റപ്പെടുത്തുന്നത് അയാളോടുള്ള മനുഷ്യാവകാശലംഘനമല്ലേ? മാനസികസ്വാസ്ഥ്യം നഷ്ടപ്പെടുമ്പോൾ അതു രഹസ്യമാക്കി വയ്ക്കാതെ അതിനെക്കുറിച്ചു തുറന്നു പറയുകയും സഹായം തേടാൻ വ്യക്തികളെ പ്രോത്സാഹിപ്പിക്കുകയാണ് സമൂഹം ചെയ്യേണ്ടത്. അങ്ങനെ ചെയ്യുമെന്ന പ്രതിജ്ഞ എല്ലാവരും എടുക്കണം.

മാനസികാരോഗ്യത്തെക്കുറിച്ചും മാനസിക അസ്വാസ്ഥ്യങ്ങളെക്കുറിച്ചും മറയില്ലാതെ തുറന്നു പറയാനും അതിന് സഹായം തേടാനുളള മനഃസ്ഥിതി വരണം. ഒരു പ്രഫഷണൽ ഹെൽപ് എടുത്തിട്ട് അതിൽ നിന്നു ഗുണം കിട്ടിയിട്ടുണ്ടെങ്കിൽ അതിനെക്കുറിച്ച് തുറന്നു പറയാനും മടിക്കരുത്.  അപ്പോൾ മാത്രമാണ്  മാനസികാരോഗ്യം ഒരു സാർവത്രിക അവകാശം എന്ന തീം എല്ലാ അർഥത്തിലും യാഥാർഥ്യമാകുക. 

(ലേഖകൻ കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ മാനസികാരോഗ്യ വിദഗ്ധനാണ്‌)

English Summary:

Mental health is a universal human right

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT