ADVERTISEMENT

ഇപ്പോഴും ഓർക്കുന്നു, ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ സിസേറിയൻ ഓപ്പറേഷൻ കഴിഞ്ഞ് നേർത്ത ബോധത്തിലാണ് ഞാൻ കിടക്കുന്നത്. ഡോക്ടറും സഹായികളും പരിഭ്രമം കലർന്ന ശബ്ദത്തിൽ പരസ്പരം എന്തൊക്കെയോ പറയുന്നു. ആ വാക്കുകളിൽ നിന്ന് എനിക്കു മനസ്സിലാക്കാൻ കഴിഞ്ഞു; എന്റെ മോൻ വലിയ എന്തൊക്കെയോ വൈകല്യങ്ങളോടെയാണ് ജനിച്ചിരിക്കുന്നത്. കുഞ്ഞിനെ ആദ്യമായി കണ്ട നിമിഷവും ജീവിതത്തിൽ ഒരിക്കലും മറക്കാനാവില്ല. ഒരു കൈ ഇല്ല. രണ്ട് കാലുകൾക്കും മുട്ടിനു താഴെ വളർച്ചയില്ല. പാദങ്ങൾക്കു പകരം മാംസപിണ്ഡം. നല്ല രീതിയിൽ മുച്ചുണ്ടും ഉണ്ട്. ഇടതു കണ്ണിനു താഴെയായി മുഖത്ത് വെട്ടേറ്റപോലെ ഒരു പാട്. ഒരു അമ്മയെ സംബന്ധിച്ച് അതീവ ഹൃദയഭേദകമായ കാഴ്ചയായിരുന്നു അത്. ഉൾക്കൊള്ളാൻ ഒട്ടും പറ്റാത്ത കാഴ്ച. എങ്ങനെ ഈ കുഞ്ഞു ജീവിക്കും. എങ്ങനെ ഈ മോനെ ഞാൻ വളർത്തും. എന്നൊക്കെയുള്ള നൂറായിരം ആശങ്കകൾ മനസ്സിലൂടെ കടന്നുപോയി. 

പക്ഷേ, ഇത്രയേറെ പരിമിതികളോടെ ജനിച്ചിട്ടും അപ്പു സ്വപ്നം കാണുന്നത് ഭിന്നശേഷിയുള്ള കുട്ടികൾ ചിന്തിക്കാൻ ഇടയില്ലാത്ത മിസ്റ്റർ ഇന്ത്യ– മിസ്റ്റർ കേരള പട്ടമാണെന്ന് ഓർക്കുമ്പോൾ അഭിമാനമുണ്ട്. മിസ്റ്റർ ആലപ്പുഴ, മിസ്റ്റർ കേരള മത്സരങ്ങളിൽ ഈ വർഷം അവൻ പങ്കെടുക്കുകയും ചെയ്തു. പരിമിതികളെ മറികടന്ന് അവൻ ദിവസവും ജിമ്മിൽ പോകും. 

ഒട്ടും ലളിതമായിരുന്നില്ല ഇതുവരെയുള്ള യാത്ര. ഇതുവരെ 17 ശസ്ത്രക്രിയകൾ അപ്പുവിനു വേണ്ടി വന്നു. രണ്ടു കാലുകളുടെയും അറ്റത്ത് ചെറിയ മാംസപിണ്ഡം ഉണ്ടായിരുന്നു. അതില്‍ പഴുപ്പു ബാധിച്ചതോടെ ശസ്ത്രക്രിയ ചെയ്ത് നീക്കം ചെയ്തു. ഇങ്ങനെ പല തവണ കാലുകൾക്ക് സർജറി വേണ്ടി വന്നു. മുച്ചുണ്ട് മാറാനും വായ്ക്കുള്ളിലും അണ്ണാക്കിലും ഒക്കെയായി നാലിലേറെ സർജറികൾ. കണ്ണിനും മുഖത്തെ പാടുകള്‍ മാറാനും കാഴ്ചശക്തി കിട്ടാനും കേൾവിശക്തി കിട്ടാനുമൊക്കെയായി നിരന്തരം ശസ്ത്രക്രിയയും ആശുപത്രിവാസവുമായിരുന്നു. ഇനിയും രണ്ട് സർജറികൾ കൂടി അവന് ആവശ്യമുണ്ട്. 

അമ്പലപ്പുഴയാണ് ഞങ്ങളുടെ നാട്. വിവാഹം കഴിഞ്ഞ് 7 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് എനിക്കും ഭർത്താവ് പുഷ്കരനും ഒരു പെൺകുഞ്ഞ് ജനിക്കുന്നത്. മോൾ അഞ്ജു ജനിച്ച് അഞ്ചു വർഷങ്ങൾക്കു ശേഷമാണ് മോൻ അപ്പു ജനിക്കുന്നത്. ഭർത്താവിന് കൂലിപ്പണിയായിരുന്നു. മോൾ സ്കൂളിൽ പോകാൻ തുടങ്ങിയതോടെ ഞാനും ജോലിക്കു പോയിത്തുടങ്ങി. അമ്പലപ്പുഴ ഗവ. മോഡൽ ഹയർസെക്കൻഡറി സ്കൂളിലാണ് എന്റെ രണ്ടു മക്കളും പഠിച്ചത്. പ്രിൻസിപ്പലും അധ്യാപകരും ചേർന്ന് എന്നെ സ്കൂളിൽ സഹായിയായി ജോലിക്കു നിർത്തി. അധ്യാപകർ സ്നേഹപൂർവം നൽകുന്ന സാമ്പത്തിക സഹായം കൊണ്ടാണ് ഞങ്ങളുടെ കുടുംബം ഇപ്പോഴും കഴിയുന്നത്. വെപ്പുകാൽ ഉണ്ടായിരുന്നെങ്കിലും നടക്കാൻ ബുദ്ധിമുട്ടായിരുന്ന അപ്പുവിനെ അഞ്ചാം ക്ലാസിൽ പഠിക്കുന്നതു വരെ ഞാൻ എടുത്തുകൊണ്ടാണ് സ്കൂളിൽ പോയിരുന്നത്. പ്ലസ്ടുവും ഡിഗ്രിയും പാസായി ഇപ്പോൾ അവൻ ഗ്രാഫിക് ഡിസൈനിങ് കോഴ്സ് പഠിക്കുകയാണ്. 

മൂന്നു വർഷം മുൻപ് ഒരു ദിവസം അവൻ വല്ലാത്ത വിഷമത്തിൽ ഇരിക്കുന്നതു കണ്ട് എന്താണു കാര്യമെന്ന് ഞാൻ ചോദിച്ചു. ഏറെ നിർബന്ധിച്ചപ്പോള്‍ അവൻ പറഞ്ഞു, ‘‘അമ്മേ, മറ്റുള്ളവരെപ്പോലെ എനിക്കും ജിമ്മിൽ പോകണമെന്ന് ആശയുണ്ടായിരുന്നു. ഇന്ന് ഞാൻ ഒരു ജിമ്മിൽ ചേരാൻ പോയപ്പോൾ നിന്നെക്കൊണ്ട് ഇതൊന്നും പറ്റില്ല എന്നു പറഞ്ഞ് ആശാൻ തിരിച്ചയച്ചു’’ എന്ന്. എനിക്കു വളരെയേറെ വിഷമമായി. പക്ഷേ, എന്തു പ്രതിസന്ധികളും ബുദ്ധിമുട്ടും ഉണ്ടായാലും തളരില്ല എന്ന വാശി അവനും എനിക്കും ഒരുപോലെയുണ്ട്. മറ്റൊരു ജിമ്മിൽ പോയി ചോദിക്കാന്‍ അവനോടു ഞാൻ പറഞ്ഞു. അങ്ങനെയാണ് വിഷ്ണു ആശാന്റെ അടുത്ത് അവൻ എത്തുന്നത്. നിനക്ക് പറ്റും, വേണ്ട പരിശീലനങ്ങൾ ഞങ്ങൾ തരാമെന്ന് ആശാൻ പറഞ്ഞു. അങ്ങനെയാണ് സൗന്ദര്യമത്സര പരിശീലനം ആരംഭിച്ചത്. ജിമ്മിന്റെ മൂന്നാം നില വരെ അവൻ വെപ്പുകാലുകൾ കൊണ്ട് നടന്നു കയറും. 

മിസ്റ്റർ ആലപ്പുഴ മത്സരത്തിൽ നാലാം സ്ഥാനം വരെ അപ്പു എത്തിയിരുന്നു. മിസ്റ്റർ കേരള മത്സരത്തിൽ പങ്കെടുത്തത് കോഴിക്കോടു വരെ പോയാണ്. ശരീരം വണ്ണം വയ്ക്കുമ്പോൾ അതിനു പാകമാകുന്ന വെപ്പുകാലുകൾ ഇല്ലാത്തത് ഒരു വലിയ പ്രശ്നമാണ്. ജിം പരിശീലിക്കുന്നവർക്കുള്ള പ്രത്യേക വെപ്പുകാലുകൾക്ക് രണ്ടു ലക്ഷം രൂപയോളമുണ്ട്. സർക്കാരിൽ നിന്നു മാസം കിട്ടുന്ന 1,600 രൂപ ഭിന്നശേഷി പെൻഷൻ കൊണ്ടാണ് മോൻ സ്വന്തം കാര്യങ്ങൾ നടത്തുന്നത്. സൗന്ദര്യമത്സരങ്ങളിലെ വിജയത്തോടൊപ്പം അവനു സ്ഥിരവരുമാനമുള്ള സർക്കാർ ജോലി കൂടി കിട്ടണമെന്നാണ് എന്റെ ആഗ്രഹം. 

English Summary:

Success Story of a Differently abled man

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com