ADVERTISEMENT

ശരീരം നല്ല ആരോഗ്യത്തോടെ ഇരിക്കുന്നതിന്റെ സൂചനകളില്‍ ഒന്നാണ്‌ നല്ല വിശപ്പ്‌. എന്തെങ്കിലും രോഗവുമായി ഡോക്ടറുടെ അടുക്കല്‍ പോകുമ്പോള്‍ വിശപ്പുണ്ടോ, വയറ്റില്‍ നിന്ന്‌ പോകുന്നുണ്ടോ എന്നെല്ലാം ഡോക്ടര്‍മാര്‍ ചോദിക്കുന്നതും ഇത്‌ കൊണ്ട്‌ തന്നെയാണ്‌. ജീവിതത്തില്‍ ചില സാഹചര്യങ്ങളില്‍ നമുക്ക്‌ വിശപ്പ്‌ തോന്നാതിരിക്കാറുണ്ട്‌. എന്തെങ്കിലും പ്രധാനപ്പെട്ട സംഗതി നടക്കാന്‍ പോകുന്നതിന്റെ ആവേശത്തില്‍ ചിലര്‍ക്ക്‌ വിശപ്പ്‌ തോന്നാതിരിക്കാം. ദുഃഖകരമായ എന്തെങ്കിലും ദുരന്തങ്ങള്‍ നേരിടേണ്ടി വരുമ്പോഴും ഇങ്ങനെ സംഭവിക്കാം. ഇവയെല്ലാം താത്‌ക്കാലികമായി സംഭവിക്കുന്നതും പിന്നീട്‌ പഴയപടി ആകുന്നതുമാണ്‌. എന്നാല്‍ ചിലപ്പോള്‍ പ്രത്യേകിച്ചു കാരണമൊന്നുമില്ലാതെ വിശപ്പ്‌ നഷ്ടമായെന്ന്‌ വരാം. ഇത്‌ ദീര്‍ഘകാലമായി തുടര്‍ന്നാല്‍ ശരീരത്തിലെ എന്തോ ഒരു തകരാറിലേക്കാണ്‌ ഈ ലക്ഷണം വിരല്‍ ചൂണ്ടുന്നതെന്ന്‌ കരുതണം. ഇനി പറയുന്ന രോഗങ്ങള്‍ മൂലം ഒരാള്‍ക്ക്‌ വിശപ്പ്‌ തോന്നാതിരിക്കാമെന്ന്‌ ഫരീദബാദ്‌ ഏഷ്യന്‍ ഹോസ്‌പിറ്റലിലെ അസോസിയേറ്റ്‌ ഡയറക്ടര്‍ ഡോ. രാജേഷ്‌ കുമാര്‍ ബുദ്ധിരാജ ഹിന്ദുസ്ഥാന്‍ ടൈംസിന്‌ നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. 

1. വയറിനും കുടലിനുമുള്ള പ്രശ്‌നങ്ങള്‍
ഇന്‍ഫ്‌ളമേറ്ററി ബവല്‍ ഡിസീസ്‌, ഗ്യാസ്‌ട്രിറ്റിസ്‌, പെപ്‌റ്റിക്‌ അള്‍സര്‍ എന്നിങ്ങനെ ദഹനനാളിയെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ വിശപ്പില്ലായ്‌മയ്‌ക്കും വയര്‍ വേദനയ്‌ക്കും കാരണമാകും. 

2. തൈറോയ്‌ഡ്‌ തകരാര്‍
തൈറോയ്‌ഡ്‌ ഗ്രന്ഥി ആവശ്യത്തിന്‌ ഹോര്‍മോണ്‍ പുറപ്പെടുവിക്കാത്ത അവസ്ഥയായ ഹൈപോതൈറോയ്‌ഡിസം വിശപ്പ്‌ കുറയാന്‍ കാരണമാകാം. ചയാപചയത്തെ നിയന്ത്രിക്കുന്നതില്‍ മുഖ്യ പങ്കാണ്‌ തൈറോയ്‌ഡ്‌ ഗ്രന്ഥി വഹിക്കുന്നത്‌. ഇതിനുള്ള തകരാര്‍ ചയാപചയ പ്രക്രിയയുടെ താളം തെറ്റിക്കുകയും വിശപ്പില്ലായ്‌മ അടക്കമുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. 

3. മാനസികാരോഗ്യം
വിഷാദം, ഉത്‌കണ്‌ഠ, സമ്മര്‍ദ്ദം തുടങ്ങിയ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ നമ്മുടെ ശരീരത്തില്‍ പ്രതിഫലിക്കുന്നത്‌ വിശപ്പില്ലായ്‌മ പോലുള്ള ലക്ഷണങ്ങളുമായാണ്‌. മനസ്സിനെ ബുദ്ധിമുട്ടിക്കുന്ന കാരണം കണ്ടെത്തേണ്ടത്‌ വിശപ്പില്ലായ്‌മ മാറ്റാന്‍ ഇത്തരം ഘട്ടങ്ങളില്‍ അത്യാവശ്യമാണ്‌. 

Representative image. Photo Credit:  gawrav/istockphoto.com
Representative image. Photo Credit: gawrav/istockphoto.com

4. നിരന്തരമായ അണുബാധ
ക്ഷയം, എയ്‌ഡ്‌സ്‌ പോലുള്ള ദീര്‍ഘകാലം നീണ്ടു നില്‍ക്കുന്ന രോഗങ്ങളും അണുബാധകളും വിശപ്പില്ലായ്‌മയിലേക്ക്‌ നയിക്കാം. ഈ അണുബാധകളോടുള്ള ശരീരത്തിന്റെ പ്രതിരോധ പ്രതികരണം ദഹനവ്യവസ്ഥയുടെ സാധാരണ പ്രവര്‍ത്തനത്തെ താളം തെറ്റിക്കുന്നതാണ്‌ ഇതിന്‌ പിന്നിലെ കാരണം. 

5. അര്‍ബുദം
വിശദീകരിക്കാനാകാത്തതും ദീര്‍ഘകാലവുമായുള്ള വിശപ്പില്ലായ്‌മ ചിലതരം അര്‍ബുദങ്ങളുടെയും സൂചനയാകാം. വയറിനെയും പാന്‍ക്രിയാസിനെയും ദഹനസംവിധാനത്തെയും ബാധിക്കുന്ന അര്‍ബുദങ്ങള്‍ ഭക്ഷണത്തോടുള്ള താത്‌പര്യം നഷ്ടപ്പെടുത്താറുണ്ട്‌. ഇത്തരം അര്‍ബുദങ്ങള്‍ നേരത്തെ കണ്ടെത്താന്‍ ഇടയ്‌ക്കിടെയുള്ള ആരോഗ്യ പരിശോധനകള്‍ സഹായകമാണ്‌.

എന്ത്, എപ്പോൾ, എങ്ങനെ കഴിക്കണം? - വിഡിയോ

English Summary:

Loss of Appetite can indicate disease

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com