ADVERTISEMENT

പ്രണയത്തിന് ഹൃദയമില്ലെന്ന് ആരെങ്കിലും പറഞ്ഞാൽ അപ്പോത്തന്നെയങ്ങ് സമ്മതിച്ചുകൊടുത്തേക്കണം. കാരണം പ്രണയത്തിൽ ഹൃദയത്തിനങ്ങനെ വല്യ റോളൊന്നുമില്ല. പ്രണയം ഉണ്ടാക്കുന്നതെങ്ങനെ എന്ന സയൻസ് പുസ്തകത്തിൽ ചാറ്റ് ജിപിടി ഉപയോഗിച്ച് സേർച് ചെയ്താൽ പോലും ഹൃദയത്തെ കണ്ടെത്താനാവില്ല. തലച്ചോറിലാണ് പ്രണയം പൂക്കുന്നതെന്നു ശാസ്ത്രം പഠിപ്പിക്കുന്നു. അപ്പോ പറഞ്ഞുവന്നത് ‘എന്റെ കരളേ’, ‘ഹൃദയസഖീ’ എന്നൊക്കെ ചുമ്മാ പറയുന്നതാ. ‘എന്റെ തലച്ചോറേ’, ‘ശിരോസഖീ’ എന്നൊക്കെയാണ് സയന്റിഫിക്കലി ശരിയായ പ്രയോഗങ്ങൾ.

∙ ന്യൂറോണ് പ്രണയപൂർവം
പ്രണയത്തിന്റെ കെമിസ്ട്രി എന്നൊരു പ്രയോഗമുണ്ട്. ആലങ്കാരികമായിട്ടാണ് മിക്കവരും പറയുന്നത് എങ്കിലും പ്രണയം ഒരു കെമിസ്ട്രി പ്രോഗ്രാം തന്നെയാണ് എന്നതാണു സത്യം. ഹോർമോണുകൾ എന്ന രാസവസ്തുക്കൾ നമ്മുടെ രക്തത്തിലൂടെ ഒഴുകിയാണു പ്രണയവുമായി ബന്ധപ്പെട്ട വിവിധ ‘കലാകായിക പരിപാടികൾ’ സ്പോൺസർ ചെയ്യുന്നത്. പ്രണയം, ഇഷ്ടം, സ്നേഹം ഇതിന്റെയെല്ലാം കേന്ദ്രവും ഉദ്ഭവ സ്ഥാനവും തലച്ചോറാണ്. തലച്ചോറിലെ കോഡേറ്റ് ന്യൂക്ലിയസാണ് (CAUDATE NUCLEUS – തലയും വാലുമുള്ള വാൽമാക്രിയെപ്പോലെയിരിക്കുന്ന തലച്ചോറിലെ ഭാഗം) പ്രണയത്തിന്റെ കേന്ദ്രം. പ്രണയം തോന്നുമ്പോൾ ശരീരത്തിൽ ഏറ്റവും അധികം ഉത്തേജിക്കപ്പെടുന്ന ഭാഗവും ഹോർമോണുകളുടെ പ്രഭവകേന്ദ്രവും തലച്ചോറിലെ ‘കോഡേറ്റ് ന്യൂക്ലിയസ്’ ആണെന്ന് ശാസ്ത്രപരിശോധനകൾ വഴി തെളിയിക്കപ്പെട്ടതാണ്.

Representative Image. Photo Credit : Kieferpix / iStockPhoto.com
Representative Image. Photo Credit : Kieferpix / iStockPhoto.com

∙ പ്രേമത്തിന്റെ റെസിപ്പി
പ്രണയം ഉണ്ടാക്കുകയല്ലല്ലോ, ഉണ്ടാകുകയല്ലേ എന്ന് ചോദിക്കരുത്, സത്യത്തിൽ പ്രണയം ഉണ്ടാക്കുക തന്നെയാണ്. അവളെ/അവനെ കാണുന്ന കണ്ണുകളും കേൾക്കുന്ന ചെവികളും മണക്കുന്ന മൂക്കും ചേർന്ന തലയാണ് അടുക്കള പ്രമാണി. തലച്ചോറിലുള്ള ഹൈപ്പോതലാമസ്, പിറ്റ്യൂട്ടറി ഗ്ലാൻഡ്, ഹിപ്പോകാമ്പസ്, മെഡിയൽ ഇൻസുല, അന്റിരിയർ സിനഗുലേറ്റ് എന്നിവയാണ് പാചകക്കാർ. ഫിനൈൽ ഈഥൈൽ അമീൻ (Phenylethylamine, PEA), ഡോപമൈൻ (Dopamine), നോർ-എപ്പിനെഫ്രിൻ (Norepinephrine), ടെസ്റ്റോസ്റ്റീറോൺ, ഈസ്ട്രജൻ എന്നീ ഹോർമോണുകൾ ചേരുവകളും.

ആളും സ്ഥലവും ശരിയായാൽ പ്രണയമുണ്ടാക്കിത്തുടങ്ങാം...

∙ ഒന്നാം ഘട്ടം: പ്രേമപ്പനി
ടെസ്റ്റോസ്റ്റീറോൺ, ഈസ്ട്രജൻ തുടങ്ങിയ ചില ഹോർമോണുകൾ കൗമാരകാലത്ത് ഉണ്ടാക്കുന്ന വികാരങ്ങളാണ് ഈ ഘട്ടം. സ്നേഹിക്കപ്പെടാനുള്ള ആഗ്രഹവും, തന്റെ ശരീരത്തിൽ സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ചുള്ള കൗതുകവും സ്വപ്നങ്ങളും ഒക്കെയാണ് ലക്ഷണം. നമ്മൾ പൊതുവേ കവിതയെഴുതാനും സിനിമ പിടിക്കാനും വിഷയമാക്കുന്ന ‘പ്രണയം’ പക്ഷേ ഇതല്ല, തൊട്ടടുത്ത ഘട്ടമാണ്.

∙ രണ്ടാം ഘട്ടം: അസ്ഥിക്ക് പിടിച്ച പ്രേമം
ഹൈപ്പോതലാമസ് ഡോപമൈൻ ഹോർമോൺ ശരീരത്തിലേക്ക് റിലീസ് ചെയ്യുന്നതോടെയാണ് പ്രേമം അസ്ഥിക്ക് പിടിച്ചു തുടങ്ങുന്നത്. ഇതിനൊപ്പം തന്നെ ഫിനൈൽ ഈഥൈൽ അമീൻ എന്ന പിഇഎയും ഉൽപാദിപ്പിക്കും. കാമുകി–കാമുകന്മാർ അനുഭവിക്കുന്ന വികാരവിചാരങ്ങൾക്കും സന്തോഷങ്ങൾക്കും കാരണം മോളിക്യൂൾ ഓഫ് ലവ് എന്ന് അറിയപ്പെടുന്ന ഫിനൈൽ ഈഥൈൽ അമീൻ ആണ്.

Representative Image. Photo Credit : AntonioGuillem / iStockPhoto.com
Representative Image. Photo Credit : AntonioGuillem / iStockPhoto.com

PEA-യ്ക്കു മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഒരു മയക്കുമരുന്ന് എന്നപോലെ അത്യാസക്തി (Addiction) ഉണ്ടാക്കാൻ കഴിവുണ്ട് അതിന്. ചിലപ്പോ നിങ്ങളുടെ ജീവിതത്തിന്റെ നിലനിൽപ് തന്നെ ഈ കെമിക്കലിൽ (അല്ലെങ്കിൽ അത് പുറപ്പെടുവിക്കാൻ കാരണമായ ‘ലവറി’ൽ) അധിഷ്ഠിതമാണ് എന്നു തോന്നിപ്പോവും. ഈ സ്റ്റേജിൽ പല മണ്ടത്തരങ്ങളും കാണിച്ചെന്നിരിക്കും (മാഡ്‌ലി ഇൻ ലൗ എന്നൊക്കെപ്പറയാം!). പങ്കാളിയുടെ സാന്നിധ്യം നിങ്ങൾ എപ്പോഴും ആഗ്രഹിക്കും. കാണാത്തപ്പോൾ വല്ലാതെ ‘മിസ്’ ചെയ്യുകയും ‘വിരഹവേദന’ ഉണ്ടാവുകയും ചെയ്യും.

പ്രണയത്തിന്റെ മേഖലയിൽ സയൻസ് അതിനെ separation anxiety എന്ന് വിളിക്കുന്നു. ഡോപ്പമൈന് പരമാനന്ദം (bliss) എന്നൊക്കെ പറയാവുന്ന അനുഭൂതികൾ ശരീരത്തിൽ ഉണ്ടാക്കാൻ സാധിക്കും. നോർ-എപ്പിനെഫ്രിൻ എന്നത് അഡ്രിനാലിൻ എന്ന അടിയന്തര ഹോർമോണിന് (Stress hormone) സമാനമായ ഒരു ഹോർമോൺ ആണ്. ആവേശവും (excitement) ഒപ്പം വർധിച്ച ഹൃദയമിടിപ്പും ഒക്കെ അതുണ്ടാക്കും. പ്രണയഭാജനത്തോടു ക്ഷീണമൊന്നും ഇല്ലാതെ രാത്രി മുഴുവൻ സംസാരിച്ചിരിക്കാൻ കഴിയുന്നതിന്റെ സീക്രട്ട് ഇങ്ങനെ കിട്ടുന്ന അധിക ഊർജത്തിലാണ്.

Young Couple Arguing and Fighting. Domestic Violence and Emotional abuse Scene, Stressed Woman and aggressive Man Screaming at Each other in the Dark Hallway of Apartment. Dramatic Scene
Representative Image. Photo Credit: antipodes/istockphoto

∙ Statutory Warning
പ്രണയിതാക്കളുടെ ശ്രദ്ധയ്ക്ക്, ദുർവാസാവിന്റെ ശാപം പോലെ ഏറിപ്പോയാൽ മൂന്നോ നാലോ വർഷം, അത്രേയുള്ളൂ PEA-യുടെ പ്രതാപം. വൺ ടൈം യൂസബിൾ ആണ് പിഇഎ എന്നർഥം. ഒരിക്കൽ ഉൽപാദിപ്പിച്ച് കഴിഞ്ഞാൽ മൂന്നോ നാലോ വർഷം കഴിയുമ്പോ അത് പിൻവാങ്ങാൻ തുടങ്ങും. ‘നീ ഇപ്പോ പഴയ ആളേ അല്ല. ആകെ മാറിപ്പോയി’– ഇതൊക്കെ PEA ഹോർമോൺ സ്റ്റാൻഡ് വിടുന്ന ലക്ഷണമാണ്. അല്ലാതെ ലൗവറിന്റെ പ്രശ്നമല്ല സഹോ. സോ ജാഗ്രതൈ!!

തുടക്കത്തിൽ ഉണ്ടായിരുന്ന ത്രില്ലും ആവേശവുമൊക്കെ PEA-യോടൊപ്പം കെട്ടടങ്ങും. അതോടെ ജോഡികൾ അകലാൻ തുടങ്ങും. അപ്പോപ്പിന്നെ കാലങ്ങളോളം സന്തുഷ്ടമായ പ്രണയജീവിതം നയിക്കുന്ന എത്രയെത്ര ആളുകൾ ഉണ്ടല്ലേ? അവരുടെ കാര്യമോ? സ്വാദിഷ്ടമായ പ്രണയസാഫല്യത്തിന്റെ മൂന്നാം ഘട്ടം അവിടെയാണ്...

പ്രതീകാത്മക ചിത്രം. Photo Credit:   explorewithinfo/Shutterstock
പ്രതീകാത്മക ചിത്രം. Photo Credit: explorewithinfo/Shutterstock

∙ മൂന്നാംഘട്ടം:ഹാപ്പിലി എവർ ആഫ്റ്റർ
ഓക്സിറ്റോസിൻ, വാസോപ്രെസിൻ, എൻഡോർഫീൻ എന്നിങ്ങനെയുള്ള കെമിക്കലുകളാണ് സന്തുഷ്ടമായ പ്രണയജീവിതത്തിന്റെ ബൈ സ്റ്റാൻഡേഴ്സ്. പ്രണത്തിന്റെ ഫ്ലിപ്കാർട്ടാണ് ഈ ഹോർമോണുകൾ. ഹൈപ്പോതലാമസ് ഉൽപാദിപ്പിച്ച ഹോർമോണുകൾ പിറ്റ്യൂട്ടറി ഗ്ലാൻഡിൽ സൂക്ഷിച്ചുവയ്ക്കുന്നു. പിന്നീട് ഇവ രക്തത്തിലേക്കു കലരുന്നത് ഇവിടെ നിന്നാണ്.

ആശ്ലേഷ ഹോർമോൺ (Cuddling hormone) എന്നറിയപ്പെടുന്ന രാസവസ്തുവാണ് ഓക്സിറ്റോസിൻ. ഇവ നമുക്ക് സ്പർശനത്തോടു സംവേദനം ഉണ്ടാക്കുകയും സ്നേഹപൂർണമായ ഇടപെടലുകൾക്കു സുഖമുണ്ടാക്കുകയും ചെയ്യുന്നു. പ്രിയപ്പെട്ടവരുടെ കൈപിടിക്കുകയോ അവരെ ആശ്ലേഷിക്കുകയോ ചെയ്യുമ്പോൾ ഈ ഹോർമോണുകൾ പുറപ്പെടുവിക്കപ്പെടുന്നു. ദീർഘകാല ബന്ധങ്ങളുടെ ഊഷ്മളത നിലനിർത്തുന്നതിൽ വാസോപ്രെസിനും എൻഡോർഫീനുകളും പങ്ക് വഹിക്കുന്നുണ്ട്. ചുരുക്കി പറഞ്ഞാൽ PEA തരുന്നപോലെ ത്രില്ലും മനോരാജ്യ കൽപനകളും വല്യ ഡെക്കറേഷനുമെന്നുമില്ലെങ്കിലും ഈ കെമിക്കലുകൾ ചേർന്നു സ്നേഹത്തെ ഒരു ഹാപ്പിലി എവർ ആഫ്റ്റർ ആക്കി മാറ്റുന്നു.

Representative Image. Photo Credit : Michaeljung / Shutterstock.com
Representative Image. Photo Credit : Michaeljung / Shutterstock.com

അടിക്കുറിപ്പ്: അല്ലേലും കുറെ വായിൽ കൊള്ളാത്ത കെമിക്കലുകളുടെ പേരിൽ സ്നേഹത്തെ കീറിമുറിക്കുന്നതിനോട് ഒട്ടും താൽപര്യമില്ല. എങ്കിലും ലവ്സ് എന്നും സിറ്റുവേഷൻഷിപ്പെന്നും വർക്ക് വൈഫെന്നുമൊക്കെ പേരിട്ട് വിളിക്കുന്ന പുതിയകാല പ്രണയത്തിലൊക്കെപ്പെട്ട് അവസാനം പഴിചാരാൻ കുറെ കെമിക്കലുകളുടെ പേരെങ്കിലും കിട്ടിയില്ലേ!

തലച്ചോറിനെ തേച്ച് പ്രണയം ഹൃദയത്തോട് കൂട്ടുകൂടിയ രഹസ്യം ഇതാ വെളിവാക്കുന്നു....

ആദ്യകാലത്തിൽ ശരീരത്തിലെ മുഴുവൻ അവയവങ്ങളുടെയും സെന്റർ ഹൃദയം ആണെന്ന് ഒരു ‘അപവാദ’ പ്രചാരണം ഉണ്ടായിരുന്നത്രേ. അങ്ങനെ സകല വികാരങ്ങളുടെയും വിചാരങ്ങളുടെയും കേന്ദ്രമായ ഹൃദയത്തിന് പ്രത്യേക സ്ഥാനം അന്നത്തെ ചിത്രകാരന്മാരും കവികളും നൽകി. കാവ്യങ്ങളിലെയും ചിത്രങ്ങളിലെയും പ്രധാന വിഷയമായ പ്രണയം അങ്ങനെ ഹൃദയത്തെ കടം കൊണ്ടു.

ഗ്രീക്ക് ചിന്തകരായ അരിസ്റ്റോട്ടിലും ഗാലനും തങ്ങളുടെ എഴുത്തുകളിൽ ഹൃദയത്തെ 3 അറകളുള്ളതായി ചിത്രീകരിച്ചു. പിന്നീട് ഈ എഴുത്തുകളിൽ നിന്നാണ് പ്രണയത്തിന്റെ സിംബലായി ഹൃദയചിഹ്നം മാറുന്നത്.

ഗ്രീക്ക് പുരാണങ്ങളിൽ പ്രണയത്തെയും രതിയെയും പ്രതിനിധീകരിച്ച ‘സിൽഫിയം’(SILPHIUM) ചെടികളുടെ ഇലയുടെ രൂപമാണ് ഇന്നത്തെ ഹാർട് ചിഹ്നത്തിന് മാതൃക എന്നും പറയപ്പെടുന്നു. ഈ ചെടികൾ പിന്നീട് അന്യംനിന്നുപോയി.

ഇത് ആരും അനുകരിക്കരുതേ: വിഡിയോ

English Summary:

Science behind Love

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com