ADVERTISEMENT

ചുട്ടുപൊള്ളുന്ന വെയിൽ. കണ്ണൊന്നുയർത്തി ആകാശത്തേക്ക് നോക്കണമെങ്കില്‍ സൂര്യൻ അസ്തമിക്കണം. ഈ ചൂടിലും വെയിലിലും വാടിക്കരിയാതിരിക്കാൻ ശ്രദ്ധിക്കുകയാണ് എല്ലാവരും. വെള്ളം കുടിച്ചും, ഭക്ഷണത്തിൽ മാറ്റങ്ങൾ വരുത്തിയും, ഉച്ച സമയത്ത് പുറത്തിറങ്ങാതെയും ഇരുന്നാൽ മാത്രമേ രക്ഷയുള്ളു എന്ന നിലയിലായി കാര്യങ്ങൾ. കാലാവസ്ഥയിലെ ഈ മാറ്റം ശരീരത്തെ എത്രത്തോളം ബാധിക്കുമെന്ന് അറിയുമോ?

ശരീരത്തിലെ ഈ മാറ്റങ്ങള്‍ ശ്രദ്ധിക്കണം
വിശപ്പ് കുറയുകയും ദാഹം കൂടുകയും ചെയ്യുന്നതാണ് വേനലില്‍ ശരീരത്തിലുണ്ടാകുന്ന ഏറ്റവും വലിയ മാറ്റം. ചിലരിൽ വളരെ അപൂർവമായി രക്തസമ്മർദ്ദം കൂടാം. കരൾ ആണ് ശരീരത്തെ തണുപ്പിക്കുന്നത്. ചൂടുകാലത്ത് ജോലി ഭാരം കൂടുതലാവുന്നതിനാൽ മഞ്ഞപ്പിത്തം വരാനുള്ള സാധ്യത കൂടുതലാണ്. പ്രമേഹം 5–10 യൂണിറ്റ് വരെ വേനൽക്കാലത്ത് കൂടാൻ സാധ്യതയുണ്ട്. വിയർപ്പ് കൂടി ചൊറിച്ചിൽ പോലെയുള്ള അസ്വസ്ഥതകൾ ഉണ്ടാകാം. സ്ത്രീകളിൽ വെള്ളപോക്ക് കൂടുതലായി വരാം. കണ്ണ്, പല്ല്, ചെവി, മൂക്ക് തുടങ്ങിയ ഭാഗങ്ങളിൽ എന്തെങ്കിലും പ്രശ്നമുള്ളവർക്ക് വേനൽക്കാലത്ത് ഈ പ്രശ്നങ്ങൾ അധികരിക്കാം. അതുകൊണ്ട് വേനലിൽ ആരോഗ്യകാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ വേണം. പൈൽസ്, അൾസർ, കാൻസർ പോലെയുള്ള അസുഖങ്ങൾ ഒക്കെ ബുദ്ധിമുട്ടുണ്ടാക്കാവുന്ന സമയമാണ് വേനൽക്കാലം.ഹൊ എന്തൊരു ചൂട്...
കനത്ത വെയിലിൽ കണ്ണൂർ ചാലയിൽ ദേശീയപാതയുടെ നിർമാണ ജോലിയ്ക്കിടെ സൂര്യനെ നോക്കുന്ന തൊഴിലാളി. ചിത്രം: ധനേഷ് അശോകൻ∙മനോരമ
ഹൊ എന്തൊരു ചൂട്... കനത്ത വെയിലിൽ കണ്ണൂർ ചാലയിൽ ദേശീയപാതയുടെ നിർമാണ ജോലിയ്ക്കിടെ സൂര്യനെ നോക്കുന്ന തൊഴിലാളി. ചിത്രം: ധനേഷ് അശോകൻ∙മനോരമ

വെയിലത്ത് പണിയെടുക്കുന്നവർ ശ്രദ്ധിക്കണം
ചൂടുകാലത്ത് ഏറ്റവും കൂടുതൽ ആരോഗ്യപ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നത് വെയിലത്ത് പണിയെടുക്കുന്നവർക്കാണ്. റോഡ്പണി, കെട്ടിടനിർമാണം, തൊഴിലുറപ്പു പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തിക്കുന്നവർ എന്നിവരിൽ വെയിലിന്റെ ആഘാതം കൂടുതലായിരിക്കും. സ്കൂളിൽ വെയിലത്തു കളിക്കുന്ന കുട്ടികൾ, അത്‌ലീറ്റുകൾ എന്നിവർക്കും സൂര്യപ്രകാശം കനത്ത രീതിയിൽ ഏൽക്കേണ്ടിവരും.

സൂര്യാഘാതം ആണ് ഏറ്റവും വലിയ പ്രശ്നം. പ്രത്യേകിച്ചും വസ്ത്രങ്ങൾ ധരിക്കാതെ വെയിലത്തിറങ്ങി ജോലി ചെയ്യുകയോ കളിക്കുകയോ ചെയ്യുന്ന അവസരങ്ങളിൽ തുടർച്ചയായി വെയിലേൽക്കുമ്പോൾ സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് കിരണങ്ങൾ മൂലമാണ് ഈ പ്രശ്നം വരുന്നത്. തൊലിപ്പുറത്ത് ചൊറിച്ചിലും വേദനയോടു കൂടിയ പിങ്ക് നിറത്തിലോ ചുവപ്പ് നിറത്തിലോ ആയിട്ടുള്ള പാടുകൾ ഉണ്ടാവും. അതോടൊപ്പം ശരീരത്തിൽ മുഴുവൻ പൊള്ളൽ പോലെയുള്ള വേദന ഉണ്ടാകാം. പിന്നീട് ഇങ്ങനെ ഉണ്ടായിട്ടുള്ള ചുവപ്പു പാടുകൾ കുമിളകളായി മാറാം. ഇത് പ്രധാനമായും ശരീരത്തിൽ വസ്ത്രം ഇല്ലാത്ത ഭാഗങ്ങളിലാണ് ഉണ്ടാവുന്നത്. കൂടുതല്‍ നേരം സൂര്യപ്രകാശമേറ്റ് പൊള്ളലുകൾ പോലെ ഉണ്ടാവുകയാണെങ്കിൽ ആ ജോലിയിൽ നിന്നും വെയിലത്തു നിന്നും തണുത്ത സ്ഥലത്തേക്കു മാറി ഇരിക്കുകയും നല്ല തണുത്ത വെള്ളത്തിൽ കുളിക്കുകയുമാണ് ചെയ്യേണ്ടത്. കൂടാതെ ദേഹത്ത് വെള്ളമൊഴിച്ച് കാറ്റ് കൊള്ളുന്നതും ഇതിന് സഹായകമായിരിക്കും. ഈ പൊള്ളലുകൾക്ക് മുകളിൽ നേരിട്ട് ഐസ് വയ്ക്കുന്നത് ഒട്ടും ആരോഗ്യകരമല്ല. 

കനത്ത ചൂടിൽ കണ്ണൂർ ചാല ബൈപാസിൽ ബസ്സിനായി കാത്തു നിൽക്കുന്നവർ. ചിത്രം: ധനേഷ് അശോകൻ ∙മനോരമ
കനത്ത ചൂടിൽ കണ്ണൂർ ചാല ബൈപാസിൽ ബസ്സിനായി കാത്തു നിൽക്കുന്നവർ. ചിത്രം: ധനേഷ് അശോകൻ ∙മനോരമ

സൂര്യാഘാതം കൂടാതെ ഹീറ്റ് എക്സോഷൻ, ഹീറ്റ് സ്ട്രോക് എന്നിവയും ചൂട് കൂടുന്നതുകൊണ്ടുള്ള മറ്റ് അപകടകരമായ അവസ്ഥകളാണ്. ശരീരത്തിലെ ചൂട് അമിതമായി ഉയരുകയും, ജലാംശം ധാരാളമായി നഷ്ടപ്പെടുകയും ചെയ്യും. ഇതു കാരണം തലകറക്കം, അമിതമായ ദാഹം. ഛർദ്ദി, വിയർപ്പ് എന്നിവ ഉണ്ടാകും. ഹീറ്റ് ക്രാംപ്സ് ഉണ്ടാകുമ്പോൾ ശരീരത്തിലെ ജലാംശവും സോഡിയം, പൊട്ടാസ്യം പോലുള്ള ലവണങ്ങൾ നഷ്ടപ്പെടുകയും ശരീരത്തിലെ പ്രധാനപ്പെട്ട പേശികളിൽ പിടുത്തവും വേദനയും ഉണ്ടാകാം. ഉപ്പിട്ട കഞ്ഞിവെള്ളം, ലവണങ്ങളടങ്ങിയ ഒആർഎസ് പോലുള്ള ലായനികൾ ധാരാളമായി കുടിക്കാവുന്നതാണ്. ചൂടിന്റെ കാഠിന്യത്തിൽ നിർജലീകരണം ഉണ്ടാവുകയും രക്തചംക്രമണത്തില്‍ വ്യത്യാസം വരുകയോ ചെയ്യുമ്പോൾ കണ്ണിൽ ഇരുട്ടുകയറുന്നതുപോലെ വന്നു വീഴാനും സാധ്യതയുണ്ട്. ഹീറ്റ് എക്സോഷൻ എന്ന അവസ്ഥയിൽ ശരീരത്തില്‍ നിന്നും ജലാംശം നഷ്ടപ്പെട്ട് പോകുന്നു. അതോടെ ഹാർട്ടിന്റെ പമ്പിംഗ്, സമ്മർദം എന്നിവ കുറയുകയും ഹൃദയമിടിപ്പ് കൂടുകയും വിയർക്കുകയും ചെയ്യും. ഈ അവസരത്തിൽ ക്ഷീണം അനുഭവപ്പെടാം.

Read also: ഭക്ഷണം കഴിച്ചതിനു ശേഷവും വിശപ്പോ? കാരണങ്ങൾ ഇതാകാം

സൂര്യാഘാതം തടയാനായി വെയിലത്തു പണി എടുക്കുമ്പോൾ കോട്ടൺ വസ്ത്രം ധരിക്കാൻ ശ്രദ്ധിക്കുക. 12 നും 3 നും ഇടയിലുള്ള സമയത്താണ് വെയിലിന് ഏറ്റവും ചൂടുകൂടുന്നത്.  ആ സമയത്ത് നേരിട്ട് വെയിലേൽക്കുന്ന ജോലികളിൽ നിന്ന് മാറി നിൽക്കുക. തുടർച്ചയായി വെയിലേറ്റുകൊണ്ടുള്ള ജോലി ഒഴിവാക്കുക. സൺബേൺ ഉണ്ടായിക്കഴിഞ്ഞാൽ മാറുന്നതു വരെ വെയിലത്തിറങ്ങി ജോലി ചെയ്യരുത്. കോട്ടൻ വസ്ത്രങ്ങൾ ധരിക്കുന്നതിനൊപ്പം സൺ പ്രൊട്ടക്ഷൻ ക്രീമുകൾ ഉപയോഗിക്കുന്നതും അത്യാവശ്യമാണ്. 

(വിവരങ്ങൾക്കു കടപ്പാട്: ഡോ. വിനോദ് കൃഷ്ണൻ, ഡോ. പി. വിനോദ്)

വേനൽകാലത്ത് ശരീരത്തിനു തണുപ്പേകാൻ താഡാസന: വിഡിയോ

English Summary:

Health Tips for Summer Health Care

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com