ADVERTISEMENT

കോഴി, പന്നി, കന്നുകാലി, ആട് ഫാമുകളിൽ ജോലി ചെയ്യുന്ന സർക്കാർ മൃഗാശുപത്രികളിലെ വെറ്ററിനറി സർജന്മാർക്ക് ഇനി മുതൽ സ്വകാര്യ പ്രാക്ടീസ് അനുവദിക്കില്ല. പകർച്ചവ്യാധികൾ പടരുന്ന സാഹചര്യം ഒഴിവാക്കാനാണ് പുതിയ പരിഷ്കാരം. മൃഗസംരക്ഷണ വകുപ്പിനു കീഴിലോ, ജില്ലാ പഞ്ചായത്തിനു കീഴിലോ പ്രവർത്തിക്കുന്നവർക്കാണ് ഇതു ബാധകം. സ്വകാര്യ പ്രാക്ടീസിനുള്ള ഉപകരണങ്ങൾ, മരുന്ന്, വാക്സീൻ തുടങ്ങിയവ വാങ്ങി വെറ്ററിനറി സർജന്മാർക്ക് സൂക്ഷിക്കാം. എന്നാൽ, മെഡിക്കൽ ഷോപ്പ് തുടങ്ങാൻ പാടില്ല. 

സർക്കാർ സർവീസിലുള്ള വെറ്ററിനറി സർജന്മാരുടെ സ്വകാര്യ പ്രാക്ടീസിനുള്ള മാനദണ്ഡങ്ങൾ പുതുക്കി സർക്കാർ ഉത്തരവായി. ഡോക്ടറുടെ വീട്ടിലോ, കർഷകരുടെ വീടുകളിലോ സ്വകാര്യ പ്രാക്ടീസ് നടത്തുന്നതിന് തടസ്സമില്ല. എന്നാൽ, സ്വകാര്യ വെറ്ററിനറി ക്ലിനിക്കിലും സ്വകാര്യ മൃഗാശുപത്രികളിലും വളർത്തുമൃഗങ്ങളെ ചികിത്സിക്കാൻ വെറ്ററിനറി സർജന്മാർക്ക് അനുവാദമില്ല. ഡ്യൂട്ടി സമയത്ത്, മൃഗാശുപത്രികളിൽ ചികിത്സയ്ക്കായി ഹാജരാക്കിയ വളർത്തുമൃഗങ്ങളെ പരിശോധിച്ച ശേഷമേ കർഷകരുടെ വീടുകളിൽ പരിശോധനയ്ക്കു പോകാൻ പാടുള്ളൂവെന്നും ഉത്തരവിൽ പറയുന്നു.  

ഡ്യൂട്ടി സമയത്ത് കന്നുകാലികളുടെ ആരോഗ്യ ഇൻഷുറൻസ് സർട്ടിഫിക്കറ്റ് നൽകുന്നതിന് 250 രൂപയും, പോസ്റ്റ്മോർട്ടം ചെയ്യുന്നതിന് 1,000 രൂപയും രസീത് നൽകി ഫീസ് ഈടാക്കാം. ഡോക്ടറുടെ യുക്തിയും വിവേചനാധികാരവും ഉപയോഗിച്ച് സാഹചര്യം വിലയിരുത്തിയ ശേഷമാണ് സ്വകാര്യ പ്രാക്ടീസ് നടത്തേണ്ടത്. ഇതിലേക്ക് ആവശ്യമായ വാഹനവും ലഭ്യമല്ലാത്ത മരുന്നുകളും കർഷകർ തരപ്പെടുത്തണമെന്നും ഉത്തരവിൽ പറയുന്നു. 

മൃഗസംരക്ഷണ വകുപ്പിലെ വെറ്ററിനറി സർജന്മാരുടെ സ്വകാര്യ പ്രാക്ടീസിന് മാനദണ്ഡങ്ങൾ നിശ്ചയിച്ച് 2015 ഒക്ടോബർ 14ന് ഉത്തരവ് പുറത്തിറക്കിയിരുന്നു. ഇതിൽ ഒട്ടേറെ അവ്യക്തതകളുണ്ടെന്നും പരിഷ്കരിക്കണമെന്നും സർക്കാർ സർവീസിലുള്ള വെറ്ററിനറി സർജന്മാരുടെ വിവിധ സംഘടനകൾ സർക്കാരിന് നിവേദനം നൽകിയിരുന്നു. ഇതേത്തുടർന്നാണ് മാനദണ്ഡങ്ങൾ പുതുക്കി 2023 ഡിസംബർ 13ന് ഉത്തരവിറക്കിയത്.

വെറ്ററിനറി സർജന്മാർക്ക് ഡ്യൂട്ടി സമയത്തിനു ശേഷം സ്വകാര്യ പ്രാക്ടീസ് അനുവദിച്ചിട്ടുണ്ടെങ്കിലും, ചികിത്സ ഫീസ് ഈടാക്കൽ, മരുന്ന് എന്നിവയെ സംബന്ധിച്ചാണ് അവ്യക്തകൾ ഉണ്ടായിരുന്നത്. ഇത് വ്യാപകമായ പരാതിക്കും ഇടയാക്കിയിരുന്നു. രാവിലെ 9 മുതൽ വൈകിട്ട് 3 വരെയാണ് വെറ്ററിനറി സർജന്മാരുടെ നിലവിലെ ഡ്യൂട്ടി സമയം. ഇതിനു ശേഷമുള്ള സമയത്തു മാത്രമാണ് സ്വകാര്യ പ്രാക്ടീസ് നടത്താൻ അനുമതി. 

പുതുക്കിയ മാനദണ്ഡങ്ങൾ  

സ്വകാര്യ പ്രാക്ടീസിന് സർക്കാർ മൃഗാശുപത്രിയിലെ മരുന്ന് ഉപയോഗിക്കാൻ പാടില്ല. മരുന്നുകൾ ലഭ്യമല്ലാത്ത സാഹചര്യത്തിൽ സർക്കാർ വെറ്ററിനറി സ്ഥാപനങ്ങളിൽ ഇവ ലഭ്യമാണെങ്കിൽ വളർത്തു മൃഗങ്ങളുടെ ജീവൻ രക്ഷാർഥം സർക്കാർ സ്ഥാപനങ്ങളിലെ മരുന്ന് ഉപയോഗിക്കാം. മരുന്നിന്റെ തുക ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മറ്റിക്ക് ഒടുക്കണം. 

വനം വകുപ്പിൽ സേവനം അനുഷ്ഠിക്കുന്ന വെറ്ററിനറി ഡോക്ടർമാർക്ക് സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള ആനയെ മയക്കു വെടി വയ്ക്കുന്നതിന് തടസ്സമില്ല. ഇതും സ്വകാര്യ പ്രാക്ടീസായി കണക്കാക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com