ADVERTISEMENT

മലയാള മനോരമ 2023ലെ മലയാളം വാക്ക് കണ്ടെത്താൻ വായനക്കാരുടെ സഹകരണത്തോടെ തിരഞ്ഞെടുപ്പ് നടത്തിയപ്പോൾ മലയാളികൾ ഏറ്റവും പ്രയോഗിച്ച പുതുമയുള്ള വാക്കായി തിരഞ്ഞെടുത്തത് നിർമിത ബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നതായിരുന്നു. കേവലം വാക്കിലും പറച്ചിലുകളിലും ഒതുങ്ങാതെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നമ്മുടെ നിത്യജീവിതത്തിന്റെ വിവിധ മേഖലകളിൽ കടന്നുകയറി വേരുറപ്പിക്കുന്ന വഴിത്തിരിവിന്റെ വേളയാണിത്. മനുഷ്യമസ്തിഷ്കത്തെ നിർമിത ബുദ്ധികൊണ്ട് വെല്ലുവിളിക്കാനാണ് ടെക്ക് ലോകം ഇന്ന് പരിശ്രമിക്കുന്നത്. ആ പരിശ്രമം വിജയിച്ച് മനുഷ്യമസ്തിഷ്കത്തെ അതിജയിച്ച് നിർമിത ബുദ്ധി കുതിക്കുമോ എന്നതാണ് ലോകം ഇന്ന് ഉറ്റുനോക്കുന്നത്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സങ്കേതത്തിന്റെ വരവറിയിച്ച് ചാറ്റ് ജിപിടി ലോകമെങ്ങും വ്യാപിച്ചത് ചുരുങ്ങിയ സമയം കൊണ്ടാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) കൊണ്ടുവരാൻ പോകുന്ന മാറ്റങ്ങളുടെ മുഴക്കം ചാറ്റ് ജിപിടി കേൾപ്പിച്ചുതന്നു. അതുപോലെ തന്നെ കമാൻഡ് നൽകിയാൽ മിഴിവുറ്റ ചിത്രങ്ങൾ നൽകുന്ന ഒട്ടേറെ ഇമേജ് പ്ലാറ്റ്ഫോമുകളും വന്നു കഴിഞ്ഞു. മനുഷ്യരാശിയുടെ വളർച്ചയുടെ ചരിത്രത്തിൽ തീയുടെയും വൈദ്യുതിയുടെയും ഇന്റർനെറ്റിന്റെയും കണ്ടുപിടിത്തങ്ങൾ വരുത്തിയ മാറ്റങ്ങളേക്കാൾ വലിയ വിപ്ലവം ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കണ്ടെത്തൽ കൊണ്ടുവരുമെന്ന് പ്രവചിച്ചത് ആൽഫബെറ്റിന്റെയും അതിന്റെ ഉപസ്ഥാപനമായ ഗൂഗിളിന്റെയും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ സുന്ദർ പിച്ചൈയാണ്. മനുഷ്യന്റെ ചിന്തയേയും മറികടന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കുതിക്കുന്ന സമയത്ത് മൃഗചികിത്സാ മേഖലയിൽ നിർമിത ബുദ്ധിയുടെ സാധ്യതകൾ തേടുകയാണ് കേരള വെറ്ററിനറി സർവകലാശാല.

വെറ്ററിനറി ഡോക്ടർമാർക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാധ്യതകൾ പരിചയപ്പെടുത്താൻ രണ്ടു ദിവസത്തെ ദേശീയ ശില്പശാലയാണ് സർവകലാശാല ആസൂത്രണം ചെയ്തിരിക്കുന്നത്. രാജ്യത്തു തന്നെ വെറ്ററിനറി മേഖലയിൽ ഇങ്ങനെ ഒരു സംരംഭം ആദ്യമായാണ്. ഡിസംബർ 19, 20 തീയതികളിൽ തൃശൂർ മണ്ണുത്തി വെറ്ററിനറി കോളേജിലെ അക്കാദമിക് സ്റ്റാഫ് കോളജിൽ വൈകിട്ട് നാലു മുതലാണ് പരിശീലനം. ഓൺലൈനായി പങ്കെടുക്കാനും അവസരമുണ്ട്. നേരിട്ട് പങ്കെടുക്കാൻ 2000 രൂപയും വെറ്ററിനറി വിദ്യാർഥികൾക്ക് 1000 രൂപയുമാണ് ഫീസ്. ഈ മേഖലയിലെ വിദഗ്ധനായ സുരേഷ് പ്രഭാകറാണ് പരിശീലകനായി വരുന്നത്. പ്രശസ്ത കർഷിക എഴുത്തുകാരനും സർവകലാശാലയിൽ പ്രൊഫസ്സറുമായ ഡോ. സാബിൻ ജോർജാണ് കോഴ്സ് ഡയറക്ടർ. ചാറ്റ് ജിപിടി, മറ്റു സമാന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സങ്കേതങ്ങൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാധ്യത ഉപയോഗപ്പെടുത്തിയുള്ള രോഗ നിർണയം, ചികിത്സാ പദ്ധതികൾ ആസൂത്രണം ചെയ്യൽ തുടങ്ങിയ വിവിധ മേഖലകൾ വർക്‌ഷോപ്പിൽ ചർച്ചയാവും.

പശുവിന് മരുന്ന് കുറിയ്ക്കുമോ നിർമിത ബുദ്ധി?

സ്വന്തം രോഗമെന്തന്നോ ആരോഗ്യപ്രശ്നങ്ങളെന്തെന്നോ പറയാൻ കഴിവില്ലാത്ത മിണ്ടാപ്രാണിയുടെ ആരോഗ്യ, അനാരോഗ്യ വിവരങ്ങൾ സ്വയമന്വേഷിച്ച് കണ്ടെത്തി ചികിത്സ നിശ്ചയിച്ച് നൽകുകയും, ജിവിതത്തിലേക്കവയെ തിരികെ നടത്താൻ ഒരു നിമിത്തവുമായി തീരുക എന്ന വെറ്ററിനറി ഡോക്ടറുടെ ദൗത്യത്തിന് പൂർണമായും പകരക്കാരനാവാൻ നിർമിത ബുദ്ധിക്കും കഴിയും എന്ന് പറയാനാകില്ല. എങ്കിലും മൃഗചികിത്സയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വന്നാൽ ഒരുപക്ഷേ നമ്മൾ കരുതുന്നതിനേക്കാൾ വലിയ മാറ്റങ്ങളാവും സംഭവിക്കുന്നത്. ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് നൽകിയാൽ രോഗനിർണയവും മരുന്ന് കുറിക്കലും വരെ നാളെ നിർമിതബുദ്ധി കീഴടക്കിയാൽ അദ്ഭുതപ്പെടാനില്ല. കാരണം ആ രീതിയിലാണ് ഓരോ രംഗത്തും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വരവറിയിച്ചിരിക്കുന്നത്. പുതിയ കാലത്തിന്റെ സാങ്കതിക സാധ്യതകൾ തുടക്കത്തിൽ തന്നെ വെറ്ററിനറി മേഖലയിൽ ഉപയോഗപ്പെടുത്തിയാൽ നാളെയുടെ മാറ്റങ്ങൾക്ക് ഒപ്പം കിതയ്ക്കാതെ കുതിക്കാൻ വെറ്ററിനറി ഡോക്ടർമാർക്ക് കഴിയും എന്നത് തീർച്ച.

പരിശീലനത്തെ കുറിച്ചുള്ള വിവരങ്ങൾക്കും റജിസ്ട്രേഷനും:
ഡോ. സാബിൻ ജോർജ്
sabin@kvasu.ac.in 
9446203839/ 7012310960

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com