ADVERTISEMENT

അരുമപ്പക്ഷികള്‍ക്ക് അസുഖം വന്നാല്‍ കേരളത്തിലെ മിക്ക അലങ്കാരപ്പക്ഷിപ്രേമികളും ഓടിയെത്തുന്ന വെറ്ററിനറി ആശുപത്രിയുണ്ട് ആലപ്പുഴയില്‍, സാറാസ് ബേര്‍ഡ്‌സ് ആന്‍ഡ് എക്‌സോട്ടിക് അനിമല്‍ ഹോസ്പിറ്റല്‍. കുഞ്ഞു ബഡ്‌ജെറിഗാര്‍ മുതല്‍ വമ്പന്‍ മക്കാവ് വരെയുള്ള ഓമനപ്പക്ഷികളെ മാത്രമല്ല, നായ്ക്കളും പൂച്ചകളും തുടങ്ങി ഇഗ്വാനവരെയുള്ള അരുമജീവികളെയും ചികിത്സിക്കാനുള്ള വിദഗ്ധരും സംവിധാനങ്ങളും ഇവിടെയുണ്ട്. 

ചികിത്സയ്ക്ക് എത്തിയ ബ്ലൂ ആൻഡ് ഗോൾഡ് മക്കാവിനൊപ്പം ഡോ. റാണി മരിയ തോമസ്
ചികിത്സയ്ക്ക് എത്തിയ ബ്ലൂ ആൻഡ് ഗോൾഡ് മക്കാവിനൊപ്പം ഡോ. റാണി മരിയ തോമസ്

സംസ്ഥാനത്തെ അറിയപ്പെടുന്ന യുവ വെറ്ററിനറി ഡോക്ടര്‍മാരിലൊരാളായ റാണി മരിയ തോമസാണ്  ആശുപത്രിയുടെ ഉടമ. ആശുപത്രിയോടൊപ്പം സ്വന്തമായി എക്‌സോട്ടിക് പെറ്റ് ഫാമും നടത്തുന്നു ഡോ. റാണി മരിയ. വെറ്ററിനറി സയന്‍സ് പഠിക്കാന്‍ തീരുമാനിച്ച റാണി മരിയയോട് പിതാവ് മോനിച്ചന്‍ ഒറ്റക്കാര്യമേ പറഞ്ഞുള്ളൂ. ‘നീ പഠിച്ച് പക്ഷികള്‍ക്കും എക്‌സോട്ടിക് പെറ്റ്‌സിനും മികച്ച ചികിത്സ നല്‍കാന്‍ കഴിവുള്ള വെറ്ററിനറി ഡോക്ടറായി വാ...’ അഞ്ചു പതിറ്റാണ്ടിലേറെയായി പക്ഷികളുമായി ചങ്ങാത്തമുള്ള മോനിച്ചന്‍ നല്‍കിയ ഉപദേശം മകള്‍ അക്ഷരംപ്രതി പാലിച്ചു. അതിന്റെ ഫലമാണ് ആധുനിക ചികിത്സാ സംവിധാനങ്ങളെല്ലാമുള്ള ഈ ആശുപത്രി. 

അച്ഛന്റെ അരുമപ്രേമമാണ് തന്നെ വെറ്ററിനറി പഠനത്തിലേക്ക് നയിച്ചതെന്ന് ഡോ. റാണി മരിയ. മണ്ണുത്തി വെറ്ററിനറി കോളജില്‍നിന്ന് ബിരുദവും പൂക്കോട് വെറ്ററിനറികോളജില്‍നിന്നു പ്രിവന്റീവ് മെഡിസിനില്‍ ബിരുദാനന്തര ബിരുദവുമെടുത്തു. പക്ഷിരോഗങ്ങളെക്കുറിച്ചായിരുന്നു ഗവേഷണ പ്രബന്ധം. കോളജ് പഠനം കൂടാതെ, രാജ്യത്തെതന്നെ പ്രമുഖ ബേര്‍ഡ്‌സ് ആന്‍ഡ് എക്‌സോട്ടിക് പെറ്റ് ക്ലിനിക്കുകളില്‍ ഇന്റേണ്‍ഷിപ്പും ജോലിയും ചെയ്യാന്‍ അവസരം ലഭിച്ചത് പക്ഷിചികിത്സയില്‍ കൂടുതല്‍ അറിവു നേടാന്‍  സഹായിച്ചെന്നും ഡോ. റാണി. ദുബായ് എഫ്3 ഫാല്‍ക്കണ്‍ ഗ്രൂപ്പില്‍നിന്ന് എന്‍ഡോസ്‌കോപിയില്‍ പരിശീലനം നേടി. ഏവിയന്‍ ഓര്‍ത്തോപീഡിക്‌സിലും പരിശീലനം നേടിയിട്ടുണ്ട്.   

dr-rani-maria-4
പൂച്ചയെ പരിശോധിക്കുന്നു

സ്വന്തം ആശുപത്രി

വെറ്ററിനറി കോഴ്സിനു പ്രവേശനം ലഭിച്ചപ്പോള്‍ത്തന്നെ ജോലി ലഭിക്കാന്‍ എളുപ്പമാണല്ലോ, ഗസറ്റഡ് ഓഫിസര്‍ ആകാമല്ലോ എന്നിങ്ങനെയാണ് പലരും പറഞ്ഞത്. എന്നാല്‍, പക്ഷികളുമായി എത്രത്തോളം ഇടപഴകാന്‍ സാധിക്കുമെന്ന് സംശയമുണ്ടായിരുന്നതുകൊണ്ട് പിഎസ്‌സി പരീക്ഷ എഴുതിയില്ല. പിജി ചെയ്തപ്പോഴാണ് പക്ഷികള്‍ക്കായി ഒരു ആശുപത്രി എന്ന ആശയം മനസ്സില്‍ കയറിയത്. 2020ല്‍ വീടിനോടു ചേര്‍ന്ന് ആരംഭിച്ച ആശുപത്രിയില്‍ ഇന്നു കേരളത്തിലെ വിവിധ ജില്ലകളില്‍നിന്നു മാത്രമല്ല, മറ്റു സംസ്ഥാനങ്ങളില്‍നിന്നുവരെ ചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കുമൊക്കെയായി അരുമകളെ ഇവിടെ എത്തിക്കുന്നു. ഇപ്പോള്‍ പ്രത്യേക പെറ്റ് ട്രാന്‍സ്‌പോര്‍ട്ട് സംവിധാനങ്ങള്‍ ഉള്ളതിനാല്‍ ഉടമ അവയെയും കൊണ്ട് നേരിട്ടുവരേണ്ടതുമില്ല. ഡോ. റാണി മരിയയെ കൂടാതെ, രണ്ടു ഡോക്ടര്‍മാര്‍ കൂടി ഇവിടെ  സേവനം അനുഷ്ഠിക്കുന്നുണ്ട്.

dr-rani-maria-3
തന്റെ അരുമകൾക്കൊപ്പം

ഇതുവരെയെത്തിയ കേസുകളില്‍ ഏറിയ പങ്കും ബാക്ടീരിയല്‍ അണുബാധയാണെന്ന് ഡോ. റാണി. തക്ക സമയത്ത് ചികിത്സിച്ചില്ലെങ്കില്‍ ഇതു പക്ഷികളുടെ മരണത്തിനുതന്നെ കാരണമാകും. ആരോഗ്യകരമായ സമയപരിധി കഴിഞ്ഞ കുതിര്‍ത്തതും മുളപ്പിച്ചതുമായ ഭക്ഷണങ്ങളും കുടിവെള്ളവും കൂട്ടില്‍ത്തന്നെ വയ്ക്കുന്നതു മൂലം കഴിക്കാനിടയാകുന്നതും കൂട്ടില്‍ ഈര്‍പ്പം കൂടുന്നതുമൊക്കെയാണ് ബാക്ടീരിയല്‍ അണുബാധ വരുത്തിവയ്ക്കുന്നത്. മെറ്റബോളിക് ബോണ്‍ ഡിസീസ് ബാധിച്ച ഇഗ്വാനകളെയും ഇവിടെ കൊണ്ടുവരാറുണ്ട്. കാത്സ്യത്തിന്റെ കുറവാണ് ഈ രോഗത്തിനു കാരണം. ശരീരത്തില്‍ ആവശ്യമായ അളവില്‍ സൂര്യപ്രകാശമേല്‍ക്കാതെ വളരുന്ന ഇഗ്വാനകളിലാണ് ഇതു സാധാരണ കാണുന്നത്. സൂര്യപ്രകാശത്തിന്റെ കുറവുകൊണ്ട് കാത്സ്യം ശരീരത്തിലേക്ക് ആഗിരണം ചെയ്യാതെ വരും. തല്‍ഫലമായി എല്ലുകള്‍ക്ക് ബലക്ഷയം, നടക്കാന്‍ ബുദ്ധിമുട്ട് തുടങ്ങിയ പ്രശ്‌നങ്ങളുണ്ടാകുന്നു. പെണ്‍ ഇഗ്വാനകളില്‍ ഇത് ഏറെ സങ്കീര്‍ണമാണെന്നു ഡോ. റാണി. കാത്സ്യക്കുറവു കാരണം മുട്ടയുടെ പുറംതോട് രൂപപ്പെടാതെ വരും. അപ്പോള്‍ മുട്ടകള്‍ പുറത്തേക്കു വരാതെ അണ്ഡാശയത്തില്‍ കെട്ടിക്കിടക്കും. ഈ അവസ്ഥയില്‍ ചികിത്സയ്‌ക്കെത്തിച്ച ഒരു ഇഗ്വാനയില്‍നിന്ന് 47 മുട്ടകള്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തതായി ഡോ. റാണി മരിയ പറഞ്ഞു. 

dr-rani-maria-2

മോനിച്ചന്റെ സ്വപ്‌നലോകം

വീടിന്റെ ടെറസിലാണ് മോനിച്ചന്‍ എന്ന കെ.ടി.തോമസിന്റെ ഏവിയറി. ചെടികളും ഇലച്ചാര്‍ത്തുകളും ചേര്‍ന്നു പ്രത്യേക അന്തരീക്ഷമൊരുക്കുന്ന ഏവിയറിയെ സ്വപ്‌നലോകം എന്നാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്. പക്ഷികളിലെ മിക്ക എക്‌സോട്ടിക്‌ ഇനങ്ങളും ഇവിടെയുണ്ട്. ‘സ്വപ്‌നലോക’ത്തെ താന്‍ ബിസിനസായല്ല കാണുന്നതെന്ന് മോനിച്ചന്‍. അതുകൊണ്ടുതന്നെ ഒരിനം പക്ഷികളുടെ ഒരു ജോടി മാത്രമേ ഈ പക്ഷിശേഖരത്തിലുള്ളൂ. തുടക്കകാലത്ത് പ്രാവുകളായിരുന്നു പ്രധാനം. പ്രാവുകള്‍ ഇപ്പോഴുമുണ്ടെങ്കിലും എക്‌സോട്ടിക് പക്ഷികളാണേറെയും. മക്കാവുകള്‍ കേരളത്തിലേക്കു വന്ന കാലം മുതല്‍ ഇവിടെ മക്കാവുണ്ട്. 25നു മേല്‍ പ്രായമുള്ള ഒരു ജോടി ബ്ലൂ ആന്‍ഡ് ഗോള്‍ഡ് മക്കാവ് ബ്രീഡ് ആകുന്നുമുണ്ട്. കൂടാതെ, 15 വയസ്സിലേറെയുള്ള ഇഗ്വാനയുമുണ്ട്. ആമസോണ്‍ പാരറ്റ്, 5 ഇനം കോക്കറ്റൂ,വിവിധയിനം കോന്യൂറുകള്‍, ബഡ്‌ജെറിഗറുകള്‍, ഗിനിപ്പന്നി, ഗോള്‍ഡന്‍ സ്‌ക്വിരല്‍ എന്നിങ്ങനെ നീളുന്നു സ്വപ്നലോകത്തിലെ അന്തേവാസികള്‍.  

ഫോൺ: 9207142147

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com