ADVERTISEMENT

വർഷത്തിൽ ഒരു പ്രസവം - ഇതാണ് ക്ഷീരകർഷകരുടെ വിജയമന്ത്രം.  അതായത്, ഒരു പശുവിന്റെ 2 പ്രസവങ്ങൾക്കിടയിലുള്ള കാലദൈർഘ്യം ഒരു വർഷത്തിൽ കൂടാതിരുന്നാൽ മാത്രമേ പശു വളര്‍ത്തല്‍ ലാഭകരമാവുകയുള്ളൂ. ഇപ്രകാരം 12 മാസങ്ങൾകൊണ്ട്  അടുത്ത പ്രസവം നടക്കണമെങ്കിൽ ആദ്യ പ്രസവത്തിനു ശേഷം 70-72 ദിവസത്തിനുള്ളിൽ അടുത്ത ഗർഭധാരണം ഉണ്ടാകണം. എന്നാൽ ഇന്ന് സംസ്ഥാനത്തു ക്ഷീരകർഷകർ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് തുടർച്ചയായ ബീജാധാനത്തിനു ശേഷവും പശുക്കളിൽ ഗർഭധാരണം നടക്കാതിരിക്കല്‍. 

കൃത്യമായ ഇടവേളകളിൽ മദിലക്ഷണം കാണിക്കുന്ന പശുക്കളിൽ തുടർച്ചയായി 3 തവണ ബീജാധാനം നടത്തിയിട്ടും ഗർഭാധാരണം നടക്കാത്ത അവസ്ഥയെ ‘റിപ്പീറ്റ് ബ്രീഡർ സിൻഡ്രോം’ എന്നാണ് പറയുക. കർഷകർക്ക് കനത്ത സാമ്പത്തിക നഷ്ടം വരുത്തിവയ്ക്കുന്ന ഈ രോഗാവസ്ഥ 20 ശതമാനത്തിലധികം പശുക്കളിൽ കണ്ടുവരാറുണ്ട്.  

Read also: വയസൊന്നു കഴിഞ്ഞിട്ടും മദിക്കോളു കാണിക്കാത്ത പശുക്കിടാക്കൾ; കുഴപ്പം ആരുടേത്? കിടാരിയുടേതോ കർഷകന്റേതോ?

മറ്റു രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാത്ത, പൊതുവേ ആരോഗ്യവതികളായ പശുക്കളിൽ ഗർഭ ധാരണം നടക്കാതിരിക്കുന്നതിനു കാരണങ്ങൾ പലതാകാം. പോഷകാഹാരക്കുറവ്, പ്രത്യുല്‍പാദന വ്യവസ്ഥയ്ക്ക് അനിവാര്യമായ ചില മൂലകങ്ങളുടെയും വൈറ്റമിനുകളുടെയും അഭാവം,  ജനിതക വൈകല്യങ്ങൾ, ഹോർമോൺ വ്യതിയാനങ്ങൾ, പ്രത്യുല്‍പാദനവ്യവസ്ഥയെ ബാധിക്കുന്ന ചില രോഗങ്ങൾ, ഗർഭാശയ അണുബാധകൾ, ബീജത്തിന്റെ ഗുണനിലവാരക്കുറവ്, കൃത്രിമ ബീജാധാന പ്രക്രിയയിലെ അപാകതകൾ എന്നിവയെയാക്ക ഇതിനു കാരണമാകാം. 

തുടർച്ചയായി മൂന്നു മദി കാലഘട്ടങ്ങളിൽ  ബീജാധാനം നടത്തിയിട്ടും ഉരുവിനു ഗർഭധാരണം നടക്കാത്ത പക്ഷം തീർച്ചയായും ഒരു വെറ്ററിനറി ഡോക്ടറെ കാണിക്കണം. പശുവിന്റെ മദിചക്രം, മദി ലക്ഷണം, എത്ര സമയം മദി നീണ്ടു നിൽക്കും തുടങ്ങിയ കാര്യങ്ങൾ  ഡോക്ടർ കൃത്യമായി ചോദിച്ചറിയും. പോഷകാഹാരക്കുറവ്, പ്രത്യുല്‍പാദനവ്യവസ്ഥയ്ക്ക്  അനിവാര്യമായ  മൂലകങ്ങളുടെയും വൈറ്റമിനുകളുടെയും കുറവ്, പരാദശല്യം തുടങ്ങിയവയെല്ലാം പരിഹരിക്കുകയാണ് ചികിത്സയുടെ ആദ്യപടി. തുടർന്ന് പശുവിന്റെ ഗർഭാശയം, അണ്ഡാശയം, അനുബന്ധ അവയവങ്ങൾ എന്നിവ പരിശോധിച്ച് ജനിതകവൈകല്യങ്ങൾ, മറ്റു രോഗാവസ്‌ഥകൾ എന്നിവയുണ്ടോയെന്നു നിര്‍ണയിക്കും. പലപ്പോഴും ഗർഭാശയ പരിശോധന കൃത്യമായ ഇടവേളകളിൽ ആവർത്തിക്കേണ്ടി വരും. എങ്കിൽ മാത്രമേ മദിലക്ഷണങ്ങളോടനുബന്ധിച്ച് കൃത്യമായ ഇടവേളകളിൽ അണ്ഡവിസർജനം നടക്കുന്നുണ്ടോ എന്ന് ഉറപ്പിക്കാനാവുകയുള്ളൂ. പരിശോധനയുടെ അടിസ്ഥാനത്തിൽ ആവശ്യമെങ്കിൽ ഹോർമോൺ ചികിത്സ വേണ്ടി വരും. ഗർഭാശയസംബന്ധമായ അണുബാധകൾ സ്ഥിരീകരിക്കുന്ന പക്ഷം ആന്റിബയോട്ടിക് ചികിത്സയും അനിവാര്യമാണ്.\

Read also: ഡെയറി ഫാം ലാഭത്തിലാക്കാൻ വെറ്ററിനറി ഡോക്ടറുടെ സോഫ്റ്റ്‌വെയർ: കേരളത്തിലെ ഡെയറി സംരംഭങ്ങൾക്കു യോജ്യം

സാധാരണഗതിയിൽ 6 മുതൽ 12 മണിക്കൂർ വരെയാണ് പശുക്കളിൽ മദിലക്ഷണങ്ങൾ പ്രകടമാകുന്നത്. എന്നാൽ ചില പശുക്കളിൽ മദിലക്ഷണങ്ങൾ ഒരു ദിവസത്തിലധികം നീണ്ടുനിൽക്കാം. ഇത്തരം പശുക്കളിൽ ഗർഭധാരണം സാധ്യമാകണമെങ്കിൽ കൃത്യമായ ഇടവേളകളിൽ ഒന്നിലധികം പ്രാവശ്യം കൃത്രിമ ബീജാധാനം നടത്തേണ്ടി വരും. 

റിപ്പീറ്റ് ബ്രീഡർ സിൻഡ്രോം എന്ന അവസ്ഥയുടെ മറ്റൊരു കാരണം  ഗർഭാവസ്ഥയുടെ ആദ്യ ദിവസങ്ങളിൽ തന്നെ ഭ്രൂണം മരണപ്പെടുന്നതാണ്. ഗർഭാവസ്ഥയിൽ അനിവാര്യമായ ചില ഹോർമോണുകളുടെ അഭാവം, ഗർഭാശയ അണുബാധകൾ തുടങ്ങിയവയെല്ലാം ഇതിനു കാരണമാകാം. ബീജാധാനത്തിനു ശേഷം കൃത്യമായ ഇടവേളകളിൽ ഹോർമോൺ-ആന്റിബയോട്ടിക്   മരുന്നുകൾ നൽകുന്നതിലൂടെ ഇത് പരിഹരിക്കാനാകും.

ക്ഷീര കർഷകർ പശുവിന്റെ മദിചക്രം കൃത്യമായി നിരീക്ഷിക്കേണ്ടതും രേഖപ്പെടുത്തേണ്ടതുമാണ്. ചില പശുക്കളിൽ മദിചക്രത്തിന്റെ പകുതിയിൽ 'ഇടമദി' കാണിക്കുന്ന പതിവുണ്ട്. മദിലക്ഷണങ്ങൾ പ്രകടമാണെങ്കിലും ഈ സമയത്തു അണ്ഡവിസർജനം നടക്കുന്നില്ല. അതിനാൽ ഈ സമയത്തു കൃത്രിമ ബീജാധാനം ചെയ്യുന്നത് ഫലപ്രദമല്ല. ശരിയായ മദികാലഘട്ടത്തിൽ, മദിലക്ഷണങ്ങൾ ആരംഭിച്ച് 12 മണിക്കൂറിനു ശേഷം കൃത്രിമ ബീജാധാനം നടത്തുകയാണ് വേണ്ടത്. ഉപയോഗിക്കുന്ന ബീജത്തിന്റെ ഗുണനിലവാരം, ശീതീകരണ താപനില, ബീജാധാന പ്രക്രിയയുടെ കൃത്യത ഇവയെല്ലാം ഉറപ്പുവരുത്താൻ മൃഗസംരക്ഷണ പ്രവർത്തകരും ശ്രദ്ധിക്കേണ്ടതാണ്.

Read also: മഴക്കാലം ക്ഷീരകർഷകർക്ക് സമൃദ്ധിയുടെ കാലം, പിഴച്ചാൽ ദുരിതകാലമാകും; സ്വീകരിക്കേണ്ട മഴക്കാലമുന്നൊരുക്കങ്ങൾ

പശുക്കളിൽ റിപ്പീറ്റ് ബ്രീഡർ സിൻഡ്രോമിനു പല കാരണങ്ങള്‍  ഉണ്ടെന്നിരിക്കെ, ഓരോ പശുവിലും ഗർഭധാരണത്തെ തടസപ്പെടുത്തുന്ന ഘടകം കൃത്യമായി കണ്ടെത്തുകയും അത്  പരിഹരിക്കുകയും ചെയ്യുക പ്രധാനമാണ്. എങ്കിൽ മാത്രമേ കൃത്രിമ ബീജാധാനത്തിലൂടെ ഗർഭധാരണം ഉറപ്പാക്കാനാവുകയുള്ളൂ. 

ഫോൺ: 9495219359

കൃഷിസംബന്ധമായ അറിവുകളും ലേഖനങ്ങളും വിഡിയോകളും വേഗത്തിൽ ലഭിക്കാൻ കർഷകശ്രീ വാട്സാപ് ഗ്രൂപ്പിൽ അംഗമാകാം. ഇവിടെ ക്ലിക്ക് ചെയ്യുക.

English summary: Repeat breeding syndrome in dairy cows

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com