വരുമാനമേകും ഭീമൻ മത്സ്യങ്ങൾ; അൽപം ശ്രദ്ധിച്ചാൽ നേടാം മികച്ച വരുമാനം

HIGHLIGHTS
  • അംഗവൈകല്യം ഇല്ലാത്തവ ആയിരിക്കണം
  • പൊതുവേ ആൽഗ നിറഞ്ഞ വെള്ളം ഇഷ്ടപ്പെടുന്നവരാണ്
giant-gourami-juveniles
SHARE

പ്രധാനമായും സസ്യങ്ങൾ ഭക്ഷണമായി നൽകി വളർത്താൻ കഴിയുന്ന ജയന്റ് ഗൗരാമി മത്സ്യങ്ങൾക്ക് ഇന്ന് കേരളത്തിൽ പ്രചാരമേറിയിട്ടുണ്ട്. വെള്ളത്തിൽ ഓക്സിജന്റെ അളവ് കുറഞ്ഞാലും അതിജീവിക്കാനുള്ള കഴിവും പണം മുടക്കി തീറ്റ വാങ്ങേണ്ടി വരില്ല എന്നതും ഗൗരാമികളുടെ പ്രത്യേകതയാണ്. വലിയ മത്സ്യങ്ങളുടെ വിൽപനയേക്കാളുപരി ജയന്റ് ഗൗരാമി മത്സ്യങ്ങളെ വളർത്തി കുഞ്ഞുങ്ങളെ ഉൽപാദിപ്പിച്ച് വിൽക്കുക്കുന്നത് കർഷകർക്ക് നേട്ടമാണ്. എന്നാൽ, അലങ്കാര മത്സ്യങ്ങളെപ്പോലെ ചെറിയ ടാങ്കുകളിൽനിന്ന് വലിയ സംഖ്യ കുഞ്ഞുങ്ങളെ ഉൽപാദിപ്പിക്കാൻ സാധിക്കില്ല. ഒരു ജോടിയിൽനിന്ന് ശരാശരി 500 കുഞ്ഞുങ്ങളെ വരെയാണ് പ്രതീക്ഷിക്കാവുന്നത്. എങ്കിലും കാലാവസ്ഥ, കുളത്തിന്റെ വലുപ്പം, വലിയ മത്സ്യങ്ങളുടെ എണ്ണം, കളമത്സ്യങ്ങൾ എന്നിവയെല്ലാം കുഞ്ഞുങ്ങളുടെ എണ്ണത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. അതുകൊണ്ടുതന്നെ ജയന്റ് ഗൗരാമികളുടെ പ്രജനനം നടത്താൻ താൽപര്യപ്പെടുന്നവർ ചില കാര്യങ്ങളിൽ ശ്രദ്ധ പുലർത്തിയാൽ കൂടുതൽ കുഞ്ഞുങ്ങളെ ഉറപ്പാക്കാം.

1. കുളത്തിന്റെ വലുപ്പം

പേരുപോലെതന്നെ വലുപ്പമുള്ള മത്സ്യങ്ങളാണ് ജയന്റ് ഗൗരാമികൾ. അതിനാൽ ഇവയ്ക്ക് വലുപ്പമുള്ള കുളങ്ങൾ പ്രജനനത്തിന് ആവശ്യമാണ്. ഒരു ജോടി മത്സ്യത്തിന് 10 അടി നീളവും 10 അടി വീതിയും കുറഞ്ഞത് 3.5 അടി താഴ്ചയുമുള്ള കുളം മതിയാകും. അൽപംകൂടി വലുപ്പമുണ്ടെങ്കിൽ ഒരാണും രണ്ടു പെണ്ണും എന്ന രീതിയിൽ മത്സ്യങ്ങളെ നിക്ഷേപിക്കാം. 18 അടി നീളും 12 അടി വീതിയും കുറഞ്ഞത് 3.5 അടി താഴ്ചയുമുള്ള കുളത്തിൽ 2 ജോടി മത്സ്യങ്ങളെ നിക്ഷേപിക്കാം. കുളങ്ങളിൽ ആൺമത്സ്യങ്ങളുടെ എണ്ണം കൂടുന്നതനുസരിച്ച് തമ്മിൽ വഴക്കുണ്ടാകും. മതിയായ വലുപ്പമുള്ള കുളങ്ങളിൽ മാത്രമേ കൂടുതൽ മത്സ്യങ്ങളെ നിക്ഷേപിക്കാവൂ. ഒരു കുളത്തിൽ പരമാവധി 2 ജോടികളെ ഇട്ട് പ്രജനനം നടത്താം. എണ്ണം കൂടുന്തോറും വഴക്ക് ഏറുകയും പ്രജനനം നടക്കാതെ വരികയും ചെയ്യും.

2. കുളത്തിന്റെ സ്ഥാനം

ജയന്റ് ഗൗരാമികൾ പൊതുവേ ആൽഗ നിറഞ്ഞ വെള്ളം ഇഷ്ടപ്പെടുന്നവരാണ്. അതുകൊണ്ടുതന്നെ സൂര്യപ്രകാശം നന്നായി ലഭിക്കുന്ന സ്ഥലത്തായിരിക്കണം കുളം നിർമിക്കേണ്ടത്. വെള്ളത്തിലെ താപനില ക്രമീകരിക്കാനും മത്സ്യങ്ങളുടെ ആരോഗ്യത്തിനും ഇതാണ് ഉത്തമം. മരങ്ങൾക്കിടയിലുള്ള കുളങ്ങളിൽ സൂര്യപ്രകാശം ഏൽക്കുന്നത് കുറവായതിനാൽ വെള്ളത്തിൽ തണുപ്പ് കൂടുതലായിരിക്കും. ഈ സാഹചര്യത്തിൽ മുട്ടയിട്ടാലും കുഞ്ഞുങ്ങളുടെ എണ്ണം വളരെ കുറവായിരിക്കും.

giant-gourami
ജയന്റ് ഗൗരാമി കുഞ്ഞുങ്ങൾ

3. ഏതുതരം കുളം

പടുതക്കുളം, പാറക്കുളം, സിമന്റ് കുളം, പ്രകൃതിദത്ത ജലാശയം എന്നിങ്ങനെ എവിടെയും ജയന്റ് ഗൗരാമികൾ വളരുകയും ബ്രീഡ് ചെയ്യുകയും ചെയ്യും. എന്നാൽ, നല്ല രീതിയിൽ വെയിൽ ഏൽക്കുന്നതും ആൽഗ നിറഞ്ഞതുമായ വെള്ളം നിർബന്ധം.

4. കളമത്സ്യങ്ങൾ

പ്രജനനത്തിന് വലിയ മത്സ്യങ്ങളെ നിക്ഷേപിക്കുന്ന കുളങ്ങളിൽ ഒരു തരത്തിലുമുള്ള മത്സ്യങ്ങൾ ഉണ്ടാവാൻ പാടില്ല. ജയന്റ് ഗൗരാമികളുടെതന്നെ കുഞ്ഞുങ്ങളും ഉണ്ടാവാൻ പാടില്ല. അത്തരം ചെറു മത്സ്യങ്ങൾ മുട്ടകളെയും മുട്ടവിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങളെയും ഭക്ഷിക്കും.

giant-gourami-breeding-nest
ഭിത്തിയിൽ ഉറപ്പിച്ചിരിക്കുന്ന ഫ്രെയിമിനുള്ളിൽ ജയന്റ് ഗൗരാമികൾ നിർമിച്ച കൂട്

5. കൂട് ഉണ്ടാക്കാൻ സൗകര്യം

കൂട് നിർമിച്ച് അതിനുള്ളിൽ മുട്ടകൾ സംരക്ഷിക്കുന്നവരാണ് ജയന്റ് ഗൗരാമികൾ. അതുകൊണ്ടുതന്നെ കുളത്തിന്റെ സാഹചര്യം അനുസരിച്ച് കൂടൊരുക്കാനുള്ള സൗകര്യങ്ങൾ ഉറപ്പാക്കണം. പടുതക്കുളത്തിനു പുറത്ത് കോംഗോസിഗ്നൽ പുല്ല് വച്ചുപിടിപ്പിച്ച് കുളത്തിലേക്കിറക്കിയാൽ അതിനിടയിൽ കൂട് നിർമിച്ച് മുട്ടയിട്ടുകൊള്ളും. കൂട് നിർമിക്കാൻ ഉണങ്ങിയ പുല്ല്, പ്ലാസ്റ്റിക് ചാക്ക് അഴിച്ച നൂല്, കയർ അഴിച്ച നൂല് തുടങ്ങിയ ഇട്ടുകൊടുക്കാം. ഉണങ്ങിയ പുല്ലാണ് ഏറ്റവും ഉത്തമം.

പുല്ല് വയ്ക്കാൻ സാധിക്കാത്ത കുളങ്ങളിൽ ഇല്ലികൊണ്ട് മുക്കാലിപോലെ നിർമിച്ച് കൊടുക്കാം. അതല്ലെങ്കിൽ പിവിസി പൈപ്പ് ഉപയോഗിച്ച് ത്രികോണ സ്തൂപം പോലെ ഫ്രെയിം നിർമിച്ച് ഉറപ്പിച്ചു നൽകാം. ഒരുകാര്യം പ്രത്യേകം ശ്രദ്ധിക്കാനുള്ളത് അവ നിർമിക്കുന്ന കൂട് ഒരിക്കലും ഇളകിപ്പോകാൻ ഇടവരരുത്. മാത്രമല്ല, ജലോപരിതലത്തോട് ചേർന്നായിരിക്കണം കൂട് ഒരുക്കേണ്ടതും.

6. കാലാവസ്ഥ

2018 മുതൽ കേരളത്തിലെ കാലാവസ്ഥയിലുണ്ടായ മാറ്റം ജയന്റ് ഗൗരാമികളുടെ പ്രജനനത്തെയും ബാധിച്ചിട്ടുണ്ട്. മേയ്–ജൂലൈ സമയങ്ങളിൽ ഗൗരാമികൾ മുട്ടയിടുമ്പോൾ ശക്തമായ മഴയാണ് ഈ വർഷവും കഴിഞ്ഞ വർഷവുമൊക്കെ കേരളത്തിൽ അനുഭവപ്പെട്ടത്. ഇത് കുഞ്ഞുങ്ങളുടെ നാശത്തിന് കാരണമായിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ കാലയളവിലുള്ള പ്രജനനത്തിൽ കു‍ഞ്ഞുങ്ങളുടെ എണ്ണം പൊതുവേ കുറവാണ്. അതേസമയം, നവംബർ–‍‍ഡിസംബർ മാസങ്ങളിൽ മുട്ടയിടുമ്പോൾ കൂടുതൽ കുഞ്ഞുങ്ങളെ ലഭിക്കുകയും ചെയ്യും.

giant-gourami-1

7. ഒളിച്ചിരിക്കാൻ സൗകര്യം

മുട്ടവിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങൾ മൂന്നാഴ്ചയോളം പുല്ലും മറ്റും ഉപയോഗിച്ച് നിർമിച്ചിരിക്കുന്ന കൂടിനുള്ളിലായിരിക്കും. അതിനുശേഷം പുറത്തിറങ്ങുന്ന കുഞ്ഞുങ്ങൾ പകൽ സമയങ്ങളിൽ ഒളിച്ചിരിക്കുകയും രാത്രികാലങ്ങളിൽ സഞ്ചരിക്കുകയും ചെയ്യുന്നവരാണ്. അതുകൊണ്ടുതന്നെ അവയ്ക്ക് ഒളിച്ചിരിക്കാനുള്ള സൗകര്യം കുളത്തിൽ ഉറപ്പാക്കിയാൽ കൂടുതൽ കുഞ്ഞുങ്ങളെ ലഭിക്കും. പുല്ല് വളർന്നിറങ്ങിയ കുളങ്ങളും കൽക്കെട്ടുള്ള കുളങ്ങളും ഗൗരാമിക്കുഞ്ഞുങ്ങൾക്ക് ഏറെ ഗുണപ്രദമാണ്.

8. മാതൃമത്സ്യങ്ങളുടെ വലുപ്പം

മത്സ്യങ്ങളുടെ വലുപ്പം പുതു തലമുറയുടെ എണ്ണത്തെ സ്വാധീനിക്കും. 4 വയസിൽ പ്രായപൂർത്തിയെത്തുമ്പോൾ 2 കിലോഗ്രാമെങ്കിലുമുള്ള പെൺമത്സ്യത്തെ പ്രജനനത്തിനായി തിരഞ്ഞെടുക്കാം. എന്നാൽ ഈ പ്രായത്തിൽ 3.5 കിലോഗ്രാമിന് മുകളിൽ പോകാത്തതാണ് നല്ലത്. 4 വയസിൽ 1 കിലോഗ്രാം തൂക്കത്തിലെത്തിയ മത്സ്യങ്ങളും പ്രായപൂർത്തിയാകുന്നതാണ്. അത്തരം മത്സ്യങ്ങളെ പ്രജനനത്തിനായി തിരഞ്ഞെടുത്താൽ കുഞ്ഞുങ്ങൾക്ക് വളർച്ച കുറവായിരിക്കും.

9. അംഗവൈകല്യം ഇല്ലാത്തവ ആയിരിക്കണം

വളർന്നുവരുന്ന സാഹചര്യങ്ങൾ ചിലപ്പോൾ മത്സ്യങ്ങളിൽ ചില ശാരീരിക പ്രശ്നങ്ങൾക്ക് കാരണമായേക്കാം. അതുകൊണ്ടുതന്നെ നല്ല ആകൃതിയും ഭംഗിയും ആരോഗ്യവുമുള്ള മത്സ്യങ്ങളെ വേണം പ്രജനനത്തിന് ഉപയോഗിക്കാൻ. 

giant-gourami-juveniles-1
ജയന്റ് ഗൗരാമി കുഞ്ഞുങ്ങൾ. രാത്രികാല കാഴ്ച

10. മതിയായ ഭക്ഷണം

വലിയ ജലാശയത്തിൽ, ആൽഗ നിറഞ്ഞ വെള്ളത്തിൽ മുട്ടവിരിഞ്ഞിറങ്ങുന്ന ജയന്റ് ഗൗരാമിക്കുഞ്ഞുങ്ങൾക്ക് പ്രാരംഭദശയിലുള്ള വളർച്ചയ്ക്കാവശ്യമായ ഭക്ഷണം കുളത്തിൽനിന്നുതന്നെ ലഭിച്ചുകൊള്ളും. അതുകൊണ്ട് കുളത്തിൽ മതിയായ അളവിൽ ആൽഗയുണ്ട് എന്ന് ഉറപ്പുവരുത്തണം. പൂർണമായും ജയന്റ് ഗൗരാമിയുടെ രൂപത്തിലെത്തിയ കുഞ്ഞുങ്ങൾക്ക് ചെറിയ രീതിയിൽ സ്റ്റാർട്ടർ തീറ്റ നൽകിത്തുടങ്ങാം. രാത്രിയിലായിരിക്കണം ഇത്തരത്തിൽ കുഞ്ഞുങ്ങൾക്ക് ഭക്ഷണം നൽകേണ്ടത്. 

ജയന്റ് ഗൗരാമികളെക്കുറിച്ച് കൂടുതൽ അറിയാൻ ചുവടെയുള്ള ലിങ്കുകളിൽ പ്രവേശിക്കുക

1. കേരളത്തിലുണ്ട് നാലിനം ജയന്റ് ഗൗരാമികൾ 

2. എത്ര തീറ്റ കൊടുത്താലും ജയന്റ് ഗൗരാമികൾ അതിവേഗം വളരില്ല 

3. ജയന്റ് ഗൗരാമികളുടെ കൃത്യമായ ലിംഗനിർണയം മൂന്നു വയസ് കഴിഞ്ഞ്  

4. ജയന്റ് ഗൗരാമി ബ്രീഡിങ്: ഏറെ പഠിക്കാനുണ്ട്

5. കൂട് നിർമിക്കാൻ സാഹചര്യമൊരുക്കിയാൽ മുട്ടയിടാൻ ജയന്റ് ഗൗരാമികൾ തയാർ 

6. ജയന്റ് ഗൗരാമിക്കു​ഞ്ഞുങ്ങളെ കാണാം, മൂന്നാഴ്ചയ്ക്കുശേഷം 

English summary: Giant Gourami Farming and Breeding, Giant gourami, Fish Farming, Fish Breeding, Fish Caring

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA