ADVERTISEMENT

യുവാക്കൾ കേരളമുപേക്ഷിച്ചു മറ്റു രാജ്യങ്ങളിലേക്ക് ചേക്കേറുമ്പോൾ വിദേശജോലി ഉപേക്ഷിച്ച് കൃഷിയിലേക്കിറങ്ങിയ യുവാവാണ് കോട്ടയം പാലാ കുന്നോന്നിക്കു സമീപമുള്ള പടന്നമാക്കൽ മിഥുൻ ടോം. കുട്ടിക്കാലം മുതൽ കണ്ടും ശീലിച്ചും വളർന്ന കാർഷിക പാരമ്പര്യം സഹോദരൻ സച്ചിനൊപ്പം തുടരാനായിരുന്നു മിഥുന്റെ തിരിച്ചുവരവ്. ആ തീരുമാനം തെറ്റിയില്ലെന്ന് തെളിയിച്ചുതരികയാണ് ഇരുവരും തങ്ങളുടെ കൃഷിയിടത്തിലൂടെ. പന്നിയും മത്സ്യങ്ങളുമൊക്കെയായി നല്ലൊരു വരുമാനം നേടുന്നു ഈ സഹോദരങ്ങൾ. 

മിഥുനും സച്ചിനും
മിഥുനും സച്ചിനും

കൃഷിയാണ് തങ്ങൾ അഞ്ചു പേരടങ്ങുന്ന കുടുംബത്തിന്റെ വരുമാനമാർഗമെന്നു പറയുന്നു സച്ചിൻ. വീടിനോടു ചേർന്നുള്ള റബർത്തോട്ടത്തിൽനിന്ന് റബറിനേക്കാൾ വരുമാനം നൽകുന്നത് പന്നിയും മത്സ്യങ്ങളുംതന്നെ. റബറുകൾക്കിടയിൽ മുഴുവനും ചെറിയ ചെറിയ മത്സ്യക്കുളങ്ങളാണ്. മുത്തച്ഛനും അച്ഛനും തുടർന്നുവന്ന കൃഷിയാണ് തങ്ങൾ പിന്തുടരുന്നതെന്ന് സച്ചിൻ പറഞ്ഞു. അവരിലൂടെ കണ്ടും അറിഞ്ഞും വളർന്നത് തങ്ങളെയും കൃഷിയിലേക്ക് കൂടുതൽ അടുപ്പിച്ചു. അധ്വാനിച്ചാൽ മികച്ച വരുമാനം കൃഷിയിലൂടെത്തന്നെ നേടാൻ കഴിയുമെന്നും സച്ചിൻ. 

piglets

പന്നിക്കുഞ്ഞുങ്ങൾ നൽകും വരുമാനം
വർഷം നൂറ്റമ്പതോളം പന്നിക്കുഞ്ഞുങ്ങളെ ഉൽപാദിപ്പിക്കുന്ന വിധത്തിലാണ് തങ്ങളുടെ പന്നിഫാം ക്രമീകരിച്ചിരിക്കുന്നതെന്ന് സച്ചിൻ. മികച്ച വളർച്ചയുള്ള ഇനങ്ങളെ രക്തബന്ധം വരാത്ത വിധത്തിൽ ഇണചേർത്താണ് കുട്ടികളെ ഉൽപാദിപ്പിക്കുന്നത്. ഒരു പന്നിക്ക് 15 മാസത്തിനുള്ളിൽ 2 പ്രസവം എന്ന രീതിയിലാണ് ക്രമീകരണം. പ്രസവത്തിനായി ഫാറോവിങ് ക്രേറ്റും ഇപ്പോൾ ഉറപ്പിച്ചിട്ടുണ്ട്. ഇത് അമ്മപ്പന്നിയുടെ അടിയിൽപ്പെട്ട് കുഞ്ഞുങ്ങൾ മരണപ്പെടാനുള്ള സാധ്യത കുറയ്ക്കും.

ഹോട്ടലുകളിൽനിന്നു ശേഖരിക്കുന്ന മിച്ചഭക്ഷണമാണ് പന്നികൾക്കു നൽകുന്നത്. ഒരു നേരമാണ് ഭക്ഷണം നൽകുക. കുഞ്ഞുങ്ങൾക്കും പ്രസവിച്ചുകിടക്കുന്ന പന്നികൾക്കും കമ്പനി തീറ്റയും നൽകുന്നുണ്ട്. മുൻപ് ഇറച്ചിയാവശ്യത്തിനായി മാത്രമായിരുന്നു പന്നികളെ വളർത്തിയിരുന്നത്.  എന്നാൽ, അതിനേക്കാൾ ലാഭകരം കുട്ടികളുടെ വിൽപനയാണെന്ന് സച്ചിൻ. വർഷങ്ങളായി ഈ മേഖലയിൽ ഉള്ളതുകൊണ്ടും മാസം 15 കുഞ്ഞുങ്ങളെയെങ്കിലും സ്ഥിരമായി വിൽക്കാൻ കഴിയുന്നതുകൊണ്ടും കുഞ്ഞുങ്ങൾക്ക് ആവശ്യക്കാരേറെയെന്നും സച്ചിൻ.

sachin

അലങ്കാരമത്സ്യ പ്രജനനവും വിൽപനയുമാണ് ഈ ഫാമിലെ ആദ്യസംരംഭം. അധ്യാപകനായിരുന്ന അച്ചാച്ചൻ ടോം കെ.ജേക്കബും വല്യപ്പൻ കെ.ടി.ജേക്കബും ചേര്‍ന്ന് 1985 മുതൽ ഇവിടെ വാണിജ്യാടിസ്ഥാനത്തിൽ അലങ്കാരമത്സ്യങ്ങളെ വളർത്തുന്നുണ്ട്. അത് മിഥുനും സച്ചിനും ഏറ്റെടുത്തു നടത്തുന്നു. ഇതും ഈ കുടുംബത്തിന്റെ വരുമാനമാർഗമാണ്. വളർത്തുമത്സ്യങ്ങളിൽ വിവിധയിനം ജയന്റ് ഗൌരാമികളുടെയും റെഡ് തിലാപ്പിയയുടെയും പ്രജനനം വിവിധ കുളങ്ങളിൽ നടക്കുന്നു. ഗപ്പി, പ്ലാറ്റി, ഏഞ്ചൽ, ഓസ്കർ തുടങ്ങിയ അലങ്കാരമത്സ്യങ്ങളുടെയും പ്രജനനമുണ്ട്. മഴക്കാലത്താണ് വളർത്തുമത്സ്യങ്ങൾക്ക് ആവശ്യക്കാരേറെയുള്ളത്. ജയന്റ് ഗൌരാമി മത്സ്യങ്ങളെക്കൂടാതെ കാർപ്പിനങ്ങൾ, വരാൽ, വാള, അനാബസ് തുടങ്ങിയവയുടെയും കുഞ്ഞുങ്ങളുടെ വിൽപനയുണ്ട്. മറുനാട്ടിൽനിന്നുള്ള കുഞ്ഞുങ്ങളെ ഇവിടെയെത്തിച്ച് ക്വാറന്റൈൻ ചെയ്തശേഷമാണ് ആവശ്യക്കാർക്ക് വിതരണം ചെയ്യുക. വേനൽക്കാലത്ത് പൊതുവെ അലങ്കാരമത്സ്യങ്ങൾക്കാണ് ആവശ്യക്കാരേറെയുള്ളതെന്നും സച്ചിൻ. മത്സ്യക്കുഞ്ഞുങ്ങളുടെ വിൽപനയ്ക്കായി വീട്ടിൽത്തന്നെ കടയിട്ടിരിക്കുകയാണ് ഈ പയ്യന്മാർ.

മനസുണ്ട്, മടിയില്ല
ബിഎസ് സി ഫിസിക്സ് ബിരുദദാരിയാണ് മിഥുൻ. സച്ചിനാവട്ടെ ബികോം ബിരുദദാരിയും. പുറത്ത് ജോലി നേടിയെങ്കിലും ഫാമിലെ പ്രവർത്തനങ്ങൾ തനിക്ക് മാത്രം കൈകാര്യം ചെയ്യാൻ കഴിയുന്നില്ലെന്ന് തോന്നിയപ്പോൾ ജോലിയുപേക്ഷിച്ച് ചേട്ടൻ തിരികെയെത്തിയതാണെന്ന് സച്ചിൻ. നാണക്കേടിന്റെ പേരിലോ മറ്റുള്ളവർ എന്തെങ്കിലും പറയുമെന്നോർത്തോ കൃഷി ചെയ്യാതിരിക്കുന്നത് ശരിയല്ലെന്നും ഈ യുാവാവ് പറയുന്നു. അധ്വാനിക്കാൻ മനസുണ്ടെങ്കിൽ വരുമാനവും ലഭിക്കും. ബാക്കിയുള്ളവർ എന്തു പറയുമെന്ന് ശ്രദ്ധിക്കാറില്ലെന്നും സച്ചിൻ. ഫാമിലെ മുഴുവൻ പണികളും തങ്ങൾത്തന്നെയാണ് ചെയ്യുന്നത്. ഇതിനായി പ്രത്യേകം ജോലിക്കാരില്ല. കുടുംബാംഗങ്ങൾ എല്ലാവരും ഒരുപോലെ കാര്യങ്ങൾ നോക്കുന്നു. പന്നിക്കൂടുകളുടെ അറ്റകുറ്റപ്പണി, കോൺക്രീറ്റ് ടാങ്ക് നിർമാണം പോലുള്ള അവശ്യ ഘട്ടങ്ങളിൽ മാത്രമാണ് പുറമേനിന്നുള്ളവരുടെ സേവനം തേടാറുള്ളത്. ഒരു തൊഴിലാളിയെ വച്ചാൽ അവർക്ക് നൽകുന്ന വേതനം നമ്മുടെ വരുമാനത്തെ ബാധിക്കും. സ്വന്തമായി ചെയ്യാൻ കഴിയുമ്പോൾ ഒരു കർഷകനെ സംബന്ധിച്ചിടത്തോളം ആ വേതനലാഭമാണ് അവന്റെ നീക്കിയിരുപ്പെന്നും സച്ചിൻ.

ഫോൺ: 9605530424 (സച്ചിൻ), 85474 42883 (മിഥുൻ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com