ADVERTISEMENT

കുരുമുളക്‌ സീസൺ പടിവാതിൽക്കൽ എത്തി നിൽക്കെ ഉൽപ്പന്നവില ഉയരുന്നത്‌ എതെല്ലാം മാർഗങ്ങളിലുടെ തടയാനാവുമെന്ന തന്ത്രങ്ങൾ മെനയുകയാണ്‌ വ്യവസായ ലോബി. മൂല്യവർധിത ഉൽപ്പന്നമാക്കാൻ വിദേശ കുരുമുളക്‌ ഇറക്കുമതി നടത്തുന്ന വ്യവസായികൾക്ക്‌ റീ ഷിപ്പ്‌മെന്റിന്‌ മൂന്ന്‌-നാല്‌ മാസം സാവകാശം ലഭിക്കുന്നുണ്ട്‌. എന്നാൽ പലരും അതിലും കൂടുതൽ കാലാവധിക്കു ശേഷമാണ്‌ മൂല്യവർധിതമാക്കി തിരിച്ചു കയറ്റുമതി നടത്തുന്നത്‌. 

ഇറക്കുമതി നടത്തുന്ന കുരുമുളക്‌ ആഭ്യന്തര മാർക്കറ്റിൽ വിറ്റഴിച്ച്‌ ഇരട്ടി ലാഭം ഉറപ്പു വരുത്തുന്ന ചുരുക്കം ചിലർ ഈരംഗത്ത്‌ നേരത്തെ തന്നെ ഇടം പിടിച്ചിട്ടുണ്ട്‌. പല അവസരങ്ങളിലും ഇറക്കുമതി ചരക്ക്‌ മൂല്യവർധിതമാക്കുന്നതിൽ വീഴ്‌ച്ച വരുത്തിയവരെ കസ്‌റ്റംസ്‌ വിഭാഗം കണ്ടെത്തിയ ചരിത്രവുമുണ്ട്‌. 

എക്‌സ്‌പോർട്ട്‌ ഓറിയന്റൽ യൂണിറ്റുകൾ മൂല്യവർധിത ഉൽപ്പന്നങ്ങൾ നിർമിക്കാൻ നികുതിരഹിതമായ ഇറക്കുമതിക്ക്‌ അനുമതിയുള്ള അവർക്ക്‌ എത്തിക്കുന്ന സുഗന്ധവ്യഞ്‌ജനങ്ങൾ ആഭ്യന്തര മാർക്കറ്റിൽ വിൽപ്പനയ്‌ക്ക്‌ അനുമതി തേടി. വാണിജ്യമന്ത്രാലയം ഇക്കാര്യത്തിൽ പച്ചക്കൊടി ഉയർത്തിയാൽ കേരളത്തിന്‌ മാത്രമല്ല, കർണാടകത്തിലെയും കർഷകർക്ക്‌ കനത്ത പ്രഹരമാവും. 

ഇതര ഉൽപാദകരാജ്യങ്ങളിൽ നിന്നും കുരുമുളകും ഏലവും മഞ്ഞളും ഗ്രാമ്പുവും മാത്രമല്ല, പല ഉൽപ്പന്നങ്ങളും നമ്മുടെ വിപണി കയ്യടക്കും. വിദേശത്തുനിന്നും കുറഞ്ഞ വിലയ്‌ക്ക്‌ ശേഖരിക്കുന്ന ഉൽപ്പന്നങ്ങൾ ഇവിടെ ചൂടപ്പം പോലെ അവർക്ക്‌ വിറ്റഴിക്കാൻ കഴിയും. അതേസമയം ഇത്തരത്തിൽ ഇറക്കുമതി ചെയുന്ന സുഗന്ധവ്യഞ്‌ജനങ്ങൾ ആഭ്യന്തര മാർക്കറ്റിൽ ഇറങ്ങിയാൽ കാർഷികോൽപ്പന്നങ്ങളുടെ വിലയെ അത്‌ പ്രതികൂലമായി തന്നെ ബാധിക്കും. പ്രത്യേകിച്ച്‌ സീസൺ അടുത്ത സാഹചര്യത്തിൽ മലബാർ മുളകിന്‌ ഇത്‌ കനത്ത തിരിച്ചടിയാവും. 

ഇതിനിടെ തെക്കൻ കേരളത്തിൽ മൂപ്പു കുറഞ്ഞ കുരുമുളകിന്റെ വിളവെടുപ്പിന്‌ തുടക്കം കുറിച്ചു. സത്ത്‌ നിർമാതാക്കളെയും അച്ചാർ ഉൽപാദകരെയും മുന്നിൽ കണ്ടാണ്‌ ലിറ്റർ വെയിറ്റ്‌ കുറഞ്ഞ മുളക്‌ കർഷകർ വിപണിയിൽ എത്തിക്കുന്നത്‌. സാധാരണ നവംബർ മധ്യത്തിൽ തന്നെ മൂപ്പ്‌ കുറഞ്ഞ മുളക്‌ ഉയർന്ന അളവിൽ തെക്കൻ കേരളത്തിലെ പ്രമുഖ വ്യാപാര കേന്ദ്രങ്ങളിൽ എത്താറുണ്ട്‌. എന്നാൽ ഇക്കുറി ഡിസംബർ ആദ്യ വാരത്തിലും ലഭ്യത ഉയർന്നില്ലെന്നാണ്‌ വ്യാപാരികളുടെ പക്ഷം. 

കാലാവസ്ഥ വ്യതിയാനങ്ങൾ ഒരു പരിധി വരെ വിളവെടുപ്പ്‌ വൈകാൻ ഇടയാക്കി. കിലോ ഗ്രാമിന്‌ 110 രൂപയിൽ ഇടപാടുകൾ തുടങ്ങിയ മൂപ്പ്‌ കുറഞ്ഞ മുളക്‌ വില ഇതിനകം 152 രൂപയായി ഉയർന്നു. സത്ത്‌ നിർമാതാക്കൾ വില ഇനിയും ഉയർത്തി ശേഖരിക്കാൻ ഇടയുണ്ടെന്നാണ്‌ വിപണി വൃത്തങ്ങളുടെ വിലയിരുത്തൽ. കഴിഞ്ഞ ഡിസംബറിനെ അപേക്ഷിച്ച്‌ അൺ ഗാർബിൾഡ്‌ കുരുമുളക്‌ വില ഗണ്യമായി ഉയർന്നതിനാൽ തെക്കൻ കേരളത്തിലെ വലിയോരു വിഭാഗം കർഷകർ മുളകുമണികൾ മൂപ്പെത്തും വരെ കാത്തിരിക്കാമെന്ന നിലപാടിലാണ്‌. 

മൂപ്പു കുറഞ്ഞ പച്ചമുളകിന്‌ ലഭിക്കുന്നതിന്റെ മൂന്നിരട്ടി അധിക വില ഉൽപ്പന്നം ഉണക്കിയാൽ  ഫെബ്രുവരിക്കു ശേഷം ഉറപ്പ്‌ വരുത്താനാവമെന്നാണ്‌ അവരുടെ കണക്കുകൂട്ടൽ. ഓഗസ്‌റ്റിന്‌ ശേഷം ഇന്ത്യൻ കുരുമുളക്‌ വിലയിലുണ്ടായ കുതിച്ചുചാട്ടം തന്നെയാണ്‌ അവരെ പുതിയ പരീക്ഷണങ്ങൾക്ക്‌ പ്രേരിപ്പിക്കുന്ന മുഖ്യഘടകം. തെക്കൻ ജില്ലകളിലെ കർഷകർ മാറി ചിന്തിച്ച്‌ തുടങ്ങിയത്‌  വ്യവസായികളെ അൽപ്പം ആശങ്കയിലാക്കി. 

അന്താരാഷ്‌ട്ര സുനഗന്ധവ്യഞ്‌ജന വിപണിയിൽ കുരുമുളകിൽ നിന്നുള്ള മൂല്യവർധിത ഉൽപ്പന്നങ്ങൾക്ക്‌ വൻ ഡിമാൻഡ് ഉണ്ട്‌. അവർക്ക്‌ ആവശ്യമായ എണ്ണയുടെ അംശം ഉയർന്ന കുരുമുളക്‌ പൂർണമായി ഇവിടെ നിന്നും ലഭിക്കാറില്ലാത്തിനാൽ ശ്രീലങ്കയിൽ നിന്നും മറ്റ്‌ രാജ്യങ്ങളിൽ നിന്നും ഇറക്കുമതി നടത്താറുണ്ട്‌. മൂല്യ വർധിത ഉൽപ്പന്നങ്ങൾക്കായി ഇറക്കുമതി നടത്തുന്നവർ ചരക്ക്‌ ആഭ്യന്തര മാർക്കറ്റിൽ വിൽപ്പന നടത്താൻ അനുമതി തേടിയതിന്‌ പിന്നിലെ രഹസ്യം ഇതോടെ വ്യക്തമായി. ഇക്കുറി തെക്കൻ കേരളത്തിലെ കർഷകർ മൂപ്പെത്തും വരെ മുളകുകൊടിയിൽ നിലനിർത്തിയാൽ എണ്ണ അംശം ഉയർന്ന ചരക്കിന്‌ രൂക്ഷമായ ക്ഷമം നേരിടും.  

കാപ്പി

സീസൺ ആരംഭത്തിൽ തന്നെ ഇന്ത്യൻ കാപ്പിക്കായി വിദേശ രാജ്യങ്ങൾ വിപണിക്ക്‌ മുകളിൽ വട്ടമിട്ടു. കാർഷിക മേഖലയുടെ ഭാഗത്തു നിന്ന്‌ വീക്ഷിക്കുമ്പോൾ ഇറക്കുമതി രാജ്യങ്ങളുടെ കടന്നുവരവ്‌ പുതിയ ചരക്കിന്‌ ഉയർന്ന വില ഉറപ്പ്‌ വരുത്താൻ അവസരം ഒരുക്കും. യൂറോപ്യൻ രാജ്യങ്ങളാണ്‌ ഇന്ത്യൻ കാപ്പി വിശേഷങ്ങൾ ആരാഞ്ഞ്‌ ആദ്യമെത്തിയതെങ്കിലും അവരുടെ വരവ്‌ അറിഞ്ഞ്‌ അറബ്‌ രാജ്യങ്ങളും കാപ്പി വില സംബന്ധിച്ച്‌ കയറ്റുമതിക്കാരുമായി ചർച്ചകളും വിലപേശലും ആരംഭിച്ചു. 

വിയറ്റ്‌നാമിലെ കാലാവസ്ഥ‌ വ്യതിയാനങ്ങൾ മൂലം പിന്നിട്ട പതിനൊന്ന്‌ മാസങ്ങളിലെ കാപ്പി കയറ്റുമതിയിൽ സംഭവിച്ച കുറവാണ്‌ നമ്മുടെ ഉൽപ്പന്നത്തിലേക്ക്‌ ഇറക്കുമതിക്കാരുടെ ശ്രദ്ധതിരിച്ചു വിട്ടത്‌. ജനുവരി – നവംബർ കാലയളവിൽ അവരുടെ കാപ്പി കയറ്റുമതി പതിമൂന്ന്‌ ശതമാനതോളം കുറഞ്ഞ്‌ 1.38 ലക്ഷം ടണ്ണിൽ ഒതുങ്ങി. റോബസ്‌റ്റ കാപ്പി വില ഉയരാൻ അവസരം ഒരുക്കുന്ന കണക്കുകൾ വിയറ്റ്‌നാം കസ്‌റ്റംസ്‌ വിഭാഗം പുറത്തുവിട്ടതോടെ രാജ്യാന്തര കാപ്പി വിപണി ക്രിസ്‌മസ്‌ – ന്യൂ ഇയർ വേളയിൽ ചൂടുപിടിക്കാൻ ഇടയുണ്ട്‌‌. വരൾച്ച മൂലം വിയറ്റ്‌നാമിൽ കാപ്പി ഉൽപാദനം പത്തു ശതമാനം കുറഞ്ഞതായി വിയറ്റ്‌നാം കാർഷിക വിഭാഗം നവംബർ ആദ്യം പ്രവചിച്ചു. ഈ വിവരം പുറത്തുവന്നതോടെ കിട്ടാവുന്ന പരമാവധി ചരക്ക്‌ വാരികൂട്ടാൻ ഇടപാടുകാർ മത്സരിച്ചത്‌ നവംബറിലെ കയറ്റുമതി ഉയർത്തി.     

ഇതിനിടയിൽ വിയറ്റ്‌നാം എൽ നിനോ പ്രതിഭാസത്തിലേക്ക്‌ നീങ്ങുന്നതായി വിയറ്റ്‌നാം കാലാവസ്ഥാ നിരീക്ഷണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെറ്റീരിയോളജി സൂചന നൽകി. ഈ വർഷം അവസാനമോ അടുത്ത വർഷം തുടക്കത്തിലോ അവർ വരൾച്ചയുടെ പിടിയിൽ അകപ്പെടുമെന്നാണ്‌ വിലയിരുത്തുന്നത്‌. 

യൂറോപ്പും പശ്ചിമേഷ്യൻ രാജ്യങ്ങളും വിലക്കുറവ്‌ അവസരമാക്കിയാണ്‌ ഇന്ത്യയിൽ ശ്രദ്ധചെലുത്തുന്നത്‌. അറബിക്ക കാപ്പി വിളവെടുപ്പ്‌ അടുത്ത മാസം ഊർജിതമാക്കുന്നതിനിടയിൽ വിദേശ ഓർഡറുകളുടെ വരവ്‌ വിപണിക്കും കാർഷിക മേഖലയ്‌ക്കും ഗുണകരമാവും. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന കയറ്റുമതിക്കാരുടെ കണക്കുകൂട്ടലിൽ ക്രിസ്‌മസ്‌- ന്യൂ ഇയർ ആഘോഷങ്ങൾ കഴിയുന്നതോടെ വൻ ഓർഡറുകൾ ഇന്ത്യയിലേക്ക് എത്തും.

ഉത്സവ ദിനങ്ങൾക്ക്‌ മുന്നേ കച്ചവടങ്ങളിൽ ഏർപ്പെട്ടാൽ താഴ്‌ന്ന വിലയുടെ മാധുര്യം ഇറക്കുമതിക്കാർക്ക്‌ ഉറപ്പ്‌ വരുത്താനാവുമെന്ന സൂചനയും അവർ നൽക്കുന്നു. അതായത്‌ കാത്തിരുന്നാൽ കാപ്പി വില വീണ്ടും ഉയരുമെന്നാണ്‌ ചില കയറ്റുമതിക്കാരുടെ പക്ഷം. ജനുവരിയിൽ ഷിപ്പ്‌മെന്റുകൾ തുടങ്ങാനുള്ള നീക്കങ്ങളും അണിയറയിൽ പുരോഗമിക്കുന്നു. 

ഏപ്രിൽ - നവംബറിൽ രാജ്യത്ത്‌ നിന്നുള്ള കാപ്പി കയറ്റുമതിയിൽ ആറര ശതമാനം കുറഞ്ഞു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 2.61 ലക്ഷം ടൺ കാപ്പി ഷിപ്പ്‌മെന്റ് നടത്തിയ സ്ഥാനത്ത്‌ ഇക്കുറി കയറ്റുമതി 2.44 ലക്ഷം ടണ്ണിൽ ഒതുങ്ങിയെങ്കിലും കയറ്റുമതി മൂല്യത്തിൽ ആറ്‌ ശതമാനം വർധനയുണ്ടായി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com