ADVERTISEMENT

കാലം 1991. ഞാൻ വെറ്ററിനറി സയൻസ് പഠിച്ചിറങ്ങിയ കാലം. വിവാഹം കഴിഞ്ഞു. മധുവിധു നാളുകൾ. അന്നൊക്കെ രാത്രിയിൽ വെറ്ററിനറി ഡോക്ടർമാരെ അത്യാവശ്യത്തിന് കർഷകർ തേടി വരും. രാത്രിയിലെ കതകിനു മുട്ട് കേട്ട് ഇറങ്ങിയപ്പോൾ രണ്ടു പശുക്കളും ഒരു കിടാരിയും അവശനിലയിൽ കിടക്കുന്ന ദുഃഖം പങ്കുവച്ചുകൊണ്ടൊരു കർഷകൻ. മധുവിധുവിന്റെ മനോഹാരിത നഷ്ടപ്പെട്ടത് പുറത്തറിയിക്കാതെ  കൂടെ നടന്നു. വാഹന സൗകര്യം ഇന്നത്തെപ്പോലില്ല. 

കപ്പയില കഴിച്ചെന്നുള്ള കാര്യം മുൻപേ പറഞ്ഞതിനാൽ സോഡിയം തയോസള്‍ഫേറ്റ് കൂടെ കരുതി. അന്നൊക്കെ ഈ മരുന്ന് എല്ലാവരും കരുതും. കാരണം കപ്പക്കൃഷി സുലഭം, പശുക്കൾക്ക് കപ്പയുടെ ഭാഗങ്ങൾ കൊടുത്തുണ്ടാകുന്ന പ്രശ്നങ്ങൾ സ്ഥിരം റിപ്പോർട്ട് ചെയ്യാറുണ്ട്. ഇഞ്ചക്ഷൻ കൊടുത്തു മിനിറ്റുകൾക്കുള്ളിൽ കന്നുകാലികള്‍ നേരെയായി, നിവർന്നു നിന്നു. ഞാനേതോ മന്ത്രം നടത്തിയ മട്ടിൽ അന്തംവിട്ടു നിൽക്കുകയായിരുന്നു കർഷകൻ. എനിക്കും കർഷകനും ഇന്ന് പ്രായമായി ഇപ്പോഴും അന്നത്തെ ബന്ധം നിലനിൽക്കുന്നു. 

അങ്ങനെ സർവീസിനിടയ്ക്ക് എത്രയോ അനുഭവങ്ങൾ. ഇത് എന്റേതു മാത്രമല്ല, ഓരോ വെറ്ററിനറി സർജനും തന്റെ സർവീസ് കാലയളവിൽ കൈകാര്യം ചെയ്ത കപ്പയിൽനിന്നുള്ള സയനൈഡ് വിഷബാധയുടെ എണ്ണം എണ്ണിയാലൊടുങ്ങാത്തതാണ്.

കപ്പത്തൊലി കഴിച്ചാൽ പശു ചാകുമോ?

ചാകും എന്നു തന്നെ ഉറപ്പിച്ച് പറയാം. വെറും വയറ്റിൽ അമിതമായി കപ്പയുടെ ഇലയും കപ്പത്തണ്ടും കഴിച്ചാൽ പശുക്കൾ ചാവും. ഇപ്പോഴുള്ള സങ്കരയിനം കപ്പയിൽ സയനൈഡിന്റെ അംശം കുറവാണെന്നത് തള്ളിക്കളയാനാവില്ല. കാരണം മുൻകാലങ്ങളെ അപേക്ഷിച്ച്, ഇപ്പോൾ കപ്പ കഴിക്കുന്നതുമൂലം ജീവഹാനിയുണ്ടാകുന്ന ഉരുക്കളുടെ എണ്ണത്തിൽ കുറവുണ്ട്. എന്നാൽ, പരമ്പരാഗക കപ്പയിനങ്ങൾ ഇപ്പോഴും നാട്ടിലുണ്ടെന്നുള്ളത് വിസ്മരിക്കരുത്. അതുകൊണ്ടുതന്നെ സയനൈഡിന്റെ അംശം കൂടിയും കുറഞ്ഞുമിരിക്കും. 

എങ്ങനെയാണ് കപ്പത്തൊണ്ട് മരണ കാരണമാകുന്നത്?

ഒരു കിലോഗ്രാം ശരീരഭാരമുള്ള ഒരു മൃഗത്തിന് 2 മില്ലിഗ്രാം ഹൈഡ്രോസയാനിക് ആസിഡ് മരണ കാരണമാകും. കപ്പത്തൊണ്ട് അമിതമായി കഴിക്കുമ്പോൾ, ദഹനപ്രക്രിയയിലൂടെ ഇതിൽ അടങ്ങിയിട്ടുള്ള ഹൈഡ്രോസയാനിക് ആസിഡ് രക്തത്തിൽ എത്തുകയും, അവിടെ വച്ച് രക്തത്തിലെ ഹീമോഗ്ലോബിനുമായി ചേർന്ന് സയൻമെത് ഹീമോഗ്ലോബിനായി തീരുകയും ചെയ്യുന്നു (സാധാരണഗതിയിൽ ശ്വസിക്കുമ്പോൾ വായുവിൽ അടങ്ങിയിട്ടുള്ള ഓക്സിജനുമായി ചേർന്ന് ഓക്സി ഹീമോഗ്ലോബിനാണ് ഉണ്ടാകുന്നത്. ഈ ഓക്സീ ഹീമോഗ്ലോബിനാണ് ഹൃദയം ഉൾപ്പെടെയുള്ള എല്ലാ ആന്തരീകാവയവങ്ങളുടെയും പ്രവർത്തനത്തിനാവശ്യം. ഓക്സിജൻ ശരീരത്തിൽ എത്തുന്നത് ഓക്സി ഹീമോഗ്ലോബിനായാണ്.) ഓക്സി ഹീമോഗ്ലോബിൻ ഉണ്ടാകുന്നതിനു പകരം വിഷപദാർഥമായ ഹൈഡ്രോസയാനിക് ആസിഡുമായി ഹീമോഗ്ലോബിൻ ചേർന്നുണ്ടാകുന്ന സയൻമെത് ഹീമോഗ്ലോബിനെന്ന വിഷപദാർഥം ശരീരത്തിന്റെ ഹൃദയം ഉൾപ്പെടെയുള്ള ആന്തരിക അവയവങ്ങളുടെ പ്രവർത്തനത്തെ തകർക്കുന്നു. ഓക്സിജൻ ലഭിക്കാതെ ശ്വാസതടസ്സം വന്ന് മൃഗങ്ങൾ മരിക്കുകയാണു ചെയ്യുന്നത്.

വളരെ ലളിതമായി പറഞ്ഞാൽ രക്തത്തിൽ ശ്വസിക്കുന്ന ഓക്സിജൻ എത്താത്ത അവസ്ഥ. ശ്വാസംമുട്ടിയുള്ള മരണം. ഇതിനോടനുബന്ധിച്ചുള്ള ശ്വാസതടസ്സം, വയറുപെരുക്കം തുടങ്ങിയ ലക്ഷണങ്ങൾ ബാഹ്യമായി കാണാന്‍ കഴിയും. 

ഇതിന് മറുമരുന്നായി നൽകുന്നത് ‘സോഡിയം തയോസൾഫേറ്റ്’ എന്ന രാസസംയുക്തമാണ്. ഈ മരുന്ന് രക്തത്തിലെ വിഷപദാർഥമായ സയൻമെത് ഹീമോഗ്ലോബിനുമായി ചേർന്ന്, വിഷരഹിതമായ ‘തയോ സയനേറ്റ്’ ആയി മാറുന്നു. തുടർന്ന് ഹീമോഗ്ലോബിൻ സ്വതന്ത്രമാകുന്നു. അങ്ങനെ പശു രക്ഷപ്പെടുന്നു. 

cow-death-tdpa-2

സോഡിയം തയോസൾഫേറ്റ് എന്ന പദാർഥം ഉപയോഗിച്ചാണ് ഇടുക്കി വെള്ളിയാമറ്റത്തു ജീവൻ അപകത്തിലായിരുന്ന കുറച്ചെണ്ണത്തിനെ ചികിത്സിച്ച് രക്ഷപ്പെടുത്തിയത്. ഹൈഡ്രോസയാനിക് ആസിഡ് എന്ന വിഷത്തിനു മാത്രമുള്ള മറുമരുന്നാണ് സോഡിയം തയോസൾഫേറ്റ്. കപ്പത്തൊണ്ട് കഴിച്ചില്ലെങ്കിൽ, അതിന്റെ മറുമരുന്ന് കൊടുത്താൽ പശുക്കൾ എങ്ങനെ രക്ഷപ്പെടും?

ഒരു പറമ്പിൽ വളരുന്നവയിൽ പല തരത്തിലുള്ള കപ്പകളുണ്ടാവാം. അതിൽ വിഷാംശം കൂടിയതും കുറഞ്ഞുതുമുണ്ടാകാം. കാലാവസ്ഥയിലുള്ള വ്യതിയാനം, വളപ്രയോഗം, മണ്ണിന്റെ ഘടന, നടീൽ വസ്തുവിന്റെ തരം, കഴിച്ച കപ്പത്തണ്ടിന്റെ അളവ്, ആമാശയം കാലിയായിരിക്കുന്ന അവസ്ഥ തുടങ്ങിയവയെല്ലാം ഹൈഡ്രോസയാനിക് ആസിഡിന്റെ അളവിനെ ബാധിക്കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com