വിലത്തകർച്ചയിൽ വെറുക്കപ്പെട്ട കനി; ഇന്ന് പൊന്നും വില; കൊക്കോയിൽ കേരളത്തോടു മുട്ടാനാകാതെ ആന്ധ്ര, പക്ഷേ...
Mail This Article
പത്തു വർഷം മുൻപ് ഒരു കിലോ ഉണക്ക കൊക്കോക്കുരുവിന്റെ രാജ്യാന്തര വിപണിവില ശരാശരി 152 രൂപയായിരുന്നു. ഏപ്രിൽ ആദ്യ വാരത്തില്‍ 800 രൂപയും പിന്നിട്ടു. ‘അതുക്കും മേലെ’ ഓഫർ ചെയ്ത് കച്ചവടക്കാർ ഇങ്ങോട്ട് അന്വേഷിച്ചെത്തുന്ന സ്ഥിതിയാണ് ഇപ്പോഴെന്നു കർഷകർ. അത്രയ്ക്കുണ്ട് ക്ഷാമവും ഡിമാൻഡും.
ഈ ബംപർ നേട്ടം ഇതേപടി തുടരുമോ എന്നതാണ് അടുത്ത ചോദ്യം. ഇപ്പോഴത്തെ റെക്കോർഡ് വില ഏതാനും മാസങ്ങൾക്കപ്പുറം തുടരില്ല എന്നാണു വിപണി വിദഗ്ധർ പറയുന്നത്. പ്രമുഖ ഉൽപാദകരാജ്യങ്ങൾ നേരിടുന്ന കടുത്ത ഉൽപാദനത്തകർച്ചയും സീസണല്ലാത്തതുകൊണ്ടുള്ള ലഭ്യതക്കുറവുമാണ് നിലവിലെ വിലക്കയറ്റത്തിനു കാരണം. ആഗോള കൊക്കോ ഉൽപാദനത്തിന്റെ 60 ശതമാനവും സംഭാവന ചെയ്യുന്ന ഐവറികോസ്റ്റും ഘാനയും ‘എൽ നിനോ’ കാലാവസ്ഥാപ്രതിഭാസത്തിന്റെ പിടിയിലാണ്. വർധിച്ച ഈർപ്പം മൂലം രണ്ടു രാജ്യങ്ങളിലെയും കൊക്കോത്തോട്ടങ്ങളിൽ രോഗ, കീടബാധ രൂക്ഷമാവുകയും അത് കടുത്ത ഉൽപാദനത്തകർച്ചയ്ക്കു വഴിവയ്ക്കുകയും ചെയ്തിരിക്കുന്നു. ബീൻസിന്റെ ലഭ്യതക്കുറവുമൂലം ഈ രാജ്യങ്ങളിലെ പ്രമുഖ സംഭരണ–സംസ്കരണ കമ്പനികൾ പ്ലാന്റുകൾ പലതും അടയ്ക്കുകയും ചെയ്തു. കാമറൂണിലെയും നൈജീരിയയിലെയും കോക്കോത്തോട്ടങ്ങളും ഇതേ അവസ്ഥയിലാണ്. എങ്കിലും രോഗ, കീടാക്രമണം നിയന്ത്രണവിധേയമാകുകയും സീസണെത്തുകയും ചെയ്യുന്നതോടെ ഇന്നത്തെ ബംപര്‍ വില താഴുക തന്നെ ചെയ്യും. എങ്കിലും, ഇനിയങ്ങോട്ടു ന്യായവില തുടരുമെന്നു തന്നെയാണ് ആഗോള സാഹചര്യങ്ങൾ സൂചിപ്പിക്കുന്നത്.
ഹ്രസ്വകാല കാരണങ്ങൾക്കൊപ്പം ദീർഘകാല സാഹചര്യങ്ങളും കൊക്കോവിലയുടെ ഭാവിയെ സ്വാധീനിക്കുമെന്ന് വിപണി നിരീക്ഷകർ പറയുന്നു. ഉദാഹരണമായി, ആഗോളതാപനത്തിനു വഴിവയ്ക്കുന്ന വിളയാണു കൊക്കോ എന്ന ആരോപണം ആഫ്രിക്കയിലെ കൊക്കോക്കൃഷിക്കു ഭീഷണിയായുണ്ട്. വനം വെട്ടി വെളിപ്പിച്ചുള്ള കൃഷിയിലൂടെ ഉൽപാദിപ്പിക്കുന്ന കൊക്കോ ബീൻസിന് യൂറോപ്യൻ യൂണിയൻ വിലക്ക് ഏർപ്പെടുത്തിക്കഴിഞ്ഞു. മറുവശത്താകട്ടെ, ഓരോ വർഷവും ചോക്ലേറ്റ് ഉപഭോഗം വർധിച്ചു വരുകയും ചെയ്യുന്നു.
യഥാർഥ ചോക്ലേറ്റിന്റെ ഒരേയൊരു ഉറവിടം പ്രകൃതിദത്ത കൊക്കോ മാത്രമാണ്. ഇക്കാര്യത്തിൽ ഇന്നുവരെയും മറ്റൊരു ബദലില്ല. കൊക്കോക്കുരു ചോക്ലേറ്റായി പരിണമിക്കുന്നതിനിടയിൽ 3600 രാസമാറ്റങ്ങൾ ഉണ്ടാകുന്നതായാണു കണക്ക്. പുളിപ്പിക്കുമ്പോഴും വെയിലത്തുണക്കുമ്പോഴും റോസ്റ്റ് ചെയ്യുമ്പോഴുമുള്ള ഈ മാറ്റങ്ങളാണ് ചോക്ലേറ്റിന്റെ അതുല്യമായ ഗുണവും രുചിയും ഫ്ലേവറുമെല്ലാം നിർണയിക്കുന്നത്. ഈ രുചിക്കൂട്ടിനു ബദലില്ല. അതുകൊണ്ടുതന്നെയാണ് മോണ്ട്‌ലസ് (കാഡ്ബറി) ഉൾപ്പെടെ വൻകിട കമ്പനികളെല്ലാം കൊക്കോക്കൃഷിക്കു വേണ്ടി മുന്നിട്ടിറങ്ങുന്നതും. എന്നിട്ടും വേണ്ടത്ര ബീന്‍സ് കിട്ടാനില്ല. വരും വർഷങ്ങളിലും സപ്ലൈ–ഡിമാൻഡ് വിടവ് വലുതാകാനാണു സാധ്യതയെന്നു സാരം. കൊക്കോക്കൃഷിയുടെ ഭാവി തിളക്കമേറിയതെന്നു വിലയിരുത്തപ്പെടുന്ന സാഹചര്യവും ഇതുതന്നെ.
സ്ഥിര വില, സ്ഥിര വരുമാനം
ഈ വർഷത്തെ റെക്കോർഡ് വില മാറ്റിനിർത്തിയാലും 10 വർഷമായി കൊക്കോവിലയില്‍ സ്ഥിരതയുള്ളതായി കാണാം. സീസണിൽ പച്ചക്കുരുവിന് 45 മുതൽ 65 രൂപ വരെയും ഉണക്കക്കുരുവിന് 165 മുതൽ 185 രൂപ വരെയുമായിരുന്നു ഇക്കാലയളവിൽ സംസ്ഥാനത്തെ കർഷകർക്കു ലഭിച്ചിരു ന്നത്. ഇതില്‍ കര്‍ഷകര്‍ പൂര്‍ണതൃപ്തരൊന്നുമല്ല. എങ്കിലും, ഇടവിളയായതുകൊണ്ടും പരിപാലനച്ചെലവും അധ്വാനവും പരിമിതമായതുകൊണ്ടും ആഴ്ചതോറും വരുമാനം ലഭിക്കുമെന്നതുകൊണ്ടും കൊക്കോയെ കൈവിട്ടില്ലെന്നു മാത്രം. സാധാരണ കർഷകരെ സംബന്ധിച്ച് ആഴ്ചതോറും വരുമാനമെന്നതു ചെറിയ കാര്യമല്ല. വീട്ടുചെലവ് നടത്താൻ അതു മതി. മാത്രമല്ല, കടുത്ത വിലത്ത കർച്ചയില്ലെന്നതും കൃഷി തുടരാൻ അവരെ പ്രേരിപ്പിച്ചു. അങ്ങനെ ‘തീരെ മോശമല്ല, അത്ര മെച്ചവുമല്ല’ എന്ന നിലയ്ക്കു കൃഷി തുടരുമ്പോഴാണ് ഞെട്ടിക്കുന്ന വിലയുമായി കൊക്കോയുടെ രണ്ടാം വരവ്.
ഇപ്പോഴത്തെ ഈ ‘ലോട്ടറി’ എന്നും തുടരുമെന്നു കർഷകര്‍ കരുതുന്നില്ല. മറിച്ച്, പച്ചക്കുരു കിലോയ്ക്ക് ശരാശരി 65 രൂപയും ഉണക്കക്കുരുവിന് 250 രൂപയും ഉറപ്പായാൽത്തന്നെ കൃഷി മികച്ച ലാഭം നൽകുമെന്ന് അവര്‍ കരുതുന്നു. ആഗോള കൊക്കോ ഉൽപാദന സാഹചര്യങ്ങളും ചോക്ലേറ്റ് വിപണിയുടെ വൻ വളർച്ചയും കൂട്ടി വായിക്കുമ്പോൾ മേൽപറഞ്ഞ വിലയിൽ സംസ്ഥാനത്തെ വിപണി സ്ഥിരത നേടുമെന്നു പ്രതീക്ഷിക്കാം.
മികവ് നമുക്കു തന്നെ
ഇപ്പോഴത്തെ വിലക്കയറ്റത്തിന്റെ മധുരം നുണയാൻ സംസ്ഥാനത്തു പക്ഷേ, ഏറെ കർഷകർക്ക് അവസരമില്ലെന്നതു നിരാശയുളവാക്കുന്നു. എൺപതുകളിലെ വിലത്തകർച്ച നല്ലൊരു ശതമാനം കർഷകരെയും കൊക്കോവിരോധികളാക്കി. കൃഷി നിലനിർത്തിയവര്‍ തന്നെ കാര്യമായ പരിചരണം നൽകിയുമില്ല. 2018ലെ പ്രളയകാലത്തുണ്ടായ കൃഷിനാശവും വനാതിർത്തികളോടു ചേർന്നുള്ള മലയോരപ്രദേശങ്ങളിൽ മലയണ്ണാൻ, കുരങ്ങ് എന്നിയുടെ ശല്യം വർധിച്ചതും കൊക്കോക്കൃഷി കുറയാൻ കാരണമായി. കേരളത്തില്‍ കൊക്കോക്കൃഷി കുറഞ്ഞപ്പോൾ ആന്ധ്രപ്രദേശിൽ കൃഷി കൂടി. മാത്രമല്ല, കൃഷിവിസ്തൃതിയിൽ അവര്‍ ഒന്നാമതെത്തുകയും ചെയ്തു. ആന്ധ്രയ്ക്കൊപ്പം തമിഴ്നാടും അസമും മേഘാലയയും കൃഷിക്കു ശ്രമം തുടങ്ങി.
ആന്ധ്രപ്രദേശിൽ വെസ്റ്റ് ഗോദാവരി മേഖലയിൽ വൻതോതിലുണ്ട് കൊക്കോക്കൃഷി. തെങ്ങിനിടവിളയായി, നനസൗകര്യങ്ങളോടെ തികച്ചും ശാസ്ത്രീയമായാണു കൃഷി. മരമൊന്നിനു വർഷം രണ്ടരക്കിലോ ഉണക്കക്കുരുവാണ് നമ്മുടെ ഉൽപാദന ശരാശരിയെങ്കില്‍ ആന്ധ്രയില്‍ അതിന്റെ ഇരട്ടിയിലേറെ വരും. പക്ഷേ, പ്രതികൂല കാലാവസ്ഥ മൂലം ആന്ധ്രയിൽ വിളയുന്ന കുരുവിൽ കൊക്കോ ബട്ടറിന്റെ അളവു കുറവാണ്. ഗുണമേന്മയില്‍ നമ്മുടെ കൊക്കോബീൻസ് തന്നെ മികച്ചത്. ഇടവിട്ടു മഴയുള്ള നമ്മുടെ കാലാവസ്ഥയിൽ വിളയുന്ന ബീൻസിന് സവിശേഷ ഗുണവും ഫ്ലേവറുമുണ്ട്. വമ്പൻ ചോക്ലേറ്റ് കമ്പനികൾ നമ്മുടെ ബീൻസിനോടു പ്രിയം കാണിക്കുന്നതും അതുകൊണ്ടുതന്നെ.
ഒന്നര വർഷംകൊണ്ട് കായ്ക്കുമെങ്കിലും 4–5 വർഷമെടുക്കും കൊക്കോ മികച്ച വിളവിലെത്താൻ. അതുകൊണ്ടുതന്നെ വിലക്കയറ്റം കണ്ട് ഓടിപ്പോയി ചെയ്യാവുന്ന വിളയല്ല കൊക്കോ. തനിവിളയാക്കാമെങ്കിലും ഇടവിളയായി ചെയ്യുമ്പോഴാണ് നീണ്ട ഉൽപാദനകാലം ലഭിക്കുന്നത്. നമ്മുടെ നാട്ടിൽ തെങ്ങിനും കമുകിനും ഇടവിളയായാണ് കൊക്കോ വളരുന്നതും. ഇപ്പോഴത്തെ സാഹചര്യത്തിൽ സമ്മിശ്രക്കൃഷിയിടങ്ങളിൽ കൊക്കോയ്ക്കു വീണ്ടും ഇടം നൽകുന്ന കാര്യം ചിന്തിക്കാവുന്നതാണ്. പരിപാലനമില്ലാതെ കിടക്കുന്ന തോട്ടങ്ങൾ നന്നാക്കിയെടുക്കുകയും ചെയ്യാമെന്ന് കേരള കാർഷിക സർവകലാശാലയുടെ കൊക്കോ ഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞ ഡോ. ജെ.എസ്.മിനിമോൾ പറയുന്നു.
‘കിട്ടുന്നതു മതി’ എന്ന ഉപേക്ഷയില്‍ മിക്ക തോട്ടങ്ങളും പരിപാലിക്കപ്പടുന്നില്ല. നന്നായി പരിപാലിച്ചാൽ അല്‍പകാലംകൊണ്ട് അവയെ മികച്ച ഉൽപാദനത്തിലേക്ക് ഉയർത്താനാകും. മുതിർന്ന മരത്തിൽനിന്ന് വർഷം ശരാശരി 150 കായ്കൾ ലഭിക്കും. അതിലേറെയോ അതിലിരട്ടിയോ കിട്ടുന്ന മരങ്ങളുമുണ്ട്. പ്രധാന ഉൽപാദന സീസൺ ഏപ്രിൽ–ജൂലൈ ആണെങ്കിലും നനയും പരിപാലനവുമുള്ള തോട്ടങ്ങളിൽ മോശമല്ലത്ത വിളവ് ആണ്ടുവട്ടം തുടരും. കാലാവസ്ഥയോട് ഇണങ്ങുകയും സങ്കരണങ്ങളിലൂടെ മികച്ച ജനിതകശേഷി കൈവരിക്കുകയും ചെയ്ത മരങ്ങളാണ് സംസ്ഥാനത്തെ കൃഷിയിടങ്ങളിലുള്ളത്. നമ്മുടെ കൊക്കോമരങ്ങൾക്കു രോഗ, കീടാക്രമണങ്ങള്‍ ചെറുക്കാൻ കഴിയുന്നതും അതുകൊണ്ടുതന്നെ.
വിപണിയിൽ ഒട്ടേറെ അവസരങ്ങൾ
ചോക്ലേറ്റ് കഴിക്കുന്നതിൽ ഇന്ത്യക്കാർ ഇന്നുമേറെ പിന്നിലാണ്. ചോക്ലേറ്റിനെക്കാൾ മറ്റു മധുര പലഹാരങ്ങളോടാണു നമുക്ക്, വിശേഷിച്ച് വടക്കേയിന്ത്യക്കാർക്ക്, പ്രിയം. ശരാശരി 9.08 കിലോ ചോക്ലേറ്റാണ് റഷ്യക്കാരൻ ഒരു വർഷം കഴിക്കുന്നത്. തൊട്ടു പിന്നിൽ ബ്രിട്ടിഷുകാരുണ്ട്. ഇന്ത്യക്കാരന്റെ ശരാശരി ചോക്ലേറ്റ് തീറ്റ വെറും 0.20 കിലോയിലൊതുങ്ങും. ഇതുതന്നെയാണ് വമ്പൻ ചോക്ലേറ്റ് കമ്പനികളെ ഇന്ത്യൻ വിപണിയിലേക്ക് ആകർഷിക്കുന്നതും. നമ്മുടെ മധുരപ്രിയർ പാരമ്പര്യ മധുരവിഭവങ്ങളിൽനിന്നു ചോക്ലേറ്റിലേക്കു കൂടി തിരിഞ്ഞാൽ ഇന്ത്യൻ വിപണിയിൽനിന്ന് കൂടുതൽ ലാഭമധുരം നുണയാമെന്നു മോണ്ട്‌ലസും നെസ്‌ലയുമെല്ലാം കണക്കുകൂട്ടുന്നു. സമീപകാലത്ത് ഈ മാറ്റം ദൃശ്യമാണുതാനും. കോവിഡ് കാലത്തുപോലും രാജ്യത്തെ ചോക്ലേറ്റുവിപണി വളരുകയാണുണ്ടായത്.
ഇന്ത്യൻ ചോക്ലേറ്റ് വിപണിയുടെ മുഖ്യ വിഹിതം മോണ്ട്‌ലസും നെസ്‌ലയും പങ്കിടുകയാണെങ്കിലും ചെറുകിട സംരംഭകർക്കും വിപണിയിൽ വളർച്ചയുണ്ട്. കൃഷിയിടങ്ങളിൽനിന്നു നേരിട്ടു കൊക്കോ സംഭരിച്ച്, ഗുണമേന്മയേറിയ പ്രീമിയം ചോക്ലേറ്റുകൾ നിർമിക്കുന്ന ചെറുകിട സംരംഭകർ ഇന്നു നമ്മുടെ സംസ്ഥാനത്തുണ്ട്. ഇറ്റലിയിൽനിന്നുൾപ്പെടെ, ഉന്നത ഗുണനിലവാരമുള്ള യന്ത്രങ്ങൾ ഇറക്കുമതി ചെയ്താണ് അവരിൽ പലരുടെയും ഉൽപാദനം. കൊക്കോപൗഡറും, കൊക്കോബട്ടറിനു പകരം വെജിറ്റബിൾ ഫാറ്റും ചേർത്ത് സാദാ ചോക്ലേറ്റ് നിർമിക്കുന്ന ചെറുകിട യൂണിറ്റുകളും കുറവല്ല. കൃഷിക്കാരിൽനിന്നു കൊക്കോ സംഭരിച്ച് പൗഡറും ബട്ടറും വേർതിരിച്ച് വ്യവസായ യൂണിറ്റുകൾക്കു വിൽക്കുന്ന സംരംഭങ്ങളും സംസ്ഥാനത്തുണ്ട്. റോസ്റ്റ് ചെയ്ത കൊക്കോ ബീൻസ് അരച്ചെടുക്കുമ്പോൾ ലഭിക്കുന്ന കൊക്കോ മാസിൽനിന്ന് എക്സ്ട്രാക്ട് ചെയ്തെടുക്കുന്ന കൊക്കോ ബട്ടർ, ചോക്കലേറ്റു നിർമാണത്തിനു മാത്രമല്ല, സൗന്ദര്യവർധക ഉൽപന്നങ്ങളുടെ നിർമാണത്തിനും വൻ തോതിൽ ഉപയോഗിക്കുന്നുണ്ട്.
കൊക്കോക്കൃഷി, കൊക്കോ സംസ്കരണം, ചോക്ലേറ്റ് നിർമാണം എന്നീ മേഖലകളിൽ അറിവും പരിശീലനവും നേടാന്‍ കേരള കാർഷിക സർവകലാശാലയുടെ വെള്ളാനിക്കരയിലെ കൊക്കോ ഗവേഷണകേന്ദ്രവുമായി ബന്ധപ്പെടാം. ചോക്ലേറ്റ് നിർമാണ സാങ്കേതികവിദ്യകൾ നിശ്ചിത ഫീസ് ഈടാക്കി സംരംഭകർക്കു നല്‍കാനുള്ള നടപടിക്രമങ്ങൾ നടന്നുവരികയാണ്. വിപണി ലക്ഷ്യമിട്ടുള്ള സംരംഭത്തിനു തുനിയുന്നവർ ചോക്ലേറ്റ് നിർമാണത്തിന്റെ കലയും ശാസ്ത്രവും സ്വായത്ത മാക്കേണ്ടതുണ്ട്. വിളവെടുപ്പ്, പുളിപ്പിക്കൽ, ഉണക്കൽ തുടങ്ങി കൃഷിയുടെയും സംസ്കരണത്തിന്റെയും ഓരോ ഘട്ടത്തിലേക്കും മാര്‍ഗനിര്‍ദേശങ്ങൾ ഈ ഗവേഷണകേന്ദ്രത്തിൽനിന്നു ലഭിക്കും.
കൊക്കോത്തൊണ്ടിൽനിന്ന് കുക്കീസ് നിർമിക്കാനുള്ള സാങ്കേതികവിദ്യയും സർവകലാശാല വികസിപ്പിച്ചിട്ടുണ്ട്. പൊട്ടാസ്യം, മഗ്നീഷ്യം, നാരുകള്‍ എന്നിവയാൽ സമ്പന്നമാണ് കൊക്കോത്തൊണ്ട്. അതുകൊണ്ടുതന്നെ ‘കൊക്കോത്തൊണ്ടു കുക്കീസ്’ വിപണനസാധ്യതയുള്ള മികച്ച ആരോഗ്യ വിഭവവുമാണ്.
കെഎയു ഫെർമെന്റർ
കൊക്കോക്കുരു പുളിപ്പിക്കുന്നതിന് ചാക്കിൽ കെട്ടിവയ്ക്കുന്ന രീതിയാണു കർഷകർ പൊതുവേ അവലംബിക്കുന്നത്. അല്ലെങ്കിൽ അടിയിൽ വിടവുകളുള്ള തടിപ്പെട്ടി ഉപയോഗിക്കുന്നു. ദ്വാരങ്ങളുള്ള പ്ലാസ്റ്റിക് കൊട്ടയും ഉപയോഗിക്കാം. പ്രീമിയം ചോക്ലേറ്റുകൾ നിർമിക്കുന്നവർ പുളിപ്പിക്കലിൽ അങ്ങേയറ്റം കൃത്യത ആഗ്രഹിക്കുന്നു. അവര്‍ക്ക് ഇതര ഘടകങ്ങളൊന്നും കലരാതെ ബീൻസ് പുളിപ്പിക്കാൻ കേരള കാർഷിക സർവകലാശാല വികസിപ്പിച്ച യന്ത്രസംവിധാനമായ കെഎയു ഫെർമെന്റർ പ്രയോജനപ്പെടും. സ്റ്റെയ്ൻലസ് സ്റ്റീലില്‍ തയാറാക്കിയ ഫെർമെന്ററിൽ ഏതു കാലാവസ്ഥയിലും ഉന്നത ഗുണനിലവാരത്തോടെ കുരു പുളിപ്പിച്ചെടുക്കാം. 7 ദിവസംകൊണ്ടാണ് പുളിപ്പിക്കൽ പൂർത്തിയാകുക. 3,5 ദിവസങ്ങളിൽ കുരു ഇളക്കിമറിക്കണം. ഫെർമെന്ററിൽ മോട്ടർ ഘടിപ്പിച്ചാല്‍ അതിനുള്ള അധ്വാനം ഒഴിവാക്കാം. ഇതിന്റെ സാങ്കേതികവിദ്യയും സംരംഭകർക്കു വൈകാതെ ലഭ്യമാകും.
ഫോൺ: 0487–2438451 (കൊക്കോ ഗവേഷണ കേന്ദ്രം)