തെങ്ങിന് ഇടവിളയായി റാഗി: അരയേക്കറിൽനിന്ന് നേടിയത് 200 കിലോ

Mail This Article
കൃഷിയിടത്തിൽ ചെറുധാന്യങ്ങൾക്കുകൂടി പ്രവേശനം നൽകി കൃഷിയിലും മൂല്യവർധനയിലും മുന്നേറുകയാണ് തൃശൂർ ജില്ലയിൽ കുന്നംകുളത്തിനടുത്ത് തൊഴിയൂരുള്ള മുഹമ്മദ് നൗഫൽ–തെസ്നി ദമ്പതിമാർ. സ്വന്തം കാർഷികോൽപന്നങ്ങളുടെ മൂല്യവർധനയിൽ ഇത്രത്തോളം വൈവിധ്യവും വിപണനനേട്ടവുമുണ്ടാക്കുന്നവർ സംസ്ഥാനത്തുതന്നെ വിരളമെന്നു പറയാം. പച്ച പപ്പായ, പച്ചമഞ്ഞൾ അച്ചാറുകൾ മുതൽ ചെറുധാന്യവിഭവങ്ങൾ വരെ ഉൾപ്പെടുന്ന മൂല്യവർധിത ഉൽപന്നങ്ങളുടെ വലിയ ലോകമാണ് തെസ്നിയും നൗഫലും സൃഷ്ടിച്ചിരിക്കുന്നത്. ജൈവകൃഷിയിൽ ഉറച്ചു നിൽക്കുന്ന ഈ ദമ്പതിമാർ തൊഴിയൂരിൽ സ്ഥാപിച്ചിരിക്കുന്ന വികെ അഗ്രോ ഫുഡ്സ് എന്ന ഫാം ഔട്‌ലെറ്റ് വഴി ഇവയെല്ലാം മികച്ച രീതിയിൽ വിപണനം ചെയ്യുന്നുമുണ്ട്.

ചെറുധാന്യങ്ങളുടെ പോഷകമേന്മയെക്കുറിച്ചറിഞ്ഞ നൗഫൽ അരയേക്കറിൽ തെങ്ങിനിടവിളയായി റാഗി കൃഷി ചെയ്തു തുടങ്ങി. 5 മാസം നീണ്ട ആദ്യ കൃഷിയിൽനിന്ന് 200 കിലോയിലേറെ റാഗി ലഭിച്ചെന്ന് നൗഫൽ. സംസ്ഥാനത്തെ തെങ്ങുകൃഷിക്കാർക്കെല്ലാം ഇടവിളയായി ചെറുധാന്യക്കൃഷിയാകാമെന്നും നൗഫൽ.
പ്രാഥമിക സംസ്കരണം ആവശ്യമില്ലാത്ത വിളയാണ് റാഗി. വിളവെടുത്ത റാഗി പാറ്റലും കഴുകലും കഴിയുമ്പോൾത്തന്നെ ഉമിയും കരടും നീങ്ങി വൃത്തിയായി കിട്ടുമെന്നു തെസ്നി. റാഗിക്കു പിന്നാലെ ഇതര ചെറുധാന്യക്കൃഷിയിലേക്കും തിരിഞ്ഞ നൗഫൽ, അട്ടപ്പാടിയിലെ ഗോത്രക്കൃഷിക്കാരിൽനിന്ന് വിവിധയിനം ചെറുധാന്യങ്ങൾ സംഭരിച്ചു മൂല്യവർധിത ഉൽപന്നങ്ങളായി മാറ്റുന്നുമുണ്ട്.
ഫോൺ: 9946181050