നാലു സുഹൃത്തുക്കളുടെ മില്ലറ്റ് സംരംഭം; ദോശയും പുട്ടും ഉപ്പുമാവുമൊക്കെയായി വിപണി പിടിച്ച് സ്വോജസ്
Mail This Article
‘‘ചെറുധാന്യങ്ങളെല്ലാം തന്നെ മറവിയിലേക്കു പോയപ്പോഴും റാഗിയെ മാത്രം നാം ഇന്നും ഓർത്തു വയ്ക്കുന്നു. എന്തായിരിക്കും കാരണം? കുഞ്ഞുങ്ങൾക്ക് എറ്റവും നല്ല ഭക്ഷണം നൽകണമെന്ന് ഓരോ അമ്മയും ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ അൽപസമയം ചെലവിടേണ്ടി വന്നാലും റാഗി നേരിട്ടു വാങ്ങി കഴുകി, പൊടിപ്പിച്ചെടുത്ത് കുറുക്കുണ്ടാക്കി കുഞ്ഞുങ്ങൾക്കു നൽകുന്നു. ചെറുധാന്യങ്ങളുടെ ആരോഗ്യമേന്മയെക്കുറിച്ച് ഇതിലപ്പുറം പറയേണ്ടതില്ലല്ലോ’’, സംസ്ഥാനത്തെ ചെറുധാന്യ സംരംഭങ്ങളിൽ മുൻനിരയിലുള്ള സ്വോജസിന്റെ പാർട്ണർമാരിൽ ഒരാളായ വിദ്യ രാകേഷ് പറയുന്നു.
വിദ്യ–രാകേഷ്, പ്രീതി–ദീപക് ദമ്പതിമാരുടെ കുടുംബങ്ങൾ ചേർന്ന് 2 വർഷം മുൻപു തുടങ്ങിയ ഭക്ഷ്യോൽപന്ന സംരംഭമാണ് സ്വോജസ്. എറണാകുളം ജില്ലയിൽ ആലുവ കുഴിവേലിപ്പടിയിലാണ് നിർമാണ യൂണിറ്റുള്ളത്. നാലു പേരും ദീർഘകാല സുഹൃത്തുക്കൾ. ജോലി വിട്ട് സ്വന്തം സംരംഭം എന്ന ആശയത്തെക്കുറിച്ചു നാലുപേരും ചേർന്ന് ആലോചിച്ചപ്പോൾ ആദ്യം തെളിഞ്ഞത് ആരോഗ്യ ഭക്ഷ്യോൽപന്നങ്ങൾ തന്നെ. ചക്കയുൽപന്നങ്ങളാണ് ആദ്യം പരിഗണിച്ചതെങ്കിലും കൂടുതൽ കൗതുകം തോന്നിയതു മില്ലറ്റിലായിരുന്നതിനാൽ അതിലുറച്ചു. ഭക്ഷണത്തിൽ ചെറുധാന്യങ്ങൾക്ക് ഇടം ലഭിക്കണമെങ്കിൽ നിത്യാഹാരശീലത്തിന്റെ ഭാഗമായി മാറണം. അതിനു യോജിച്ച വിഭവങ്ങളിലായിരുന്നു തുടക്കമെന്നു വിദ്യ. വ്യത്യസ്ത ഇനം മില്ലറ്റ് ദോശയും പുട്ടും ഉപ്പുമാവുമായിരുന്നു ആദ്യ ഉൽപന്നങ്ങൾ. പതിഞ്ഞ താളത്തിൽ തുടങ്ങിയ വിപണി കഴിഞ്ഞ ഒരു വർഷം കൊണ്ട് അതിവേഗമാണ് മുന്നോട്ടു പോയതെന്ന് സ്വോജസിന്റെ മാർക്കറ്റിങ് വിഭാഗം കൈകാര്യം ചെയ്യുന്ന രാകേഷ് പറയുന്നു.
മുതിർന്നവരും ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവരുമാണ് ആദ്യ ഘട്ടത്തിൽ കൂടുതൽ താൽപര്യം കാണിച്ചത്. മില്ലറ്റ് കഴിക്കാൻ ഡോക്ടർ നിർദേശിച്ചതിനാൽ മികച്ച ബ്രാൻഡ് തിരഞ്ഞെത്തിയവരായിരുന്നു പലരും. എന്നാൽ ഇപ്പോൾ മില്ലറ്റിലേക്ക് പ്രായഭേദമെന്യേ ഉപഭോക്താക്കളെത്തുന്നു എന്ന് രാകേഷ്. മാത്രമല്ല, പുതുതലമുറ ചെറുപ്പക്കാർ മില്ലറ്റിന്റെ ആരോഗ്യ മേന്മകൾ പഠിച്ചു തന്നെ വാങ്ങുന്നു. മില്ലറ്റ് വിഭവങ്ങൾ കഴിച്ചു തുടങ്ങിയവർ അതു ശീലമാക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. വീട്ടിൽ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവർ മില്ലറ്റ് കഴിക്കട്ടെ എന്നല്ല ചിന്തിക്കേണ്ടത്. ഒരു വീട്ടിൽ ഓരോ നേരവും പല വിഭവങ്ങൾ ഉണ്ടാക്കുക എളുപ്പവുമല്ല. പകരം കുടുംബം മുഴുവനായും മില്ലറ്റ് വിഭവങ്ങൾ ഭക്ഷ്യശീലത്തിൽ ഉൾപ്പെടുത്തിയാൽ എല്ലാവരുടെയും ആരോഗ്യം മെച്ചപ്പെടുമെന്നു വിദ്യ.
ഫോൺ: 7736948444