ADVERTISEMENT

എൺപതുകളിൽ പൂച്ചെടികളുടെ ടിഷ്യൂകൾച്ചർ രംഗത്തെത്തിയ ഉദ്യാന സംരംഭകനാണ് വി.ശശി. ബെംഗളൂരു കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഈ മലയാളി, രാജ്യത്തെതന്നെ മുൻനിര ഉദ്യാന സംരംഭകരിൽ ഒരാളാണ്. ഒട്ടേറെ രാജ്യങ്ങളിലേക്ക് അകത്തളച്ചെടികൾ (Indoor plants) കയറ്റുമതി ചെയ്യുന്നുണ്ട്, ബെംഗളൂരുവിലെ നെലമംഗലയിലുള്ള, അദ്ദേഹത്തിന്റെ സ്ഥാപനമായ പ്ലാന്റെക് ഇന്റർനാഷനൽ. അൻപതിനായിരത്തിലധികം ചതുരശ്രയടി വിസ്തൃതി വരും പ്ലാന്റെക്കിന്റെ ടിഷ്യുകൾച്ചർ ലാബ്. അകത്തളച്ചെടികളുടേത് ഉൾപ്പെടെ പുതുലമുറ അലങ്കാരച്ചെടികളുടെയെല്ലാം ടിഷ്യുകൾച്ചർ തൈകൾക്കായി നമ്മുടെ സംസ്ഥാനത്തെ ഒട്ടേറെ സംരംഭകരും പ്ലാന്റെക്കിനെ ആശ്രയിക്കുന്നുണ്ട്. 

plantek-2

കുതിച്ചുചാട്ടം

വിവിധ സ്ഥാപനങ്ങളുടെ ടിഷ്യൂകൾച്ചർ വിഭാഗത്തിൽ പ്രവർത്തിച്ച പരിചയവുമായി 2005ൽ ആണ് ശശി പ്ലാന്റെക് ആരംഭിക്കുന്നത്. ‘രാജ്യത്തെ പൂച്ചെടി–ഇലച്ചെടി വിപണിക്ക് കോവിഡ് കാലത്ത് കുതിച്ചുചാട്ടം തന്നെയുണ്ടായി. ലോക്ഡൗൺ സമയത്തു സംരംഭത്തിന്റെ ഭാവിയെക്കുറിച്ചു കടുത്ത ആശങ്കയാണുണ്ടായതെങ്കിൽ നിയന്ത്രണങ്ങൾ നീക്കിയതു മുതൽ സ്ഥാപനം 100% വളർച്ചയാണു നേടിയതെ’ന്നു ശശി. ലോക്ഡൗൺ കാലത്ത് ആളുകൾ ഉദ്യാനച്ചെടികളെക്കുറിച്ചു നന്നായി പഠിക്കുകയും ചെറിയ തോതില്‍ പരിപാലനം തുടങ്ങുകയും ചെയ്തു. വീടുകളിൽ മാത്രമല്ല, ഓഫിസുകളിലേക്കും പൊതുസ്ഥലങ്ങളിലേക്കുമെല്ലാം ചെടികളെത്തി. അതോടെ ചെടികളുടെ, വിശേഷിച്ചും അകത്തളങ്ങളിൽ വയ്ക്കാവുന്ന ഇലച്ചെടികളുടെ ഡിമാൻഡ് കുതിച്ചുയർന്നു. ഈ താൽപര്യം ആളുകളിൽ ഇപ്പോഴും തുടരുന്നുണ്ട്. അമേരിക്കയും ഓസ്ട്രേലിയയും ഗൾഫ് രാജ്യങ്ങളും യൂറോപ്പും ഉൾപ്പെടെ ഒട്ടറെ രാജ്യങ്ങളിലേക്ക് പ്ലാന്റെക്കിന്റെ അകത്തളച്ചെടികൾ കയറ്റുമതി ചെയ്യപ്പെടുന്നുണ്ട്. വിദേശങ്ങളിൽ ഇൻഡോർ ചെടികളോടു കമ്പം കൂടുതലാണ്.  ജീവിതത്തിലെ ആഘോഷങ്ങളിലെല്ലാം പൂക്കളും ചെടികളും സമ്മാനമായി നൽകുന്നവരാണ് വിദേശികൾ. ഈ രീതി നമ്മുടെ നാട്ടിലും പ്രചാരം നേടുന്നു എന്നതും വിപണി വർധിക്കാൻ കാരണമെന്നു ശശി. ചൈനയാണ് ടിഷ്യൂകൾച്ചർ തൈ ഉൽപാദനത്തിലെ മുൻപൻ. ട്രെൻഡുകളുടെ പ്രഭവകേന്ദ്രവും ചൈനയിലെ ലാബുകൾ തന്നെ.  

വിവിധ വളർച്ചഘട്ടങ്ങളിലുള്ള ടിഷ്യുകൾച്ചർ തൈകളാണ് പ്ലാന്റെക് ആഭ്യന്തര–രാജ്യാന്തര വിപണികളിലെത്തിക്കുന്നത്. ടിഷ്യുകൾച്ചർ ഫ്ലാസ്ക്കിൽനിന്ന് പുറത്തെടുത്ത് പോളിബാഗിലാക്കുന്ന തൈകളാണു മുഖ്യമായും കയറ്റുമതി ചെയ്യുന്നത്. ഈ തൈകൾ നടീൽമിശ്രിതം നിറച്ച ജിഫി പ്ലഗ്ഗുകളിൽ നട്ട് പ്രോട്രേകളിൽ വളർത്തിയെടുത്ത ശേഷം റീപോട്ട് ചെയ്തും വിപണിയിലെത്തിക്കുന്നു. ചെടിവിൽപനയ്ക്കായി വൻകിട നഴ്സറിയും നെലമംഗലയിൽ ഒരുക്കിയിരിക്കുന്നു. ഏക്കറു കണക്കിനു വിസ്തൃതിയിൽ ഒരുക്കിയ ഈ നഴ്സറികളെ ചെടികളുടെ ഹൈപ്പർ മാർക്കറ്റ് എന്നുതന്നെ വിശേഷിപ്പിക്കാം. വിപണിപ്രിയമുള്ള  ഓരോ ഇനത്തിന്റെയും നൂറുകണക്കിനു തൈകൾ വർണാഭമായി ബെഡ് പോലെ ഒരുക്കിയിരിക്കുന്നു. കണ്ടു ബോധ്യപ്പെട്ട് ചെറുകിട നഴ്സറികൾ ആവശ്യാനുസരണം ഓർഡർ ചെയ്യുന്നു. 

plantek-4

വിപണിയിൽ ഡിമാൻഡുള്ളതും ഇല്ലാത്തതുമായ നൂറുകണക്കിനു ചെടികളുടെ ജനിതക ശേഖരമാണ് തങ്ങളുടെ ലാബിലുള്ളതെന്നു ശശി. എപ്പോൾ ഏതു ചെടിയാണ് വിപണിയിൽ ട്രെൻഡ് ആകുകയെന്നു പറയാനാവില്ല. വർഷങ്ങൾക്കു മുൻപ് വിപണിയിൽ വന്നു പോയി വിസ്മൃതിയിലായ ചെടികൾ പോലും വൻ തിരിച്ചുവരവ് നടത്തിയിട്ടുണ്ട്. ഫിലോഡെൻഡ്രോൺ പിങ്ക് പ്രിൻസസ് എന്ന ചെടി  ഉദാഹരണം. കാൽ നൂറ്റാണ്ടു മുൻപേ പരിചിതമായ ഈ ചെടിയുടെ വിപണിമൂല്യം കുറെക്കാലത്തിനുശേഷം ഈയിടെ  കുതിച്ചുയർന്നു. ഏതെങ്കിലുമൊരു സെലിബ്രിറ്റി തനിക്കിഷ്ടമുള്ള ഒരു ചെടിയെക്കുറിച്ച് സാമൂഹിക മാധ്യമങ്ങളിൽ കുറിപ്പിട്ടാൽപോലും അതിനു  ലക്ഷങ്ങൾ ഓർഡർ ഉണ്ടായെന്നിരിക്കും. 

രാജ്യത്തിനകത്തും പുറത്തുമുള്ള പ്രമുഖ അലങ്കാരച്ചെടി ബ്രീഡർമാരുമായി ചേർന്നും പ്ലാന്റെക് പ്രവർത്തിക്കുന്നു. പല ചെടികളിലെയും മികച്ച ഇനങ്ങൾ പ്രമുഖ ബ്രീഡർമാരുടെ കണ്ടെത്തലാണ്. പേറ്റന്റുള്ള ചെടികളുമുണ്ട്. ബ്രീഡർമാരുമായി ചേർന്നു പ്രവർത്തിക്കുന്നതുവഴി ഒട്ടേറെ നവീന ഇനങ്ങൾ വിപണിയിലെത്തിക്കാനാകും ഏതെങ്കിലുമൊരു ഉദ്യാനപ്രേമിയുടെ കയ്യിൽ സവിശേഷമായ പൂച്ചെടിയിനമുണ്ടെങ്കിൽ, അവർക്കു താൽപര്യമെങ്കിൽ അവ ടിഷ്യൂകൾച്ചർ ചെയ്ത് തൈകൾ ഉൽപാദിപ്പിച്ചു കൈമാറുന്ന രീതിയുമുണ്ട്. 

plantek-3

താരങ്ങൾ ഒട്ടേറെ

അഗ്ലോനിമ, കലാത്തിയ, അലോക്കേഷ്യ, കലേഡിയം, സിങ്കോണിയം, ഫേൺ, ഹോയ, ഫോളിയേജ് ആന്തൂറിയം, പോട്ട് ആന്തൂറിയം, ഫൈക്കസ്, അന്തരീക്ഷ വായുവിനെ ശുദ്ധീകരിക്കാൻ കഴിവു കൂടുതലുള്ളവയെന്നു കരുതപ്പെടുന്ന പീസ് ലില്ലി, സാൻസിവേരിയ, വിപണിയിലെത്തി വർഷങ്ങൾ കഴിഞ്ഞിട്ടും വ്യത്യസ്ത ഇനങ്ങളുമായി നിറഞ്ഞു നിൽക്കുന്ന മണിപ്ലാന്റ് തുടങ്ങി ഡിമാൻഡുള്ള ചെടിയിനങ്ങളെല്ലാം ഉൽപാദിപ്പിക്കുമ്പോഴും നിലവിൽ വിപണിയിലെ താരം ഫിലോഡെൻഡ്രോൺ തന്നെയെന്നു ശശി പറയുന്നു. പരിപാലനം ലളിതമെന്നതും കാലാവസ്ഥഭേദങ്ങൾ കാര്യമായി ബാധിക്കില്ലെന്നതും ഇനവൈവിധ്യങ്ങൾ ഒട്ടേറെയുണ്ടെന്നതും ഫിലോഡെൻഡ്രോണിനെ പ്രിയപ്പെട്ടതാക്കുന്നു. ഈയിനത്തിന്റെ മാത്രം 200 വൈവിധ്യങ്ങൾ തങ്ങളുടെ ശേഖരത്തിലുണ്ടെന്നു ശശി.  ഫേൺ വിഭാഗത്തിൽ വിപണിമൂല്യമുള്ള ഇരുപതിലേറെ ഇനങ്ങൾ, അഗ്ലോനിമയുടെ നാാൽപതിലേറെ ഇനങ്ങൾ. ഒരോന്നിന്റെയും അമൂല്യ ഇനങ്ങളുടെ ശേഖരം വേറെയും. 

നിലവിൽ നമ്മുടെ വിപണിയിൽ പ്രചാരമുള്ള അകത്തളച്ചെടിയിനങ്ങൾതന്നെയാണ് ലോകവിപണിയിലും തിളങ്ങുന്നത്. എന്നാൽ അവയുടെ തന്നെ, നിറേദങ്ങൾകൊണ്ട് മനം കുളിർപ്പിക്കുന്ന വേരിഗേറ്റഡ് ഇനങ്ങൾക്കു പിന്നാലെയാണ് പൂച്ചെടിപ്രേമികൾ ഇപ്പോൾ. ഇത്തരം പുതുമകൾ നിരന്തരം സൃഷ്ടിച്ച് കേരളം ഉൾപ്പെടെയുള്ള വിപണികളിൽ പുതുതരംഗങ്ങൾ തീർക്കുകയാണ് ശശിയെപ്പോലുളള വൻകിട സംരംഭകർ.

ഫോൺ: 9448110323

Website: www.plantekinternational.com

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com