ADVERTISEMENT

മലപ്പുറം കരുവാരക്കുണ്ട് മഞ്ചേരിപ്പറമ്പിൽ വിജയൻ 22 വർഷം മുന്‍പ് പഴവർഗങ്ങൾ ശേഖരിച്ചു തുടങ്ങുമ്പോൾ  കേരളത്തിൽ വിദേശ പഴങ്ങളുടെ കൃഷി ട്രെൻഡായി മാറിയിരുന്നില്ല. വ്യത്യസ്ത ഇനം പഴങ്ങൾ കഴിക്കാനുള്ള ഇഷ്ടം മൂലം അവയുടെ തൈകൾ ശേഖരിച്ചു നടുകയായിരുന്നു വിജയന്‍. വീട്ടുവളപ്പിലും കൃഷിയിടത്തിലുമൊക്കെ ഇപ്പോൾ ഫലവർഗങ്ങളാണേറെ. നാടനും വിദേശിയുമായി നൂറ്റൻപതോളം  പഴ വർഗങ്ങളുടെ ഉടമയാണ് അദ്ദേഹം. ബർമീസ് ഗ്രേപ് മുതൽ പാക്കിസ്ഥാൻ മൾബറി വരെ, ആഫ്രിക്കൻ പിസ്ത മുതൽ ഓസ്ട്രേലിയൻ ചെറി വരെ, ഷുഗർ ആപ്പിൾ മുതൽ അസായ് ബെറി വരെ  ഇക്കൂട്ടത്തിലു ണ്ട്. കരുവാരക്കുണ്ടിലെ കാലാവസ്ഥയിൽ ഏറക്കുറെ എല്ലാ പഴവർഗങ്ങളും നല്ല രീതിയിൽ ഉൽപാദനം നൽകുന്നുമുണ്ട്, ഇത്രയധികം പഴവർഗങ്ങളുള്ളതിനാൽ ആണ്ടില്‍ 12 മാസവും ഏതെങ്കിലും ഒരു പഴം വിള വെടുക്കാനുണ്ടാകും– വിജയൻ പറഞ്ഞു. 

vijayan-milk-fruit
മിൽക്ക് ഫ്രൂട്ട്

വിപണിയിൽനിന്നു വാങ്ങിയ നാടൻ റംബുട്ടാന്റെ കുരു കിളിർപ്പിച്ചായിരുന്നു തുടക്കം. ഇരുപതോളം നാടൻ റംബുട്ടാൻ തൈകൾ കിളിർപ്പിച്ച് ജാതിമരങ്ങൾക്കിടയിൽ  കാലിയായി കിടന്ന ഭാഗത്തു നട്ടു. നാടൻ ഇനമായതുകൊണ്ടുതന്നെ അവ കായ്ക്കാൻ 5 വർഷത്തോളം വേണ്ടിവന്നു. അപ്പോഴേക്കും എൻ 18 പോലെ മികച്ച ഇനങ്ങൾ ഇവിടെ ലഭ്യമായിത്തുടങ്ങി. അവ ഗ്രാഫ്റ്റ് ചെയ്ത്  നാടൻ ഇനങ്ങള്‍ മെച്ചപ്പെടുത്തുകയാണ് വിജയൻ ചെയ്തത്. അടുത്ത വർഷം തന്നെ ഗ്രാഫ്റ്റ് ചെയ്ത തൈകളിൽനിന്ന് നിലവാരമുള്ള കായ്കൾ കിട്ടിത്തുടങ്ങിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇപ്പോൾ എൻ18, സീസർ, സ്കൂൾ ബോയ് എന്നിങ്ങനെ ഇരുപതോളം ഇനം റംബുട്ടാൻ മരങ്ങളാണ് ഇദ്ദേഹത്തിന്റെ രണ്ടരയേക്കർ സമ്മിശ്രത്തോട്ടത്തിലു ള്ളത്. മാങ്കോസ്റ്റിൻ തോട്ടവും മികച്ചതു തന്നെ. 12 വർഷമായി ഫലമേകുന്ന 16 മാങ്കോസ്റ്റിനാണ് ഇദ്ദേഹത്തിനുള്ളത്. ഇവയ്ക്കു പുറമേ നാലിനം അബിയു, മൂന്നിനം മിൽക്ക് ഫ്രൂട്ട്, 15 ഇനം പ്ലാവ്, പേര , നാരകം എന്നിങ്ങനെ ഈ ശേഖരം നീളുകയാണ്. കരുവാരക്കുണ്ടിലെ കാലാവസ്ഥയിൽ മിക്ക ഫലവർഗങ്ങളും നന്നായി കായ് പിടിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വലിയ മരമായി വളർന്ന സബാറ ഇനം ജബോട്ടിക്കാബ ഈ കൃഷിയിടത്തിലെ ആകർഷണമാണ്.

vijayan-2
ജബോട്ടിക്കാബയുടെ തൈയുൽപാദനത്തിന് അപ്രോച്ച് ഗ്രാഫ്റ്റിങ്

ഇത്രയധികം ഇനങ്ങളുണ്ടെങ്കിലും  വരുമാനമേകുന്നത് റംബുട്ടാൻ, മാങ്കോസ്റ്റിൻ, പുലാസൻ എന്നിവയാണ്. കച്ചവടക്കാർ മാത്രമല്ല, ഫാമിലെത്തി വീടുകളിലേക്കു വേണ്ട  പഴങ്ങൾ വാങ്ങുന്നവരും ഏറെ. റംബുട്ടാന് കിലോയ്ക്ക് 250 രൂപ വരെ കിട്ടി. അടുത്ത വർഷം മുതൽ അബിയുവും വിൽക്കാമെന്നാണ് വിജയന്റെ പ്രതീക്ഷ. മിൽക്ക് ഫ്രൂട്ടിന്റെ പുതിയ ഇനമാണ് ഏറ്റവും ഒടുവിൽ ഇവിടെ കായ്ച്ചു തുടങ്ങിയത്. ഇലകളുടെ ഒരു വശം സ്വർണവർണമുള്ള സാധാരണ മിൽക്ക് ഫ്രൂട്ടിൽനിന്നു വ്യത്യസ്തമായ ഈയിനത്തിന്റെ രുചിയും വ്യത്യസ്തമാണ്.

ഫലവൃക്ഷങ്ങൾക്കു പൊതുവേ ചാണകം, ആട്ടിൻകാഷ്ഠം എന്നിവയാണ് താൻ നൽകാറുള്ളതെന്ന് വിജയൻ പറഞ്ഞു. 5 വർഷം കൂടുമ്പോൾ മാത്രം മിതമായ തോതിൽ രാസവളവും നൽകും. പഴവർഗക്കൃഷിയിലെ ആദയത്തെക്കാൾ അതിൽനിന്നുള്ള ആഹ്ലാദമാണ് വിജയനു പ്രധാനം. എങ്കിലും റംബുട്ടാനും മംഗോസ്റ്റിനുമൊക്കെ നൽകുന്ന ആദായം അത്ര മോശമല്ല. തെങ്ങും കമുകും ജാതിയുമൊക്കെ നിൽക്കുന്ന സമ്മിശ്രതോട്ടത്തിൽ അവയ്ക്കൊപ്പം വളരുന്നതിനാൽ ഫലവർഗക്കൃഷിക്കായി പ്രത്യേകം പണച്ചെലവ് വരുന്നുമില്ല– അദ്ദേഹം ചൂണ്ടിക്കാട്ടി.

ഫോൺ: 9400480678

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com