ADVERTISEMENT

കുവി. ഭാഗം - 4

സമയം രാത്രി പത്രണ്ടര കഴിഞ്ഞിരിക്കുന്നു, മഴ ചാറി പെയ്യുന്നുണ്ട്.

മഴ കാരണം കറണ്ട് പോയും വന്നും ഇരിക്കുകയാണ്.

ഇടുക്കി ജില്ലാ പോലീസ് K9 സ്ക്വാഡ്,

എന്റെ മൊബൈൽ റിംഗ് ചെയ്യുന്നുണ്ട്. കിടന്നുകൊണ്ട് തന്നെ ഇടത്തെ കൈ നീട്ടി കട്ടിലിനരികിലെ ജനലിൽ ഇരിക്കുന്ന മൊബൈൽ പരതിയെടുത്തു. തൊട്ടടുത്തെ കട്ടിലിൽ കിടന്ന സഹപ്രവർത്തനായ സുനിൽ ചോദിച്ചു.

ആരാടാ...

അറിയില്ലെടാ ഞാനെടുത്തപ്പോൾ ഫോൺ കട്ടായി...

നോക്കട്ടെ... ഞാൻ പറഞ്ഞു...

പറഞ്ഞു തീരും മുന്നേ സുനിലിന്റെ മൊബൈലടിച്ചു.

റോയ് സാറാണല്ലോ... (ഇടുക്കി ജില്ലാ പോലീസ് K9 സ്ക്വാഡ് ഇൻ ചാർജാണ് റോയ് സാർ)

കുറച്ച് നേരത്തെ സംസാരത്തിന് ശേഷം ശരി സർ... ശരി സർ... എന്ന് പറഞ്ഞു സുനിൽ ഫോൺ കട്ട് ചെയ്തു.

പുതപ്പ് മാറ്റി കൊണ്ട് അവൻ പറഞ്ഞു.

‘എല്ലാവരും വേഗം റെഡിയാക്...’

പെട്ടിമുടിയിൽ സെർച്ച് നടത്താൻ നമ്മുടെ ഡോഗ്സിന്റെ സേവനമാവശ്യപ്പെട്ടിട്ടുണ്ട്. ഉടനെ ക്യാമ്പിൽ നിന്ന് വലിയ ബസ് വരും. ഡ്യൂട്ടി ചെയ്യാനാവശ്യമായ സാധനങ്ങളും രണ്ടു ദിവസത്തേക്കുള്ള ലഗ്ഗേജുകളും എടുക്കാൻ പറഞ്ഞിട്ടുണ്ട്. മെസ്സേജ് ഉടനെ വരും അതിന് മുന്നേ റോയി സർ വിളിച്ചതാണ്.

വേഗം റെഡിയാക്...

ക്യാമ്പിൽ നിന്ന് ബസ് ഉടനെ തിരിക്കുമെന്ന് പറഞ്ഞു...

എല്ലാവരും പെട്ടന്ന് ഉറക്കത്തിൽനിന്ന് ചാടിയെഴുന്നേറ്റു. പോയി വന്നിരുന്ന കറണ്ട് അപ്പോൾ പൂർണ്ണമായും പോയിരുന്നു. പ്രാഥമിക കർമ്മങ്ങൾ പോലും നിർവഹിക്കാതെ എല്ലാവരും ഡ്യൂട്ടി സാധനങ്ങൾ റെഡിയാക്കാൻ ഓട്ടമായി. ഉറക്കച്ചടവിൽ ചാടി എഴുന്നേറ്റ് കാല് കട്ടിലിൽ മുട്ടിയിട്ട് പലരും പിറുപിറുക്കുന്നുമുണ്ടായിരുന്നു. മൊബൈൽ ടോർച്ചിന്റെ വെളിച്ചത്തിൽ എല്ലാം എടുത്തുവയ്ക്കാൻ സഹപ്രവർത്തകനായ രതീഷും ഞാനും കൂടി സ്ക്വാഡിന് പിറകിലെ സ്‌റ്റോർ റൂമിലേക്ക് പോയി. മുട്ടൊപ്പമുള്ള ഗം ബൂട്ടുകളും, ലീച്ച് സോക്സും, റെയിൻ കോട്ടുകളും, എടുത്തു വച്ചു. പലതും തുടർച്ചയായ ഡ്യൂട്ടിയിൽ ചെളിയിൽ പൊതിഞ്ഞിരിക്കുകയായിരുന്നു. 

ഡയസും എബിനും കൂടി പൊലീസ് ഡോഗുകളുടെ ശരീരത്തിൽ ധരിക്കാനുള്ള ഹാർനസ്സുകളും കോളറുകളും, നായ്ക്കൾക്ക് കഴിക്കാനുള്ള ആഹാരവും എല്ലാം വേഗം എടുത്തുവച്ചു. തട്ടും മുട്ടുമൊക്കെ കേട്ട് പൊലീസ് നായ്ക്കൾ കുരയ്ക്കാൻ തുടങ്ങി. എല്ലാവരും നായ്ക്കളെയും വേഗം ഗ്രൂം ചെയ്തു. അതിനിടെ പലരും പോയി വേഗം പ്രാഥമിക കർമ്മങ്ങൾ ചെയ്തു എന്നു വരുത്തി. എഎസ്ഐ സാബു സാറിന് ക്യാമ്പിൽ‌നിന്ന് ബസ് തിരിച്ചിട്ടുണ്ടന്ന് ഫോൺ കോൾ വന്നു. എല്ലാവരും യൂണിഫോം ഇടുന്നതിന് മുൻപ് തന്നെ പുറത്ത് ബസിന്റെ ഹോൺ കേട്ടു. അന്നത്തെ ചാർജ് ഓഫീസറായിരുന്ന എഎസ്ഐ സാബു പെട്ടെന്ന് പൊലീസ് പാസ്പോർട്ട് പൂരിപ്പിച്ചു കൊണ്ട് പറഞ്ഞു.

‘വേഗം നമ്മുടെ സാധനങ്ങളൊക്കെ ബസിലാക്കിക്കോ’

മഴനനഞ്ഞും നനയാതെയുമൊക്കെ ഞങ്ങൾ എല്ലാ സാധനങ്ങളും ബസിൽ അടുക്കി വച്ചു. എല്ലാവരും കെന്നലുകൾ തുറന്ന് നായ്ക്കളെ ബസ്സിനുള്ളിൽ കയറ്റി. ബസ്സിനുള്ളിൽ നായ്ക്കളെ ലോക്ക് ചെയ്തു കൊണ്ടിരുന്നപ്പോൾ രതീഷ് ഡ്രൈവറോട് ചോദിച്ചു.

‘വലിയ ബസ്സല്ലെ പറഞ്ഞിരുന്നത് ഇതെന്ത് പറ്റി ചെറിയ ബസ്സ് കൊണ്ടുവന്നത്?’

ഡ്രൈവർ പറഞ്ഞു.

‘അത് സാർ ഇരവികുളം നാഷണൽ പാർക്ക് കഴിഞ്ഞാൽ വലിയ വണ്ടികൾ കയറി പോകില്ല. തീരെ ഇടുങ്ങിയ റോഡാണ്’

എബിനും ഡയസും ധൃതിയിൽ യൂണിഫോം ഇടാൻ പോയപ്പോൾ സുനിൽ പറഞ്ഞു.

‘ഇവിടെ നിന്ന് യൂണിഫോമിടാൻ സമയമില്ല. യൂണിഫോമെടുത്തൊ വണ്ടിയിൽ നിന്നിടാം...’

എല്ലാവരും വണ്ടിയിൽ കയറി. സമയം ഒന്നേമുക്കാലായിരിക്കുന്നു. ബസ് നീങ്ങിത്തുടങ്ങി. എല്ലാവരും ഓടുന്ന വണ്ടിയിൽ ഇരുന്നും നിന്നുമൊക്കെ യൂണിഫോമിട്ടു. കുറച്ചുനേരം എന്തൊക്കെയോ സംസാരിച്ചിരുന്ന ഞങ്ങൾ അറിയാതെ ഉറക്കത്തിലേക്കു വീണു. ഹെഡ് റെസ്റ്റില്ലാത്ത സീറ്റുള്ള  ഐഷറിന്റെ പഴയ മോഡൽ ബസ്സായിരുന്നതിനാൽ വണ്ടിയുടെ ചെറിയ കുടുക്കങ്ങളിൽ സീറ്റിന്റെ മുകളിലെ കമ്പിയിൽ ഞങ്ങളുടെ തലയിടിച്ച് വേദനയെടുത്തു. ഞാൻ എന്റെ ബാഗിൽ നിന്ന് ടവ്വലെടുത്ത് മടക്കി കമ്പിയിൽ ചുറ്റി വച്ചിട്ട് അതിൽ തല ചായ്ച്ച് മയങ്ങി. എപ്പോഴോ ഗാഢമായി ഉറങ്ങിപ്പോയി. കുറെ കഴിഞ്ഞു ഒരു മൊബൈൽ റിംഗ് കേട്ടു ഉണർന്നു. അപ്പോൾ ഡ്രൈവർ ബസ് നിർത്തി മൊബൈലിൽ സംസാരിക്കുന്നതിൽ നിന്ന് വണ്ടി മൂന്നാർ കഴിഞ്ഞെന്നു മനസ്സിലായി. പിന്നെ ഉറക്കം വന്നില്ല. വണ്ടി വീണ്ടും മുന്നോട്ടെടുത്തപ്പോൾ ഞാൻ സീറ്റിൽ നിന്നെഴുന്നേറ്റു ഡ്രൈവർ സീറ്റിന്റെ അടുത്തുള്ള സീറ്റിൽ പോയിരുന്നു. ഞാൻ എഴുന്നേറ്റ് പോകുന്നത് കണ്ട് സ്റ്റെഫി കുരച്ചു. അപ്പോൾ ഞാൻ അവളോട് പറഞ്ഞു.

‘ഞാനെങ്ങും പോകുവല്ലടാ ഇവിടെ ഇരിക്കുവാണ്’

അവളുടെ കുര കേട്ട് ബാക്കിയുള്ളവരും എഴുന്നേറ്റു . സുനിൽ ചോദിച്ചു.

‘എവിടെയെത്തിയെടാ?’

‘മൂന്നാർ കഴിഞ്ഞു...’

ഞാൻ മറുപടി പറഞ്ഞു.

രതീഷും  എഎസ്ഐ സാബു സാറും എഴുന്നേറ്റ് എന്റൊപ്പം വന്നിരുന്നു. ഞങ്ങളുടെ ബസ് ഇരവികുളം നാഷണൽ പാർക്കിന്റെ എൻട്രൻസിൽ എത്തി. ജാക്കറ്റും മഫ്ലറുമിട്ട പ്രായമുള്ള ഒരാൾ ഓടി വന്ന് ഒരു സല്യൂട്ട് അടിച്ചു. വണ്ടി ഇരവികുളം നാഷണൽ പാർക്കിനുള്ളിലേക്ക് കടന്നു. മഴ കുറഞ്ഞിട്ടുണ്ട്. പക്ഷേ വഴികാണിക്കാത്ത രീതിയിൽ കോട ഇറങ്ങി വന്നു മൂടി. വണ്ടി വളരെ പതുക്കെ നിരങ്ങി നീങ്ങി. മൂന്നുനാല് പ്രാവശ്യമായി പെട്ടിമുടിയിലേക്ക് പോയി വന്ന ഡ്രൈവർക്ക് ആ വഴി നല്ല പരിചയമായിരുന്നു. നാഷണൽ പാർക്കിലൂടെ കുറെ ദൂരം പോയി കഴിഞ്ഞപ്പോൾ ഡ്രൈവർ പറഞ്ഞു.

ഇവിടം വരെയാണ് നാഷണൽ പാർക്കിന്റെ അതിർത്തി... 

ഞങ്ങളുടെ ഇടിവണ്ടി വീണ്ടും മുന്നോട്ട് പോയി. അത് വരെയുണ്ടായിരുന്ന നല്ല വഴി നല്ല രീതിയിൽ കുണ്ടും കുഴിയുമായിരുന്നു. വണ്ടി നല്ല പോലെ ഉലഞ്ഞ് ഉലഞ്ഞ് മുന്നോട്ട് പോയി. എപ്പോഴൊക്കെയൊ ബസിന് മുന്നിൽ കൂടി കേഴ ഓടി പോയി. മുന്നിലെ ഗ്ലാസ്സ് മൂടൽമഞ്ഞു മൂടി ഒന്നും കാണാൻ പറ്റാതായി. ഡ്രൈവർ തുടക്കാൻ തുണി പരതി. രതീഷ് നിലത്ത് കിടന്ന തുണിയെടുത്ത് മൂടൽമഞ്ഞ് തുടച്ച് മാറ്റി. തുണിയിലെ പൊടി ഗ്ലാസ്സിൽ പറ്റിപ്പിടിച്ചു. ഓരോ സ്ഥലങ്ങളിൽ എത്തുമ്പോൾ ഡ്രൈവർ ആ സ്ഥലത്തെ കുറിച്ചൊക്കെ വിവരിച്ച് കൊണ്ടിരുന്നു. കോട കൊണ്ട് സ്ഥലം കാണാൻ പറ്റാതെ വിവരാണാടിസ്ഥാനത്തിൽ സ്ഥലം സങ്കൽപ്പിച്ച് ഞങ്ങളെല്ലാവരും മുന്നിലോട്ടും നോക്കിയിരുന്നു. കണ്ണിൽ കുത്തിയിരുന്ന ഇരുട്ടും കോടയും പതിയെ കുറഞ്ഞുകൊണ്ടിരുന്നു. തേയിലക്കാടുകളുടെ മങ്ങിയ കാഴ്ചകൾ കാണാൻ തുടങ്ങി. റോഡെന്ന് പറയാവുന്ന ആ വഴിയിലൂടെ ബസ് കുലുങ്ങി കുലുങ്ങി പെട്ടിമുടിയിലെ അമ്പലത്തിനടുത്തെത്തി. ഡ്രൈവർ ബസ് നിർത്തി കൊണ്ട് പറഞ്ഞു.

മുന്നോട്ടൊന്ന് നോക്കിയെ....

എല്ലാവരും മുന്നോട്ട് നോക്കി. നേരം പുലർന്ന് തുടങ്ങിയതേ ഉള്ളു. വിശാലമായൊരു മൈതാനമായാണ് ആദ്യമെല്ലാവർക്കും തോന്നിയത്. പതിയെ പതിയെ കൂടി വന്ന വെളിച്ചത്തിലാണ് മുന്നിൽ കണ്ടതിന്റെ ഭീകരത മനസ്സിലായത്. വലിയ പാറകളും, കെട്ടിടാവശിഷ്ടങ്ങളും നിറഞ്ഞ വലിയൊരു ചെളിപ്പാടം. മറ്റുള്ള രക്ഷാപ്രവർത്തകരാരും എത്തിയിട്ടില്ല. ഞങ്ങൾ കുറച്ച് നേരത്തെയാണ് എത്തിയതെന്ന് ഞങ്ങൾക്ക് മനസ്സിലായി. ഞങ്ങൾ വണ്ടിയിൽ നിന്ന് അങ്ങോട്ടേക്ക് പതിയെ ഇറങ്ങി. അവിടാകെ കണ്ണിൽ കുത്തിയാൽ കാണാത്തത് പോലെ കോട വന്ന് നിറഞ്ഞു. വണ്ടിയിൽനിന്ന് ഇറങ്ങിയുടനെ മനസ്സിലേക്കാദ്യം ഓടിയെത്തിയത് അവളുടെ മുഖമാണ്. അറിഞ്ഞ മുതൽ കാണാനാഗ്രഹിച്ചതാണ്.

‘കുവി’. അതെ അവളെവിടുണ്ടാകും? ഞാനവിടെ ചുറ്റും നോക്കി. ഞങ്ങളുടെ വണ്ടി വന്നതുകണ്ട് ഏലക്കാടുകളിൽ നിന്നും ലയങ്ങളിൽ നിന്നുമായി സ്വെറ്റർ ഇട്ട കുറച്ചു പേർ നോക്കി നിന്നു. കുറച്ച് പേർ ഞങ്ങളുടെ അടുത്തേക്ക് വന്നു. എന്റെ അവരോടുള്ള ആദ്യത്തെ സംസാരം തന്നെ കുവിയെവിടാണുള്ളതെന്നറിയാമൊ എന്നായിരുന്നു.

ഇല്ല... സാർ... കഴിഞ്ഞ ദിവസമൊക്കെ ഇവിടുണ്ടായിരുന്നു...

അപ്പോൾ അക്കൂട്ടത്തിലെ കൈയ്യിൽ ഒരു പാക്കറ്റ് ബണ്ണുമായി നിന്നൊരു കൊച്ച് പയ്യൻ പറഞ്ഞു.

കുവി അന്ത കോവിലിന് പക്കത്തിലെ വീടിന് പിന്നാലെ പടുത്തിട്ടിരിക്കാ....

നാൻ കാലെലെ പാത്തേ....

ഞാൻ ആ പയ്യനെയും കൂട്ടി അങ്ങോട്ടേക്ക് നടന്നു. അപ്പോൾ സാബു സാറും ഞാനും വരുന്നെന്ന് പറഞ്ഞു കൂടെ വന്നു. ഞങ്ങൾ ചെല്ലുമ്പോൾ ഒരു ലയത്തിന് പിറകിൽ ഫ്ലക്സ് വലിച്ച് കെട്ടിയ ഒരു ചായ്പ്പിൽ ഭിത്തിയോട് ചേർന്ന് ഒരു നായ ചുരുണ്ട് കിടക്കുന്നു. ഞാനും സാബു സാറും അവളുടെ അടുത്ത് ചെന്ന് നിലത്ത് കുത്തിയിരുന്നു. വാരിയെല്ലുകളൊക്കെ തെളിഞ്ഞിരിക്കുന്ന ഒരു രൂപം. ശരീരത്തിന്റെ പല സ്ഥലത്തും മുറിഞ്ഞത്തിന്റെയും ചതഞ്ഞതിന്റെയും പാടുകൾ. ചെവികൾ കവിളോട് ചേർന്നു താഴേക്ക് പകുതി താണു കിടക്കുന്നു. സാബു സാർ അവളെ കുവി.... കുവി... എന്ന് മൂന്നാല് പ്രാവശ്യം വിളിച്ചു. ആ നായ അനങ്ങുന്നു പോലുമില്ല. അപ്പോൾ ഞാൻ ആ പയ്യനോട് ചോദിച്ചു.

ഡാ... കുട്ടാ... ഇത് തന്നാണൊ കുവി?

ഇത് താൻ സാർ... എനക്ക് നല്ലാ തെരിയും ....

ഡേയ് കുവി.....

അവനും അവളെ ഉണർത്താൻ ശ്രമിച്ചു.

എന്നിട്ടും അവളനങ്ങുന്നില്ല.

ഞാൻ കുവീന്ന് വിളിച്ചുകൊണ്ട് അവളുടെ ശരീരത്ത് പിടിച്ചു കുലുക്കി. അപ്പോഴവൾ വളരെ സാവധാനം കണ്ണ് തുറന്നു.

തുടരും

കുവി ഭാഗം ഒന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവി ഭാഗം രണ്ട് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവി ഭാഗം മൂന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com