നാട കടിച്ചഴിച്ച് പരിപാടിക്കു തുടക്കമിട്ടത് ഇഷ: കൊച്ചിയിൽ നടന്നത് വേറിട്ട ക്രിസ്മസ് ആഘോഷം

Mail This Article
ക്രിസ്മസ് വേഷങ്ങളും അലങ്കാരങ്ങളും അണിഞ്ഞ് അവരെത്തി. കുരച്ചും വാലാട്ടിയും തമ്മിൽ അഭിവാദ്യം ചെയ്തു. ചിലർ കാണികളുടെ മുന്നിൽ തങ്ങളുടെ അഭ്യാസപ്രകടനങ്ങൾ കാഴ്ചവച്ചു കയ്യടി നേടി. മറ്റു ചിലരാകട്ടെ യജമാനന്മാരുടെ കയ്യിൽ നിന്നു താഴെയിറങ്ങാൻ മടിച്ചു മസിലുപിടിച്ചിരുന്നു.
എങ്കിലും സന്ധ്യ മയങ്ങിയപ്പോൾ കായൽക്കാറ്റേറ്റു ക്രിസ്മസ് ആഘോഷിക്കാനായുള്ള ഒത്തുകൂടൽ ആഘോഷമാക്കിയാണു മിക്കവരും മടങ്ങിയത്. കൊച്ചി രാജേന്ദ്രമൈതാനമാണ് അരുമനായ്ക്കളുടെ വേറിട്ട ക്രിസ്മസ് ആഘോഷത്തിനു വേദിയായത്. ഹൈബി ഈഡൻ എംപി ഉദ്ഘാടനം നിർവഹിച്ചതിനു പിന്നാലെ ഇഷ എന്ന നായ്ക്കുട്ടി നാട കടിച്ചഴിച്ചാണു പരിപാടിക്കു തുടക്കമിട്ടത്.
കൊച്ചിൻ പെറ്റ്സ് ഹോസ്പിറ്റലും മലയാള മനോരമ കർഷകശ്രീയും ഡ്രൂൾസും കൈകോർത്താണു 'പെറ്റ്സ് ക്രിസ്മസ് കാർണിവൽ' ഒരുക്കിയത്. അരുമനായ്ക്കളെ സ്നേഹിക്കുന്നവരുടെ സംഘടനയായ പോസം പാർട്ടി, ജിസിഡിഎ എന്നിവരും ഉദ്യമവുമായി സഹകരിച്ചു. ഇരുന്നൂറിലധികം നായ്ക്കളുമായി അഞ്ഞൂറോളം പേരാണു പരിപാടിയുടെ ഭാഗമായത്. ജർമൻ ഷെപ്പേഡ്, ഷീറ്റ്സു, ബെൽജിയൻ മലിന്വ, ബീഗിൾ, സൈബീരിയൻ ഹസ്‌കി, മിനിയേച്ചർ പിൻചർ, പോമറേനിയൻ, ഗോൾഡൻ റിട്രീവർ, ലാബ്രഡോർ, അമേരിക്കൻ ബുള്ളി തുടങ്ങിയ വിദേശ ഇനം നായ്ക്കളും ഇന്ത്യൻ ബ്രീഡുകളും ആഘോഷത്തിനെത്തി. 38 ലക്ഷം രൂപ വിലമതിക്കുന്ന റോട്‌വെയ്‌ലറുൾപ്പെടെയുള്ള നായ്ക്കൾ കാണികൾക്കു കൗതുകമായി.
കഴുത്തിൽ വർണവിളക്കുകളും നക്ഷത്രങ്ങളും തൂക്കിയും ക്രിസ്മസ് പാപ്പയുടെ സ്ലെഡ്‌ജ് വലിച്ചുമൊക്കെയാണു പല നായ്ക്കളും വ്യത്യസ്തരായത്. വിവിധയിനം നായ്ക്കളെ കാണാനും തൊട്ടുതലോടാനുമൊക്കെയായി എത്തിയ നായസ്നേഹികളുമുണ്ട്. അരുമകളെ ഗ്രൂം ചെയ്തു സൗന്ദര്യം വർധിപ്പിക്കാനുള്ള സൗകര്യവും താൽപര്യമുള്ളവർക്കു നായ്ക്കുട്ടികളെ ദത്തെടുക്കാനുള്ള സൗകര്യവും ഒരുക്കിയിരുന്നു.