ADVERTISEMENT

“ഇയോളയുടെ സന്തോഷപൂർവമായ ഓർമ്മകൾക്ക്... യുദ്ധക്കെടുതിയിൽ നിന്ന് രക്ഷ നൽകാനായി 1939 സെപ്റ്റംബർ നാലിന് നിത്യനിദ്ര നൽകിയ പ്രിയപ്പെട്ട വിശ്വസ്തസ്നേഹിതന്... രണ്ടുവർഷവും രണ്ടാഴ്ചയും നീണ്ടുനിന്ന നിന്റെ ജീവിതം  ഹ്രസ്വമെങ്കിലും ആനന്ദകരമായിരുന്നു... പ്രിയ കുഞ്ഞു സ്നേഹിതാ, ഞങ്ങളോടു പൊറുക്കുക...’’

കണ്ണുനീരിൽ കുതിർന്ന ഈ ഓർമ്മക്കുറിപ്പ് തങ്ങളുടെ പ്രിയ ചങ്ങാതിയോട്  ചെയ്ത ഒരു ക്രൂരതയെ ഓർത്ത് പിന്നീട് പശ്ചാത്തപിച്ച ഒരു ഉടമ പത്രത്തിൽ പ്രസിദ്ധീകരിച്ചതായിരുന്നു. ഇതുപോലെ  പലരും അരുമകൾക്കായി തങ്ങളുടെ ഓർമ്മക്കുറിപ്പുകൾ 1940കളിൽ ബ്രിട്ടനിൽ പ്രസിദ്ധീകരിച്ചു. ആ കണ്ണുനീരിനു പിന്നിലെ യഥാർഥ സംഭവകഥയറിയുക. 

സെപ്റ്റംബർ കൂട്ടക്കൊല

1939 സെപ്റ്റംബറിൽ ബ്രിട്ടനിലെ മൃഗങ്ങൾക്കായുള്ള അഭയ കേന്ദ്രങ്ങളിൽ അരുമ മൃഗങ്ങളുമായി ഉടമകൾ തിക്കിത്തിരക്കുകയായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിന്റെ ആരംഭം കുറിച്ചു കഴിഞ്ഞിരുന്ന സമയമായിരുന്നു അത്. തങ്ങളുടെ പ്രിയപ്പെട്ട ഓമനച്ചങ്ങാതികളെ ദയാവധത്തിന് വിട്ടുകൊടുക്കാൻ എത്തിയ ആയിരക്കണക്കിന് ഉടമകളായിരുന്നു അവർ. പലപ്പോഴും അവരുടെ ക്യൂ അര മൈൽ ദൂരം വരെയൊക്കെ നീളുമായിരുന്നു. ദയാവധത്തിനുപയോഗിച്ചിരുന്ന ക്ലോറോഫോമിന്റെ ലഭ്യതയിൽ വലിയ കുറവുണ്ടാകുന്ന വിധമായിരുന്നു ആവശ്യം. യുദ്ധം തുടങ്ങി ഏതാനും ദിവസങ്ങൾക്കുള്ളിൽ 4 ലക്ഷത്തിനും 7 ലക്ഷത്തിനും ഇടയിൽ വരുന്ന എണ്ണം നായകളും പൂച്ചകളും കൊലചെയ്യപ്പെട്ടു. ‘സെപ്റ്റംബർ കൂട്ടക്കൊല’ (September Holocaust)  എന്നാണ് അക്കാലത്ത് ‘ദ  നാഷണൽ കനൈൻ  ഡിഫൻസ് ലീഗ്’ അതിദാരുണമായ ആ സംഭവത്തെ അക്കാലത്ത് വിശേഷിപ്പിച്ചത്. നിസ്സഹായരായ  ലക്ഷക്കണക്കിന് മിണ്ടാപ്രാണികളുടെ ജീവത്യാഗത്തിന്റെ കഥ ചരിത്രത്തിന്റെ ഏടുകളിൽ സുവർണ്ണ ലിപികളിലൊന്നും എഴുതപ്പെട്ടിട്ടില്ല. ഇന്ന് ലണ്ടനിലെ ഹൈഡേ പാർക്കിലെ യുദ്ധസ്മാരകത്തിൽ ബ്രിട്ടീഷ് സൈന്യത്തിനും സഖ്യ രാഷ്ട്രങ്ങൾക്കുമൊപ്പം വിവിധയുദ്ധങ്ങളിൽ പങ്കെടുത്ത് വീരമൃത്യു വരിച്ച മൃഗങ്ങൾക്കായി സ്മാരകം ഒരുക്കിയിട്ടുണ്ട്. എന്നാൽ, രണ്ടാം ലോകമഹായുദ്ധത്തിന്റെ കാലത്ത്  കൂട്ടക്കൊല ചെയ്തപ്പെട്ട  ലക്ഷക്കണക്കിന് അരുമകൾ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലാണ് സ്ഥാനം പിടിച്ചതെന്നത് സങ്കടകരമാണ്.

കൂട്ടക്കൊലയുടെ പശ്ചാത്തലം 

1939ലെ  വേനൽക്കാലം. ബ്രിട്ടന്റെ മാനത്ത് യുദ്ധത്തിന്റെ കാർമേഘങ്ങൾ ഉരുണ്ടുകൂടിക്കൊണ്ടിരുന്നു. ജർമനിയുമായുള്ള യുദ്ധം അനിവാര്യമാണെന്നും പടിവാതിൽക്കലെത്തിയെന്നും ഉറപ്പായിരുന്ന ബ്രിട്ടീഷ് സർക്കാരും ഉദ്യോഗസ്ഥവൃന്ദവും  വരാനിരിക്കുന്ന വെല്ലുവിളി നിറഞ്ഞ ദിനങ്ങൾക്കായി തയാറെടുക്കുകയായിരുന്നു. യുദ്ധം തുടങ്ങുകയും ബ്രിട്ടീഷ് നഗരങ്ങൾ ബോംബുവർഷമേറ്റു തുടങ്ങുകയും ചെയ്യുമ്പോൾ 47 ദക്ഷലക്ഷം വരുന്ന ജനതയെ തീറ്റിപ്പോറ്റുകയെന്നതാവും ശ്രമകരമായ ദൗത്യമെന്ന് അവർക്കറിയാമായിരുന്നു. അപൽക്കാലത്ത് ഇറക്കുമതിയെ ആശ്രയിച്ചിരിക്കാൻ കഴിയുകയുമില്ലല്ലോ? ഭക്ഷണത്തിന്റെ ലഭ്യത ഉറപ്പാക്കാൻ റേഷൻ സമ്പ്രദായം നടപ്പിലാക്കാനുള്ള ശ്രമങ്ങൾ സർക്കാർ ആരംഭിച്ചു. ബ്രിട്ടീഷ് ഗവൺമെന്റിന്റെ  എയർ റൈഡർ പ്രിക്കോഷൻസ് കമ്മറ്റി യുദ്ധസന്നാഹങ്ങളുടെ ഭാഗമായി ഒരു ലഘുലേഖ ദേശീയ ദിനപത്രങ്ങളിൽ പ്രസിദ്ധീകരിച്ചു.  ബിബിസി അത് റേഡിയോയിൽ പ്രക്ഷേപണം ചെയ്തും ജനങ്ങളിൽ എത്തിച്ചു. ഈ ലഘുലേഖയിലെ നിർദ്ദേശങ്ങളാണ് ലക്ഷക്കണക്കിന് ആരുമമൃഗങ്ങളെ മരണമുഖത്തേക്ക് തള്ളിവിടാൻ  പ്രേരകമായതെന്നു പറയാം.

മരണവാറണ്ടായി മാറിയ ലഘുലേഖ 

യുദ്ധത്തിന്റെ ദുഷ്കരമായ കാലയളവിൽ ജനങ്ങളുടെ ഭക്ഷണലഭ്യത  ഉറപ്പാക്കാനായി അരുമമൃഗങ്ങളുടെ ഉടമകൾക്കായി നൽകിയ ഉപദേശങ്ങൾ ആയിരുന്നു ലഘുലേഖയുടെ ഉള്ളടക്കം. ‘അഡ്വൈസ്സ് ടു ആനിമൽ ഓണേഴ്സ്’ എന്ന തലക്കെട്ടിലായിരുന്നു ആ  ഔദ്യോഗിക രേഖയുടെ പ്രസിദ്ധീകരണം. യുദ്ധം തുടങ്ങിക്കഴിയുമ്പോൾ ഭക്ഷ്യക്ഷാമമുണ്ടായാൽ മൃഗപരിപാലകരുടെ മുൻപിൽ ഒന്നോ രണ്ടോ മാർഗങ്ങളാവും അവശേഷിക്കുക. തങ്ങൾക്കു കിട്ടുന്ന അൽപഭക്ഷണം അവരുമായി പങ്കുവച്ച് ബാക്കിയുള്ളതുകൊണ്ട് തൃപ്തിപ്പെടാം. അല്ലെങ്കിൽ അരുമകളെ ഉപേക്ഷിച്ചുകൊണ്ട് അവരെ പട്ടിണികിടന്നു ചാവാൻ അനുവദിക്കാം. മൃഗങ്ങളെ നഗരങ്ങളിൽ നിന്ന് നാട്ടിൻപുറങ്ങളിലേക്ക് അയയ്ക്കാനായിരുന്നു സർക്കാരിന്റെ  ഔദ്യോഗിക ഉപദേശങ്ങളിലൊന്ന്. അതു  സാധ്യമല്ലാത്ത സഹചാര്യങ്ങളിൽ അവയെ പട്ടിണി കിടന്നു നരകിക്കാൻ വിടാതെ വധിച്ചു കളയുക എന്ന തികച്ചും കരുണാമയമായ മാർഗമായിരിക്കും ഉചിതമെന്ന  നിർദ്ദേശവും ഔദ്യോഗികമായി മൃഗങ്ങളെ വളർത്തുന്നവർക്ക് ലഭിച്ചിരുന്നു. ലഘുലേഖയുടെ ഭാഗമായി ഒരു കാപ്റ്റീവ്  ബോൾട്ട് പിസ്റ്റളിന്റെ സചിത്ര പരസ്യം കൂടി നൽകിയത് സന്ദേശം കൂടുതൽ  വ്യക്തമാക്കാനായിരുന്നുവെന്ന് വേണമെങ്കിൽ കരുതാമായിരുന്നു. പരസ്യത്തിലെ അവകാശവാദമനുസരിച്ച് ദ്രുതവേഗത്തിൽ ഏറ്റവും ഫലപ്രദമായി കുതിര, പൂച്ച, പല വലുപ്പത്തിലുള്ള നായ്ക്കൾ തുടങ്ങി ഏതു മൃഗത്തെയും വധിക്കാൻ ആശ്രയിക്കാവുന്നതാണ് ഈ പിസ്റ്റൾ എന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ടായിരുന്നു . മൃഗങ്ങൾക്കുള്ള മരണ സന്ദേശം വ്യക്തമായിരുന്നു എന്നർഥം. സർക്കാർ നിർദ്ദേശം വളരെ അനുസരണയോടെയാണ് പാലിക്കപ്പെട്ടതെന്നാണ് ചരിത്രം പറയുന്നത്. ഭക്ഷണലഭ്യതയിൽ കുറവുണ്ടാകുമെന്ന് വിചാരിച്ച് ചിലർ അരുമകളെ ഒഴിവാക്കി. മറ്റു ചിലർ ഒരു ഓമന മൃഗത്തെ യുദ്ധകാലത്ത് വളർത്തുന്ന ആഡംബരം ദേശസ്നേഹത്തിനായി വേണ്ടെന്നു വയ്ക്കുകയായിരുന്നു. മറ്റുള്ളവർ കാരണമില്ലാതെ പേടി കൊണ്ട് മാത്രം മൃഗങ്ങളെ ദയാവധം നടത്തി. സർക്കാരിൻറെ പ്രചാരണ പ്രവർത്തനങ്ങൾ എല്ലാവർക്കും പ്രചോദനമായി നിലകൊണ്ടു എന്ന് പറയാം.

കൂട്ടക്കൊല  വേണമായിരുന്നോ?

മൃഗക്ഷേമ സംഘടനകളുടെ ഭാഗത്തുനിന്നുള്ള ശക്തമായ എതിർപ്പിനിടയിലായിരുന്നു അരുമകളുടെ കൂട്ടക്കൊല നടന്നത്. പീപ്പിൾസ് ഡിസ്പെൻസറി ഫോർ സിക് അനിമൽസ് (PDSA), ദി റോയൽ സൊസൈറ്റി ഫോർ പ്രിവൻഷൻ ഓഫ് ക്രൂവൽറ്റി ടു അനിമൽസ് ( RSPCA) തുടങ്ങിയ സംഘടനകൾ ശക്തമായ നിലപാടെടുത്തു. നിനാ ഡഗ്ലസ് ഹാമിൽട്ടനെ പോലുള്ള മൃഗസ്നേഹികൾ അരുമകൾക്കായി രംഗത്തിറങ്ങി. ആനിമൽ ഡിഫൻസ് ആൻഡ് ആന്റി വിവിസെക്ഷനിസ്റ്റ്  സൊസൈറ്റി സഹസ്ഥാപകനായ ഹാമിൽട്ടൻ വിൽറ്റ് ഷെയറിലെ തന്റെ  വീട്ടിൽ മൃഗങ്ങൾക്കായി അനാഥ സങ്കേതം ഒരുക്കി. ‘ബാറ്റർസീ ഡോഗ്സ് ഹോം’ എന്ന സ്ഥാപനം ഏകദേശം ഒന്നര ലക്ഷത്തോളം നായ്ക്കളെ അന്ന് രക്ഷപ്പെടുത്തി. 1939 നവംബർ ആയപ്പോഴേക്കും ദ ടൈംസ് പോലെയുള്ള പത്രങ്ങളിൽ മൃഗങ്ങളെ സംരക്ഷിക്കാനുള്ള മൗലിക ചുമതലയിൽ നിന്നും ഒളിച്ചോടിയ ഉടമകളുടെ ഉത്തരവാദിത്ത രഹിതമായ പെരുമാറ്റത്തെ വിമർശിക്കുന്ന ലേഖനങ്ങൾ പ്രത്യക്ഷപ്പെട്ടു. ഇത്തരം ഒരു കൂട്ടക്കൊല തികച്ചും അനാവശ്യമായിരുന്നു എന്ന വികാരമാണ് പിന്നീട് പലരും പങ്കുവച്ചത്. കാരണം മൃഗങ്ങളുടെ കൂട്ടക്കൊല നടക്കുന്ന സമയത്തൊന്നും ഭക്ഷ്യക്ഷാമം എന്നതൊരു വലിയ ഭീഷണിയായി പ്രത്യക്ഷപ്പെട്ടിരുന്നില്ല. മാത്രമല്ല, 1940 ജനുവരി വരെ റേഷൻ സമ്പ്രദായം ഏർപ്പെടുത്തിയിരുന്നുമില്ല. യുദ്ധത്തിന്റെ  പ്രശ്നങ്ങൾ അനുഭവിച്ചു തുടങ്ങും  മുൻപേ തന്നെ മൃഗങ്ങളുടെ വിധി തിരക്കിട്ട് നടപ്പിലാക്കി എന്ന വിമർശനവും  അന്നുണ്ടായി.

യുദ്ധം അതു ഗാസയിലായാലും ഉക്രയിനിലായാലും എണ്ണമില്ലാത്ത സമാനതകളില്ലാത്ത ദുരിതങ്ങൾ സമ്മാനിക്കുമെന്ന് ചരിത്രം നമ്മെ പഠിപ്പിച്ചു കൊണ്ടിരിക്കുന്നു. മനുഷ്യന്റെ സഹയാത്രികരായ മൃഗങ്ങൾക്ക് യുദ്ധം സമ്മാനിക്കുന്ന അറിയപ്പെടാത്ത പരിഗണിക്കപ്പെടാത്ത ദുരന്തങ്ങളുടെ ദൃഷ്ടാന്തമാണ് ബ്രിട്ടനിലെ സെപ്റ്റംബർ കൂട്ടക്കൊല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com