ADVERTISEMENT

ഇത് എന്റെയൊരു അനുഭവക്കുറിപ്പ്, ഇതിനെ രസകരം എന്ന് വിശേഷിപ്പിക്കാമോ എന്നറിയില്ല. സർവീസിൽ കയറിയ ആവേശത്തിന്റെ അലയടികൾ തെല്ല് മന്ദീഭവിച്ച കാലം ജനകീയാസൂത്രണം എന്നതിന്റെ സൂത്രം ഒരു വെറ്ററിനറി ഡോക്ടർക്ക് നൽകിയ ഓർമ. ജോലി ചെയ്ത ആശുപത്രിയിലെ ആട് വിതരണ പദ്ധതിയാണ് കഥയ്ക്ക് ആധാരം. പഞ്ചായത്തിലെ സുന്ദരിയായ ബുഷറയാണ് കഥാനായിക. കഥയിലെ വില്ലൻ ആരാണെന്നു വഴിയേ മനസ്സിലാക്കാം. 

ജനം തിങ്ങി നിറഞ്ഞ സദസ്സിൽ വളരെ ആവേശഭരിതമായിരുന്നു പദ്ധതിയുടെ ഉദ്ഘാടനം. അന്നു കിട്ടിയ കയ്യടിയുടെ പിറകെ എനിക്കുള്ള ഒരു വലിയ അടികൂടി ബാക്കിയുണ്ടായിരുന്നു എന്ന് അപ്പോൾ ഞാനറിഞ്ഞിരുന്നില്ല. ആട് വിതരണം പൂർത്തിയായി ഏതാനും മണിക്കൂറുകൾക്കകം ഇന്ത്യാ–പാക്ക് അതിർത്തി പോലെ സംഘർഷഭരിതമായിരുന്നു  മൃഗാശുപത്രിയുടെ അവസ്ഥ. വിതരണം ചെയ്യുന്ന സമയത്ത് പൂർണ ആരോഗ്യവാന്മാരായി തോന്നിച്ച പല ആടുകളും വളരെ വൈകാതെ തുമ്മിയും ചീറ്റിയും തുടങ്ങി. പിറകെ കുഴിമാടങ്ങൾ ഒന്നൊന്നായി പൊന്തിത്തുടങ്ങി. കയ്യിലുള്ള മൊബൈൽ ഫോണിനായിരുന്നു കൂടുതൽ പണി. തർക്കങ്ങൾക്കിടയിൽ എന്റെകൂടെ അതും ചൂടുപിടിച്ചിരുന്നു. PPR ആയിരുന്നു ആടുകൾക്ക്. തുടർന്നുള്ള ഏതാനും ദിവസങ്ങൾ പിപിആറുമായി പൊരിഞ്ഞ യുദ്ധമായിരുന്നു. 

Also Read: ഒരാടിനു വന്ന രോഗം മറ്റ് ആടുകളിലേക്ക് പകരുന്നുണ്ടോ? ശ്രദ്ധിക്കണം, അത് പിപിആർ ആകാം

ഇനിയാണ് നമ്മുടെ കഥാനായികയുടെ മാസ്സ് എൻട്രി. ആടിനെ കൊടുത്ത് രണ്ടാം ദിവസം ഞാൻ അവിടെ പോയിരുന്നു. ഭർത്താവ് മരണപ്പെട്ട, രണ്ട് കുട്ടികളുടെ മാതാവായ ബുഷറയുടെ വീട്ടിൽ അന്നാണ് ആദ്യമായി പോയത്. മനോഹരമായ കൂട്ടിൽ, ശാസ്ത്രീയമായി വളർത്തുന്ന 15 വലിയ ആടുകൾ. തൂവെള്ള നിറത്തിലുള്ള മിനുങ്ങുന്ന രോമങ്ങൾ ഉള്ള ആരോഗ്യവാന്മാരായ സുന്ദരീ–സുന്ദരന്മാർ, ഒരു നയന മനോഹരമായ കാഴ്ച തന്നെ. കാഴ്ചയ്ക്കൊടുവിൽ എന്റെ തലയ്ക്ക് ആരോ ഒരാൾ ചുറ്റിക കൊണ്ട് ഇടിച്ചപോലെ തോന്നി. കാരണം മറ്റ് ആടുകൾക്കും ആടുവസന്തയുടെ ലക്ഷണം തുടങ്ങിയിരിക്കുന്നു. അപകടം മണത്തറിഞ്ഞ ഞാൻ ഹിറ്റ്ലിസ്റ്റിലെ ടോപ്പ് ഫൈവ് ലിസ്റ്റിൽ ഒന്നാമതായി ആ പേര് കുറിച്ചിട്ടു മനസ്സിലും മൊബൈലിലും ‘‘BUSHARA AADU’’.

പിന്നീട് ‘ബുഷറ ആട്’ എന്ന നമ്പർ മൊബൈൽ സ്ക്രീനിൽ തെളിയുമ്പോൾ അടിവയറ്റിൽ ഒരു തീയാണ്. അധികം വൈകാതെ ഞാൻ പേടിച്ചതുപോലെ സംഭവിച്ചു. എന്റെ 3000 രൂപയുടെ ആട്ടിൻകുട്ടിയുടെ വരവോടെ അവരുടെ 20000ലധികം രൂപ വിലയുള്ള ആടുകൾക്ക് അസുഖം തുടങ്ങി. പിന്നീടുള്ള ദിവസങ്ങൾ ബുഷറ വിളിക്കാതെ തന്നെ തുടർച്ചയായി വരുടെ വീട്ടിൽ പൊയ്ക്കൊണ്ടിരുന്നു. അങ്ങനെ മൂന്നാം ദിവസം വൈകിട്ട് 5.30 ആയപ്പോൾ തിരിച്ച് വീട്ടിൽ എത്തി. തിരക്കിട്ട പണികൾക്കിടയിൽ ഫോൺ വീണ്ടും കരഞ്ഞു. ചെന്നു നോക്കിയപ്പോൾ ‘ബുഷറ ആട്’ എന്നത് കണ്ടതും എനിക്ക് വീട്ടിൽ നിന്ന് ഇറങ്ങി ഓടാൻ തോന്നി. ഫോണെടുത്തപ്പോൾ മറുഭാഗത്തു നിന്ന് ഏതാനും വാക്കുകൾ മാത്രം. 

Also Read: ആട് ബ്രീഡിങ് ഒരു ആദായസ്രോതസ്; ഒട്ടേറെ കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ട്

‘‘ഞാൻ മരിക്കാൻ പോകുന്നു. എന്റെ ഏക ജീവിതമാർഗവും പോയി. വലിയ മുട്ടനാടും ചത്തു. എല്ലാത്തിനും അസുഖമുണ്ട്. എന്റെ മരണത്തിന് നിങ്ങളാണ് കാരണം’’.

‘‘നിങ്ങൾ അങ്ങനെ പറയല്ലേ?’’ എന്ന് ഞാൻ പറയും മുമ്പ് അവർ ഫോൺ താഴെ വച്ചു. ഞാനും കരഞ്ഞു പോയി. ബഹളം കേട്ട് എന്റെ ഭർത്താവ് സലീക്ക ഓടിയെത്തി. ഏത് പ്രതികൂല സാഹചര്യത്തിലും എന്റെ വഴികാട്ടിയും തണലുമായിരുന്നു അദ്ദേഹം. എന്റെ അവസ്ഥകൾ പറഞ്ഞു. ‘‘നീ വാ ഇറങ്ങി, നമ്മക്ക് അവിടെവരെ ഉടനെ പോകണം’’ അങ്ങനെ അതിവേഗത്തിൽ അവിടെയെത്തി. ആട് മരിച്ച വീട് എന്ന പദം അതിന്റെ പൂർണ ഭാവങ്ങളും ഉൾക്കൊണ്ടു കൊണ്ട് അവിടെ ആകെ ശോകം തളംകെട്ടി നിന്നു. ബുഷറയെ കെട്ടിപ്പിടിച്ച് ഞാനും കരഞ്ഞു മനോധൈര്യം പകർന്നു. ‘‘എന്തു സംഭവിച്ചാലും ഇപ്പം പറഞ്ഞതു പോലെ പറയരുത്, ഈ കുട്ടികൾക്ക് പിന്നെയാരാ ഉള്ളത്’’ അവർക്ക് അൽപം ആശ്വാസം നൽകി അവിടെ നിന്ന് ഇറങ്ങി.

ഞാൻ കാരണം ഒരാളുടെ ജീവിതം തകരുക എന്നത് എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. എന്റെ ഇരുപ്പ് കണ്ട് സലീക്ക ഉണർന്നു പ്രവർത്തിച്ചു. പള്ളിയും പട്ടക്കാരുമായി ആതുരസേവനത്തിൽ സജീവമായി പ്രവർത്തിക്കുന്ന ഭർത്താവ് ഈ ദുരവസ്ഥയ്ക്കൊരു പോംവഴി കണ്ടു. അനാഥരെ സഹായിക്കാനായി ഒരു കുടുംബം നൽകിയ ഒരു പവൻ സ്വർണ നാണയം അതിന്റെ ശരിയായ അവകാശിയായ ബുഷറയ്ക്കു നൽകാം. ഈ സ്വർണം വിറ്റ് അവരുടെ നഷ്ടപ്പെട്ട ആടിനു പകരം ആടിനെ വാങ്ങിക്കൊടുക്കുകയും ചെയ്യാം. മനസമാധാനത്തോടെ ഞാൻ കിടന്നുറങ്ങി. 

Also Read: ആടുവളർത്തൽ ലാഭകരമാണ്, പക്ഷേ കടമ്പകളേറെ: ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

ചികിത്സിച്ചു ഭേദമായ 9 ആടുകളെ ബുഷറ വിറ്റഴിച്ചു. കൂടുകൾ കാലിയായി കിടന്നു. എന്റെ കൈത്താങ്ങുമായി ഞാനും കണവനും ബുഷറയുടെ വീട്ടിലെത്തി. ബുഷറയുടെ കണ്ണ് നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. അന്ന് സലീക്കയുടെ മുഖത്തേക്കു നോക്കിയപ്പോൾ ഒരു പുണ്യാളനെപ്പോലെ ചുറ്റും ഒരു പ്രകാശവലയം കണ്ടു. ‘‘അന്നു മാത്രം’’.

ഒരവധിക്കു ശേഷം ബുഷറ വീണ്ടും ആടുകളെ വാങ്ങി. കൂടുകളിൽ വീണ്ടും നിറയെ വെളുത്ത സുന്ദരികൾ നിറഞ്ഞിരിക്കുന്നു. ആ ദിവസങ്ങൾ ഇന്നും ഓർമയിൽ നടുക്കുന്ന ഓർമയായി നിറഞ്ഞ് നിൽക്കുന്നു.

വിലാസം

ഡോ. ഷെസ്ന മുഹമ്മദ് അലി, വെറ്ററിനറി സർജൻ, പാലച്ചോട്ടിൽ വെറ്ററിനറി ഡിസ്പെൻസറി, കോഴിക്കോട്

കാർഷിക വിശേഷങ്ങൾ നേരത്തെ ലഭിക്കാൻ കർഷകശ്രീ വാട്സാപ് ചാനൽ ഫോളോ ചെയ്യാം. ഇവിടെ ക്ലിക്ക് ചെയ്യുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com