ADVERTISEMENT

ഉത്തരയ്ക്കു ഭരതനാട്യവും മോഹിനിയാട്ടവും ജന്മനാ കൈവന്നതാണെങ്കിൽ ഒഡീസി തേടിപ്പിടിച്ചെത്തുകയായിരുന്നു. കണ്ടു മോഹിച്ചൊരു നൃത്തരൂപത്തെ നെഞ്ചിലേറ്റി, അതിനൊപ്പം വളരുകയാണ് ഉത്തര അന്തർജനം എന്ന തിരുവനന്തപുരം സ്വദേശിനി. രാജ്യത്തെ ചെറുപ്പക്കാരായ പ്രഫഷനൽ ഒഡീസി നർത്തകരിൽ ഉത്തരയുടെ പേരു തെളിഞ്ഞുനിൽക്കുന്നു. മലയാളത്തിൽ നിന്നും ആദ്യമായി ഈ വഴിയിൽ വെളിച്ചം വിതറുന്ന പെൺകുട്ടി. സൂര്യ ഫെസ്റ്റിവൽ ഉൾപ്പെടെയുള്ള നൃത്തവേദികൾ, ദുബായ്, ഓസ്ട്രേലിയ തുടങ്ങിയ വിവിധ രാജ്യങ്ങളിൽ അവതരണങ്ങൾ, നൃത്താധ്യാപനം, ഇപ്പോൾ ജവാഹർലാൽ നെഹ്റു സർവകലാശാലയിൽ നിന്നു നൃത്തചരിത്രത്തിൽ ഗവേഷണം. കലാ വഴികളെക്കുറിച്ച് ഉത്തര പറയുന്നു. 

∙ ഒഡീസിയുടെ മണിക്കിലുക്കം 

നൃത്തം നിറഞ്ഞൊരു വീട്ടിലാണു ജനനം. അമ്മ ശോഭാ അന്തർജനത്തിനു ലളിതോദയം എന്ന ഡാൻസ് അക്കാദമിയുണ്ട്. അച്ഛന്റെ വല്യമ്മയും മലയാളത്തിന്റെ പ്രിയ സാഹിത്യകാരിയുമായിരുന്ന ലളിതാംബിക അന്തർജനത്തോടുള്ള ആദരമായാണ് ലളിതോദയം എന്ന പേര് ഡാൻസ് അക്കാദമിക്കു വന്നത്. കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയുടെ ശിഷ്യയായിരുന്നു അമ്മ. മോഹിനിയാട്ടവും ഭരതനാട്യവുമെല്ലാം വീട്ടിൽ നിന്നാണു പഠിച്ചു തുടങ്ങിയത്. ഭരതനാട്യം ജയൻ ഭരതക്ഷേത്രയുടെ കീഴിൽ പരിശീലനം നേടി. 

ഉത്തര അന്തർജനം
ഉത്തര അന്തർജനം

10–ാം ക്ലാസിൽ പഠിക്കുമ്പോഴാണു ഗുരു ത്രിനാഥ് മഹാരാജിന്റെ ശിൽപശാല നാട്ടിൽ നടക്കുന്നത്. ഒഡീസിയിലെ ആചാര്യൻ ഗുരു കേളു ചരൺ മഹാപത്രയുടെ ശിഷ്യപരമ്പരയിൽപ്പെട്ടയാളാണ്. 3 മാസത്തെ കഠിനമായ പരിശീലനം. നൃത്തത്തിൽ വഴക്കമുള്ളതിനാൽ പഠനം എളുപ്പമായിരുന്നു. അതിനു ശേഷം സ്റ്റേജിൽ ഒഡീസി അവതരിപ്പിക്കാൻ അവസരം ലഭിച്ച 3 പേരിലുൾപ്പെട്ടു. ആ നൃത്തരൂപത്തെ നെഞ്ചിലേറ്റിയത് അപ്പോഴാണ്. 

നൃത്തം ജീവിതമായിരുന്നെങ്കിലും കലോത്സവ വേദികളിലുണ്ടായിരുന്നില്ല. പക്ഷേ, കേരള സർവകലാശാലയിൽ ഭരതനാട്യം, മോഹിനിയാട്ടം ഒഴികെയുള്ള എല്ലാ ക്ലാസിക്കൽ നൃത്തങ്ങൾക്കുമുള്ള പൊതു മത്സരം വന്നപ്പോൾ ഒഡീസി അവതരിപ്പിച്ചു. അന്ന് ഒന്നാം സമ്മാനം കിട്ടിയതോടെ വഴി ഒഡീസിയുടേതുതന്നെയാണെന്നു തീരുമാനിച്ചു.

∙ ഒഡീഷയിലേക്ക്

കാലിനൊരു പരുക്കുപറ്റി നൃത്തവേദിയിൽ നിന്നു മാറി നിൽക്കേണ്ടി വന്നിരുന്നു അക്കാലത്ത്. പക്ഷേ, മനസ്സിൽ ഒഡീസി കുടിയേറി. ഗുരു സുജാത മഹാപത്രയുടെ കീഴിൽ പഠിക്കണമെന്നു വല്ലാത്ത മോഹം. അതിനുള്ള വഴി എന്താണെന്ന് പിടിയില്ല. 2012 ഡിസംബർ അവസാനം ബെംഗളൂരുവിലെ ശ്രീ ശ്രീ യൂണിവേഴ്സിറ്റി ഒഡീസിയിൽ ഒരു സർട്ടിഫിക്കറ്റ് കോഴ്സ് ഭുവനേശ്വരിൽ നടത്തുന്നുണ്ടെന്ന് അറിഞ്ഞു. രശ്മി രേഖാദാസായിരുന്നു ഗുരു. ഇവരും ഗുരു കേളു ചരൺ മഹാപത്രയുടെ ശിഷ്യയാണ്. നേരെ അവിടെയെത്തി.

അവിടെ നിന്നു കേളുചരൺ മഹാപത്രയുടെ ശ്രീജൻ എന്ന ഡാൻസ് സ്കൂളിൽ. അദ്ദേഹത്തിന്റെ മകൻ ഗുരു രതികാന്ത് മഹാപത്രയുടെ ഭാര്യയാണ് സുജാത മഹാപത്ര. ആഗ്രഹം പോലെ അവരുടെ ശിക്ഷണത്തിൽ പഠനം. രണ്ടു പേരും ഒഡീസി നൃത്ത രംഗത്തെ പ്രമുഖരായ ഗുരുക്കന്മാർ. ഭുവനേശ്വറിലെ എല്ലാ ഒഡീസി നൃത്തവും നിർ‌ബന്ധമായും കാണുക എന്നതായിരുന്നു അന്നത്തെ ഒരു രീതി. അതിലും വലിയ കാര്യം സുജാത മഹാപാത്രയുടെ പരിശീലനം കാണുക എന്നതായിരുന്നു. അതായിരുന്നു ഏറ്റവും വലിയ പാഠപുസ്തകം. ഇന്നും സമയം കിട്ടുമ്പോൾ സുജാത മഹാപാത്രയെ തേടിപ്പോകും.

∙ കേരളത്തിൽ 

ഒഡീസിയുടെ പ്രധാന സാഹിത്യം അഷ്ടപദികളാണ്. കേരളത്തിലെ ആളുകൾക്ക് ഏറെ പരിചയമുള്ളതാണിത്. പിന്നീടുള്ളത് ഒഡിയ ഭാഷയിലെ ഭജനുകളാണ്. കൃതി മനസ്സിലായില്ലെങ്കിലും മൂവ്മെന്റുകൾക്കൊണ്ട് ആളുകൾക്ക് ഇതു മനസ്സിലാക്കിയെടുക്കാൻ സാധിക്കാറുണ്ട്. ക്ഷേത്രങ്ങളിലും മറ്റും നൃത്തം ചെയ്യുമ്പോൾ ആളുകളുടെ കണ്ണിൽ ഇതറിയാം. കൃഷ്ണലീല എന്ന ഭജൻ പതിവായി അവതരിപ്പിക്കാറുണ്ട്. ഭാഷ തടസ്സമായി നിൽക്കുമ്പോഴും നൃത്തത്തിൽ അവർ ലയിച്ചിരിക്കുന്നതു കാണാം. അവതരണം കഴിഞ്ഞു പലരും നിറകണ്ണുകളോടെ അടുത്തെത്തി അഭിനന്ദിക്കുമ്പോൾ മനസ്സിലാകും എത്രത്തോളം സ്വാധീനിച്ചുവെന്നത്. 

ഉത്തര അന്തർജനം
ഉത്തര അന്തർജനം

∙ ചരിത്രം

ബെംഗളൂരുവിലെ രേവ യൂണിവേഴ്സിറ്റിയിൽ നിന്നു ഒഡീസിയിലാണു പിജി ചെയ്തത്. ഇപ്പോൾ ജെആർഎഫ് സ്വന്തമാക്കി ജവാഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ ചരിത്ര വിഭാഗത്തിൽ നൃത്തത്തിൽ ഗവേഷണം ചെയ്യുന്നു. പ്രാചീന–മധ്യപൂർവ കാലത്തെ നർത്തകരുടെ സാമൂഹിക ജീവിതത്തെക്കുറിച്ചാണു പഠനം. അവർക്കു കിട്ടിയിരുന്ന സ്വീകാര്യത, തിരസ്കരണങ്ങൾ ഇതെല്ലാം പ്രഫ. ആർ. മഹാലക്ഷ്മിയുടെ കീഴിൽ നടക്കുന്ന ഗവേഷണത്തിൽ വിഷയമാണ്. കലയ്ക്ക് ഏറെ പാരമ്പര്യമുള്ളതാണു നമ്മുടെ രാജ്യമെങ്കിലും കലയുടെ ചരിത്രത്തെക്കുറിച്ച് അത്ര അറിവില്ലെന്നതാണു വാസ്തവം.

പെർഫോമിങ് ആർട്സ് വിഭാഗങ്ങളിൽ നിന്നു ഗവേഷണത്തിനു ക്ഷണം ലഭിച്ചിരുന്നുവെങ്കിലും ജെഎൻയു തിരഞ്ഞെടുക്കാൻ ഇതുൾപ്പെടെയുള്ള പല കാരണങ്ങളുമുണ്ട്. ബെംഗളൂരുവിൽ നടത്തിയിരുന്ന മണിമേഖല ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ട്രെയിനിങ് ആൻഡ് റിസർച് ഇൻ ആർട്സിനു പഠനം കാരണം തൽക്കാലം കർട്ടൻ ഇടേണ്ടി വന്നുവെന്ന് ഉത്തര പറയുന്നു. പകരം ഡൽഹിയിൽ വൈകാതെ ഡാൻസ് ക്ലാസുകൾ ആരംഭിക്കാനുള്ള തയാറെടുപ്പിലാണ്. പിഎച്ച്ഡിയുടെ ആദ്യ വർഷത്തെ തിരക്കുകൾ അവസാനിച്ചാൽ ക്ലാസുകൾ ആരംഭിക്കാനാണു തീരുമാനം.

English Summary:

Uttara Antarjanam: Breaking Boundaries as a Malayalam Prodigy in the World of Odissi Dance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com