ADVERTISEMENT

പ്രശസ്ത നർത്തകൻ ആർഎൽവി രാമകൃഷ്ണനെക്കുറിച്ച് നർത്തകി കലാമണ്ഡലം സത്യഭാമ നടത്തിയ ജാതിയധിക്ഷേപവും ബോഡിഷെയ്മിങ്ങും വലിയ ചർച്ചകൾക്കാണ് വഴിവെച്ചത്. കലാകാരന്മാരുടെ ബാഹ്യസൗന്ദര്യമെന്ന വാർപ്പുമാതൃകകളെ പൊളിച്ചെഴുതാനും പുരോഗമിച്ച കാലത്തിനൊപ്പം ചിന്താഗതികൾ മാറേണ്ട സമയം അതിക്രമിച്ചുവെന്നും പറയുകയാണ് ട്രാൻസ്ജെൻഡർ നടിയും നർത്തകിയുമായ സഞ്ജന ചന്ദ്രൻ. സഞ്ജന മനോരമ ഓൺലൈനുമായി സംസാരിക്കുന്നു.

ആർഎൽവി രാമകൃഷ്ണൻ, കലാമണ്ഡലം സത്യഭാമ
ആർഎൽവി രാമകൃഷ്ണൻ, കലാമണ്ഡലം സത്യഭാമ

എന്നോട് ഏറ്റവും അടുത്തുനിൽക്കുന്ന സുഹൃദ് വലയത്തിനുള്ളിൽപ്പോലും നൃത്തത്തിലെ അഴകളവുകളെക്കുറിച്ച് വ്യത്യസ്ത അഭിപ്രായമുണ്ട്. നൃത്തം ചെയ്യുമ്പോൾ വെളുത്തനിറത്തിൽ മേക്കപ്പ് ചെയ്യണമെന്നത് ഇപ്പോഴൊരു പ്രധാന ഘടകമാണ്. കലോത്സവത്തിന് മാർക്കിടാനായി ചെല്ലുമ്പോൾ തരുന്ന മാർക്ക് ഷീറ്റിൽപ്പോലും  അടവ്, അഭിയനം, വേഷവിധാനം എന്നതിനൊപ്പം തന്നെ  സൗന്ദര്യവും ഒരു ഫാക്ടറാണ്.

എന്താണ് യഥാർഥ സൗന്ദര്യമെന്നുപോലും തിരിച്ചറിയാനാകാത്ത വ്യക്തികളാണ് ആർഎൽവി രാമകൃഷ്ണൻ നേരിട്ടതുപോലെയുള്ള പരാമർശം നടത്തുന്നത്. ശരിക്കും ഒരാളുടെ വ്യക്തിത്വവും കഴിവുമെല്ലാമാണ് അയാളുടെ സൗന്ദര്യം. ബാഹ്യമായ ആകാരവടിവോ നിറമോ ഒന്നുമല്ല. അതാണ് നമ്മളെപ്പോഴും പറയാൻ ശ്രമിക്കുന്നതും. ഇന്നും ഇത്തരം ബാഹ്യസൗന്ദര്യ സങ്കല്പങ്ങളെ മുറുകെപ്പിടിക്കുന്ന സവർണ മനോഭാവക്കാർ നമുക്കുചുറ്റുമുണ്ടെന്ന് ബോധ്യപ്പെടുത്തി തരുകയാണ് ഇത്തരം സംഭവങ്ങൾ.

പത്തുവയസുമുതലാണ് ഞാൻ നൃത്തം അഭ്യസിച്ചു തുടങ്ങിയത്. അന്നുമുതൽ ഇത്തരം പ്രശ്നങ്ങൾ നേരിട്ടിട്ടുമുണ്ട്. തുടക്കത്തിൽ നിറത്തേക്കാൾ കൂടുതൽ ഒരു ആൺകുട്ടി നൃത്തം ചെയ്യുന്നുവെന്നതിലായിരുന്നു പ്രശ്നം. നൃത്തം ചെയ്യുന്നതുകൊണ്ട് സ്ത്രൈണത വരുന്നുവെന്ന് പലരും പറയാൻ തുടങ്ങി. അതുകൊണ്ടുതന്നെ എന്നിലുള്ള സ്ത്രൈണതയ്ക്ക് നൃത്തത്തെ പഴിപറയാനിടവരരുത് എന്നുള്ളതുകൊണ്ട്  സ്ത്രൈണത മറച്ചുവെച്ചുകൊണ്ട് നൃത്തം ചെയ്യേണ്ട സാഹചര്യം അന്നുണ്ടായിരുന്നു. എന്നാൽ വലുതായിക്കഴിഞ്ഞശേഷം നിറത്തിന്റെ പേരിലായിരുന്നു അധിക്ഷേപങ്ങളും  പരിഹാസങ്ങളും. നമ്മൾ സ്വന്തം സ്കിൻടോണിന് ചേരുന്ന രീതിയിൽ  മേക്കപ്പ് ചെയ്ത് നൃത്തത്തിന് പോകുമ്പോൾ നീ എന്താ ഇങ്ങനെ കറുത്ത മേക്കപ്പ് ചെയ്തുവരുന്നതെന്നും  സ്റ്റേജിൽ കയറുമ്പോൾ കുറച്ച് നന്നായി വെളുത്ത മേക്കപ്പ്  ചെയ്തുകൂടെയെന്നുമുള്ള ചോദ്യങ്ങൾ എത്രയോ തവണ നേരിട്ടിട്ടുണ്ട്.

മേക്കപ്പെന്നു പറഞ്ഞാൽ തന്നെ വെളുത്തനിറത്തിലേക്ക് മാറുകയെന്നതാണ് നമ്മുടെ ബോധ്യം. നിറവും ജെൻഡറും ഇപ്പോഴും മാറ്റിനിർത്തപ്പെടാനുള്ള കാരണങ്ങൾ തന്നെയാണ്. സഞ്ജന ചന്ദ്രൻ എന്നൊരു പേര് അത്യാവശ്യം അറിയപ്പെട്ടു തുടങ്ങിയതുകൊണ്ടും ഞാൻ പൊരുതിനേടിയ വിജയങ്ങൾ കൊണ്ടും കുറച്ചെങ്കിലും മെച്ചപ്പെട്ട അവസരങ്ങൾ എനിക്കിന്ന് ഉണ്ടായിട്ടുണ്ട്. എന്നാൽ ഇതേ അവഹേളനങ്ങൾ നേരിട്ട് എത്രയോ പേർ നിസ്സഹായരായി നിൽക്കുന്നു. അവസരങ്ങളുണ്ടെന്ന് പറയുമ്പോൾപോലും നിറത്തിൻറെ പേരിൽ എത്രയൊക്കെ തവണ ഞാൻ അധിക്ഷേപം നേരിട്ടിരിക്കുന്നു. നേരിട്ടുപറയുന്നതിനേക്കാൾ മറഞ്ഞിരുന്ന് പരിഹസിക്കുന്നവരാണ് കൂടുതൽ.

mohan-lal-sanjana-chandran
സഞ്ജന ചന്ദ്രൻ നടൻ മോഹൻലാലിനൊപ്പം, Image Credit: sanjana chandran/Instagram

സംസ്ഥാന ട്രാൻസ്ജെൻഡർ കലോത്സവത്തിൽ ദേവിയുടെ രൂപത്തിന് വേണ്ട ‘സൗന്ദര്യവും ആകാരവടിവും ഇല്ല’ എന്ന് പ്രത്യേകം വിധിനിർണയത്തിൽ രേഖപ്പെടുത്തുകയും അന്ന് രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തതാണ് എന്നെ ഏറ്റവും വേദനിച്ച ഒരു സംഭവം. അതുപോലെതന്നെ ഫോക്ക് ഡാൻസിൽ ശരീരം മുഴുവൻ വെളുപ്പിക്കുന്ന തരത്തിലുള്ള മേക്കപ്പ് വേണമെന്ന് ചില വിധികർത്താക്കൾ നിർദേശിച്ചിട്ടുണ്ടായിരുന്നു. ഫാഷൻ ഷോകളിൽ പങ്കെടുക്കുമ്പോഴും ഇതൊക്കെ തന്നെയാണ് അനുഭവം. കറുത്തിരിക്കുന്നു. വെളുത്തനിറമുള്ളവരെയാണ് വേണ്ടതെന്ന വാക്കുകളെല്ലാം പലതവണ കേട്ടു. 

എന്റെ കറുപ്പിനെ ഞാൻ സ്നേഹിക്കുന്നുണ്ടെന്നറിഞ്ഞിട്ടുപോലും വെളുക്കാനായി വൈറ്റനിങ് ക്രീമും ഗ്ലൂട്ടാത്തലോണുമൊക്കെയാണ് ഉപയോഗിക്കൂവെന്ന് അടുത്തറിയാവുന്നവർ പോലും ഉപദേശവുമായി വരാറുണ്ട്. വെളുക്കാനുള്ള ഒരു മത്സരമാണ് നമുക്കുചുറ്റും. അങ്ങനെയൊരു ചിന്താഗതി നമ്മളിലേക്ക് കൊണ്ടുവരുന്നത് ഇത്തരം പരാമർശങ്ങളും അല്ലെങ്കിൽ വെളുത്തവർക്ക് കിട്ടുന്ന പ്രിവിലേജുമാണ്. അത് മാറുകയാണെങ്കിൽ സ്വന്തം രൂപത്തിൽ ആത്മാഭിമാനം കൊള്ളുന്ന ഒത്തിരിപ്പേരെ നമുക്ക് കിട്ടും.

കേരളം വിട്ടുകഴിഞ്ഞാൽ മിക്ക ആർട്ടിസ്റ്റുകൾക്കും മേക്കപ്പ് ആർട്ടിസ്റ്റുകളില്ലെന്നതാണ് വസ്തുത. അവർ സ്വന്തം തൊലിക്കനുസൃതമായി മേക്കപ്പിടുന്നു. കലയോടുള്ള മമതയും അതിലുള്ള കഴിവുമാണ് അവിടുത്തെ അളവുകോൽ. കാലവും ശാസ്ത്രവും ഇത്രയും പുരോഗമിച്ചിട്ടും അതിനൊപ്പം നമ്മുടെ ചിന്ത വളർത്താൻ ശ്രമിക്കണം. പഴയകാലത്ത് രേഖപ്പെടുത്തിവെച്ചിട്ടുള്ള അളവുകോലുകളിലെ തെറ്റുതിരുത്തിവേണം മുന്നോട്ടുപോകാൻ. തൊണ്ണൂറുകൾക്കുശേഷമുള്ള കലാകാരർ ഇത്തരം ഘടകങ്ങളൊന്നും പരിഗണിക്കാതെ കലയെ മാത്രം സ്നേഹിക്കുന്നുവെന്നത് ആശ്വാസമാണ്. കലാമണ്ഡലം സത്യഭാമയെപ്പോലത്തെ ആളുകൾക്കാണ് ഇപ്പോഴും മാറിച്ചിന്തിക്കാൻ ബുദ്ധിമുട്ടുള്ളത്. എന്നാൽ അവരുടെ അതേ പ്രായക്കാരായ ഒട്ടേറെ മുതിർന്ന ആർട്ടിസ്റ്റുകൾ ആർഎൽവി രാമകൃഷ്ണന് പിന്തുണയറിയിച്ചു. അതാകണം ശരിയായ രീതി.

English Summary:

Article by Sanjana about the issue betwwn RLV Ramakrishnan and Kalamandalam Sathyabhama

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com