ADVERTISEMENT

സ്മിത ആദർശിന്റെ ‘വാസ്ജന’ എന്ന കഥാസമാഹാരത്തിൽ 11 കഥകളാണുള്ളത്. വാസ്ജന എന്ന പേരിനു പഞ്ചാബി ഭാഷയിൽ പലായനം എന്നാണർഥം. ജീവിതത്തിൽ നിന്നും മനസ്സിൽ നിന്നും ഒരിക്കലും പലായനം ചെയ്യാത്ത ചില അച്ഛനോർമകളാണ് കഥകൾ വായിച്ചു കഴിയുമ്പോൾ ഉള്ളിൽ തിളങ്ങുന്നത്. വാസ്ജന എന്ന ആദ്യ കഥയിലെ അമൻ ജീത്തിന്റെ സുവർണ ക്ഷേത്രത്തിലെ പൂജാരിയായിരുന്ന ബാബ, ആനപ്പാവിലെ മകളെ നന്നായി മനസ്സിലാക്കിയിട്ടുള്ള, അവൾക്കൊപ്പം ഏതു പ്രതിസന്ധിയിലും പാറ പോലെ ഉറച്ചു നിൽക്കുന്ന റപ്പായി മാപ്ല, ‘പൊൻമി’ എന്ന കഥയിലെ അടച്ചുറപ്പില്ലാത്ത വീട്ടിലെ ഒരിക്കലും ഉറങ്ങാൻ സാധിക്കാത്ത പാവം അച്ഛൻ, ‘മിലലേ’യിലെ ആൻഡമാൻ ദ്വീപുകളിൽ കാണാതാകുന്ന മകനെത്തിരക്കിയിറങ്ങുന്ന വില്യം, ദൂരെസ്ഥലത്തേക്കു യാത്രപറയാതെ പോയ ഹൈഡ് ആൻഡ് സീക്ക് എന്ന കഥയിലെ ശ്രീക്കുട്ടിയുടെ അച്ഛൻ എന്നിങ്ങനെ അച്ഛൻ മണമുള്ള കഥകളാണ് ഈ സമാഹാരത്തിലേറെയും. അച്ഛനൊരു സ്നേഹച്ചരടായി ജീവിതത്തിൽ ബന്ധിക്കപ്പെട്ടിട്ടുള്ളവർക്ക് മനസ്സിലുടക്കും വാസ്ജനയിലെ കഥകൾ.

"അച്ഛനില്ലായ്മ സമ്മാനിച്ച പകപ്പ് മാറ്റാൻ എന്നിലെ കുട്ടി കുറേയേറെ പാടുപെട്ടിട്ടുണ്ട്. എന്നെങ്കിലും എവിടെയെങ്കിലും വച്ച് അച്ഛയെ കാണുമ്പോൾ പറയാൻ ഒരുപാടു വിശേഷങ്ങൾ ഞാൻ ഓർത്തുവച്ചു. ഓർത്തുവച്ച വിശേഷങ്ങൾ ഒന്നും മറന്നുപോകാതിരിക്കാൻ ഞാൻ എഴുതി വയ്ക്കാൻ തുടങ്ങി. അച്ഛ വായിക്കുമെന്നു കരുതി ഞാൻ എഴുതിയ കത്തുകൾ പിന്നീടെപ്പോഴോ ജീവൻ വച്ച് എന്നോടു തന്നെ തിരിച്ചു മിണ്ടാൻ തുടങ്ങി. ഓരോ വിരൽത്തുമ്പിലും ഓരോ മുഖം വരച്ച് അവരെ ഞാനെന്റെ കൂട്ടുകാരാക്കി. കത്തിലെഴുതിയ വിശേഷങ്ങൾ അവർ തമ്മിൽ പറയാൻ തുടങ്ങി’’.

അച്ഛയോടു പറയാനുള്ളത് എന്ന തലക്കെട്ടിൽ സ്മിത ആദർശ് ആമുഖത്തിലെഴുതിയ ഈ വാചകങ്ങളുടെ പ്രതിഫലനം വാസ്ജനയിലെ കഥകളിൽ അനുഭവിക്കാനാകും. ഹൈഡ് ആൻഡ് സീക്ക് എന്ന കഥയിലെ ശ്രീക്കുട്ടി ജീവിക്കുന്നത് അച്ഛനോർമകളിലാണ്. ഡേ കെയറിൽ പോകുന്ന പ്രായമാണവൾക്ക്. ദൂരെ എവിടെയോ പോയിരിക്കുന്ന അച്ഛൻ തിരിച്ചുവരുമ്പോൾ പറയാൻ കാക്കത്തൊള്ളായിരം കാര്യങ്ങൾ ആലോചിച്ചു വച്ചിട്ടുണ്ടവൾ. അമ്മ ഫീസ് കൊടുക്കാൻ വൈകിയതു കൊണ്ടു ഡേ കെയറിലെ ആന്റി പാലു തരാത്തതിന് ശ്രീക്കുട്ടിക്ക് നല്ല വിഷമമുണ്ട്. അച്ഛൻ വന്നാൽ ഫീസ് തരാൻ താമസിക്കില്ല എന്നു പറഞ്ഞതിന് അവർ കണ്ണുമിഴിച്ചു നോക്കിയത് എന്തിനാണെന്ന് ഇനിയും അവൾക്കു മനസ്സിലായിട്ടില്ല. മാത്രമല്ല, ആയയോട് എന്തോ പറഞ്ഞു കളിയാക്കി ചിരിക്കുകയും ചെയ്തു.

‘‘അന്നാദ്യമായിട്ടാണ് ഒരു ആംബുലൻസിനുള്ളിൽ കേറിയത്. അതിന്റെ ഉള്ളിൽ നല്ല സ്ഥലംണ്ട്. സ്കൂൾ വാനിലെ സീറ്റ് പോലെ ഒന്നും അല്ല അതില്. ഇരുവശത്തും ഓരോ വല്യേ സീറ്റ്. കഴിഞ്ഞു. അത്രേള്ളു. അച്ഛനെ ചില്ലുകൂട്ടിൽ കിടത്തിയത് എന്തിനേ ആവോ? അതിന്റെ ഉള്ളിൽ നല്ല തണുപ്പുള്ളതു പോലെ തോന്നി. ചില്ലുകൂടിന്റെ ഡോറൊന്നു തുറന്നു നോക്കി തൊട്ടു നോക്കണംന്നുണ്ടായിരുന്നു. പിന്നെ അച്ഛനെ ഉറക്കത്തിന്റെ ഇടേല് എണീപ്പിക്കണത് അമ്മയ്ക്ക് ഇഷ്ടായില്ലെങ്കിലോന്ന് വിചാരിച്ചു’’.

അച്ഛനെ ആംബുലൻസിൽ കയറ്റി അച്ഛമ്മേടെ വീട്ടിലേക്കു കൊണ്ടുപോയതിനെപ്പറ്റിയുള്ള ശ്രീക്കുട്ടിയുടെ ഓർമകൾ  മനസ്സിൽ സൃഷ്ടിക്കുക വലിയ ഭാരമാണ്. ഹൈഡ് ആൻഡ് സീക്ക് വായിച്ചുകഴിയുമ്പോൾ ആ ചെറിയ പെൺകുട്ടിയുടെ മനസ്സിലൂടെ അവളുടെ അച്ഛന്റെ ഓർമ നമ്മുടെയുള്ളിൽ  നോവായി മാറുന്നു.

∙പലായനം

പ്രമേയസ്വീകരണത്തിലെ വ്യത്യസ്തതയും വൈവിധ്യവും സ്മിതയുടെ കഥകളെ പാരായണക്ഷമമാക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നു. കഥാപാത്രങ്ങൾ നേരിടുന്ന സംഘർഷങ്ങൾ അതുകൊണ്ടു തന്നെ ദേശ, കാല, ലിംഗ ബോധങ്ങൾക്കുപരിയായി സാർവദേശീയ സ്വഭാവം ആർജിക്കുന്നു. സുരക്ഷിതമായ സാഹചര്യങ്ങളിൽ നിന്നു തീർത്തും അപകടകരവും അനിശ്ചിതത്വം നിറഞ്ഞതുമായ ജീവിതത്തിലേക്കു പലായനം ചെയ്യേണ്ടിവരുന്നവരെയും സ്മിത പരിചയപ്പെടുത്തുന്നുണ്ട്. മൃതസഞ്ജീവിനിയിലെ താര, വാസ്ജനയിലെ അമൻ ജീത്ത്, ത്രേസ്യച്ചേടത്തിയുടെ ദത്തിലെ ത്രേസ്യ, പൊൻമിയിലെ പൊൻമി എന്ന പെൺകുട്ടി, മിലലേയിലെ വില്യം തുടങ്ങിയവരെല്ലാം പലകാരണങ്ങളാൽ കുടുംബങ്ങളിൽ നിന്നും സമൂഹത്തിൽ നിന്നും സ്വന്തം മനഃസാക്ഷിയിൽ നിന്നും പലായനം ചെയ്യുന്നവർ തന്നെ.

ഒരാളുടെ മതം പെട്ടെന്നൊരു ദിവസം എങ്ങനെ ആ വ്യക്തിയുടെ ജീവൻ തന്നെ അപകടത്തിലാകുന്നതിനു കാരണമാകുന്നുവെന്ന് വാസ്ജനയിലെ അമൻ ജീത്തിലൂടെയും ഒലീവിയയിലൂടെയും സ്മിത വ്യക്തമാക്കിത്തരുന്നു. അമൻ ജീത്ത് എന്ന സിഖ് യുവാവിനെയും ഒലീവിയ എന്ന ജൂത യുവതിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ചരട് എന്താണ്? അതു വാസ്ജന എന്ന പലായനം തന്നെയാണ്. മതസ്വത്വം ജീവിച്ച ഇടങ്ങളിൽ വലിയ അപകടം സൃഷ്ടിക്കുന്ന ഒന്നാകുമ്പോൾ ജീവനും കയ്യിലെടുത്ത് അവർക്ക് ഓടിപ്പോകേണ്ടി വരുന്നു. സമാധാനമുള്ളയിടം തേടി അവർ സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു. അമൻ ജീത്തിനെ ഇന്റർവ്യു ചെയ്ത ശേഷം മടങ്ങാനൊരുങ്ങുമ്പോൾ ഒലീവിയ ഗ്രേ എന്ന മാധ്യമപ്രവർത്തക ആ സിഖ് യുവാവിനെ ചേർത്തു പിടിച്ച് ‘കലാപങ്ങൾ ഇനിയും ഒരിടത്തും ഉണ്ടാകാതിരിക്കട്ടെ’ എന്നാശംസിച്ചതു തങ്ങളുടേതല്ലാത്ത കാരണത്താൽ പലായനം ചെയ്യേണ്ടി വന്നിട്ടുള്ള ലോകത്തിലെ എല്ലാ അഭയാർഥികളുടെയും ശബ്ദമായാണ്. അമൻ ജീത്ത് ജീവിതത്തിൽ അനുഭവിച്ചതെല്ലാം തന്റേതുകൂടിയാക്കി മാറ്റിയാണ് ഒലീവിയ തിരിഞ്ഞുനോക്കാതെ അവിടെ നിന്നു മടങ്ങുന്നത്.

∙വ്യക്തിത്വം

കഥയിൽ വളരെ ചുരുങ്ങിയ പാത്രചിത്രീകരണമേ ഉള്ളുവെങ്കിൽ പോലും വായനക്കാരുടെ മനസ്സിൽ വലിയൊരു വ്യക്തിചിത്രം അവശേഷിപ്പിക്കുന്ന കഥാപാത്ര നിർമിതിയും സ്മിതയുടെ പ്രത്യേകതയാണ്. ആനപ്പാവിലെ റപ്പായി മാപ്ല ഉദാഹരണം. ‘നീ നിന്റെ ഭാര്യയെ നോക്കിയില്ലെങ്കിലും എന്റെ എസ്റ്റേറ്റ് പൊന്നു പോലെ നോക്കണം. അവളെ അവള് തന്നെ അസ്സലായി നോക്കിക്കോളും’ എന്ന വാചകമൊന്നു മതി റപ്പായി മാപ്ലയെ സമ്പൂർണമായി അടയാളപ്പെടുത്താൻ.

‘‘എന്നാലും ദാസപ്പാ, നീയെന്നെയൊരു മൂരാച്ചി തന്തയാക്കിക്കളഞ്ഞില്ലേടാ. എന്റെ പൊന്നുമോളും ഒരു വാക്കെന്നോടു പറഞ്ഞില്ലല്ലോ. തടി ലോറീലല്ലാണ്ട് നമ്മുടെ കാറിൽ ഞാൻ കൊണ്ടോയേനേ. ഞാൻ വന്നു സാക്ഷി ഒപ്പിട്ടേനെ. നിങ്ങടെ റജിസ്റ്റർ കല്യാണത്തിന്’’. ക്ലാരയുമായി ഒളിച്ചോടിയ ദാസപ്പന്റെ നട്ടെല്ലൂരി കൊത്തിനുറുക്കി സൂപ്പുവയ്ക്കുമെന്നു പ്രതീക്ഷിച്ച നാട്ടുകാരെ ഞെട്ടിച്ചു കൊണ്ടാണു റപ്പായി മാപ്ല കാട്ടുപന്നിയുടെ ഇടിയിറച്ചിയുടെ എരിവ് തെരിപ്പിൽകേറ്റി വാറ്റടിച്ചുകൊണ്ടിരുന്നപ്പോൾ ദാസപ്പനെന്ന മരുമകനോട് ഇങ്ങനെ പറഞ്ഞത്.

റപ്പായിമാപ്ല അന്നു വരെ പാലപ്പിള്ളിക്കാര് കാണാത്തതരത്തിൽ മൈക്ക് സെറ്റും പാട്ടും വച്ച് മകളുടെ ബിരിയാണിക്കല്യാണം നടത്തുമെന്നു പ്രതീക്ഷിച്ച നാട്ടുകാർക്കു പക്ഷേ, പിന്നെയും തെറ്റി. പകരം ഓലമേഞ്ഞ പള്ളിവക നഴ്സറി സ്കൂൾ ഓട് മേഞ്ഞ് സുന്ദരിയായി രൂപാന്തരം പ്രാപിച്ചു. ആനപ്പാവിൽ ദാസപ്പനും ഫൈസിക്കും ക്ലാരയ്ക്കും ഒപ്പം അല്ലെങ്കിൽ ഒരുപടി മുന്നിൽ റപ്പായി മാപ്ല കയറി നിൽക്കുന്നതങ്ങനെയാണ്.

വാസ്ജന, ആനപ്പാവ്, മൃതസഞ്ജീവനി, കരിമീൻ വറുക്കാനൊരാൾ, ത്രേസ്യച്ചേടത്തിയുടെ ദത്ത്, പൊൻമി, മിലലേ, ഹൈഡ് ആൻഡ് സീക്ക്, സ്കൂൾ ബസിലെ കുട്ടി, മാറ്റമ്മ, ജൻപഥിലെ ഞായറാഴ്ചകൾ എന്നിവയാണ് ഈ സമാഹാരത്തിലെ കഥകൾ‍. കെ.വി. മണികണ്ഠൻ (ഒരു വിയോജനക്കുറിപ്പ്), സിജി വി.എസ്. (ആത്മാവിന്റെ പലായനങ്ങൾ) എന്നിവരാണ് അവതാരിക എഴുതിയിട്ടുള്ളത്. ബ്ലർബ് എഴുതിയിട്ടുള്ളത് ഷീല ടോമിയാണ്. തൃശൂർ ചേറൂർ കാങ്കപറമ്പിൽ ബാലകൃഷ്ണൻ (ഭരതൻ)–രതി ദമ്പതികളുടെ മകളായ സ്മിത ഖത്തർ ഡിപിഎസ് മൊണാർക് ഇന്റർനാഷനൽ സ്കൂൾ അധ്യാപികയും എച്ച്ഒഡിയുമാണ്. ഭർത്താവ്: ആദർശ് കുമാർ. മക്കൾ: ലക്ഷ്മി നന്ദന, ഗായത്രി നന്ദന.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com