ADVERTISEMENT

അധികാരം, അതിനു പുറത്തുനിൽക്കുന്ന മനുഷ്യരുടെ ജീവിതത്തെ എങ്ങനെയൊക്കെ ചുരുക്കുകയും ഒതുക്കുകയും ചെയ്യുന്നുവെന്ന് വെളിവാക്കുന്ന കഥകളാണ് ഐ.ആർ.പ്രസാദിന്റെ ‘ദസുവ’യിലുള്ളത്. അധികാരം കയ്യാളുന്ന മനുഷ്യരും പ്രബല പ്രത്യയശാസ്ത്രത്തിന്റെ വക്താക്കളും ചേർന്നു അരികുവത്കരിക്കുന്ന മനുഷ്യർ തിരിച്ചുനിന്നു സംസാരിക്കുന്നുണ്ട് പ്രസാദിന്റെ കഥകളിൽ. ആഖ്യാനശൈലിയിൽ വ്യത്യസ്തത പാലിക്കുന്ന ദസുവയിലെ ഏഴു ചെറുകഥകളും സമകാലിക മനുഷ്യജീവിതങ്ങളെയാണു വായനക്കാർക്കു മുൻപിലേക്ക് വയ്ക്കുന്നത്.

കർഷകസമരം നടക്കുന്ന പഞ്ചാബിലെ ദസുവയിൽ എത്തുന്ന തോട്ടം തൊഴിലാളിയുടെ മകളായ അമുദയാണ് ‘ദസുവ’യിലെ ആഖ്യാതാവ്. തന്റെ പുരുഷസുഹൃത്തിനൊപ്പം ദസുവയിലെത്തുന്ന അമുദയ്ക്ക് അവിടുത്തെ കർഷകരിലേക്കോ സ്ത്രീത്തൊഴിലാളികളിലേക്കോ എത്താൻ സാധിക്കാതെ വിരാട രാജ്യത്തിലെ സൈരന്ധ്രിയുടെ (ദാസി) റോളിലേക്ക് ഒതുങ്ങേണ്ടിവരുന്നു. പശ്ചിമഘട്ടനിരകളിലെ പരാജയപ്പെട്ട സമരങ്ങൾക്കു സാക്ഷിയായി അവയുടെ ഭാരിച്ച ചരിത്രവും പേറിയാണു ദസുവയിലെ കർഷകരുടെ പോരാട്ടവും അതിജീവനവും കാണാൻ അമുദ എത്തുന്നത്. എന്നാൽ അവിടെ അവളെ എതിരേൽക്കുന്നത് ആണത്തഘോഷങ്ങളും വീരകഥകളുമാണ്. ആ ആൺകോയ്മയെ ചോദ്യംചെയ്ത്, തന്റെ യാത്ര പൂർണമാക്കാതെ അമുദ മടങ്ങുകയാണ്. സ്ഥലവും കാലവും ആളുകളും മാറുമ്പോഴും സൈരന്ധ്രിയുടെ റോൾ തന്നെ സ്ത്രീകൾക്കു വച്ചുനീട്ടുന്ന സമൂഹത്തോട് സമരസപ്പെടാതെ അതിനെ നിരസിക്കാനും മുന്നോട്ടു പോകാനും കഴിയുന്നുണ്ട് അമുദയ്ക്ക്.

തൊഴിലിടത്തിൽപ്പോലും സ്ത്രീ ഒരു ശരീരം മാത്രമായി ചുരുങ്ങുന്നുവെന്നും വഴുവഴുത്ത ആണത്ത വഷളൻ ചിരികളെയും ചോദ്യങ്ങളെയും കൈകാര്യം ചെയ്യുക എന്നത് സ്ത്രീയുടെ ആദ്യത്തെ ടാസ്കാണെന്നും ‘ആണുറകളിലെ’ അനഘയിലൂടെ പ്രസാദ് വ്യക്തമാക്കുന്നുണ്ട്. 

പ്രശസ്ത എഴുത്തുകാരന്റെ, വലിയ അഭിനന്ദനങ്ങൾ ലഭിച്ച സാഹിത്യ സൃഷ്ടിയെ അപനിർമിച്ചും അവയെ കീറിമുറിച്ചു പുതിയ വായനകൾ മുന്നിലേക്കു വച്ചും സവർണ സാഹിത്യങ്ങൾ സൗകര്യപൂർവം മറന്നുകളഞ്ഞ ഒരു കാലഘട്ടത്തെ എഴുത്തുകാരനു മുൻപിൽ തുറന്നിട്ട് മടങ്ങുന്ന ‘പരീപാപ്പ’യിലെ പോസ്റ്റുമാൻ, അയാൾക്കൊപ്പം അരൂപീകളായ മനുഷ്യരെ തേടി നടക്കാൻ ശ്രമിച്ചിട്ടും അതിനു കഴിയാതെ നിന്നുപോകുന്ന എഴുത്തുകാരൻ. ഭൂരിപക്ഷത്തിന്റെ പ്രബലമായ നരേറ്റീവുകളെ തകർക്കാൻ ശ്രമിക്കുന്ന പരീപാപ്പയിലെ പോസ്റ്റുമാൻ രാജേഷ് ഒരു പ്രതീക്ഷയാണ്.

ശത്രു തുല്യശക്തനാകുമ്പോൾ മാത്രമേ യുദ്ധത്തിനും നയതന്ത്രചർച്ചകൾക്കും സാധ്യതയുള്ളുവെന്നു പറയുന്ന ‘ഹരഹരോ ഹരഹര’ യും അടിയന്തരാവസ്ഥക്കാലത്ത് പൊലീസ് പീഡനങ്ങൾ ഏറ്റുവാങ്ങി, വർത്തമാനകാലത്തിൽ ആമ്പൽകുളത്തിൽ മരിച്ചുപൊങ്ങിയ നക്സലൈറ്റ് ദാമുവിന്റെ കഥ പറയുന്ന ‘ജലസമാധി’യും ആഖ്യാനശൈലിയിൽ വ്യത്യസ്തത പുലർത്തുന്നവയാണ്. ആനക്കമ്പവും പൂരവും ആചാരലംഘനവും പറയുന്ന എഴുന്നള്ളിപ്പ് സമകാലിക ജീവിതത്തെ കൃത്യമായി വരച്ചുവയ്ക്കുന്നു. വിദ്യാർഥി സമരങ്ങളിലൂടെ വളർന്നുവന്ന, വിപ്ലവജീവിതം നയിച്ച ശശാങ്കനെന്ന ജനകീയ നേതാവിന് കാലാന്തരത്തിലുണ്ടാകുന്ന രാഷ്ട്രീയ വ്യതിയാനം വ്യക്തമാക്കുന്ന ‘പാതയോരങ്ങളേ ഭൂതകാലങ്ങളേ’ ഇന്നിന്റെ രാഷ്ട്രീയം വ്യക്തമാക്കുന്നതാണ്.

ദസുവ

ഐ. ആർ. പ്രസാദ്

സെൻസിബിലിറ്റി

വില: 120 രൂപ

English Summary:

Malayalam Book Dasuva Written by I. R. Prasad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com